കളിക്കുന്നതിനിടയിൽ രണ്ടു വയസ്സുകാരിയുടെ തല കേക്ക് പാനിൽ കുടുങ്ങി; പിന്നീട് സംഭവിച്ചത്
അഗ്നിശമന സേനാംഗങ്ങൾ ഇവരുടെ വീട്ടിലെ കുട്ടിയുടെ കഴുത്തിൽ നിന്നും പാൻ മുറിച്ച് മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ടതിനു ശേഷം വളരെ ധീരയായാണ് തന്റെ മക്കൾ പെരുമാറിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വരുന്നതുവരെ പരിഭ്രാന്തയാകാതെ കാത്തുനിന്നും എറിൻ പറഞ്ഞു.

എത്രയൊക്കെ ശ്രദ്ധിച്ചാലും നിനച്ചിരിക്കാത്ത സമയങ്ങളിൽ ആയിരിക്കും കുഞ്ഞുങ്ങൾ അപകടത്തിൽ പെടുക. ചെറിയൊരു നിമിഷത്തെ അശ്രദ്ധ മതി വലിയ അപകടങ്ങളിലേക്ക് കുട്ടികൾ ചെന്നെത്താൻ. നമ്മൾ അപകടകരമല്ല എന്ന് വിചാരിക്കുന്ന പല സാധനങ്ങളും പലപ്പോഴും കുഞ്ഞുങ്ങളുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലേക്ക് എത്തിക്കാറുണ്ട്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ തല കേക്ക് പാനിൽ കുടുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി.
യുഎസിലെ സെൻട്രൽ പെൻസിൽവാനിയയിലാണ് സംഭവം. കളിക്കുന്നതിനിടയിലാണ് രണ്ടു വയസ്സുകാരിയായ പെൺകുട്ടിയുടെ തല വീട്ടിലെ കേക്ക് പാനിൽ കുടുങ്ങിയത്. ഷാൾ കഴുത്തിൽ ചുറ്റിയിരിക്കുന്നതിന് സമാനമായ രീതിയിലാണ് കുട്ടിയുടെ കഴുത്തിൽ കേക്ക് പാൻ കുടുങ്ങിയത്. കുഞ്ഞ് അപകടത്തിൽപ്പെട്ടത് കൃത്യസമയത്ത് തന്നെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടു. എറിൻ മെയ്‌ക്‌സലിന്റെ മകൾ ക്വിൻലിയുടെ തലയാണ് കേക്ക് പാനിനുള്ളിൽ കുടുങ്ങിയത്. ഉടൻ തന്നെ എറിൻ 911 ൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഇവരുടെ വീട്ടിലെ കുട്ടിയുടെ കഴുത്തിൽ നിന്നും പാൻ മുറിച്ച് മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ടതിനു ശേഷം വളരെ ധീരയായാണ് തന്റെ മക്കൾ പെരുമാറിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വരുന്നതുവരെ പരിഭ്രാന്തയാകാതെ കാത്തുനിന്നും എറിൻ പറഞ്ഞു. തന്റെ കഴുത്തിൽ ഒരു ഷോള്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് അവൾ തന്നോട് പറഞ്ഞതെന്നും എറിൻ സൂചിപ്പിച്ചു. സേനാംഗങ്ങൾ കഴുത്തിൽനിന്നും പാൻ മുറിച്ച് മാറ്റിയപ്പോഴും അവൾ പരിഭ്രാന്തയാകാതെ ക്ഷമയോടെ നിന്നതിനാൽ യാതൊരു മുറിവുകളും കൂടാതെ തന്റെ മകളെ രക്ഷിക്കാനായി എന്നും അവർ പറഞ്ഞു. കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ തൻറെ കാലും ഇതുപോലെ പ്ലാസ്റ്റിക് കസേരയ്ക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നും പാരമ്പര്യം ആവർത്തിച്ചത് ആകാനാണ് വഴിയെന്നും തമാശയായി അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.