ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൽ-ജു ഒരു വർഷത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ പിതാവും മുൻ നേതാവുമായ അന്തരിച്ച കിം ജോങ്-ഇലിന്റെ ജന്മദിന ആഘോഷങ്ങൾക്കിടയിൽ നടന്ന ഒരു സംഗീത പരിപാടിയിലാണ് അവർ പങ്കെടുത്തത്. മുൻപും ഇതുപോലുള്ള പ്രധാന പരിപാടികളിൽ റി പലപ്പോഴും കിമ്മിനെ അനുഗമിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ വർഷം ജനുവരി മുതൽ ഇവരെ കാണ്മാനില്ലായിരുന്നു. അവർക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പല കഥകളും പ്രചരിച്ചിരുന്നു. അവരുടെ ആരോഗ്യത്തെക്കുറിച്ചും, ഗർഭധാരണത്തെക്കുറിച്ചുമൊക്കെ പല ഊഹാപോഹങ്ങളും, സംശയങ്ങളും ഉയർന്നു വന്നു.  

എന്നാൽ കൊവിഡ് -19 നെക്കുറിച്ചുള്ള ആശങ്കകൾ കാരണം റി പൊതു സദസുകളിൽ നിന്ന് മാറി നില്ക്കുകയായിരുന്നുവെന്നും, മക്കളോടൊപ്പം സമയം ചെലവഴിച്ചിരിക്കാമെന്നും ദക്ഷിണ കൊറിയയിലെ നാഷണൽ ഇന്റലിജൻസ് സർവീസ് പറഞ്ഞിരുന്നു. എന്നാൽ, ഇതിൽ ഓർക്കേണ്ട മറ്റൊരു കാര്യം, കൊവിഡ് -19 കേസുകളൊന്നും ഉത്തര കൊറിയ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു. റോഡോംഗ് സിൻ‌മുൻ പറയുന്നതനുസരിച്ച്, ദമ്പതികൾ ചൊവ്വാഴ്ച മൻ‌സുഡേ ആർട്ട് തിയേറ്ററിൽ ഒരുമിച്ച് വന്നെന്നും, അവർക്ക് വളരെ വലിയ കൈയടിയാണ് ലഭിച്ചത് എന്നുമാണ്.

സംഗീതപരിപാടിക്കിടയിൽ ദമ്പതികൾ പരസ്പരം നോക്കി പുഞ്ചിരിക്കുന്ന ചത്രങ്ങൾ കാണാം. മുമ്പത്തെ പരിപാടികളിൽ നിന്ന് വ്യത്യസ്തമായി, റോഡോംഗ് സിൻ‌മുൻ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളിൽ ആരും മാസ്ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്താനായി കിം തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും എംബാം ചെയ്ത മൃതദേഹങ്ങൾ സൂക്ഷിക്കുന്ന കുംസുസൻ കൊട്ടാരം സന്ദർശിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ ചരമ ദിനം ദി ഷൈനിംഗ് സ്റ്റാർ ദിനം എന്നാണ് അറിയപ്പെടുന്നത്.

ആരാണ് റി സോൽ-ജു?

ആരാണ് കിം ജോങ് ഉന്നിന്റെ ഭാര്യ എന്നൊരു സംശയം ചിലർക്കെങ്കിലും ഉണ്ടാകാം. റി ഒരു സവർണ്ണ കുടുംബത്തിലാണ് ജനിച്ചത്. അവരുടെ അച്ഛൻ പ്രൊഫസറും അമ്മ പ്രസവചികിത്സകയുമാണ് എന്നാണ് അനലിസ്റ്റ് ചിയോംഗ് സിയോംഗ്-ചാങ് പറയുന്നത്. 31 വയസുള്ള റി മുമ്പ് ഉൻഹാസു ഓർക്കസ്ട്രയിലെ ഗായികയായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഒരു വിശിഷ്ട ഗായക സംഘമാണ് അത്. അതിലെ അംഗങ്ങളെ സംസ്ഥാനം നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.  

2009 -ലാണ് റി കിമ്മിനെ വിവാഹം കഴിച്ചതെന്ന് കരുതപ്പെടുന്നു. 2008 -ൽ കിമ്മിന്റെ അച്ഛന് സ്ട്രോക്ക് വന്നതിനെ തുടർന്ന് മകന്റെ വിവാഹം കാണണം എന്ന ആഗ്രഹത്താൽ തിരക്കിട്ട് നടത്തിയതായിരുന്നു ഈ വിവാഹം. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നതിനനുസരിച്ച്, ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. മുൻ യുഎസ് ബാസ്‌ക്കറ്റ്ബോൾ താരം ഡെന്നിസ് റോഡ്‌മാൻ ദമ്പതികൾക്ക് "ജു-എ" എന്ന ഒരു മകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കിം അവർക്ക് ഒരു നല്ല അച്ഛനാണെന്നും അദ്ദേഹം പറയുകയുണ്ടായി.