കേട്ടാൽ അത്ര എളുപ്പത്തിൽ ആർക്കും വിശ്വസിക്കാനാവാത്ത ഒരു റിപ്പോർട്ട് സർക്കാരിന്റെ ഭാഗത്തു നിന്ന് തന്നെ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ റോഡുകളിൽ പൊലിഞ്ഞ കാൽനടയാത്രക്കാരുടെ കണക്കാണ് ഈ റിപ്പോർട്ടിൽ ഉള്ളത്. ഇടിച്ച വാഹനങ്ങളുടെ അടിസ്ഥാനത്തിൽ ആ റിപ്പോർട്ടിൽ ഒരു പട്ടിക കൊടുത്തിരിക്കുന്നതാണ് റിപ്പോർട്ടിന്റെ കൃത്യത പോലും ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം ആകെ 25,858 കാൽനടയാത്രക്കാർ ഇന്ത്യൻ റോഡുകളിലൂടെയുള്ള സഞ്ചാരത്തിനിടെയുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടത്രെ. 6934 പേരെ കൊന്ന്  ഇരുചക്ര വാഹനങ്ങൾ ആ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചപ്പോൾ തൊട്ടു താഴെയായി 6458 പേരുടെ ജീവനെടുത്ത കാറുകളും, ടാക്‌സികളും, മറ്റുള്ള LMV-കളും രണ്ടാമതെത്തി. നാലായിരത്തിലധികം പേരെ ഇടിച്ചു കൊന്നത് ട്രക്കുകൾ ആണെങ്കിൽ, ആയിരത്തിലധികം പേർ രാജ്യത്ത് കൊല്ലപ്പെട്ടത് ഓട്ടോറിക്ഷ ഇടിച്ചിട്ടാണ്. ഇതിലൊന്നും ആർക്കും ഒരു സംശയവുമില്ല. പട്ടികയുടെ ഏറ്റവും അടിയിലായി ഒരു കൂട്ടമുണ്ട്, ഏറ്റവും കുറച്ചു പേരെ ഇടിച്ചു കൊന്ന വാഹനം. അതാണ് സൈക്കിൾ എന്ന സാധാരണക്കാരന്റെ  ഇന്ധനരഹിത എഞ്ചിനില്ലാവാഹനം. ഓരോ സംസ്ഥാനങ്ങളുടെയും പൊലീസ് നൽകിയ പട്ടികകളിൽ നിന്ന് നിർമ്മിച്ചെടുത്ത ഈ  പട്ടികയിൽ അവകാശപ്പെടുന്നത് കഴിഞ്ഞ കൊല്ലം രാജ്യത്ത് സൈക്കിളിടിച്ച് കൊല്ലപ്പെട്ടത് 195 കാൽനടയാത്രക്കാർ ആണെന്നാണ്. ഉത്തർ പ്രദേശാണ് അപകടങ്ങളുടെ എന്നതിൽ ഒന്നാമത്. പഞ്ചാബ്, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നു. 

സൈക്കിൾ ഇടിച്ച് ഇത്രയും അധികം പേർ കൊല്ലപ്പെടുമോ? ഈ ചോദ്യം ഇപ്പോൾ ചോദിച്ചിരിക്കുന്നത് സാധാരണക്കാരല്ല, പൊലീസിലെ തന്നെ ഉന്നതോദ്യോഗസ്ഥരാണ്. തെലങ്കാന റോഡ് സേഫ്റ്റി അതോറിറ്റി ഡിജിപി ടി കൃഷ്ണപ്രസാദ്‌ പറയുന്നത് ഈ കണക്ക് ശരിയല്ല എന്നാണ്. എത്ര വേഗത്തിൽ വന്നു സൈക്കിൾ ഇടിച്ചെന്നു പറഞ്ഞാലും ഇത്രയധികം പേർ ഒരു വർഷത്തിനിടെ ഇന്ത്യൻ റോഡുകളിൽ സൈക്കിളിടിച്ച് മരണപ്പെട്ടു എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട് എന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സൈക്കിളിന്റെ ഭാരക്കുറവും, അതിന് ആർജ്ജിക്കാനാവുന്ന പരമാവധി വേഗതയുടെ പരിമിതിയും കാരണം, സാരമായ പരിക്കൊക്കെ ഏൽക്കാം എങ്കിലും ഇടികിട്ടിയ കാൽനടയാത്രക്കാരൻ മരിക്കുന്ന സാഹചര്യം വളരെ അപൂർവമായി മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. 

ഇന്ത്യൻ റോഡുകളിൽ സഞ്ചരിക്കെ, അജ്ഞാതമായ മറ്റു പല കാരണങ്ങളാലും കാൽനടയാത്രക്കാർ കൊല്ലപ്പെട്ട ചില കേസുകളെ സൈക്കിളിടിച്ച് മരിച്ചതായി ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതാകാം ഇങ്ങനെ ഒരു തെറ്റായ കണക്കിന് കാരണമായത് എന്ന് പല ഉന്നത ട്രാഫിക് അധികാരികളും പറയുന്നു.