ഈ പുസ്തകത്തിന്‍റെ രസകരമായ മടക്കത്തെ കുറിച്ച് ലൈബ്രറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. 

നമ്മളിൽ മിക്കവരും ലൈബ്രറിയിൽ നിന്നും വായിക്കാനായി പുസ്തകം എടുക്കുന്നവരാണ്. നിശ്ചിതസമയം കഴിഞ്ഞാൽ അത് തിരികെ നൽകുകയും ചെയ്യും. ഇല്ലെങ്കിൽ വലിയ പിഴ തന്നെ ഒടുക്കേണ്ടി വരും. എന്നാൽ, 63 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ലൈബ്രറിയില്‍ നിന്നും എടുത്ത ഒരു പുസ്തകം തിരികെയെത്തുമോ? എത്തിയിരിക്കുകയാണ്, അതും വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ട്. 

1958 നവംബര്‍ 25 -ന് ഫെന്‍ഹാം ലൈബ്രറിയിലേക്ക് എത്തേണ്ടതാണ് പുസ്തകം. എന്നാല്‍, ന്യൂകാസ്റ്റില്‍ ലൈബ്രറിയിലേക്കാണ് പുസ്തകം ഇപ്പോൾ അയച്ചിരിക്കുന്നത്. ഡാരല്‍ ഹഫ്സിന്‍റെ 'ഹൌ ടു ലൈ വിത്ത് സ്റ്റാറ്റിസ്റ്റിക്സ്' എന്ന പുസ്തകമാണ്, 'വൈകിയതിൽ ക്ഷമ ചോദിക്കുന്നു, ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍' എന്ന കുറിപ്പോടൊപ്പം എത്തിയിരിക്കുന്നത്. 

എന്നാല്‍, ആരാണ് പുസ്തകം അയച്ചത് എന്ന് വ്യക്തമായിട്ടില്ല. ഇത്രയും വൈകിയതിന്‍റെ ബില്ല് പേടിച്ചായിരിക്കും എന്നാണ് ലൈബ്രറി മാനേജര്‍ ഡേവിഡ് ഹെപ്വര്‍ത്ത് പറഞ്ഞത്. എന്നാല്‍, കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അനാവശ്യ യാത്രകളൊഴിവാക്കാനായി പിഴ വേണ്ടെന്ന് ലൈബ്രറി തീരുമാനിച്ചിരിക്കുകയാണ്. എങ്കിലും ലൈബ്രറി ജീവനക്കാരന്‍ പിഴപ്പൈസ കണക്ക് കൂട്ടി നോക്കി. ഇത് ഏകദേശം മൂന്നുലക്ഷത്തിന് മുകളില്‍ വരും. 

ഏതായാലും, 'ഈ പുസ്തകം തിരികെ ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ആളുകൾ ലൈബ്രറികളെക്കുറിച്ചും വായനയെക്കുറിച്ചും സംസാരിക്കുന്നു എന്നതിലും' എന്നാണ് ഹെപ്വർത്ത് പറഞ്ഞത്. എഴുപതുകളില്‍ ലൈബ്രറിയില്‍ നിന്നും പുസ്തകമെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരികെ എത്തിക്കാത്ത ആളുകളുടെ വീട്ടിലെത്തി പുസ്തകം ശേഖരിക്കുന്ന ഒരു ലൈബ്രേറിയനുണ്ടായിരുന്നതും അദ്ദേഹം ഓര്‍ക്കുന്നു. 

ഈ പുസ്തകത്തിന്‍റെ രസകരമായ മടക്കത്തെ കുറിച്ച് ലൈബ്രറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. എന്തായാലും ഈ പുസ്തകം അയച്ചത് ആരായാലും അവരില്‍ നിന്നും പിഴ ചുമത്താന്‍ പോകുന്നില്ല എന്ന് ലൈബ്രറി ഉറപ്പ് നല്‍കി. ഒപ്പം തന്നെ നന്ദിയും സന്തോഷവും അറിയിക്കുന്നതിനായി അവുടെ തന്നെ ഇന്‍ഹൗസ് പബ്ലിഷിങ് കമ്പനിയായ ടൈന്‍ ബ്രിഡ്ജ് ഇതയച്ചയാള്‍ക്ക് കുറച്ച് പുസ്തകങ്ങള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്.