Asianet News MalayalamAsianet News Malayalam

ചാൾസ് അധികാരമേൽക്കുമ്പോൾ, കൂടെയുണ്ടായിരുന്നവർക്ക് ജോലി പോകും! ഇടിത്തീയായി നോട്ടീസ്, തുടക്കത്തിലേ കല്ലുകടിയോ?

വെയ്ൽസ് രാജകുമാരൻ എന്ന പദവിയിൽ കിരീടാവകാശി ആയിരുന്ന നീണ്ട കാലയളവ് ചാൾസിനൊപ്പം ജോലി ചെയ്തിരുന്നവർ
ഞെട്ടലിലാണ്, മേധാവിക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ ടീം അംഗങ്ങൾക്ക് ജോലി പോകുന്ന ദുരവസ്ഥയാണെന്ന് ചുരുക്കി പറയാം

King Charles III old staff may lose job because their boss got promoted
Author
First Published Sep 15, 2022, 7:00 PM IST

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ് ആയതിന് പിന്നാലെ വാർത്തകളിൽ നിറയുന്നത് സ്വാഭാവികം. ലോകത്തെ ഏറ്റവും പ്രശസ്തമായ രാജകുടുംബത്തിൽ ഒന്നിന്റെ നേതൃസ്ഥാനത്ത് ആണല്ലോ ചാൾസ് എത്തുന്നത്. പക്ഷേ പുതിയ ചുമതലക്ക് പിന്നാലെ രാജാവിന്റെ ചില നടപടികളും തീരുമാനങ്ങളും വാർത്തയാകുന്നത് അത്ര സന്തോഷകരമായ പശ്ചാത്തലത്തിലല്ല. ബക്കിങ്ഹാം പാലസിലേക്ക് താമസം മാറുമ്പോൾ ക്ലാരെൻസ് ഹൗസ് എന്ന വസതിയിൽ ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരിൽ പലർക്കും ജോലി പോകും എന്നതാണ് അതിലൊരു വാർത്ത. മേധാവിക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ ടീം അംഗങ്ങൾക്ക് ജോലി പോകുന്ന ദുരവസ്ഥയാണെന്ന് ചുരുക്കി പറയാം.

വെയ്ൽസ് രാജകുമാരൻ എന്ന പദവിയിൽ കിരീടാവകാശി ആയിരുന്ന നീണ്ട കാലയളവ് ചാൾസിനൊപ്പം ജോലി ചെയ്തിരുന്നവർ
ഞെട്ടലിലാണ്. എലിസബത്ത് റാണിയുടെ പ്രാർത്ഥനാച്ചടങ്ങുകളിൽ ഒന്ന് എഡിൻബറോയിലെ സെന്റ് ഗൈൽസ് കത്തീഡ്രലിൽ നടന്ന സെപ്തംബർ 12ന് ആണ് ക്ലാരെൻസ് ഹൗസിലെ ജീവനക്കാരിൽ നല്ലൊരു പങ്കിനും പണി പോയേക്കും എന്ന നോട്ടീസ് കിട്ടിയത്. ഫിനാൻസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ വിഭാഗം ജീവനക്കാർക്ക് ഇത് ബാധകമാണ്. ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി സർ ക്ലൈവ് ആൽഡെർട്ടൺ അറിയിച്ചിരിക്കുന്നത്, കർത്തവ്യ ബാഹുല്യത്തിലും രീതികളിലും വരുന്ന മാറ്റം ബക്കിങ്ഹാം പാലസിന്റെ സംവിധാനത്തിൽ നടപ്പാക്കും എന്നാണ്. അതുകൊണ്ട് ക്ലാരെൻസ് ഹൗസിൽ ജീവനക്കാരും ഓഫീസുകളും ആവശ്യമില്ലെന്നും.

ബിയർ കുടിക്കാൻ ക്ഷണിച്ച ആരാധകന് ചാൾസ് രാജാവിന്റെ കിടിലൻ മറുപടി

പുതിയ വസതിയിൽ ചുമതലകൾ പ്രതീക്ഷിച്ചിരുന്ന ഏതാണ്ട് നൂറിലധികം ജീവനക്കാർക്ക് ആണ് ഇടിത്തീ പോലെ അറിയിപ്പ് വന്നിരിക്കുന്നത്. കണ്ണിൽച്ചോരയില്ലാത്ത ദയവില്ലാത്ത നടപടി എന്നാണ് പബ്ലിക് ആൻ‍ഡ് കമേഴ്സ്യൽ സർവീസസ് യൂണിയൻ അഥവാ പി സി എസ് എന്ന ട്രേഡ് യൂണിയൻ സംഘടന നടപടിയെ വിമർശിച്ചത്. രാജ്യം ദു:ഖം ആചരിക്കുന്ന വേളയിലെ കഠോര തീരുമാനം ഇത്തിരി കടുത്തു പോയി എന്നാണ് പി സി എസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോട്ക നടപടിയെ കുറിച്ച് പറഞ്ഞത്. ആശങ്കയിലാണ്ട ജീവനക്കാർക്ക് ഒപ്പമുണ്ടെന്നും അവരെ പിന്തുണക്കുമെന്നും മാർക്ക് സെർവോട്ക വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി ആളുകളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുമെന്ന് വാർത്ത വിവാദമായതിന് പിന്നാലെ ക്ലാരെൻസ് ഹൗസിൽ നിന്ന് വിശദീകരണമെത്തി. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷമാകും ഔദ്യോഗിക നടപടികൾ തുടങ്ങുക എന്നാണ് സൂചന.

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ലണ്ടനിലേക്ക്; ചടങ്ങിൽ പങ്കെടുക്കുക 500 ലോകനേതാക്കൾ

പിന്നെ വാർത്തയായത് പുതിയ രാജാവിന്റെ ശുണ്ഠിയാണ്. രാജാവായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ രേഖകളിൽ ഒപ്പിടാൻ ഇരുന്നപ്പോൾ മേശപ്പുറത്തെ പെൻ ഹോൾഡർ ആണ് ആദ്യം അദ്ദേഹത്തെ ശുണ്ഠി പിടിപ്പിച്ചത്. വിസ്തരിച്ച് ഇരുന്ന് ഒപ്പിടാൻ തടസ്സമായ പെൻ ഹോൾഡർ എടുത്തു മാറ്റാൻ സഹായിയോട് ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം വടക്കൻ അയർലൻഡിലാണ് ഔദ്യോഗിക ചടങ്ങിനിടെ രാജാവിന് പിന്നെയും ദേഷ്യം വന്നത്. ഔദ്യോഗിക സന്ദർശനത്തിനിടെ ഹിൽസ്ബ്രോ കൊട്ടാരത്തിലെ സന്ദർശക പുസ്തകത്തിൽ ഒപ്പിടാൻ ഇരുന്നപ്പോൾ. പേനയിൽ നിന്ന് മഷി പടർന്നതാണ് കാരണം. ഇത് എന്തൊരു പേനയാണെന്ന് പറഞ്ഞ് പേന കാമിലക്ക് കൈമാറി ദേഷ്യത്തോടെ കൈവിരൽ തുടക്കുന്ന ചാൾസ് രാജാവിന്റെ ചിത്രം വാർത്തയായത് സ്വാഭാവികം. വീഡിയോ വൈറൽ ആണ്. തീർന്നില്ല. അദ്ദേഹം തീയതി തെറ്റിച്ചിടുകയും ചെയ്തു. 13 ന് പകരം 12 എന്ന് എഴുതി. പിന്നീട് തിരുത്തി. (കൈയിൽ മഷി പുരണ്ടാൽ ആർക്കായും ദേഷ്യം വരില്ലേ ,രാജാവ് ആയാൽ എന്താ എന്നാണ് ചാൾസ് അനുകൂലികൾ അടക്കം പറയുന്നത്. മാത്രവുമല്ല, പ്രായം, അമ്മയുടെ മരണം, നിര്യാണത്തിന് തൊട്ടു പിന്നാലെ ഏറ്റെടുക്കേണ്ടിവന്ന യാത്രയും ചുമതലകളും എല്ലാം ഉയർത്തിക്കാട്ടിയും രാജാവ് അനുകൂലികൾ മുൻശുണ്ഠി വാർത്തകളെ പ്രതിരോധിക്കുന്നു).
എന്തായാലും പൊതുമധ്യത്തിലെ പരിപാടികളിലും ചടങ്ങുകളിലും കൃത്യമായ അച്ചടക്കവും പെരുമാറ്റ മര്യാദകളും പാലിച്ചിരുന്ന അമ്മയുടെ മകൻ ഇനി അങ്ങോട്ട് മുൻശുണ്ഠിയും നിർബന്ധ ബുദ്ധികളും എത്രത്തോളം മാറ്റിവെക്കും , അ‍‍ഡ്ജസ്റ്റ് ചെയ്യും എന്നെല്ലാം കാത്തിരുന്നു കാണാം.

Follow Us:
Download App:
  • android
  • ios