നാളെ നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്നവരിൽ ഒരാൾ ഉത്തര കൊറിയൻ സുപ്രീം ലീഡർ കിം ജോങ് ഉൻ തന്നെയാണ്. അത് പക്ഷെ, തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള ഒരു കാത്തിരിപ്പാണ്. ഗോൾവല കാത്തുകൊണ്ട് പെനാൽറ്റി കിക്കെടുക്കാൻ വരുന്നത് ആരെന്നു നോക്കിക്കൊണ്ടിരിക്കുന്ന ഹിഗ്വിറ്റയെപ്പോലെയാണ് കിം ജോങ് ഉൻ ബൈഡനോ ട്രംപ് തന്നെയോ എന്നറിയാൻ വേണ്ടി കാത്തിരിക്കുന്നത്. ഇനി ആ കാത്തിരിപ്പിന് ഏതാനും മണിക്കൂറുകളുടെ താമസം മാത്രം. അമേരിക്കയുമായുള്ള ആണവ നയതന്ത്ര വിലപേശലിൽ ഇന്ന് കിം ജോങ് ഉന്നിന്റെ കൈ വളരെ ശക്തമാണ്. കഴിഞ്ഞകുറി ട്രംപ് പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തപ്പോൾ ഉണ്ടായിരുന്നതിലും എത്രയോ മടങ്ങു പ്രഹരശേഷിയുള്ള ആണവ മിസൈലുകൾ ഇന്ന് കിം ജോങ് ഉന്നിന്റെ ആവനാഴിയിലുണ്ട്.

തന്റെ നയപരമായ സമീപനം കൊണ്ട് കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയുമായി അമേരിക്ക ഒരു യുദ്ധത്തിലേർപ്പെടുന്ന സാഹചര്യം ഒഴിവായി എന്ന് വേണമെങ്കിൽ ട്രംപിന് മേനി പറയാം. എന്നാൽ, ഉത്തരകൊറിയയുടെ പക്കലുള്ള ഒരു ആണവായുധം പോലും നിഷ്ക്രിയമാക്കാനോ പിൻവലിപ്പിക്കാനോ ട്രംപിന് കഴിഞ്ഞിട്ടില്ല എന്ന് എതിരാളികളും പറഞ്ഞു നടക്കുന്നുണ്ട്.

പ്യോങ്‌യാങ് തങ്ങളുടെ ആണവ ശേഷി തെളിയിക്കുന്നത് 2017 -ലാണ്. അക്കൊല്ലം തന്നെയാണ് കൊറിയ തങ്ങളുടെ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (Hwasong-15 ICBM) വിജയകരമായി പരീക്ഷിക്കുന്നതും. അതിനു ശേഷമുണ്ടായ മാസങ്ങൾ നീണ്ട ഉപരോധങ്ങൾക്കും വ്യാപാര വിലക്കുകൾക്കും ശേഷം 2018 -ൽ സിംഗപ്പൂരിൽ വെച്ച് നടന്ന ഒരു വ്യാപാര ഉച്ചകോടിയിൽ വെച്ച് കിം ജോങ് ഉന്നുമായി ചർച്ചക്കിരുന്ന്, അങ്ങനെ ചെയ്യുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റുമാകുന്നുണ്ട് ട്രംപ്. 

മുമ്പ് ഉത്തരകൊറിയയെ ഒരു 'ഗുണ്ട' എന്നൊക്കെ വിളിച്ച ചരിത്രം ജോ ബൈഡനുണ്ടെങ്കിലും, ഭരണത്തിലേറിയാൽ കിം ജോങ് ഉന്നുമായി ഒരു ചർച്ചയായിൽ ഏർപ്പെടില്ല ബൈഡൻ എന്നും ഉറപ്പിച്ചു പറയാവുന്ന സാഹചര്യമല്ല ഇന്നുള്ളത്. ആണവ നിർവ്യാപനത്തിനു തയ്യാറാകണം പ്യോങ്യാങ് എന്നതാവും ബൈഡൻ മിക്കവാറും അങ്ങനെയൊരു ചർച്ചക്ക്, വെക്കാൻ ഇടയുള്ള ഒരു മുന്നുപാധി.

ആളെണ്ണത്തിലും അങ്കത്തികവിലും ഉത്തര കൊറിയയുടെ എത്രയോ ഇരട്ടിയാണ് അമേരിക്കയുടെ സൈനികസംവിധാനങ്ങൾ എങ്കിലും ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്ന, അമേരിക്കവരെ എത്താൻ ശേഷിയുള്ള, ഭൂഖണ്ഡാന്തര ആണവ മിസൈലുകൾ അവരുടെ സമാധാനത്തിനു മുകളിൽ ഒരു ഡെമോക്ലിസിന്റെ വാളുപോലെ എന്നും തൂങ്ങിക്കിടക്കും. ഭൂതലത്തിൽ നിന്ന് വിക്ഷേപിക്കുന്ന ആണവ മിസലുകൾക്ക് പുറമെ, ഉത്തര കൊറിയ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ (SLBM) സംവിധാനങ്ങളും ഉത്തരകൊറിയക്കുണ്ട് എന്നാണ്.

പുതുതായി സ്ഥാനമേറ്റെടുത്ത് വൈറ്റ് ഹൗസിലെത്തുന്ന പ്രസിഡന്റുമാർക്ക് ആദ്യം ഏറ്റെടുക്കേണ്ട തലവേദനകളിൽ ഒന്നായിരിക്കും 'ഏഷ്യയിലെ വഴക്കാളി' എന്ന് പാശ്ചാത്യ രാഷ്ട്രങ്ങൾ വിശേഷിപ്പിക്കുന്ന കിം ജോങ് ഉന്നുമായുള്ള നയതന്ത്രതല ചർച്ചകൾ.