Asianet News MalayalamAsianet News Malayalam

മക്കളെ കൊല്ലേണ്ടി വരുന്ന മാതാപിതാക്കൾ, എന്നുവരും ഈ മക്കൾക്കും അവരുടെ അമ്മമാർക്കും താങ്ങാവാൻ ഒരു സംവിധാനം?

ഓർക്കുക... ഇവിടെ മന്ത്രിജാലങ്ങളല്ല അനിവാര്യം. സ്വന്തം കാര്യങ്ങൾ നിർവഹിക്കുവാൻ മാത്രം കഴിയുന്ന കുട്ടികൾക്കുവേണ്ടി മാത്രം ഒരുക്കുന്ന ഹൈടെക് സമുച്ചയമല്ല ആവശ്യം. കോടികൾ മുടക്കി പരിഷ്കരിച്ചതും ശീതീകരിച്ചതുമായ ബിൽഡിങ്ങുകൾ പടുത്തുയർത്തുമ്പോൾ അത് നോക്കി നിസ്സഹായകരായി ജീവിക്കുന്നവരാണ് ഇവർ. 

life and survival of disabled children and parents rlp
Author
First Published Sep 16, 2023, 5:04 PM IST

പരാശ്രയമില്ലാതെ, പരിമിതികളോടെ ജീവിക്കുന്നവരാണ് മാനസിക വെല്ലുവിളികൾ നേരിടുന്നവരടക്കമുള്ള ഭിന്നശേഷിക്കാർ. തങ്ങളുടേതല്ലാത്ത കാരണത്താൽ ഭിന്നശേഷിക്കാരായി ഇത്തരം കുട്ടികൾ ജൻമം കൊള്ളുമ്പോൾ രക്ഷിതാക്കൾ തങ്ങളുടെ ജീവനും ജീവിതവും സ്വപ്നങ്ങളുമെല്ലാം ഇവർക്കായ് ബലിയർപ്പിക്കുകയാണ്.
 
ഈയൊരു അവസ്ഥ നേരിടുന്ന കുട്ടികളെ നിയന്ത്രിക്കുക എന്നത് രക്ഷാകർത്താക്കളെ സംബന്ധിച്ച് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകളും വെല്ലുവിളികളുമാണ് ഉയർത്തുന്നത്. അത്തരം പരീക്ഷണഘട്ടത്തിൽ രക്ഷാകർത്താക്കൾ മാനസികസംഘർഷത്തിൽ അകപ്പെടാറുണ്ട്. ഇങ്ങനെ കടുത്ത മാനസിക സംഘർഷങ്ങളിൽ അകപ്പെട്ട ഭിന്നശേഷിക്കാരുടെ കുടുംബങ്ങളിൽ ഉണ്ടായിട്ടുള്ള അനർത്ഥങ്ങളിൽ ചുരുക്കം ചില അനുഭവങ്ങൾ ഇവിടെ പങ്കുവെക്കട്ടെ.

ഈ കഴിഞ്ഞ 2022 ജനുവരി മൂന്നാം തീയതി തൃശ്ശൂർ ജില്ലയിലെ വെങ്ങിണിശ്ശേരിയിൽ ഓട്ടിസം ബാധിച്ച രണ്ടു മക്കളിൽ മൂത്ത കുട്ടിയായ 23 വയസ്സുള്ള ശ്രദ്ധ്യയെ സ്വന്തം പിതാവ് തന്നെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയിരുന്നു. 

കാസർഗോഡ് ജില്ലയിൽ 28 വയസ്സുള്ള രശ്മി എന്ന ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വിഷം നൽകി മരണത്തിന് വിട്ടുകൊടുത്തശേഷം ശേഷം അമ്മ വിമലകുമാരി ആത്മഹത്യ ചെയ്തു.

മകൻ ഭിന്നശേഷിക്കാരനായി ജനിച്ചു എന്ന കാരണത്താൽ കടുത്ത മാനസിക സംഘർഷങ്ങളിൽ അകപ്പെട്ടതു വഴി മലപ്പുറം മുണ്ടുപറമ്പിൽ സതീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവർ കൂട്ട ആത്മഹത്യ ചെയ്തു.

വാർദ്ധക്യം മൂലം കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും ഭർത്താവിന് കാലിൽ അസുഖം ബാധിച്ചത് മൂലവും പ്രായപൂർത്തിയായ മക്കളുടെ ഭാവിയെ ഓർത്ത് ആലപ്പുഴ ജില്ലയിലെ താമരക്കുളം പച്ചക്കാട്ടിൽ ഭിന്നശേഷിക്കാരായ 34 വയസ്സുള്ള കല, 32 വയസ്സുള്ള മീനു 52 വയസ്സുകാരിയായ മാതാവ് പ്രസന്ന എന്നിവർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു.

തൃശ്ശൂർ ജില്ലയിൽ തന്നെ കേച്ചേരിയിൽ സഹദ് എന്ന 23 വയസ്സുകാരനായ ഭിന്നശേഷിക്കാരനെ സ്വന്തം പിതാവ് തന്നെ ശരീരത്തിൽ തുണി ചുറ്റി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലചെയ്തു.

പാലക്കാട് ജില്ലയിലെ നെന്മാറയിൽ അമ്മ മരണപ്പെട്ടതും നിത്യരോഗിയും ഭിന്നശേഷിക്കാരനുമായ 39 വയസ്സുകാരൻ കണ്ണൻകുട്ടിയെ 65 വയസ്സുകാരനും വൃദ്ധനുമായ പിതാവ് ബാലകൃഷ്ണൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ബാലകൃഷ്ണൻ ഒരു മുഴം കയറിൽ ജീവിതം തീർക്കുകയും ചെയ്തു.

ഇങ്ങനെ നാം അറിഞ്ഞതും അറിയാത്തതുമായ ധാരാളം സംഭവങ്ങൾ. ഈ സംഭവങ്ങൾ അധികം ആരും അറിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരം. പഴയ വാർത്തകൾ വെടിഞ്ഞ് പുതിയ വാർത്തകളിലേക്ക് ഓടുന്ന മാധ്യമങ്ങളോ അവരുടെ അന്തി ചർച്ചകളോ നാം ആരും കണ്ടില്ല. ഇങ്ങനെ അനർത്ഥങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി പരമ്പരകൾ സൃഷ്ടിക്കുമ്പോൾ ഭയപ്പെടുന്നത് ഭിന്നശേഷിക്കാരുടെ കുടുംബങ്ങളാണ്. അവർ ഇതൊരു വഴികാട്ടിയായി കണ്ടേക്കാം. 

തികച്ചും നിയന്ത്രണാധീതമായാണ് ഇത്തരം കുട്ടികൾ പെരുമാറുന്നത്. എന്നാൽ, അവർ അറിയുന്നില്ല എന്താണ് തങ്ങൾ ചെയ്യുന്നതെന്ന്. മനപ്പൂർവ്വമല്ലാത്ത ഇവരുടെ പെരുമാറ്റം സമൂഹത്തിന് അസഹിഷ്ണുതയും അസ്വസ്ഥതയുമുണ്ടാക്കും. ഇവരുടെ പെരുമാറ്റത്തിലൂടെ പൊതുസമൂഹത്തിന്റെ പ്രതികരണത്തിന് മുന്നിൽ രക്ഷിതാക്കളുടെ  മനസ്സിലേൽപ്പിക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല. ഇങ്ങനെ മരവിച്ച മനസ്സുമായി ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളും.

ജൻമനാ മാനസിക വെല്ലുവിളി നേരിടുന്നവരായി ജനിച്ച മക്കളെ വളർത്തിയെടുക്കുന്നതിനോളം കടമ്പ മറ്റൊന്നിനുമില്ല എന്നതാണ് യാഥാർത്ഥ്യം. ഇവരെ പൊതുസ്ഥലങ്ങളിലോ ആളുകൾ കൂടുന്ന ചടങ്ങുകളിലോ കൊണ്ടുപോകുവാൻ കഴിയാതെ ഓരോ മാതാപിതാക്കളും അനുഭവിക്കുന്ന വേദനകൾ ചെറുതൊന്നുമല്ല. സാധാരണ മക്കളെ കൊണ്ടുപോകുന്നതു പോലെ ഇങ്ങനെയുള്ള മക്കളെ കൈ പിടിച്ച് കുടുംബത്തോടൊപ്പം പുറത്തു പോകുവാൻ കഴിയാതെ മക്കളെയും നോക്കി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന അമ്മമാരുണ്ട്. ഇവരെ എത്രകണ്ട് ആശ്വസിപ്പിച്ചാലും മതിവരില്ല. അത്രക്ക് മാനസിക സംഘർഷത്തിൽ ഏർപ്പെടുന്നവരാണ് ഇങ്ങനെ ജീവിക്കുന്ന അമ്മമാർ. 

സ്വന്തം ഉദരത്തിൽ ജനിക്കുന്ന മക്കളെ വിഷം നൽകിയും കല്ലിന് ഇടിച്ചും ശ്വാസം മുട്ടിച്ചും കൊല ചെയ്യപ്പെടുന്ന രക്ഷിതാക്കൾ ജീവിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നിഷേധിക്കപ്പെട്ടിട്ടും ഇത്തരം മക്കളെ കരുതലോടെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഈ അമ്മമാർക്ക് എന്ത് നൽകിയാലും മതിയാകില്ല. സ്വന്തം മക്കൾ ഒന്ന് സംസാരിക്കുവാനോ അവരുടേതായ കാര്യങ്ങൾ നിർവഹിക്കുവാനോ സ്വന്തം പേരെങ്കിലും ഒന്ന് പറയുവാനോ കൊതിക്കുന്ന രക്ഷിതാക്കളാണ് ഏറെയും. 

പ്രായത്തിൽ കവിഞ്ഞ വൈകല്യ ബാധിതരായ സ്വന്തം മക്കളെ തങ്ങളുടെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നിത്യജീവിതത്തിലെ എല്ലാ കർമ്മങ്ങളും ഈ മക്കൾക്കായി നിറവേറ്റുകയാണ് ഈ രക്ഷിതാക്കൾ. പ്രത്യേകിച്ച് അമ്മമാർ. വൈകല്യം ബാധിച്ച മക്കളുടെ കണ്ണുകളായും കാതുകളായും അവരുടെ ശ്വാസ- നിശ്വാസമായും ഓരോ രക്ഷകർത്താക്കളും മാറുമ്പോൾ കലിയുഗത്തിന്റെ വർത്തമാന കാലഘട്ടത്തിൽ എല്ലാ അമ്മമാർക്കുമുള്ള സന്ദേശമാണ് ഈ അമ്മമാർ നൽകുന്നത്.

ഇത്തരം വൈകല്യങ്ങളുള്ള മക്കൾക്ക് ജന്മം നൽകി എന്ന ഒറ്റക്കാരണത്താൽ സമൂഹത്തിന് മുന്നിലും സ്വന്തം കുടുംബത്തിന് മുന്നിലും ഒറ്റപ്പെടുന്ന അമ്മമാരും നമുക്ക് മുന്നിൽ ജീവിക്കുന്നു. സ്വന്തം ഭർത്താക്കൻമാരിൽ നിന്നും കൊടിയ പീഡനങ്ങൾ ഏൽക്കുകയും ഭർത്താക്കന്മാർ ഉപേക്ഷിക്കുകയും ചെയ്ത അമ്മമാരും ഇന്ന് ഇത്തരം മക്കളുമായി ജീവിക്കുന്നു. 

സ്വന്തം സുഖം മാത്രം ലക്ഷ്യം കാണുന്ന സ്വാർത്ഥമതികളായ അച്ഛൻമാർ വൈകല്യം ബാധിച്ച മക്കളെയും അവർക്ക് ജൻമം നൽകിയ ഭാര്യയെയും ഉപേക്ഷിച്ച് അവർ സ്വതന്ത്രരാകുന്നു. വിധിയെ ചെറുത്ത് നിർത്തുക എന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഇങ്ങനെ ഒറ്റപ്പെടുന്ന അമ്മമാർ. സർവ്വതും നഷ്ടമായ ഈ അമ്മമാർ വൈകല്യം ബാധിച്ച സ്വന്തം മക്കൾക്കായി ജീവിതം സമർപ്പിക്കുകയാണ് പലപ്പോഴും.

പ്രായപൂർത്തിയായ ആൺകുട്ടിയുടെ പ്രഭാതം മുതൽ പ്രദോഷം വരെയുള്ള കർമ്മങ്ങൾ അവൻ ജീവിതത്തിൽ സ്വന്തമായി ചെയ്യേണ്ടുന്നതെല്ലാം ഈ അമ്മ ചെയ്ത് കൊടുക്കേണ്ടി വരുന്നു. കേൾക്കുമ്പോൾ ചിലപ്പോൾ നമുക്ക് സഹതാപമോ അത്ഭുതമോ തോന്നിയേക്കാം. 
പുറത്ത് പറയാൻ കഴിയാത്തതായ ഒട്ടനവധി അനുഭവങ്ങൾ ഉള്ളിലൊതുക്കി ആരെയും പഴിചാരാതെ എല്ലാം തങ്ങളുടെ വിധിയായി മാത്രം കണ്ടു കൊണ്ട് ജീവിക്കുന്ന അമ്മമാർ തങ്ങളുടെ യൗവ്വനങ്ങൾ സ്വന്തം മക്കൾക്കായി ദാനം നൽകുന്നു.

ഈ അടുത്തിടെ ഒരു അമ്മ എന്നെ വിളിച്ച് പൊട്ടിക്കരയുകയുണ്ടായി. 21 വയസ്സ് പ്രായമുള്ള മാനസിക വെല്ലുവിളിയുള്ള ഏക മകൻ. ഭർത്താവ് മുഴുസമയവും മദ്യപാനിയും. മകനെ സ്പെഷ്യൽ സ്കൂളിൽ വിട്ടതിന് ശേഷം വേണം ഈ അമ്മക്ക് ജോലിക്ക് പോകുവാൻ. എന്നാലേ മദ്യപാനിയായ ഭർത്താവിന് അടക്കം മൂന്ന് വയറുകൾ നിറയൂ. മകന്റെ കാര്യത്തിൽ പോലും ശ്രദ്ധ ചെലുത്താത്ത അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഈ അമ്മയാണ് മകനെ പരിചരിക്കുന്നത്. 

എന്നെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു സങ്കടം ഈ അമ്മ പറയുകയുണ്ടായി. ഉറക്കത്തിൽ സ്വന്തം മകന്റെ ജനനേന്ദ്രിയത്തിൽ നിന്നും പുറത്തുവന്ന ബീജം നിറകണ്ണുകളോടെ തുടച്ചു കളയേണ്ട അവസ്ഥ ഈ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ മരവിച്ചു പോയി ഞാൻ. പ്രായപൂർത്തിയായ വൈകല്യം ബാധിച്ച ഈ മക്കളെ പൂമൊട്ടുകളായി കാണുവാൻ ഈ അമ്മമാർക്കല്ലാതെ മറ്റാർക്കാണ് കഴിയുക. ഇവരെ തൊട്ടറിയുമ്പോൾ മാത്രമാണ് ഒരു അമ്മ എന്ന മഹത്തായ നാമത്തിന് ശരിയായ ദിശാബോധമുണ്ടാകുന്നത്. ശരിക്കും ഭൂമിയിലെ മാലാഖമാർ ഈ അമ്മമാരാണ്.

ഓർക്കുക... ഇവിടെ മന്ത്രിജാലങ്ങളല്ല അനിവാര്യം. സ്വന്തം കാര്യങ്ങൾ നിർവഹിക്കുവാൻ മാത്രം കഴിയുന്ന കുട്ടികൾക്കുവേണ്ടി മാത്രം ഒരുക്കുന്ന ഹൈടെക് സമുച്ചയമല്ല ആവശ്യം. കോടികൾ മുടക്കി പരിഷ്കരിച്ചതും ശീതീകരിച്ചതുമായ ബിൽഡിങ്ങുകൾ പടുത്തുയർത്തുമ്പോൾ അത് നോക്കി നിസ്സഹായകരായി ജീവിക്കുന്നവരാണ് ഇവർ. 

ഇങ്ങനെ ഭിന്നശേഷിക്കാരായവർക്ക് സ്വസ്ഥവും സുഗമവും സുരക്ഷിതവുമായ ജീവിതാന്തരീക്ഷം പടുത്തുയർത്തുകയാണ് വേണ്ടത്. അതിനായി സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം. ഒപ്പം സമൂഹവും.

Follow Us:
Download App:
  • android
  • ios