അതിർത്തി കടന്നുവരുന്ന കൊവിഡിനെ തടയാൻ  കിം ജോങ് ഉൻ കണ്ടെത്തിയ ഏറ്റവും പുതിയ വഴിയാണ് അതിർത്തി പ്രദേശങ്ങളിൽ ദക്ഷിണ കൊറിയയിൽ നിന്ന് അനധികൃതമായ നുഴഞ്ഞുകയറ്റം നടക്കുന്ന വഴികളിൽ ലാൻഡ് മൈനുകൾ സ്ഥാപിക്കുക എന്നത്. ഏറെ അപായകരമായ ഈ പണി കിം ഏൽപ്പിച്ചത് ഉത്തര കൊറിയൻ സൈന്യത്തിന്റെ ഉന്നത പരിശീലനം സിദ്ധിച്ച സ്റ്റോം ട്രൂപ്പേഴ്‌സ് എന്ന കമാൻഡോ സൈന്യത്തെ ആയിരുന്നു. കഴിഞ്ഞ ദിവസം യാങ്കാങ് പ്രവിശ്യയിലുള്ള ചൈനീസ് ബോർഡറിന് കുറുകെ ഈ ലാൻഡ് മൈനുകൾ സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഈ സ്റ്റോം ട്രൂപ്പേഴ്‌സിൽ ഒരാൾ മരണപ്പെട്ടിരിക്കുകയാണ്. അതോടെ കിമ്മിന്റെ ഈ പുതിയ പദ്ധതി തല്ക്കാലം നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളത് എന്ന് ഡെയ്‌ലി എൻകെ പത്രം റിപ്പോർട്ട് ചെയ്യുന്നു. 

ഒക്ടോബർ മാസം പകുതിയോടെ ഉണ്ടായ ഈ അപകടത്തെപ്പറ്റിയും ഒരു സൈനികന് അതിൽ ജീവൻ നഷ്ടപ്പെട്ടതിനെപ്പറ്റിയും ഇപ്പോഴാണ് പത്രത്തിന് വിവരങ്ങൾ ചോർന്നുകിട്ടിയിട്ടുള്ളത്. ഉത്തര കൊറിയയിലെ കൊവിഡ് രോഗികൾ നിരവധിയുണ്ട് എന്നും, അവരെക്കുറിച്ചുള്ള വിവരങ്ങൾ ഒരു വഴിക്കും ചോർന്നു പോകാതിരിക്കാൻ ഏറെ രഹസ്യമായിട്ടാണ് അവരെ ക്വാറന്റീൻ ചെയ്തു പാർപ്പിച്ചിട്ടുള്ളത് എന്നും അവിടെ അവർ ശുചിത്വക്കുറവും, പട്ടിണിയും അടക്കം പവിധ രോഗങ്ങളാൽ വലയുകയാണ് എന്നും ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു. 

തൊട്ടടുത്ത് കിടക്കുന്ന, തമ്മിൽ കാര്യമായ നുഴഞ്ഞു കയറ്റങ്ങൾ നടക്കുന്ന, ദക്ഷിണ കൊറിയയിൽ ഈ കഴിഞ്ഞ കാലയളവിൽ 32 ,000 പോസിറ്റീവ് കേസുകളും 515 മരണങ്ങളും ഉണ്ടായിരുന്നു. 92,000 ഔദ്യോഗിക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 4700 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ചൈനയും വടക്കൻ കൊറിയയുടെ തൊട്ടടുത്തുതന്നെയാണുള്ളത്. എന്നിട്ടും ഉത്തര കൊറിയയിൽ ഒരു കേസുപോലും ഇല്ല എന്നുള്ള കിം ജോങ് ഉന്നിന്റെ വാദം ഏറെ അസ്വാഭാവികമാണ്. 

പൊട്ടിത്തെറിച്ചാൽ മൂന്നു മീറ്റർ ചുറ്റളവിലുള്ളവരെ കൊല്ലാനോ പരിക്കേൽപ്പിക്കാനോ ശേഷിയുള്ളതാണ് ഈ പുതിയ ലാൻഡ് മൈനുകൾ. ഇത്തരത്തിലുള്ള ലാൻഡ് മൈൻ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളുടെ എണ്ണം ഉത്തരകൊറിയയുടെ അതിർത്തി പ്രദേശങ്ങളിൽ വർധിച്ചു വരികയാണ് എന്നും എൻകെ റിപ്പോർട്ട് ചെയുന്നു.