അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേരള സർക്കാർ 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' (NOC) നൽകിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. പിണറായി വിജയൻ സർക്കാരിനെ അവ പ്രത്യക്ഷത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നു. ജലവൈദ്യുത പദ്ധതിയുടെ പേരിൽ നടന്ന, സൈലന്റ്‌വാലി പോലുള്ള നിരവധി വിജയകരമായ പരിസ്ഥിതി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കേരളത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് പ്രസക്തി ഏറെയാണ്. സൈലന്റ് വാലി സമരം അതിന്റെ പരമകാഷ്ഠയിൽ നിന്ന കാലത്ത്, ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതങ്ങളെപ്പറ്റിയുള്ള ചർച്ചകൾ ഇഴകീറി നടത്തപ്പെട്ടിട്ടുള്ളതാണ്. അത്തരം ചർച്ചകളിലൂടെ പരിപോഷിതമായ ഒരു പാരിസ്ഥിതിക അവബോധമാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നത്.  ഇന്ത്യയിലെ ഗവൺമെന്റുകൾക്കും രാജ്യത്തിനകത്തും പുറത്തുമുള്ള പാരിസ്ഥിതിക സംഘടനകൾക്കും അമൂല്യമായ പാഠങ്ങൾ പകർന്നു നൽകിയ ഒരു പ്രതിരോധമായിരുന്നു സൈലന്റ് വാലിയിൽ വരാനിരുന്ന ജലവൈദ്യുതപദ്ധതിക്കെതിരെ ജനങ്ങളിൽ നിന്നുണ്ടായത്.
 എഴുപതുകളുടെ അവസാനത്തോടെ തുടങ്ങി, എൺപതുകളുടെ ആദ്യപകുതിയിൽ ശക്തിയാർജ്ജിച്ച ഒരു ജനകീയസമരമായിരുന്നു സൈലന്റ് വാലിയിൽ നടന്നത്. പാലക്കാടുള്ള സൈലന്റ് വാലിയിലെ മഴക്കാടുകളിലൂടെ ഒഴുകിയിരുന്ന കുന്തിപ്പുഴക്ക് കുറുകെ ഒരു അണക്കെട്ടു കെട്ടി അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഒരു വൻപദ്ധതിയായിരുന്നു സർക്കാർ നടപ്പിലാക്കാൻ പ്ലാനിട്ടിരുന്നത്. ഇത്തരം പദ്ധതികളിൽ കണ്ടുവന്നിരുന്ന സമരങ്ങളുടെ 'ട്രെൻഡി'ൽ നിന്ന് വ്യത്യസ്തമായിരുന്നു സൈലന്റ് വാലിയിലേത്. സാധാരണ ഇങ്ങനെയൊരു അണക്കെട്ടു വന്നാൽ, പദ്ധതിബാധിതപ്രദേശങ്ങളിൽ നിന്നുമാത്രമാണ് സമരങ്ങൾ കണ്ടുവരാറുള്ളത്. പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് എന്നും സമരങ്ങളുടെ മുൻനിരയിൽ അണിനിരന്നിട്ടുള്ളത്. എന്നാൽ സൈലന്റ് വാലി പദ്ധതിയുടെ കാര്യത്തിൽ നടന്നത് അങ്ങനെയല്ല. പദ്ധതിപ്രദേശത്തുനിന്ന് അധികം പേരെ ഒഴിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ പദ്ധതിയുടെ പേരിൽ സമരങ്ങളുമായി തെരുവിലിറങ്ങിയവരുടെ മനസ്സിൽ ഒരേയൊരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ, അണക്കെട്ടുകൊണ്ട് പരിസ്ഥിതിക്കുണ്ടാകുമായിരുന്ന, ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത, നാശം.

 

 

അന്നത്തെ പൊതുബോധം ഇന്നത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമാവാനുള്ള ഭ്രമം അന്ന് യുവതലമുറയെ ഇന്നത്തെയത്ര ആവേശിച്ചിട്ടുണ്ടായിരുന്നില്ല.'പരിസ്ഥിതി സംരക്ഷിക്കണം', 'ജൈവവ്യവസ്ഥ നശിപ്പിക്കപ്പെടരുത്' എന്നൊക്കെയുള്ള ചിന്തകൾ അന്ന് പൊതുജനങ്ങൾക്കും ഉണ്ടായിരുന്നില്ല. ജലവൈദ്യുത പദ്ധതികൾ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന ചിന്തക്ക് പൊതുസമ്മതി ലഭിച്ചിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന ഗവണ്മെന്റും പൊതുജനങ്ങളും അന്ന് ഒരേമനസ്സോടെ പദ്ധതിയെ പിന്തുണച്ചു. വിജയം ഏറെക്കുറെ അസാധ്യം എന്നുതന്നെ ഉറപ്പായിരുന്ന ഒരു സമരത്തിലേക്കാണ് അന്ന് സൈലന്റ് വാലി പ്രക്ഷോഭകർ ഇറങ്ങിത്തിരിച്ചത്. എന്നിട്ടും, അത്തരമൊരു സമരം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിൽ വിജയം കണ്ടതിന്റെ ക്രെഡിറ്റ് മുഴുവൻ അന്ന് അതിനുപിന്നിൽ പ്രവർത്തിച്ച പാരിസ്ഥിതിക പ്രവർത്തകർക്കുമാത്രമുള്ളതാണ്.

സൈലന്റ് വാലി സമരത്തിന്റെ ഉത്ഭവം

1974 -ൽ ഇടുക്കി അണക്കെട്ടിന്റെ പണി പൂർത്തിയാക്കി, ഗവണ്മെന്റ് അടുത്ത ജലവൈദ്യുത പദ്ധതിയെപ്പറ്റി ആലോചിച്ചു തുടങ്ങുന്ന കാലത്താണ്, കെഎസ്ഇബി പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയിൽ കുന്തിപ്പുഴക്ക് കുറുകെ ഒരു അണക്കെട്ടുകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുടെ പ്രൊപ്പോസൽ സർക്കാരിന് കൈമാറുന്നത്. 1977 -ൽ പദ്ധതി സർക്കാർ അംഗീകരിക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് 'ഗ്രീൻ സിഗ്നൽ' നൽകുകയും ചെയ്തു. അതേ വർഷം തന്നെ, പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി. പദ്ധതിപ്രദേശത്തുള്ള വനമേഖലക്ക് അണക്കെട്ടുകൊണ്ടുണ്ടാവുന്ന നാശനഷ്ടങ്ങൾ എന്തൊക്കെ എന്ന് പഠിക്കുകയായിരുന്ന ഈ പഠനത്തിന്റെ ലക്‌ഷ്യം. പഠനഫലം ഉത്സാഹക്കമ്മിറ്റി പ്രതീക്ഷിച്ച പോലായിരുന്നില്ല. അത്തരം ഒരു അണക്കെട്ട് പടുത്തുയർത്തിയാൽ, സൈലന്റ് വാലിയിലെ മഴക്കാടുകൾ അത്രയും നാമാവശേഷമാകും എന്ന് KFRI -യുടെ പഠനം കണ്ടെത്തി. പിൽക്കാലത്ത് സാലിം ആലി സെന്റർ ഫോർ ഓർണിത്തോളജിയുടെയും, കേരള ജൈവവൈവിധ്യ ബോർഡിന്റെയും തലവനായി മാറിയ വിഎസ് വിജയൻ അന്ന് KFRI -യിൽ ഗവേഷകനായിരുന്ന കാലം. അദ്ദേഹമടങ്ങുന്ന സംഘമാണ് അന്ന് ഈ പാരിസ്ഥിതികാഘാത പഠനം നടത്തിയത്. തന്റെ ആശങ്കകൾ അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവാംഗവും ബോട്ടണി പ്രൊഫസറുമായിരുന്ന എം കെ പ്രസാദുമായി പങ്കിട്ടു.

എംകെ പ്രസാദിന്റെ പരിശ്രമത്താൽ അന്ന് സൈലന്റ് വാലി വിഷയം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കപ്പെട്ടു. ആ കമ്മിറ്റിയിൽ തന്നെ പലരും, 'പദ്ധതിയെ എതിർക്കുന്നത് വികസനവിരോധമായി കണക്കാപ്പെടും' എന്ന അഭിപ്രായം ഉന്നയിച്ചു. എന്നാൽ ഒരു വർഷം നീണ്ടുനിന്ന സാധ്യതാപഠനത്തിന് ശേഷം 1978 -ൽ പദ്ധതിക്കെതിരായ അന്തിമനിലപാട് പ്രഖ്യാപിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തി. ഇങ്ങനെ ഒരു പ്രോജക്ടുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കാൾ എത്രയോ വലുതാണ് അതുണ്ടാക്കുന്ന പരിസ്ഥിതികാഘാതങ്ങൾ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നും തീരുമാനമെടുത്തു.

സൈലന്റ് വാലി സമരത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

1978 -ൽ സംസ്ഥാനം ഭരിച്ചിരുന്നത്  സിപിഐ നേതാവ് പികെ വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. കോൺഗ്രസിലെ ആന്റണി പക്ഷവും, മുസ്ലിം ലീഗും, കേരളാ കോൺഗ്രസും ഒക്കെ ഭരണപക്ഷത്തിരിക്കുന്ന കാലം. സിപിഎമ്മും കോൺഗ്രസിലെ കരുണാകരൻ പക്ഷവും പ്രതിപക്ഷത്ത് രണ്ടു ഭാഗത്തായി ഇരിക്കുന്നുണ്ട്. ഭരണപ്രതിപക്ഷ ഭേദമില്ലാതെ സകലരും അന്ന് സൈലന്റ് വാലി പദ്ധതിയെ പിന്തുണച്ചു. കെഎസ്ഇബിയിലെ പ്രമുഖ യൂണിയനുകൾ എല്ലാം തന്നെ പദ്ധതിയെ പിന്തുണയ്ക്കുന്ന നിലപാടിലായിരുന്നു. ഈയൊരു പ്രക്ഷോഭത്തിന്റെ പേരിൽ ശാസ്ത്രസാഹിത്യ പരിഷത്തിൽ തന്നെയുണ്ടായി ആന്തരിക പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല. പരിഷത്തിന്റെ അംഗങ്ങളിൽ ഒരു വലിയ വിഭാഗം സിപിഎം പ്രവർത്തകരോ അനുഭാവികളോ ആയിരുന്നതിനാൽ തങ്ങളുടെ പരിസ്ഥിതി സൗഹൃദ നിലപാടിന് പാർട്ടിക്കുള്ളിൽ പിന്തുണ ആർജ്ജിച്ചെടുക്കുക എന്നതു തന്നെ ഏറെ ദുഷ്കരമായ ഒരു ദൗത്യമായി മാറി.

പദ്ധതിയെ പിന്തുണയ്ക്കാൻ കാരണമായി കേരള സർക്കാർ മുന്നോട്ടുവെച്ച കാരണങ്ങളിൽ പ്രധാനപ്പെട്ടവ ഇനി പറയുന്ന മൂന്നെണ്ണമായിരുന്നു.

1 . സംസ്ഥാനത്ത് നിലനിൽക്കുന്ന ഊർജ്ജപ്രതിസന്ധിക്ക് ഒരേയൊരു പരിഹാരം ഇങ്ങനെയൊരു പദ്ധതി വന്നാൽ അതിൽ നിന്ന് മലബാറിലെ വൈദ്യുതി പ്രതിസന്ധിയും വോൾട്ടേജ് ക്ഷാമവും പരിഹരിക്കാൻ കഴിയും.

2 . പദ്ധതി നടപ്പിൽ വരുന്നതോടെ മലബാറിലെ പാലക്കാട്, മലപ്പുറം എന്നീ രണ്ടു പിന്നാക്ക ജില്ലകളിലേക്ക് വലിയതോതിൽ വികസനം കടന്നുവരും

3 . സൈലന്റ് വാലി പദ്ധതി സാക്ഷാത്കരിക്കപ്പെട്ടാൽ മണ്ണാർക്കാട് പ്രദേശത്ത് കനാലുകൾ വഴി പതിനായിരം ഹെക്ടറിലധികം തരിശുഭൂമിയിൽ ജലസേചനത്തിനുള്ള സാധ്യത തെളിയും.

ഈ വികസനവാദത്തെ പ്രതിരോധിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തിന് ഏറെ പ്രയത്നിക്കേണ്ടി വന്നു. 'പരിസ്ഥിതി', 'ജൈവസമ്പത്ത്' തുടങ്ങിയ പദങ്ങൾ അന്ന് സാമാന്യജനങ്ങൾക്ക് അജ്ഞാതമായിരുന്നു.  അതുകൊണ്ടുതന്നെ, 'പരിസ്ഥിതിക്ക് ദോഷം ചെയ്യും' എന്നതുകൊണ്ട് ഒരു ജലവൈദ്യുത പദ്ധതി മുടക്കുക എന്നൊക്കെ പറഞ്ഞാൽ അത് അന്ന് കേരളത്തിലെ ജനങ്ങൾക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. കേരളം പോലെ രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഒരു സംസ്ഥാനത്ത്, ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ പാർട്ടികളും ഒരേമനസ്സോടെ പദ്ധതിക്ക് പിന്തുണയുമായി നിലകൊള്ളുന്ന സാഹചര്യത്തിൽ അത്തരത്തിൽ ഒരു പദ്ധതിക്കെതിരെ ജനപിന്തുണ നേടുക എന്നത് അന്നത്തെ സാഹചര്യത്തിൽ ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു.

വൈദ്യുതി മേഖലയിലെ സ്ഥാപിത താത്പര്യങ്ങളെ അതിജീവിക്കുക എന്നത് പരിഷത്തിന്റെ മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളിയായിരുന്നു. നടപ്പിലാക്കാൻ പോവുന്നത് കോടിക്കണക്കിനു രൂപ ഇറങ്ങാൻ പോവുന്ന ഒരു പദ്ധതി ആയിരുന്നതിനാൽ കെഎസ്ഇബിയിലെ സകല യൂണിയനുകളിലും പെട്ട, ചെയർമാൻ മുതൽ ലൈൻമാൻ വരെയുള്ള സകല ജീവനക്കാരും ഈ പദ്ധതിയുടെ സ്തുതിഗീതങ്ങളുമായി അണിനിരന്നു. സമരക്കാരെ അന്ന് തുറന്നെതിർത്ത മറ്റൊരു കൂട്ടർ ഈ അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനിരുന്ന ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ഭരണതലത്തിലുള്ള സ്വാധീനവും പദ്ധതിക്ക് ബലം നൽകി. അങ്ങനെ സാഹചര്യങ്ങൾ മുഴുവനും പ്രതികൂലമായ ഈ സാഹചര്യത്തിൽ, സമൂഹം ഒന്നടങ്കം പദ്ധതിയെ അനുകൂലിക്കുന്ന അവസ്ഥയിൽ, ഗവണ്മെന്റിലും പൊതു സമൂഹത്തിലും തങ്ങളുടെ സ്വരം ഉയർത്തിപ്പിടിക്കാൻ പദ്ധതി വിരുദ്ധ പ്രവർത്തകർക്ക് അന്ന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.

ഐതിഹാസികമായ ഒരു സമരം

പരിഷതിനോടൊപ്പം 'ഫ്രണ്ട്സ് ഓഫ് ട്രീസ്', പരിസര, 'സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് എൻവയോൺമെന്റൽ കൺസർവേഷൻ' തുടങ്ങിയ സംഘടനകൾ പ്രക്ഷോഭത്തിന്റെ ഭാഗമായി. 'സേവ് സൈലന്റ് വാലി' പോലുള്ള പുതിയ ഫോറങ്ങൾ രൂപീകരിക്കപ്പെട്ടു. ഈ സംഘടനകൾ തോളോടുതോൾ ചേർന്ന് നടത്തിയ പ്രക്ഷോഭങ്ങളാണ് സൈലന്റ് വാലി പദ്ധതി ഒടുവിൽ ഉപേക്ഷിക്കപ്പെടാൻ കാരണമായത്.

സമരങ്ങളുടെ ആദ്യപടി പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക ആയിരുന്നു. പ്രചാരണത്തിനായി വിഷയം വിശദീകരിച്ചുകൊണ്ട് ഇരുപതിലധികം ലഘുലേഖകൾ തയ്യാറാക്കപ്പെട്ടു. അവയുടെ കോപ്പികൾ പരക്കെ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടു അന്ന്. ഈ പ്രചാരണ ലേഖനങ്ങളിലൂടെ അവർ, പദ്ധതിയെ പിന്തുണക്കാൻ വേണ്ടി സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്ന വാദങ്ങളുടെ പൊള്ളത്തരം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി. മലബാറിൽ വൈദ്യുതി ക്ഷാമം ഉണ്ടെന്നു പായാരം പറഞ്ഞിരുന്ന കാലത്തുതന്നെ സർക്കാർ കർണാടകത്തിന് വൈദ്യുതി വിൽക്കുന്നുണ്ടായിരുന്നു. വൈദ്യുതിക്ഷാമമുള്ള ഒരു സംസ്ഥാനത്തിന് എങ്ങനെയാണ് അയൽസംസ്ഥാനങ്ങൾക്ക് വൈദ്യുതി വിൽക്കാനാവുക എന്നതായിരുന്നു പ്രധാന ചോദ്യം. മലബാറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി ഇങ്ങനെ ഒരു പദ്ധതിയല്ല എന്ന് സമരക്കാർ  ജനങ്ങളെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. 1978 -ൽ നിർമാണം തുടങ്ങിയാൽ തന്നെ 1990 -നു മുന്നേ ഒരു കാരണവശാലും പണി പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ സാധിക്കാത്ത ഒരു പദ്ധതി, പ്രദേശത്തിന്റെ അടിയന്തരമായ വൈദ്യുതി പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്ന് സമരക്കാർ ജനങ്ങളോട് ചോദിച്ചു.
 


 

സംസ്ഥാനം ആ സമയത്ത് കർണാടകത്തിന് വിറ്റു കാശുണ്ടാക്കിക്കൊണ്ടിരുന്ന വൈദ്യുതി, സൈലന്റ് വാലി പദ്ധതിയുടെ പ്രഖ്യാപിത ശേഷിയുടെ ഒന്നര ഇരട്ടിയോളം വരുമെന്നും, അത് മലബാറിലേക്ക് വിതരണം ചെയ്താൽ തന്നെ പ്രതിസന്ധി തീരുമെന്ന് ലഘുലേഖകൾ സൂചിപ്പിച്ചു. ഇങ്ങനെ ഒരു വിതരണം നടത്താൻ ആവശ്യമായ സബ്‌സ്റ്റേഷനുകളും, ഹൈ വോൾട്ടേജ് ലൈനുകളും പണിതീർക്കാൻ പരമാവധി വേണ്ടിവരിക രണ്ടോ മൂന്നോ വർഷം മാത്രമാകും. അങ്ങനെ പദ്ധതി വന്നാൽ തീരുന്നതിലും ഏഴെട്ടുവർഷം മുമ്പുതന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും സർക്കാരിനെയും ജനങ്ങളെയും ഓർമിപ്പിച്ചു. കേരളത്തിലെ ഊർജപ്രതിസന്ധിക്കുള്ള പരിഹാരം പാരിസ്ഥിതികാഘാതം കൂടുതലുള്ള ജലവൈദ്യുത നിലയങ്ങളെക്കാളും എളുപ്പത്തിൽ നല്കാനാവുക താപവൈദ്യുത നിലയങ്ങൾക്കാകും എന്ന് അന്ന് സൈലന്റ് വാലി സമരക്കാർ പറഞ്ഞത് പിന്നീട് സർക്കാരിന് അംഗീകരിക്കേണ്ടിവന്നു എന്നതും ചരിത്രമാണ്.
 


 

പ്രകടമായ ഒരു വികസന വിരുദ്ധ പ്രതിച്ഛായ കൂടാതെ തന്നെ, കൃത്യമായ ഒരു ബദൽ നിർദേശിച്ചുകൊണ്ട്, പരിസ്ഥിതിക്കുണ്ടാകാവുന്ന നികത്താനാവാത്ത നഷ്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപെടുത്താനായി എന്നതുകൊണ്ടാണ് സൈലന്റ് വാലി സമരം വിജയിച്ചത്. സൈലന്റ് വാലി കാടുകളിൽ അധിവസിച്ചിരുന്ന, വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ ഈ പ്രോജക്റ്റ് യാഥാർഥ്യമാകുന്നതോടെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചു നീക്കപ്പെടും എന്ന വസ്തുതയും അന്ന് സമരക്കാർ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. മനുഷ്യപരിണാമവുമായി അടുത്തുനിൽക്കുന്ന ഈ ജീവിവർഗം വംശനാശം സംഭവിക്കാതെ കാക്കേണ്ടത് അത്യാവശ്യമാണെന്ന് സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്കായി.

ജനങ്ങളെ സമരമുഖത്തേക്ക് കൊണ്ടുവരുന്നത്

മേൽപ്പറഞ്ഞ വാദമുഖങ്ങൾ ഒക്കെയും ഏറെ ശക്തമായിരുന്നു എങ്കിലും, ജനങ്ങളെ ഇത്തരമൊരു സമരത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരിക ഒട്ടും എളുപ്പമല്ലായിരുന്നു. അത് ഏറെ പ്രയത്നം വേണ്ടിവന്ന ഒരു പ്രവൃത്തിയായിരുന്നു. അതിനായി കേരളത്തിന്റെ മുക്കിലും മൂലയിലും സൈലന്റ് വാലിയുടെ പേരിൽ സമരക്കാർ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു. സൈലന്റ്‌വാലി  പ്രശ്നം ശാസ്ത്രകലാജാഥകളുടെ പരാമർശ വിഷയമായി. പലേടത്തും ജാഥാംഗങ്ങൾക്ക് യൂണിയൻ പ്രവർത്തകരിൽ നിന്ന് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നു.

മാധ്യമങ്ങളും ഇക്കാര്യത്തിൽ ഏറെക്കുറെ പദ്ധതിയെ പിന്തുണയ്ക്കുന്ന നയമായിരുന്നു എങ്കിലും, ചിലർ എതിർപ്പുമായി സമരക്കാരുടെ കൂടെ നിന്ന്. ആദ്യഘട്ടങ്ങളിൽ തൃശൂരിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന എക്സ്‌പ്രസും, ഇംഗ്ലീഷ് ദിനപത്രമായ ദ ഹിന്ദുവും ഒഴികെ മറ്റെല്ലാവരും പദ്ധതിയെ പിന്തുണച്ചു. സമരക്കാർ മാധ്യമങ്ങളിൽ വന്നിരുന്ന പദ്ധതി പ്രൊപ്പഗാണ്ടയെ പ്രതിരോധിച്ച് അപ്പപ്പോൾ മറുപടികൾ നല്കാൻ വേണ്ടി പ്ര അനൗപചാരിക മീഡിയ സെൽ തന്നെ രൂപീകരിച്ച് പ്രവർത്തിച്ചു. ആ ടീം സ്ഥിരമായി പത്രമാസികകളിൽ പദ്ധതിക്കെതിരെ ലേഖനങ്ങളെഴുതി. തുടക്കത്തിൽ പദ്ധതിയെ പിന്തുണച്ചുകൊണ്ട് നിലപാടെടുത്തിരുന്ന പത്രങ്ങൾ പോലും സമരം മുറുകിയ പിന്നീടുള്ള കാലഘട്ടത്തിൽ, ഇരു പക്ഷത്തിന്റെയും വാദമുഖങ്ങൾക്ക് ഇടം നൽകികൊണ്ടുള്ള നിഷ്പക്ഷ സമീപനത്തിലേക്ക് ചുവടുമാറി. ഇത്തരത്തിൽ, പത്രങ്ങളുടെ സമീപനം തന്നെ തിരുത്തിയെഴുതാൻ കഴിഞ്ഞത് സമരക്കാരുടെ ഒരു വലിയ വിജയമായിരുന്നു. വികെ മാധവൻകുട്ടി, എൻവി കൃഷ്ണവാര്യർ, വൈക്കം മുഹമ്മദ് ബഷീർ, എസ്‌കെ പൊറ്റെക്കാട്ട് തുടങ്ങി പലരുടെയും പിന്തുണ അന്ന് സമരക്കാർക്ക് നിർലോഭം ആർജിക്കാൻ കഴിഞ്ഞു. അവരൊക്കെ പദ്ധതിയെ എതിർത്തുകൊണ്ട് നിരവധി ലേഖനങ്ങളെഴുതി പ്രസിദ്ധം ചെയ്തു അന്ന്. ലബ്ധപ്രതിഷ്ഠരായ കവികൾ സമരത്തിന് ഊർജം പകരുന്ന നിരവധി കവിതകളെഴുതി. ഇവയെല്ലാം ജനങ്ങളുടെ മനസ്സിൽ സമരത്തിനോടുള്ള എതിർപ്പിനെ അലിയിച്ചു കളഞ്ഞ്, പതിയെ സമരത്തോട് ഐക്യം പ്രാപിക്കാൻ അവരെ പ്രേരിപ്പിച്ചു. അത് പതുക്കെയാണ് സംഭവിച്ചത് എങ്കിലും, സമരങ്ങളുടെ ചരിത്രത്തിൽ അനിതരസാധാരണമായ ഒരു സംഭവമായിരുന്നു. പദ്ധതിയെപ്പറ്റി നിരവധി സംവാദങ്ങളും അന്ന് പൊതുമണ്ഡലത്തിൽ നടന്നു. പികെ വാസുദേവൻ നായർ എന്ന വാഗ്മിയായ രാഷ്ട്രീയ നേതാവ്, കേരളത്തിന്റെ മുഖ്യമന്ത്രി, 'എക്കോണമി' വേണോ 'എക്കോളജി' വേണോ എന്ന് ജനം തീരുമാനിക്കട്ടെ എന്ന് വാദിച്ചപ്പോൾ, ഡോ. വികെ ദാമോദരൻ എന്ന സമരനേതാവ് അതിനെ ഖണ്ഡിച്ചുകൊണ്ട് 'എക്കോണമി'യും 'എക്കോളജി'യും തോളോട് തോൾ ചേർന്ന് സഞ്ചരിക്കാൻ കഴിയുന്ന രണ്ടു കാര്യങ്ങളാണെന്നും, രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും വാദിച്ചു.

 

 

തുടക്കത്തിൽ സിപിഎം പദ്ധതിയെ അനുകൂലിച്ചു എങ്കിലും പോകെപ്പോകെ പാർട്ടിയുടെ, വിശിഷ്യാ അതിന്റെ താത്വികാചാര്യൻ  ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നിലപാടുകളിൽ അയവു വന്നു. ഇത്തരം വിഷയങ്ങളിൽ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം നിലപാടെടുത്തു. അടുത്ത ഘട്ടം നിയമ പോരാട്ടത്തിന്റേതായിരുന്നു. ജോസഫ് ജോൺ എന്ന 'ഫ്രണ്ട്സ് ഓഫ് ട്രീസ്' നേതാവ് ഹൈക്കോടതിയിൽ പദ്ധതിക്കെതിരെ അന്യായം ഫയൽ ചെയ്യുന്നു. ആദ്യഘട്ടത്തിൽ ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചുകിട്ടി എങ്കിലും പിന്നീട് കോടതി ഇത്തരം നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് വിധിയെഴുതി. ദേശീയ അന്തർദേശീയ പിന്തുണയും താമസിയാതെ സമരക്കാർക്ക് ലഭിച്ചു. മുംബൈയിലും ദില്ലിയിലും സമരത്തിന് പിന്തുണക്കാരുണ്ടായി. ഒ.വി. വിജയനും വികെ മാധവൻകുട്ടിയും ചേർന്ന് ദില്ലിയിൽ പ്രചാരണപരിപാടികൾ നടത്തി. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി യുഎസ് എന്നിവ മുന്നേറ്റത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ബയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയും സമരത്തിനുണ്ടായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സമരക്കാർക്കൊപ്പം നിന്നു.

 

 

1980 -ൽ കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി തിരികെ ഭരണത്തിലേറിയതോടെ സമരക്കാരുടെ പ്രതീക്ഷകൾ ഇരട്ടിച്ചു. അന്താരാഷ്ട്രവേദികളിൽ ആദ്യമായി പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചിട്ടുള്ള ലോക നേതാവായിരുന്നു ഇന്ദിര ( 1972 -ലെ സ്റ്റോക്ക് ഹോം പാരിസ്ഥിതിക ഉച്ചകോടിയിൽ) എന്നതായിരുന്നു ഇതിന് അടിസ്ഥാനം.  ഇന്ദിര ഗാന്ധി, എംജികെ മേനോൻ എന്ന വിഖ്യാത ശാസ്ത്രജ്ഞനെ അധ്യക്ഷനാക്കി ഒരു വിദഗ്ധ സമിതിയുണ്ടാക്കി അതിനെ സൈലന്റ് വാലിയുടെ പരിസ്ഥിതികാഘാതങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ നിയോഗിച്ചപ്പോൾ തന്നെ സമരം പാതി വിജയം കണ്ട മട്ടായി. കാരണം, എംജികെ മേനോൻ അന്ന് സമരത്തിന്റെ പിന്തുണക്കാരൻ എന്നറിയപ്പെടുന്ന ആളായിരുന്നു.  എങ്കിലും ആ കമ്മിറ്റി വിശദമായ പഠനങ്ങൾ നടത്തി. അവരുടെ കണ്ടെത്തൽ പദ്ധതി ഉണ്ടാക്കാവുന്ന ഗുരുതരമായ പാരിസ്ഥിതികാഘാതങ്ങൾ എടുത്തെടുത്ത് പറയുന്ന ഒന്നായിരുന്നു. ഇന്ദിര ഗവണ്മെന്റ് ഈ പഠനത്തെ മുഖവിലക്കെടുത്ത്, സംസ്ഥാന സർക്കാരിന്റെ അനുമതിക്കുള്ള അപേക്ഷകൾ തള്ളി. അതോടെ പദ്ധതി തള്ളി. സൈലന്റ് വാലിയെ ഒരു നാഷണൽ പാർക്കായി ഉയർത്തിക്കൊണ്ട് അവിടത്തെ ജൈവസമ്പത്ത് സംരക്ഷിക്കാൻ വേണ്ടത് ചെയ്യണം എന്ന് കേന്ദ്രം സംസ്ഥാനത്തോട് നിർദേശിച്ചു. 1983 -ൽ കേരളസർക്കാർ പദ്ധതി ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ചു. രണ്ടുവർഷത്തിനു ശേഷം, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലിയെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.

അവബോധത്തിന്റെയും ശാസ്ത്രത്തിന്റെയും വിജയം

അങ്ങനെ, വിജയിക്കാൻ ഒരു സാധ്യതയുമില്ലാതിരുന്ന ഒരു പാരിസ്ഥിതിക സമരം സൈലന്റ് വാലിയിൽ വിജയം കണ്ടു. നിരവധി സമാനമനസ്കർ ചേർന്ന് നടത്തിയ അസാമാന്യ പ്രതിരോധം താനെയായിരുന്നു ആ വിജയത്തിന്റെ അടിത്തറ. ഈ സമരം അടിത്തട്ടിൽ നിന്ന് തുടങ്ങിയ ഒന്നായിരുന്നില്ല. സമരത്തിന്റെ ആശയം ആദ്യം ബുദ്ധിജീവികളിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നുമാണ് ഉടലെടുത്തത്. പിന്നീടത് പൊതുജനങ്ങളുടെ ചിന്താമണ്ഡലങ്ങളിലേക്ക് വിജയകരമായി എത്തിക്കുകയാണുണ്ടായത്. അതേ സമയം, കൃത്യമായ ചാനലുകളിലൂടെ സർക്കാരിൽ സമ്മർദ്ദം ചെലുത്താനും സമരക്കാർക്ക് കഴിഞ്ഞു. അങ്ങനെ ഒരു സമരം വിജയിക്കാൻ, കേരളത്തിന്റെ ഉയർന്ന സാക്ഷരതയും സാമൂഹിക പ്രതിബദ്ധതയും ഒരളവുവരെ സഹായിച്ചിട്ടുണ്ട് എന്നും പറയേണ്ടതുണ്ട്. എല്ലാറ്റിനും ഉപരിയായി, ഇന്ദിര ഗാന്ധി എന്ന പാരിസ്ഥിതിക നിലപാടുള്ള ഒരു രാഷ്ട്രീയ നേതാവ് കേന്ദ്രത്തിലുണ്ടായിരുന്നതും ഇത്തരം ഒരു സമരത്തിനെ അതിന്റെ ലക്ഷ്യത്തിലെത്താൻ സഹായിച്ചു.

സൈലന്റ് വാലിസമരം പോലെ, തുടക്കത്തിൽ ജനപിന്തുണ ഒട്ടുമില്ലാതിരുന്ന ഒരു മുന്നേറ്റം പോലും അതിന്റെ ഉദ്ദേശ്യശുദ്ധിയുടെ പുറത്ത് വേരുപിടിച്ച കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധമായ മണ്ണിൽ, അതിരപ്പിള്ളി പോലെ സകലരും എതിർക്കുന്ന ഒരു പദ്ധതി നടത്തിക്കളയാം എന്ന ചിന്ത, കഴിഞ്ഞ നാല്പത് വർഷങ്ങൾക്കിടയിൽ നാം നേടിയ പാരിസ്ഥിതിക അവബോധത്തോടുള്ള വെല്ലുവിളിയാണ്.  

 

( 'The Wire'ൽ വന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ സംക്ഷിപ്ത രൂപം)