രണ്ട് കാലുകളിൽ നിൽക്കുന്ന ഈ പുള്ളിപ്പുലിയുടെ വീഡിയോ സഫാരി പ്രേമിയായ മേരി ടാർഡൺ ആണ് ചിത്രീകരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ 'ലേറ്റസ്റ്റ് സൈറ്റിംഗ്സ് - ക്രൂഗർ' എന്ന ജനപ്രിയ പേജിലാണ് ഈ ദൃശ്യങ്ങൾ ആദ്യം പങ്കുവെച്ചത്.
ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നുള്ള ഒരു അപൂർവ സഫാരി കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒരു പുള്ളിപ്പുലി മനുഷ്യരെപ്പോലെ രണ്ട് കാലുകളിൽ എഴുന്നേറ്റ് നിൽക്കുന്ന ദൃശ്യങ്ങളാണ് ഇത്. പിൻകാലുകളിൽ ഉയർന്ന് എഴുന്നേറ്റ് മുൻകാലുകൾ കൂട്ടിപ്പിടിച്ചാണ് പുലിയുടെ നിൽപ്പ്.
ലോകമെമ്പാടുമുള്ള നെറ്റിസൺസിനിടയിൽ ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വൈറലായ ഈ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും വീണ്ടും ഷെയർ ചെയ്യപ്പെടുകയും അത്ഭുതകരമായ കാഴ്ചയെ കുറിച്ച് ആളുകൾ കൗതുകം പങ്കുവയ്ക്കുകയും ചെയ്യുകയാണ്.
രണ്ട് കാലുകളിൽ നിൽക്കുന്ന ഈ പുള്ളിപ്പുലിയുടെ വീഡിയോ സഫാരി പ്രേമിയായ മേരി ടാർഡൺ ആണ് ചിത്രീകരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ 'ലേറ്റസ്റ്റ് സൈറ്റിംഗ്സ് - ക്രൂഗർ' എന്ന ജനപ്രിയ പേജിലാണ് ഈ ദൃശ്യങ്ങൾ ആദ്യം പങ്കുവെച്ചത്. തുടർന്ന് വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകൾ വീണ്ടും ഷെയർ ചെയ്തു.
വീഡിയോ ദൃശ്യങ്ങളിൽ ക്രൂഗർ ദേശീയോദ്യാനത്തിലെ ചെറിയ റോഡ് മുറിച്ചു കടന്ന് വരുന്ന പുള്ളിപ്പുലിയെയാണ് ആദ്യം കാണാൻ കഴിയുക. തുടർന്ന് തനിക്കുള്ള ഇരയെ സസൂക്ഷ്മം തിരയുന്ന പുലി റോഡിനരികിലായി തൻറെ പിൻകാലുകൾ മാത്രം നിലത്തു കുത്തി തല ഉയർത്തിപ്പിടിച്ച് ഇരിക്കുന്നു. ശേഷം തന്റെ കാഴ്ച കുറച്ചുകൂടി സുഖമാകാൻ അത് പിൻകാലുകളിൽ എഴുന്നേറ്റു നിൽക്കുന്നു. ഒരു മനുഷ്യൻ നിൽക്കുന്നതുപോലെ തന്നെയാണ് പുലിയും എഴുന്നേറ്റു നിന്നത്. ചുറ്റുപാടും നിരീക്ഷിച്ചതിനു ശേഷം വീണ്ടും പഴയതുപോലെ നാലു കാലിലേക്കാവുന്നു.
വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. പരിണാമത്തിന്റെ അടുത്ത ഘട്ടമാണെന്നും ഉടൻതന്നെ ഇവ നടന്നു തുടങ്ങി ക്രിപ്റ്റോ വ്യാപാരം നടത്തും എന്നുമായിരുന്നു ഒരാൾ കുറിച്ചത്. ഒരു തൊപ്പിയും സൺഗ്ലാസും കൂടി ഉണ്ടായിരുന്നെങ്കിൽ സംഗതി കലക്കിയേനെ എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
2023 -ൽ 'Nature is Amazing' എന്ന X ലെ ജനപ്രിയ സോഷ്യൽ മീഡിയ പേജിൽ സമാനമായ മറ്റൊരു പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ആ വൈറൽ ക്ലിപ്പിലും പുള്ളിപ്പുലി രണ്ട് കാലുകളിൽ നിൽക്കുന്നതും ചുറ്റുപാടും നിരീക്ഷിക്കുന്നതും കാണാം.
