ജപ്പാൻ സൈന്യം ഏറെ വീറോടെ പോരാടിയ ഒരു യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. 1939 സെപ്റ്റംബർ 1 മുതൽ, 1945  സെപ്റ്റംബർ 2 വരെ, ആറു വർഷവും ഒരു ദിവസവും നീണ്ടുനിന്ന ആ 'മഹാ'യുദ്ധത്തിനിടെ സൈനിക മേധാവികൾ ഗവൺമെന്റിനെ  ഒരു വിശേഷപ്പെട്ട ആവശ്യമറിയിച്ചു.  യുദ്ധത്തിനിടെ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന തങ്ങളുടെ സൈനികരുടെ ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാൻ വേണ്ടി, അവർക്ക് രതിയിൽ ഏർപ്പെടാൻ വേണ്ടി സന്നദ്ധരായ 'കംഫർട്ട് വിമൺ'നെ തെരഞ്ഞെടുത്ത് യുദ്ധമുഖത്തേക്ക് പറഞ്ഞുവിടണം. ക്യോഡോ ന്യൂസ് ആണ് ജാപ്പനീസ് ക്‌ളാസിഫൈഡ് രേഖകൾ പരിശോധിച്ച് പുതിയവിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയത്. ഈ രേഖകൾ പ്രകാരം, ഒരു ലൈംഗിക അടിമയ്ക്ക് 70 സൈനികർ എന്നായിരുന്നു അന്നത്തെ കണക്ക്. 

ഏപ്രിൽ 2017 മുതൽ  മാർച്ച്  2019 വരെയുള്ള കാലയളവിൽ കണ്ടെടുക്കപ്പെട്ട 23  രേഖകളാണ് ഇവ. ഇതിൽ ജാപ്പനീസ് കോൺസുലേറ്റുകളും മറ്റുരാജ്യങ്ങളുടെ എംബസികളും തമ്മിലുള്ള രഹസ്യ സമ്പർക്കങ്ങളുടെ രേഖകളുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തേതാണ് ഈ കത്തിടപാടുകൾ. 

ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ ഒരു പ്രധാന ഹേതു ഈ കംഫർട്ട് ഗേൾസ് തന്നെയാണ് എന്നും. ജപ്പാന് പുറമെ, അക്കാലത്ത് ജപ്പാന് സ്വാധീനശക്തിയുണ്ടായിരുന്ന ദക്ഷിണ കൊറിയ, തായ്‌വാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നായിരുന്നു അന്ന് ഈ ലൈംഗിക അടിമകളെ നിർബന്ധിച്ച് സൈനികരുടെ ലൈംഗികദാഹം ശമിപ്പിക്കാൻ വേണ്ടി പറഞ്ഞയച്ചിരുന്നത്. 1993-ൽ മനുഷ്യത്വരഹിതമായ ഈ യുദ്ധകാല സംവിധാനത്തിന്റെ പേരിൽ, സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ പേരിൽ ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഹോ കോനോ, ദക്ഷിണ കൊറിയയോടും അവിടത്തെ സ്ത്രീകളോടും നിരുപാധികം മാപ്പിരന്നിരുന്നു. 

ക്യോഡോ പരസ്യപ്പെടുത്തി ഒരു രേഖയിൽ, ജിനാനിലെ കോൺസുൽ ജനറൽ, ജപ്പാനിലെ അന്നത്തെ വിദേശകാര്യമന്ത്രിയോട്  അറിയിച്ചത് ഇപ്രകാരമാണ്," ജപ്പാന്റെ അധിനിവേശം ഇവിടെ വേശ്യാവൃത്തി വർധിപ്പിച്ചിട്ടുണ്ട്. ജപ്പാനിൽ നിന്ന് വന്ന 101 ഗെയ്‌ഷകൾ, 201 കംഫർട്ട് വിമൺ, കൊറിയയിൽ നിന്നുള്ള 228 കംഫർട്ട് വിമൺ - ഇത്രയും പേരുണ്ട് ഇവിടെ ഇപ്പോൾ. ഏപ്രിലോടെ 500 സ്ത്രീകളുടെ കൂടി സേവനം ഇവിടെ ആവശ്യമായി വരുമെന്ന് തോന്നുന്നു."

ഗെയ്‌ഷകളും ലൈംഗിക സേവനത്തിനു വേണ്ടിത്തന്നെയാണ് എത്തിയിട്ടുണ്ടാവുക. എന്നാൽ അവരും കംഫർട്ട് വിമണും തമ്മിലുള്ള വ്യത്യാസം, ഗെയ്‌ഷകൾ സ്വന്തം ഇഷ്ടപ്രകാരം വന്നവരും, മറ്റുള്ളവർ വേശ്യാവൃത്തിക്ക് നിർബന്ധിതരായവരും ആകുമെന്നതാണ്. 

'ഗെയ്‌ഷകൾ '

ക്വിഗാഡോയിലെ കൗൺസൽ ജനറൽ അയച്ച മറ്റൊരു കമ്പിസന്ദേശത്തിൽ ഇങ്ങനെ പറയുന്നുണ്ട്," ഇപ്പോൾ ജപ്പാന്റെ ഇമ്പീരിയൽ ആർമി പറയുന്നത് 70 സൈനികരെ സേവിക്കാൻ ഒരു ലൈംഗിക അടിമയെങ്കിലും വേണമെന്നാണ്.  നേവിക്ക് ഇനിയും 150  ലൈംഗിക അടിമകളുടെയെങ്കിലും ആവശ്യമുണ്ട്."

എത്ര സ്ത്രീകൾ ഇങ്ങനെ നിർബന്ധിത വേശ്യാവൃത്തിക്ക് പ്രേരിതരായിട്ടുണ്ട് എന്നതിന് ഔദ്യോഗികകണക്കുകൾ ഒന്നുമില്ല എങ്കിലും, ഏകദേശം നാലു ലക്ഷത്തോളം പേരെങ്കിലുമുണ്ടാവും എന്ന്  അനൗദ്യോഗിക കണക്കുകൾ പറയുന്നു. സൈനികർ അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാതെ കാക്കാനും, സൈനികർക്ക് ലൈംഗിക രോഗങ്ങൾ വരാതെ കാക്കാനുമാണ് വൈദ്യപരിശോധനകൾ നടത്തി രോഗങ്ങൾ ഒന്നും ഇല്ല എന്നുറപ്പിച്ച്, ഈ ഒരു ഉദ്ദേശ്യം വെച്ചുതന്നെ സ്ത്രീകളെ അന്ന് ജാപ്പനീസ് സൈന്യം ലൈംഗിക അടിമകളായി നിയോഗിച്ചിരുന്നത്. 

ഈ സ്ത്രീകളിൽ പലരെയും സൈന്യം അവരുടെ വീടുകളിൽ നിന്ന് തട്ടിക്കൊണ്ടുവന്നിട്ടുള്ളതാണ്. ചിലരെയൊക്കെ ഫാക്ടറികളിൽ, ഹോട്ടലുകളിൽ ഒക്കെ ജോലി നൽകാം എന്ന് പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ടുവന്നതാണ്. ചിലരെ പറഞ്ഞു പറ്റിച്ചത് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നൽകാം എന്ന് പറഞ്ഞുകൊണ്ടാണ്. ജാപ്പനീസ് ഔട്ട് പോസ്റ്റുകളിൽ നേഴ്‌സുമാരുടെ വേക്കൻസി ഉണ്ടെന്നുപറഞ്ഞുകൊണ്ടുള്ള വ്യാജപരസ്യങ്ങൾക്കും അന്ന് പല യുവതികളും ഇരയായി. 

എന്നാൽ മേൽപ്പറഞ്ഞ എല്ലാ ജോലിവാഗ്ദാനങ്ങളും അവസാനിച്ചിരുന്നത് അവർ പട്ടാളത്തിന്റെ കംഫർട്ട് പോസ്റ്റുകളിൽ എത്തി, പട്ടാളക്കാരുടെ ലൈംഗിക അടിമകളായി സേവനമനുഷ്ഠിക്കാൻ നിർബന്ധിതരാകുന്നിടത്താണ്. ഇവരിൽ പലരും പിന്നീട് യുദ്ധത്തിൽ ജപ്പാൻ പരാജയം രുചിച്ചതോടെ, അമേരിക്കൻ സൈന്യവും സഖ്യശക്തികളും ചേർന്ന് ജപ്പാന്റെ സ്വാധീനത്തിലിരുന്ന പല പ്രദേശങ്ങളിൽ നിന്നായി മോചിപ്പിക്കുകയായിരുന്നു.

അങ്ങനെ, രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ ഇമ്പീരിയൽ ആർമി നടത്തിയിരുന്ന മനുഷ്യത്വരഹിതമായ ചൂഷണങ്ങളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ രേഖകൾ പുറത്തുവന്നതിലൂടെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.