ഇന്ന് ലോക ലഹരിവിരുദ്ധ ദിനമാണ്. ലോകത്ത് ഏതൊരു കുറ്റകൃത്യവും സംഘടിതസ്വഭാവം ആർജിക്കുമ്പോൾ അതിൽ ആദ്യമായി ചൂഷണം നേരിടേണ്ടി വരുന്നത് അതിന്റെ പരിസരങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾക്കാണ്. ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് കാർട്ടലുകൾ ഉള്ളത്  മെക്സിക്കോയിലാണ്. നിരന്തരം മയക്കുമരുന്നിന്റെ നിർമാണം, കൈമാറ്റം, വില്പന, അതുമായി ബന്ധപ്പെട്ടു പ്രോത്സാഹിപ്പിക്കപ്പെടുന്ന വേശ്യാവൃത്തി തുടങ്ങിയവയിൽ ഏർപ്പെടാൻ നിബന്ധിതരായിക്കൊണ്ടിരിക്കുന്നവരാണ് അവിടത്തെ അവിടത്തെ സ്ത്രീകൾ. തട്ടിക്കൊണ്ടു പോകപ്പെട്ടും, ശാരീരികമായി പീഡിപ്പിക്കപ്പെട്ടും, ബലാത്സംഗം ചെയ്യപ്പെടും, മയക്കുമരുന്ന് സംഘങ്ങൾക്കിടയിലെ കുടിപ്പകയ്ക്ക് ഇരയായും നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട് മെക്സിക്കോയിൽ. ഇന്നും നിരവധി പേർ ഈ മയക്കുമരുന്ന് സംഘങ്ങളുടെ ഇടപെടൽ കാരണം നരകതുല്യമായ ജീവിതം നയിക്കുന്നുമുണ്ട്.

ഇന്ന് പറയാൻ പോകുന്നത് അതിനെപ്പറ്റിയൊന്നുമല്ല, മയക്കുമരുന്ന് കാർട്ടലുകൾ മേൽപ്പറഞ്ഞ തരത്തിൽ ഒന്നുമല്ലാതെയും സ്ത്രീകളുടെ സ്വാഭാവിക ജീവിതങ്ങളെ മാറ്റിമറിച്ചിട്ടുണ്ട് മെക്സിക്കൻ മണ്ണിൽ. അത്, ലോകത്തിൽ മറ്റെവിടെയും ഉള്ളതിനേക്കാൾ കൂടുതലായി സ്ത്രീ കോൺട്രാക്ട് കില്ലർമാരെ സൃഷ്ടിച്ചുകൊണ്ടാണ്. മെക്സിക്കൻ ഡ്രഗ് വാർ ലോർഡുമാർ സൃഷ്ടിച്ച് വളർത്തി വലുതാക്കിയ ചില ലേഡി വാടകകൊലയാളികളെപ്പറ്റിയാണ് ഇനി. 

തോളിലൂടെ ഇറങ്ങിക്കിടക്കുന്ന ചെമ്പൻ മുടി. നേർത്ത പുരികങ്ങൾ, നിഷ്കളങ്കമായ മുഖം. ജുവാന മറ്റേതൊരു യുവതിയെയും പോലെതന്നെയുണ്ട് കാണാൻ. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയാട്ടെ. കയ്യിൽ പിടിച്ചിരിക്കുന്നത് ഒരു യന്ത്രത്തോക്കാണ്..! ഇത് ഒരു സാധാരണ മെക്സിക്കൻ പെൺകുട്ടിയല്ല. ജുവാന മെക്സിക്കൻ ഡ്രഗ് കാർട്ടലുകളുടെ 'സികാരിയാസ്' അഥവാ കൊലയാളിപ്പെണ്ണുങ്ങൾ എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കോൺട്രാക്ട് കില്ലർമാരിൽ ഒരാളാണ്. ഒരു പക്ഷേ, അവരിൽ ഏറ്റവും ക്രൂരയായ ഒരുവൾ. അടുത്തിടെയാണ് ജുവാന മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ഒന്നിൽ അഞ്ചുപേരുടെ തല അരിഞ്ഞിട്ടത്. അവരുടെ ചോര കുടിച്ചിറക്കിയ ജുവാന അവരിൽ ഒരാളുടെ കബന്ധവുമായി ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടത്രെ..!

 

 

'ലെ പെക്കെ' അഥവാ 'ഇത്തിരിപ്പെണ്ണ്' എന്നാണ് ലഹരിമാഫിയാ സർക്യൂട്ടിൽ ജുവാനയുടെ അപരനാമം. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മയക്കുമരുന്നു സംഘങ്ങൾക്കിടയിലെ കൊലപാതകങ്ങൾക്ക് ചുക്കാൻ പിടിക്കാനായി മാഫിയകൾ ഈയിടെയായി കൂടുതലും ആശ്രയിച്ചുവരുന്ന 'പെൺകൊലയാളികളി'ൽ ഒരാളാണ് ജുവാനയും. ഇവരിൽ മിക്കവാറും മാസ്മരികസൗന്ദര്യത്തിന് ഉടമകളായിരിക്കും. കാരണം, അതാണ് അവരുടെ ഏറ്റവും വലിയ ആയുധം. ഇരകളെ പബ്ബുകളിലും, ഷോപ്പിംഗ് മോളുകളിലും മറ്റും വെച്ച് അവർ തങ്ങളുടെ ശരീരഭംഗികൊണ്ട് ആകർഷിക്കും. അവരുമൊത്ത് തനിച്ച് കഴിയാനുള്ള അവസരം ഉണ്ടാക്കിയെടുക്കും. ഈ സുന്ദരികളുമായി ബന്ധപ്പെടാൻ ധൃതിപ്പെട്ടെത്തുന്ന മല്ലന്മാർക്ക് തങ്ങൾ വിളിച്ചുവരുത്തുന്നത് സ്വന്തം മരണത്തെത്തന്നെയാണെന്ന തിരിച്ചറിവ് തെല്ലുമുണ്ടാകാറില്ല.

 

 

കോൾ ഗേളായി ജോലിചെയ്തിരുന്ന ജുവാനയെ ലോസ് സീറ്റാസ് ഗ്യാങ്ങാണ് കൊലയാളിയായി റിക്രൂട്ട് ചെയ്യുന്നത്. 2016 -ൽ അറസ്റ്റു ചെയ്യപ്പെട്ട ജുവാന ജയിൽ ബ്ലോഗിലൂടെ തന്റെ രക്തദാഹത്തെപ്പറ്റിയും ശവരതിയെപ്പറ്റിയും ഒക്കെ വാചാലയായതോടെയാണ് അവർ ഫീൽഡിൽ കുപ്രസിദ്ധയായി മാറിയത്. " ചെറുപ്പം മുതൽക്കേ ഞാനൊരു തെറിച്ച പെണ്ണായിരുന്നു. ആദ്യം മദ്യത്തിനും, പിന്നെ മയക്കുമരുന്നിനും അടിമയായി. അതിലൂടെ വേശ്യാവൃത്തിയിലേക്കും കടന്നുവരേണ്ടി വന്നു.." ബ്ലോഗിൽ അവർ കുറിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ഗർഭിണിയായ ജുവാന കുഞ്ഞിനെ പോറ്റാൻ വേണ്ടിയാണ് ആദ്യമായി കോൾ ഗേളാകുന്നത്. പിന്നെ കാർട്ടലിൽ വന്നപ്പോൾ പോലീസിന്റെ ചലനങ്ങളും മറ്റും നിരീക്ഷിക്കലായിരുന്നു ആദ്യത്തെ ജോലി.

 

 

ആദ്യമൊക്കെ ചോരകണ്ടാൽ മോഹാലസ്യപ്പെട്ടിരുന്ന ജുവാനയ്ക്ക് ഒരു ദിവസം തന്റെ ഗാങ്ങിൽ പെട്ടവർ കൂട്ടത്തിലെ ഒരു ഒറ്റുകാരന്റെ തല ചുറ്റികയ്ക്ക് അടിച്ച് ചമ്മന്തിയാക്കുന്നത് കണ്ട അന്ന് ചോരയോടുള്ള അറപ്പുമാറി. മുഖത്ത് തെറിച്ചു വീണ ചോര അവർ തുടച്ചു കളഞ്ഞു. അധികം താമസിയാതെ, സ്വന്തം കൈകൊണ്ട് ഒരാളെ കൊല്ലാനുള്ള അവസരം ജുവാനയ്ക്ക് കിട്ടി. ചുടുചോരയുടെ സ്വാദ് അവൾക്ക് ഇഷ്ടപ്പെട്ടു. തലയും മറ്റും അടിച്ചു ചതച്ച കബന്ധങ്ങളോടൊത്ത് രതിയിലേർപ്പെടുന്ന വിചിത്ര സ്വാഭാവിയായി അവൾ മാറി.

ഗുസ്താവോ ചാപ്പ്മാൻ അഥവാ 'എൽ ചാപ്പോ'യുടെ സിനാലോവ കാർട്ടലിലെ ഏറ്റവും കുപ്രസിദ്ധയായ പെൺകൊലയാളിയാണ് ക്ളോഡിയ ഒക്കോയാ ഫെലിക്സ്. "കുറ്റകൃത്യങ്ങളുടെ ലോകത്തിലെ കിം കർഡാഷിയാൻ ' എന്നറിയപ്പെട്ടിരുന്ന ക്ളോഡിയയെ കഴിഞ്ഞയാഴ്ച തന്റെ കാമുകന്റെ കിടക്കയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണമായ പറഞ്ഞിരുന്നത് 'പൾമണറി ആസ്പിരേഷൻ' ആയിരുന്നു. ഈ അവസ്ഥയ്ക്ക് സാധ്യതയുള്ള ഒരു കാരണം, ആരെങ്കിലും കഴുത്തിന് പിടിച്ച് ഞെക്കുക എന്നതാണ്. ക്ളോഡിയയെ ആരെങ്കിലും കൊന്നതാണോ എന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല

എങ്കിലും ഈ ലൈനിൽ ജോലി ചെയ്യുന്ന പലരുടെയും അന്ത്യം ഏതാണ്ട് ഇങ്ങനെയൊക്കെ ആകാറാണ് പതിവ്.

 

 

എന്നാലും തങ്ങളുടെ രക്തദാഹവും  കൊലപാതകതൃഷ്ണയും ഒന്നും പരസ്യമായി പ്രകടിപ്പിക്കുന്നതിന് ഒട്ടും മടിയില്ല അവരിൽ പലർക്കും. തോക്കുകളും മറ്റും കയ്യിലെടുത്തുള്ള ഇൻസ്റ്റഗ്രാം, ഫേസ്ബുക് പോസ്റ്റുകൾ പതിവാണ്. വളരെ സെക്സിയായ പോസുകളിലാണ് ഇവരിൽ പലരും ഓൺലൈനിൽ തങ്ങളുടെ ചിത്രങ്ങൾ ഇടുന്നത്. തോക്കുകൾക്കും കടുവകൾക്കുമൊക്കെ ഒപ്പമാണ് പലരുടെയും പോസിങ്ങ്.

 

 

 

2014 -ൽ ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായ ഒരു ചിത്രമാണിത്. കയ്യിൽ പച്ചകുത്തിയിരിക്കുന്ന പേര് 'നിനോ' എന്നാണ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, യന്ത്രത്തോക്ക്. ജോസ്‌ലിൻ അലക്‌സാൻഡ്ര നിനോ എന്നാണ് മുഴുവൻ പേര്. 'ലാ ഫ്ലാകാ' അഥവാ കൊലുന്നനെയുള്ളവൾ എന്നാണ് വിളിപ്പേര്. ലോസ് സൈക്ളോൺസ് കാർട്ടലിന്റെ പരിശീലനം സിദ്ധിച്ച ഒരു കൊലയാളിയായിരുന്നു അവൾ. ഈ ചിത്രം വൈറലായി നാലുമാസത്തിനകം മാറ്റമാറോസിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ കാർപാർക്കിങ്ങിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ട്രക്ക് കണ്ടെടുത്തു. മൂന്നു ബിയർ കൂളറുകൾ അതിനുള്ളിലുണ്ടായിരുന്നു.  ഒന്നിൽ ഒരു സ്ത്രീയുടെ വലത്തേ കാലും, വലത്തേ കയ്യും കണ്ടെത്തി. ആ കയ്യിൽ 'നിനോ' എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു. മറ്റു രണ്ടു കൂളറുകളിൽ ഒരു സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. ഒപ്പം ഒരു കത്തും, " ഇനിയും അയച്ചു വിടണേ ഇങ്ങനെയുള്ള കോമാളികളെ.. ഇതേ പോലെ തിരിച്ചു വിടാം ഞങ്ങൾ.." ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഗ്ലാഡിസ് എന്നമറ്റൊരു പെൺ കൊലയാളിയാണ് എന്ന് അന്ന് പറയപ്പെട്ടിരുന്നു എങ്കിലും അറസ്റ്റുകളൊന്നും ഉണ്ടായില്ല.

സാമൂഹ്യമാധ്യമങ്ങളിലൂടെ കിട്ടുന്ന പ്രസിദ്ധി പലരെയും ലഹരി പീഡിപ്പിച്ചിരുന്നു. തങ്ങളുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റും ഷെയറുമൊക്കെ കിട്ടുന്നത് അവരെ ഹരം കൊള്ളിച്ചു. അതുതന്നെയാണ് അവരെ കൂടുതൽ 'വിസിബിൾ' ആക്കിയതും, പല കേസുകളിലും അവരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്നതിന് കാരണമായതും.  

2015 -ൽ ഒഡെൻസിയോ ബെൽട്രാൻ അഥവാ എൽ ഹെക്ടർ തന്റെ നഴ്‌സിങ്ങ് വിദ്യാർത്ഥിനിയായ സ്നേഹിതയോടൊപ്പം ഒരു നൈറ്റ്ക്ലബ്ബിലേക്ക് പോവുകയായിരുന്നു കാറിൽ. വഴിയിൽ മദ്യപിച്ച് ലക്കുകെട്ട് വണ്ടിക്കുമുന്നിൽ ഒരു പെൺകുട്ടി വന്നു ചാടുന്നു. വണ്ടി നിർത്തി പെൺകുട്ടിയെ പരിശോധിക്കാൻ ചെന്ന എൽ  ഹെക്ടറെ കാത്തിരുന്നത് ഒരു 9mm കൈത്തോക്കിൽ നിന്നുള്ള നാൾ ഉണ്ടകളായിരുന്നു. പുകപോകുന്ന തോക്കിൻ കുഴൽ ചുണ്ടോടു ചേർത്തിട്ട് ആ യുവതി പറഞ്ഞു, " ഇത് ലാ ചൈനയുടെ വക നിനക്കൊരു സമ്മാനം.." 

 

 

'ലാ ചൈന' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് മറ്റൊരു കുപ്രസിദ്ധയായ പെൺകൊലയാളിയായിരുന്നു. മെലീസ മാർഗരീറ്റ കാൽഡെറോൺ എന്നാണ് യഥാർത്ഥ പേര്. പത്തുവർഷത്തിനുള്ളിൽ 150-ലധികം പേരെ വധിച്ച ഡമാസൊ കാർട്ടലിന്റെ ഈ കുപ്രസിദ്ധ കൊലയാളിയുടെ കീഴിൽ മുന്നൂറിലധികം അനുയായികളുണ്ട്. സ്വന്തം ബോയ്‌ഫ്രണ്ട്‌ ഒറ്റുകൊടുത്ത് പൊലീസ് പിടിയിലായ ലാ ചൈന ഇപ്പോൾ മെക്സിക്കോയിലെ ഒരു അതീവസുരക്ഷാജയിലിലാണ്.

അസാധാരണമായ ഈ ജീവിതം അവർ സ്വമേധയാ തെരഞ്ഞെടുക്കുന്ന ഒന്നാണ്  എന്ന് കരുതരുത്. അവരിൽ പലരെയും അഞ്ചും ആറും വയസ്സിൽ മാഫിയകൾ തട്ടിക്കൊണ്ടു പോകുന്നതാണ്. എന്നിട്ട് ചെറുപ്പം മുതലേ ഒരു വാടകക്കൊലയാളിക്ക് വേണ്ട ആയോധനവിദ്യകളെല്ലാം തന്നെ പരിശീലിപ്പിച്ച് വളർത്തിയെടുക്കും. കൊലപാതകത്തിന്റെ സകല തന്ത്രങ്ങളും അവരെ നന്നേ ചെറുപ്പം മുതൽക്കുതന്നെ അഭ്യസിപ്പിക്കും. മുതിർന്ന് യൗവ്വനയുക്തകളാകുമ്പോഴേക്കും അവർ കൊലകൾ ചെയ്ത് അറപ്പുതീർന്നവരായിക്കാണും.

ഈ വർഷം ആദ്യത്തെ ആറുമാസത്തിനുള്ളിൽ ഡ്രഗ് മാഫിയകൾ തമ്മിലുള്ള പോരിൽ കൊല്ലപ്പെട്ടത് 17000  പേരാണ്. ഇത് പുതിയൊരു റെക്കോർഡാണ്. കഴിഞ്ഞ കുറെ വർഷമായി മെക്സിക്കൻ ഡ്രഗ് മാഫിയാജീവിതങ്ങൾ ചിത്രങ്ങളിലൂടെ പകർത്തിവരുന്ന ഫോട്ടോ ജേർണലിസ്റ്റായ കേറ്റി ഓർലിൻസ്കി പറയുന്നത് കൊലപാതകങ്ങളുടെ കാർമ്മികത്വത്തിലേക്കുള്ള യുവതികളുടെ കടന്നുവരവ് കഴിഞ്ഞ കുറെ വർഷങ്ങളിൽ വന്നിട്ടുള്ള പുതിയ പ്രവണതയാണ് എന്നാണ്. നാട്ടിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും അധോലോകത്തിന്റെ ഗ്ലാമറിലേക്ക് യുവതികളെ ക്ഷണിക്കുന്നുണ്ടത്രേ.