അപ്പോഴും കൊറിയൻ യുവാവ് ആ ചിത്രങ്ങൾ ​ഗൂ​ഗിളിൽ കാണിച്ചുകൊടുക്കുന്നുണ്ട്. ആകെ പൊടി നിറഞ്ഞതും മലിനീകരിക്കപ്പെട്ടതുമായ അന്തരീക്ഷമാണ് ഈ ചിത്രങ്ങളിൽ കാണുന്നത്.

അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുള്ള രാജ്യമാണ് ഇന്ത്യ. പ്രകൃതിഭം​ഗി കൊണ്ടാണെങ്കിലും ചരിത്രസ്മാരകങ്ങൾ കൊണ്ടാണെങ്കിലും ഭക്ഷണം കൊണ്ടാണെങ്കിലും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പലതും ഇന്ത്യയിലുണ്ട്. എന്നാൽ, അടുത്തിടെ ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിലേക്ക് ഒരു യുവാവ് വന്നു. കൈനിറയെ മാസ്കും, പഴയ വസ്ത്രങ്ങളുമായിട്ടായിരുന്നു യുവാവിന്റെ വരവ്.

ഇത് എന്തിനായിരുന്നു എന്നല്ലേ? യുവാവ് ഇന്ത്യയെ കുറിച്ച് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു. അതിൽ കണ്ടതെല്ലാം ഇന്ത്യയിലെ പൊടിയെ കുറിച്ചും മലിനീകരണത്തെ കുറിച്ചായിരുന്നു. അങ്ങനെ വായുമലിനീകരണവും മറ്റ് പ്രശ്നങ്ങളുമെല്ലാം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുവാവിന്റെ സർവസജ്ജമായ വരവ്. എന്നാൽ, യുവാവിനെ ഇന്ത്യയിൽ കാത്തിരുന്നത് ഇതൊന്നുമായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം.

ആകാശ് ചൗധരി എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തത്. ഇന്ത്യയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവർ വീഡയോ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ചൗധരി പറയുന്നത് ഇങ്ങനെയാണ്, ‘ദക്ഷിണ കൊറിയയിൽ നിന്നുള്ള എന്റെ സുഹൃത്ത് ഇന്ത്യയിലേക്ക് വന്നത് ധാരാളം മാസ്കുകളും പഴയ വസ്ത്രങ്ങളുമായിട്ടാണ്. അതിന് കാരണം ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളാണ്’ എന്നും ചൗധരി പറയുന്നു.

View post on Instagram

അപ്പോഴും കൊറിയൻ യുവാവ് ആ ചിത്രങ്ങൾ ​ഗൂ​ഗിളിൽ കാണിച്ചുകൊടുക്കുന്നുണ്ട്. ആകെ പൊടി നിറഞ്ഞതും മലിനീകരിക്കപ്പെട്ടതുമായ അന്തരീക്ഷമാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. ‘അതുകൊണ്ടാണോ നീ ഒരുപാട് മാസ്കുകൾ കൊണ്ടുവന്നത്’ എന്ന് ചൗധരി ചോദിക്കുന്നത് കേൾക്കാം. ‘ഞാൻ പോരാടാൻ തയ്യാറായിട്ടാണ് വന്നത്’ എന്നാണ് യുവാവിന്റെ മറുപടി.

നിരവധിപ്പേരാണ് യുവാവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ മനോഹരങ്ങളായ പല സ്ഥലങ്ങളും ആളുകള്‍ കമന്‍റ് ബോക്സില്‍ കുറിച്ചു. അവയെല്ലാം കാണാന്‍ വരണം എന്നായിരുന്നു അവര്‍ പറഞ്ഞത്. ‘ഇന്ത്യയെ കുറിച്ച് തിരയുമ്പോൾ ഇത്തരം ചിത്രങ്ങൾ കിട്ടുന്നതിന് കാരണക്കാരായ അത് അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണം’ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.

എന്തായാലും, ഇന്ത്യയിൽ എത്തിയതിന് പിന്നാലെ കൊറിയൻ യുവാവിന്റെ ഇന്ത്യയെ കുറിച്ചുള്ള ചിത്രം മാറിക്കാണും എന്നാണ് കരുതുന്നത്.