"എയർ ഇന്ത്യക്ക് അങ്ങ് വെറുമൊരു ചെയർമാൻ അല്ലായിരുന്നു, സ്നേഹപൂർവ്വം പരിചരിച്ച് അതിനെ വളർത്തിക്കൊണ്ടുവന്ന ഒരു രക്ഷിതാവുതന്നെ ആയിരുന്നു"
എയർ ഇന്ത്യയുടെ നിയന്ത്രണം വീണ്ടും ടാറ്റ സൺസിന് കൈവരാൻ പോവുന്ന ഈ അവസരത്തിൽ, ഏറെ പ്രസക്തമായ ഒരു കത്തിടപാട് പുറത്തുവിട്ടിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ്. 1978 -ലാണ് ഈ കത്തെഴുതപ്പെട്ടത്. അക്കൊല്ലം ഫെബ്രുവരിയിലാണ്, പ്രധാനമന്ത്രി മൊറാർജി ദേശായി എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിന്റെയും ഡയറക്ടർ ബോർഡുകളിൽ നിന്ന് ചെയർമാൻ ജെആർഡി ടാറ്റയെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. 1932 -ൽ ജെആർഡി ടാറ്റ തുടങ്ങിയ ടാറ്റ എയർലൈൻസിനെ 1953 -ൽ രാജ്യം ഭരിച്ചിരുന്ന നെഹ്‌റു ഗവണ്മെന്റ് ദേശസാൽക്കരിച്ചിരുന്നു. എങ്കിലും, 1953 മുതൽ അതിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നത് അദ്ദേഹം തന്നെ ആയിരുന്നു. തല്‍സ്ഥാനത്തുനിന്നും ടാറ്റയെ വളരെ തിടുക്കപ്പെട്ടായിരുന്നു അന്ന് മൊറാർജി ദേശായി നീക്കിയത്. അന്ന് ഭരണത്തിലില്ലായിരുന്ന ഇന്ദിരാ ഗാന്ധിയിൽ നിന്ന് ആദ്യം ടാറ്റയ്ക്ക് ഒരു കത്ത് ചെല്ലുന്നു, പിന്നാലെ അദ്ദേഹത്തിൽ നിന്ന് മറുപടിയുമുണ്ടാവുന്നു. ഈ രണ്ടു കത്തുകളാണ് കഴിഞ്ഞ ദിവസം ജയറാം രമേശ് പുറത്തുവിട്ടത്.
അന്ന് ഇന്ദിര, 'ജെ...' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ജെആർഡി ടാറ്റയ്ക്ക് ഇങ്ങനെ എഴുതുന്നു,
"പ്രിയ ജെ...,
അങ്ങിപ്പോൾ എയർ ഇന്ത്യയുടെ ഭാഗമല്ല എന്ന വിവരമറിഞ്ഞ് ഞാൻ ഏറെ ദുഃഖിതയായി. പുറത്ത് പോയതിൽ അങ്ങേയ്ക്കുണ്ടായ അതെ ദുഃഖം എയർ ഇന്ത്യക്കും ഉണ്ടായിക്കാണും എന്നുറപ്പാണ്. അവരെ സംബന്ധിച്ചിടത്തോളം അങ്ങ് വെറുമൊരു ചെയർമാൻ ആയിരുന്നില്ല. അങ്ങനെ ഒരു പ്രസ്ഥാനം ആരംഭിച്ച്, സ്വന്തമെന്ന തികഞ്ഞ ബോധ്യത്തോടെ അതിനെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന ഒരു രക്ഷിതാവുതന്നെ ആയിരുന്നു. അതും, എയർ ഇന്ത്യയുടെ ഇന്നോളമുള്ള പ്രവർത്തനത്തിന്റെ കാര്യത്തിൽ, വിമാനത്തിന്റെ ഇന്റീരിയർ ഡിസൈൻ മുതൽ എയർ ഹോസ്റ്റസ്മാരുടെ സാരികൾ വരെ തെരഞ്ഞെടുക്കുന്നതിൽ, അങ്ങ് പ്രകടിപ്പിച്ചിട്ടുള്ള തികഞ്ഞ സൂക്ഷ്മതയും ചേർന്നാണ് എയർ ഇന്ത്യയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്, ലോകത്തിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനികളിൽ ഒന്നായി ഉയർത്തിക്കൊണ്ടുവന്നത്.
ഞങ്ങൾ എല്ലാവരും അങ്ങയുടെയും, ഈ വിമാനക്കമ്പനിയുടെയും വിജയത്തിന്റെ പേരിൽ ഏറെ അഭിമാനം കൊള്ളുന്നവരാണ്. ആ സംതൃപ്തിയും ഗവൺമെന്റിന് അതിന്റെ പേരിൽ അങ്ങയോടുള്ള കടപ്പാടും ആർക്കും തന്നെ കുറച്ചു കാണാനാവില്ല.
അങ്ങയ്ക്കും ഞങ്ങൾക്കുമിടയിൽ കാര്യമായ ചില തെറ്റിദ്ധാരണകൾ അടുത്തിടെയായി ഉണ്ടായിട്ടുണ്ട്. എന്നാൽ, നിത്യേന എനിക്ക് ഇക്കാര്യത്തിൽ നേരിടേണ്ടി വരുന്ന രാഷ്ട്രീയ സമ്മർദ്ദത്തെക്കുറിച്ചോ, ഇതിന്റെ പേരിൽ വ്യോമയാന വകുപ്പിനുള്ളിൽ ഞാൻ നേരിടുന്ന ശത്രുതയെക്കുറിച്ചോ ഒന്നും അങ്ങയോട് വെളിപ്പെടുത്താനും എനിക്ക് സാധിക്കില്ല. ഇതിൽ കൂടുതലൊന്നും ഇത്തരുണത്തിൽ എനിക്ക് പറയാനാവില്ല. "
വിശ്വസ്തതയോടെ
'ഇന്ദിര'
സ്വന്തം കൈപ്പടയിൽ ഇന്ദിര കുറിച്ച ഈ എഴുത്തിനു ടാറ്റ അധികം വൈകാതെ മറുപടിയും എഴുതുകയുണ്ടായി. അത് ഇങ്ങനെയായിരുന്നു.
"
പ്രിയ ഇന്ദിര,
എയർ ഇന്ത്യയുമായുള്ള എന്റെ ബന്ധങ്ങൾ വിഛേദിച്ചുകൊണ്ട് ഗവണ്മെന്റ് സ്വീകരിച്ച നടപടിയുടെ പേരിൽ ഈ കത്തെഴുതാൻ താങ്കൾ കാണിച്ച സൗമനസ്യത്തിനു നന്ദി. ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിനുവേണ്ടി ഞാനെടുത്ത അധ്വാനത്തെപ്പറ്റി പരാമർശിച്ചത് എന്റെ ഹൃദയത്തെ സ്പർശിച്ചു. എന്റെ വിശ്വസ്തരായ സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ ആവേശഭരിതമായ പ്രവർത്തനവും, ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള അകമഴിഞ്ഞ പിന്തുണയും കൂടാതെ ആ നേട്ടം കൈവരിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു എന്നതും സ്മരണീയമാണ്.
സുഖമെന്ന് കരുതുന്നു, എല്ലാ വിധ ആശംസകളും,"
വിശ്വസ്തതയോടെ
'ജെ'
ജെആർഡി ടാറ്റയെ ഡയറക്ടർ ബോർഡിൽ നിന്ന് മൊറാർജി ദേശായി പുറത്താകുമ്പോൾ അധികാരത്തിലില്ലാതിരുന്ന ഇന്ദിരാ ഗാന്ധി പിന്നീട് രണ്ടു വർഷത്തിന് ശേഷം 1980 -ൽ തിരികെ വരികയും, ഉടനടി തന്നെ ടാറ്റയെ ഇന്ത്യൻ എയർലൈൻസിന്റെയും എയർ ഇന്ത്യയുടെയും ഡയറക്ടർ ബോർഡിൽ വീണ്ടും അംഗമാക്കുകയും ചെയ്തിരുന്നു എങ്കിലും, പിന്നീടൊരിക്കലും അതിന്റെ ചെയർമാൻ സ്ഥാനം വഹിക്കാൻ ജെആർഡി ടാറ്റ തയ്യാറായിരുന്നില്ല.
പതിറ്റാണ്ടുകൾ കാലം ഒരു പൊതുമേഖലാ സ്ഥാപനങ്ങളായി തുടർന്ന എയർ ഇന്ത്യ - ഇന്ത്യൻ എയർലൈൻസ് എന്നിവ പിന്നീട് നടത്തിപ്പിലെ കെടുകാര്യസ്ഥത കാരണം കൂപ്പുകുത്തിയത് നഷ്ടങ്ങളിലേക്കും കടക്കെണിയിലേക്കുമായിരുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ, വില്പനയ്ക്ക് വെക്കപ്പെട്ട ഈ വ്യോമയാന സ്ഥാപനം തിരികെ അതിന്റെ പഴയ ഉടമസ്ഥനിലേക്ക് തന്നെ ചെല്ലുന്ന അവസരത്തിൽ പുറത്തുവരുന്ന ഈ രണ്ടു കത്തുകൾ ഉണർത്തുന്ന ഗൃഹാതുര സ്മരണകൾ ഏറെയാണ്.
