മേഘാലയയിലെ അതിമനോഹരമായ ഒരു ഗ്രാമം... കോങ്തോങ്... ഓരോ തവണ ആ ഗ്രാമത്തില്‍ ഒരു കുഞ്ഞ് പിറക്കുമ്പോഴും അവരുടെ അമ്മ അവര്‍ക്കായി അതിമനോഹരമായ ഒരു ഈണം ചൊല്ലും. നമുക്ക് നമ്മുടെ പേരാണ് ജീവിതകാലത്തോളം ഉള്ള ഐഡന്‍റിറ്റി എങ്കില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഈ ഈണമാണ് അവരുടെ ഐഡന്‍റിറ്റി. അതുതന്നെയാണ് അവരുടെ പേരായി അറിയപ്പെടുന്നതും. അതറിയപ്പെടുന്നത് jingrwai lawbei എന്നാണ്. നമ്മുടെ പേര് എന്നതിന്‍റെ അതേ അര്‍ത്ഥമാണ് ഇതിനും. 

ബരിഹുന്‍ലാങ്ക് എന്ന അമ്മ പറയുന്നത്, 'ഇത് നമ്മുടെ ഹൃദയത്തില്‍ നിന്ന് നേരിട്ട് വരുന്നതാണ്. അത് നമ്മുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹത്തില്‍നിന്നുകൂടി ഉണ്ടാകുന്നതാണ്' എന്നാണ്. എത്രയോ തലമുറകളായി അവര്‍ പരസ്‍പരം ഇങ്ങനെ ഈണം ചൊല്ലി വിളിക്കുന്നു. പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ചതാണത്. അതിനാല്‍ത്തന്നെ അത് പുതുതലമുറയും ഏറ്റുചൊല്ലുന്നു, പുതിയ പുതിയ ഈണങ്ങളില്‍ ഓരോ കുഞ്ഞും പേര് ചൊല്ലി വിളിക്കപ്പെടുന്നു. തങ്ങള്‍ക്ക് മാത്രമുള്ള ഈ സംസ്‍കാരം തങ്ങള്‍ സംരക്ഷിച്ചുപോരുകയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

പക്ഷേ, ഈ ഈണങ്ങള്‍ മാത്രമല്ല അവരുടെ പേരുകള്‍. അതിനൊപ്പം തന്നെ പുറത്തുള്ള ലോകത്തിലറിയപ്പെടാന്‍ വേറൊരു പേര് കൂടി അവര്‍ക്കുണ്ട്. 'ഷില്ലോങ്ങില്‍ പഠിക്കാന്‍ പോയപ്പോള്‍ എന്‍റെ സുഹൃത്തുക്കള്‍ എന്നെയിങ്ങനെ ഈണം ചൊല്ലിയാണ് വിളിക്കാറുണ്ടായിരുന്നത്. അവരെന്‍റെ ഔദ്യോഗികമായ പേരാണ് വിളിക്കുന്നതെങ്കില്‍ അതേ പേരുള്ള ആരും മറുപടി നല്‍കും. പക്ഷേ, ആ ഈണത്തില്‍ വിളിക്കുമ്പോള്‍ അതെന്നെ മാത്രം വിളിക്കുന്നതാണ് എന്ന് എനിക്കറിയാം.' ഒരു വിദ്യാര്‍ത്ഥി പറയുന്നത് ഇങ്ങനെയാണ്.

പക്ഷേ, ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ക്കേ പേടിയുണ്ട്. കാലം മാറുന്തോറും തങ്ങളുടേത് മാത്രമായ ഈ ഈണം ചൊല്ലി വിളി ഇല്ലാതായിപ്പോകുമോ എന്ന്. നമ്മുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ നമ്മളെല്ലാവരും ഈണം ചൊല്ലിയാണ് പരസ്‍പരം വിളിച്ചിരുന്നത്. പക്ഷേ, ഇന്ന് മൊബൈല്‍ ഫോണുകളുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഇങ്ങനെ പരസ്‍പരം വിളിക്കുന്നത്. 

ഈ ഈണം സ്നേഹം പ്രകടിപ്പിക്കാനുള്ള ഒന്നുമാത്രമല്ല. ദേഷ്യം വരുമ്പോള്‍ ഇതേ ഈണം കടുപ്പത്തിലുപയോഗിക്കും. കിങ്തോങ്ങിലുള്ള ജനങ്ങളെ അപേക്ഷിച്ച് ഇത് വെറുമൊരീണം മാത്രമല്ല. അവരുടെ വ്യത്യസ്‍തമായ ജീവിതരീതിയെ അടയാളപ്പെടുത്തുന്ന ഒന്നുതന്നെയാണ്.