സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ തന്റെ മുന്നിൽ വന്ന എല്ലാ കേസുകളിലും വളരെ വേഗത്തിൽ വിചാരണ നടത്തി. വാദിച്ചിട്ടും വാദിച്ചിട്ടും തീരാതിരുന്ന അയോധ്യാ കേസിൽ 40  ദിവസത്തെ മാരത്തോൺ ഹിയറിങ്ങിനു ശേഷം അന്തിമമായ വിധി പുറപ്പെടുവിച്ചു. എന്തിന്, തനിക്കെതിരെ ഉയർന്നുവന്ന ലൈംഗികപീഡനക്കേസിൽ പോലും അന്വേഷണക്കമ്മീഷനെ വെച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തീർപ്പുകല്പിച്ച ശേഷമാണ് ഏറെ സംഘർഷഭരിതമായിരുന്ന തന്റെ ഔദ്യോഗിക ജീവിതമവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നത്.  ഇന്ത്യയുടെ നാല്പത്താറാം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയ് തന്റെ സർവീസിൽ നിന്ന് വിരമിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

1954 നവംബർ 18-ന് ദിബ്രുഗഢിലെ കെസി ഗൊഗോയ് റോഡിലുള്ള വിഖ്യാതമായൊരു തായ് അഹോം കുടുംബത്തിലാണ് രഞ്ജൻ ഗൊഗോയ് ജനിക്കുന്നത്. അസമിലെ  മുഖ്യമന്ത്രിയായിരുന്നു അച്ഛൻ കേശബ് ചന്ദ്ര ഗൊഗോയ്. അഞ്ജൻ ഗൊഗോയ് എന്നുപേരുള്ള ഒരു ജ്യേഷ്ഠസഹോദരനുണ്ട് രഞ്ജൻ ഗൊഗോയിക്ക്. എയർ മാർഷൽ ആണ് അഞ്ജൻ. മക്കൾ വളർന്നുവന്നപ്പോൾ അച്ഛൻ അവർക്ക് മുന്നിൽ ഒരു ഓഫർ വെച്ചു. രണ്ടിലൊരാളെ സൈനിക സ്‌കൂളിൽ പറഞ്ഞയക്കാം.  പക്ഷേ, ആരെ പറഞ്ഞയക്കും എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ അച്ഛൻ ഗൊഗോയ് കുഴങ്ങി. ഒടുവിൽ രഞ്ജൻ തന്നെ ഒരു പരിഹാരം നിർദേശിച്ചു. ആരെ സൈന്യത്തിൽ ചേർക്കണമെന്നത് ടോസിട്ട് തീരുമാനിക്കാം. അത് എല്ലാവർക്കും സമ്മതമായിരുന്നു. ടോസിട്ടപ്പോൾ ഫലം മൂത്തയാൾക്ക് അനുകൂലമായിരുന്നു. അങ്ങനെ ചേട്ടൻ അഞ്ജൻ ഗൊഗോയ് തന്റെ സൈനികജീവിതത്തിന് തുടക്കം കുറിച്ചു. അന്നത്തെ ആ ടോസ് തിരിച്ചായിരുന്നു എങ്കിൽ ഇന്നത്തെ രഞ്ജൻ ഗൊഗോയുടെ ഔദ്യോഗിക കർമ്മനിയോഗം തന്നെ മറ്റൊന്നായിരുന്നേനെ. 

ഒരാളെ സൈന്യത്തിലയച്ചു കഴിഞ്ഞപ്പോൾ രണ്ടാമനെ ഒരു സിവിൽ സർവീസ് ഓഫീസർ ആക്കണം എന്നും അച്ഛൻ ഗൊഗോയ് ആഗ്രഹിച്ചു. ദില്ലിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദപഠനത്തിനു ചേർന്നു. അവിടെ നിന്ന് ചരിത്രത്തിൽ ബിരുദമെടുത്തു. യുപിഎസ്‌സി പരീക്ഷയും അദ്ദേഹം പാസാവുകയുണ്ടായി എങ്കിലും, തനിക്ക് ഒരു ഐഎഎസ് ഓഫീസറാകാൻ താത്പര്യമില്ല എന്ന കാര്യം അച്ഛനോട് തുറന്നുപറഞ്ഞ് ഗൊഗോയ് ദില്ലി യൂണിവേഴ്സിറ്റിയിൽ എൽഎൽബി ബിരുദത്തിന് ചേരുന്നു. 

1978 -ലായിരുന്നു അദ്ദേഹം സന്നദെടുക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ച ഗൊഗോയ് 2001 -ൽ അവിടെത്തന്നെ സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നു. ഗുവാഹത്തിയിൽ നിന്ന് 2010-ൽ പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലംമാറി വന്ന ഗൊഗോയ്, 2011-ൽ അവിടെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നു. 2012-ൽ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നു. 

 2018 ജനുവരി 12 ന് സുപ്രീം കോടതിയിലെ രഞ്ജൻ ഗൊഗോയ് അടക്കമുള്ള മുതിര്‍ന്ന നാല് ന്യായാധിപര്‍ നടത്തിയ പത്രസമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു. കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ചുമതല നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാനദണ്ഡങ്ങളും, കീഴ്‌വഴക്കങ്ങളും ലംഘിക്കുന്നു എന്നാരോപിച്ചുകൊണ്ടായിരുന്നു ആ പത്രസമ്മേളനം. അത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ അഭൂതപൂർവമായ ഒരു സംഭവവികാസമായിരുന്നു.  ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് മദൻ സി ലോക്കുർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമെ അന്ന് വിമതസ്വരവുമായി പത്രസമ്മേളനം നടത്തിയത്. കേസുകള്‍ ജഡ്ജിമാര്‍ക്കിടയില്‍ വീതിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് സ്വേച്ഛാപരമായി പെരുമാറുകയാണെന്നും പ്രധാനകേസുകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ ഏറ്റെടുക്കുകയാണെന്നും അന്നവർ ആരോപിച്ചിരുന്നു. 

2018  ഒക്ടോബർ 3 -ന്  ദീപക് മിശ്ര വിരമിച്ച ഒഴിവിൽ രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നു. ഏകദേശം 13 മാസത്തോളമാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഗൊഗോയ് തുടർന്നത്. ഈ കാലയളവിനുള്ള 47  കേസുകളിൽ വിധി പറഞ്ഞിട്ടുണ്ട് അദ്ദേഹം. അയോധ്യാ കേസ് അടക്കമുള്ള പല വിധികളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായ വിധികളാണ്.  


 

എന്നാൽ അത്ര സമാധാനപൂർണമായ ഒരു സേവനകാലമല്ല അദ്ദേഹത്തിന് സുപ്രീംകോടതിയിൽ ഉണ്ടായത്. 2018 ഒക്ടോബർ 10, 11  തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വെച്ച് തനിക്കുനേരെ ഗൊഗോയ് ലൈംഗികമായ ആക്രമണത്തിന് മുതിർന്നു എന്ന് അദ്ദേഹത്തിന്റെ ജൂനിയർ കോർട്ട് അസിസ്റ്റന്റായിരുന്ന ഒരു യുവതി, 22  ജഡ്‌ജിമാർക്ക് 2019  ഏപ്രിൽ 19 -ന് അയച്ചുകൊടുത്ത സത്യവാങ്മൂലത്തിൽ ആരോപിച്ചു. അത് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അകത്തളങ്ങളിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു.

 'എന്നെ ഗൊഗോയ് അടക്കം പിടിച്ചു. ഇടുപ്പിൽ കൈചുറ്റി വരിഞ്ഞ് ദേഹത്തോടടുപ്പിച്ചു. ഏറെനേരം വിടാതെ ചേർത്തുപിടിച്ചുവച്ചു. അവസാനം അദ്ദേഹത്തെ തള്ളിമാറ്റി എനിക്ക് രക്ഷപ്പെടേണ്ടി വന്നു. ഞാൻ തള്ളിമാറ്റിയപ്പോൾ അദ്ദേഹത്തിന്റെ തല ഓഫീസ് മുറിയിലെ അലമാരയിൽ ഇടിച്ചു. അദ്ദേഹത്തെപ്പോലെ ഉന്നതസ്ഥാനീയനായ ഒരാൾക്ക് എങ്ങനെ എന്നോട് ഇങ്ങനെ പ്രവർത്തിക്കാനായി എന്ന അമ്പരപ്പായിരുന്നു ഉപദ്രവിക്കപ്പെട്ടതിലുള്ള സങ്കടത്തോടൊപ്പം അപ്പോൾ എനിക്ക്." ഇതായിരുന്നു സത്യവാങ്മൂലത്തിൽ യുവതി പറഞ്ഞിരുന്ന വാചകങ്ങൾ. എന്നാൽ,  ഇതൊക്കെയും വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങളാണ് എന്നും താൻ നിരപരാധിയാണ് എന്നും ഗൊഗോയ് പലകുറി അവർത്തിച്ചുപറഞ്ഞു. താമസിയാതെ യുവതിയെ ഒഫീഷ്യൽ ഡ്യൂട്ടികളിൽ നിന്ന് പിരിച്ചുവിട്ടു. യുവതിയുടെ ബന്ധുക്കളായ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെയും അച്ചടക്ക നടപടികളുണ്ടായി.  

 

രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണമുന്നയിച്ച ഈ യുവതിയെ പിന്നീട് ഗൊഗോയിയുടെ പത്നി ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തി നിലത്ത് ദണ്ഡനമസ്കാരം നടത്തി മാപ്പുപറയിച്ചു എന്ന പരാതിയും ഉയർന്നിരുന്നു. എന്തായാലും, പരാതിയുടെ തുടർ നടപടികൾ ഏറെ ഭയപ്പെടുത്തുന്നതാണ് എന്നുമാത്രം പറഞ്ഞുകൊണ്ട് യുവതി കേസുമായി മുന്നോട്ടുപോവാനോ, നടപടികളുമായി സഹകരിക്കാനോ കൂട്ടാക്കിയിരുന്നില്ല.  എന്തായാലും ഈ വിഷയത്തിൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട മൂന്നംഗ ജുഡീഷ്യൽ പാനൽ, രഞ്ജൻ ഗൊഗോയിക്ക് പ്രസ്തുത വിഷയത്തിൽ ക്ലീൻ ചിറ്റ് നൽകി. നിയുക്ത ചീഫ് ജസ്റ്റിസ് ആയ എസ് എ ബോബ്‌ഡെ നയിച്ച, ജസ്റ്റിസ് ഇന്ദു മൽഹോത്രയും, ജസ്റ്റിസ് ഇന്ദിരാ ബാനർജിയും അംഗങ്ങളായ  ആ പാനൽ ആരോപണങ്ങളെല്ലാം തന്നെ വസ്തുതാവിരുദ്ധമാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുകയാണുണ്ടായത്.  

നാളെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുന്ന ദിവസം. ഗൊഗോയിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റെടുക്കാൻ പോകുന്നത് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ആണ്.