2014 -ലാണ് നോയിഡയില്‍... അഭിഭാഷകയും മൃഗസ്നേഹിയുമായ അപര്‍ണ രാജഗോപാലും ഭര്‍ത്താവും കൂടി മൃഗങ്ങളെ നോക്കാന്‍ തീരുമാനിക്കുന്നത്. അതിന് മുമ്പ് തന്നെ നിരവധി എന്‍ജിഒ -കളിലും മൃഗപരിചരണത്തിലുമെല്ലാം അനുഭവസമ്പത്തുണ്ടായിരുന്നു അപര്‍ണയ്ക്കും ഭര്‍ത്താവിനും. പക്ഷേ, അവരുടെ നഗരത്തിലെ വീട്ടില്‍ അവയെ നോക്കാനും പരിചരിക്കാനുമൊന്നുമുള്ള ഇടമില്ലായിരുന്നു. കുറച്ച് സുഹൃത്തുക്കളോട് സംസാരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ നോയിഡയുടെ പ്രാന്തപ്രദേശത്ത് അതിനുള്ള സൗകര്യം കണ്ടെത്താമെന്ന് അവര്‍ തീരുമാനിച്ചു.  ചെറിയ ഒരു സ്ഥലം നോക്കാനാണ് അവര്‍ പോയതെങ്കിലും ഗ്രാമത്തിലുള്ളവര്‍ അവരോട് പറഞ്ഞു ചെറിയ പൈസക്ക് വളരെയധികം സ്ഥലം പാട്ടത്തിന് കിട്ടുമെന്ന്. അങ്ങനെയാണ് അവരവിടെ സ്ഥലമെടുക്കുന്നത്. പക്ഷേ, ആ സ്ഥലം കണ്ടപ്പോള്‍ അപര്‍ണയുടെ മനസ്സില്‍ വന്ന ചിന്ത ഇതാണ്, എന്തുകൊണ്ട് എനിക്കിവിടെ കൃഷി നടത്തിക്കൂടാ? 

ഇന്ന് 20 ഏക്കറിലായി ഓര്‍ഗാനിക് ഫാമും മൃഗ വളര്‍ത്തുകേന്ദ്രവും നടത്തുന്നു അപര്‍ണ. 20 -ല്‍ അഞ്ച് ഏക്കര്‍ സ്വന്തമായി വാങ്ങിയതും ബാക്കി 15 പാട്ടത്തിനെടുത്തതുമാണ്. 

എങ്ങനെയാണ് അപര്‍ണ കര്‍ഷകയായത്?
അതൊരു ചൂടുകാലമായിരുന്നു... ഒരു ഞാവല്‍ വൃക്ഷത്തിന്‍റെ താഴെയിരിക്കുമ്പോഴാണ് കൃഷി എന്ന വെളിപാട് അപര്‍ണയ്ക്കുണ്ടാവുന്നത്. ആദ്യംതന്നെ തോന്നിയത് കൃഷിയെ കുറിച്ച് ഗൂഗിള്‍ ചെയ്‍തു നോക്കാനാണ്. പക്ഷേ, വിവരങ്ങളുടെ കടലാണ് ഗൂഗിള്‍. എന്തും എത്രയുമുണ്ടാകാം. അതിനിടയിലാണ് മസനൊബു ഫുകുവൊകയുടെ 'ഒറ്റ വൈക്കോല്‍ വിപ്ലവ'ത്തെ കുറിച്ച് അറിയുന്നത്. (ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.) ഒരു സാഹസിക നോവല്‍ പോലെ താന്‍ ഫുക്കുവോക്കയെ വായിച്ചുവെന്നാണ് അപര്‍ണ പറയുന്നത്. പിന്നീട് നിരവധി പേര്‍ ബില്‍ മോലിസണ്‍, പീറ്റര്‍ പ്രോക്ടര്‍, ഭാസ്കര്‍ സാവേ തുടങ്ങി നിരവധിപ്പേരെ കുറിച്ച് അപര്‍ണ മനസിലാക്കി. വിവിധ ലേഖനങ്ങള്‍, ഡോക്യുമെന്‍ററികള്‍, യൂട്യൂബ് വീഡിയോകള്‍ കൃഷിയെ കുറിച്ചും പ്രകൃതിയോടിണങ്ങിനില്‍ക്കുന്ന കൃഷിരീതിയെ കുറിച്ചും അപര്‍ണ മനസിലാക്കി.

 

അപര്‍ണയുടെ കൃഷിയോടുള്ള ഭ്രാന്തമായ അഭിനിവേശം ആ പ്രദേശത്തെ തന്നെയാകെ മാറ്റിമറിച്ചു. വരണ്ട് കിടന്ന മണ്ണ് പച്ചപ്പണിഞ്ഞു. അതിന്‍റെ ഭൂപ്രകൃതി തന്നെ മാറിമറിഞ്ഞു. നിറയെ ചിത്രശലഭങ്ങളെത്തി. ബീജം എന്ന് പേരിട്ടിരിക്കുന്ന ഫാം നോക്കിനടത്തുന്നത് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരുകൂട്ടം കര്‍ഷകരാണ്. ഗോതമ്പ്, അരി, പഴങ്ങള്‍, പച്ചക്കറി എന്നിവയെല്ലാം വളര്‍ത്തുന്നു. അതില്‍ പലതും അവിടെത്തന്നെ കിട്ടുന്നതരം വകഭേദങ്ങളാണ് വളര്‍ത്തുന്നത്. സൂര്യകാന്തി, മഞ്ഞള്‍, നിലക്കടല, എള്ള് തുടങ്ങിയവയും ഇവിടെ വളര്‍ത്തുന്നുണ്ട്. 

സീഡ് ബാങ്കും ഉണ്ട് ഇവിടെ. സോളാര്‍ പാനല്‍, ബയോ ഗ്യാസ് എന്നിവയെല്ലാമാണ് വര്‍ഷങ്ങളായി ഇവിടെ ഉപയോഗിക്കുന്നത്. ഇന്‍റര്‍ക്രോപ്പിങ്, മള്‍ട്ടി ക്രോപ്പിങ്, കംപാനിയന്‍ പ്ലാന്‍റിങ് ക്രോപ് റോട്ടേഷന്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കൃഷി നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഒമ്പത് വ്യത്യസ്ത ഇനത്തില്‍ പെട്ടവയുള്‍പ്പെടുന്ന 130 കന്നുകാലികളും ഇവിടെയുണ്ട്. പക്ഷേ, ഒന്നില്‍നിന്നും പാല് ശേഖരിക്കുന്നില്ല. ഞെട്ടണ്ട, പാലിന് പകരം ചാണകം കൃഷിക്കും മറ്റും ഉപയോഗിക്കുകയാണ്. 

ബീജത്തെ സംബന്ധിച്ച് ഈ ജൈവകൃഷിരീതി നല്ല ഭക്ഷണമുണ്ടാക്കുക എന്നതിനുമപ്പുറം ഒരു ജീവിതരീതി തന്നെയായി മാറിയിരിക്കുകയാണ്. അത് അവിടുത്തെ മണ്ണിനെ തന്നെ മാറ്റിയിരിക്കുന്നു. മണ്ണിന് പുതിയൊരു ജീവന്‍ നല്‍കിയിരിക്കുന്നു. മണ്ണ് മാറുമ്പോള്‍ മനസ്സും മനുഷ്യനും മാറുന്നു. അതിനെ പിന്തുണക്കാന്‍ അപര്‍ണ വേറൊരു കാര്യം കൂടി ചെയ്‍തു. ഒരു സ്കൂള്‍ തുടങ്ങി. കൃഷിക്കാരുടെ 140 കുട്ടികള്‍ പഠിക്കുന്ന സ്‍കൂളാണിത്. ഒപ്പം ആഴ്‍ചയിലൊരിക്കല്‍ കൃഷിക്കാര്‍ക്കായി ഒരു ക്ലിനിക്കുമുണ്ട്. ബീജം ശിക്ഷ, ബീജം ആരോഗ്യ എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. രാവിലെ സ്‍കൂളില്‍ പോവാത്ത കുട്ടികള്‍ക്കാണ് ക്ലാസ്. ഉച്ചയ്ക്ക് ശേഷം സ്കൂളില്‍ പോയി വരുന്ന കുട്ടികള്‍ക്കുള്ള ക്ലാസാണ്. 

കൃഷിക്ക് പുറമെ തുന്നല്‍പ്പണി, ബാഗ് നിര്‍മ്മാണം, തലയണ നിര്‍മ്മാണം തുടങ്ങിയവയിലെല്ലാം പരിശീലനം നല്‍കുന്നു. ഒപ്പം അക്ഷരവും അക്കവുമറിയാത്ത മനുഷ്യരെ അതും പഠിപ്പിക്കുന്നുണ്ട്. ഒപ്പം വ്യക്തിശുചിത്വം, ആര്‍ത്തവം, കുടുംബാസൂത്രണം എന്നിവയെക്കുറിച്ചെല്ലാം ബോധവാന്മാരാക്കുന്നു. 

പല ഭാഗത്തുനിന്നുള്ള പാചകം ചെയ്യാനിഷ്ടപ്പെടുന്ന മനുഷ്യരെത്തി പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന പരിപാടിയും ഇവിടെയുണ്ട്. തീര്‍ന്നില്ല, ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നവയെല്ലാം കിട്ടുന്ന സ്റ്റാളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അപര്‍ണ പറയുന്നത്, ജൈവകൃഷി ഒരു ജോലിയായോ കരീറായോ കാണരുത്. അതൊരു യാത്രയാണ്. മനസ്സര്‍പ്പിച്ചുകൊണ്ടുള്ള ഒരു യാത്ര എന്നാണ്. മണ്ണ് മാറുമ്പോള്‍ മനുഷ്യര്‍ മാറും, അവരുടെ ജീവിതം മാറും എന്ന പാഠമല്ലാതെ മറ്റെന്താണ് അപര്‍ണ പഠിപ്പിക്കുന്നത്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)