Asianet News Malayalam

ന​ഗരജീവിതമുപേക്ഷിച്ച് മലമുകളിൽ താമസത്തിന് ചെന്ന കുടുംബം, അവർ പഠിച്ച പാഠങ്ങൾ

അവിടെ ഇന്റർനെറ്റ് കിട്ടുന്നത് കുറവായിരിക്കും. ആഘോഷങ്ങള്‍ക്കും മറ്റുമുള്ള അവസരവും കുറവ്. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മടുക്കാനുള്ള സാധ്യത കൂടുതലാണ്. അതിന് ലവ്പ്രീത് കാണുന്ന പ്രതിവിധി തിരക്കുള്ളവരായിരിക്കുക എന്നതാണ്. ലവ്പ്രീതും പ്രീതിയും കൃഷിയിലാണ് സന്തോഷം കണ്ടെത്തുന്നത്. 

life in a mountain
Author
Nainital, First Published Feb 25, 2021, 12:24 PM IST
  • Facebook
  • Twitter
  • Whatsapp

രണ്ടായിരത്തില്‍ ലവ്പ്രീത് കുമാര്‍ ഒരു സോഫ്റ്റ്‍വെയർ ആര്‍ക്കിടെക്ടായിരുന്നു. നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിഷമില്ലാത്ത ഭക്ഷണവും, മലിനമല്ലാത്ത വായുവുമെല്ലാമുള്ളൊരിടത്ത് ഒരു ജീവിതം അയാളെന്നും ആഗ്രഹിച്ചിരുന്നു. നമുക്കെല്ലാം ചിലനേരത്ത് അങ്ങനെയുള്ള ആഗ്രഹങ്ങളൊക്കെ തോന്നും. പക്ഷേ, ഉള്ള ജീവിതം മാറ്റി അതിലേക്കിറങ്ങിപ്പുറപ്പെടാനുള്ള ധൈര്യം കാണില്ല. എന്നാല്‍, ലവ്പ്രീത് കുമാറിന് ആ ധൈര്യമുണ്ടായിരുന്നു. 2012 -ല്‍ ഉത്തരാഖണ്ഡിലെ നൈനിത്താളിലുള്ള രാംഗാര്‍ഹിലേക്ക് അദ്ദേഹം താമസം മാറി. അവിടെ കുറച്ച് സ്ഥലം വാങ്ങി. ഒരു കുഞ്ഞുവീട് വച്ചു. ഒരു ചെറിയ സ്ഥലം കൃഷി ചെയ്യാനായി മാറ്റിവച്ചു. 

മലമുകളില്‍ ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുക്കാന്‍ ലവ്പ്രീത് കുമാറിനും ഭാര്യ പ്രീതിക്കും ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. 'ഒമ്പത് മണി മുതല്‍ അഞ്ചുമണി വരെയുള്ള കോര്‍പറേറ്റ് ജോലിയില്‍ നിന്നും ഒരു രക്ഷപ്പെടല്‍ ഞാനാഗ്രഹിച്ചിരുന്നു. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ആ തിരക്കുപിടിച്ച ജോലി മറ്റ് സന്തോഷങ്ങള്‍ക്കുള്ള സമയം വളരെ പരിമിതമാക്കി. അതിനേക്കാളുപരി, നല്ല വെള്ളവും വായുവും ഭക്ഷണവും കിട്ടുന്ന ഒരിടത്ത് ജീവിക്കാന്‍ ഞാനാഗ്രഹിച്ചിരുന്നു.' ലവ്പ്രീത് കുമാര്‍ ബെറ്റര്‍ ഇന്ത്യയോട് പറയുകയുണ്ടായി. 

പ്രീതിയെ സംബന്ധിച്ച് പെട്ടെന്ന് നഗരത്തിലെ സൗകര്യപ്രദമായ ജീവിതം ഉപേക്ഷിക്കുക എന്നത് ആദ്യമൊരു പേടിയുണ്ടാക്കി. എങ്കിലും തിരക്കേറിയ ജീവിതത്തില്‍ നിന്നും ഒരു രക്ഷപ്പെടലാരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍പ്പോലും കാലാവസ്ഥ, തിരക്കില്ലാത്ത ജീവിതം എന്നിവയൊക്കെ അവളെ ആശയക്കുഴപ്പത്തിലാക്കി. പക്ഷേ, പതിയെ അവള്‍ പ്രകൃതിയുമായി പ്രണയത്തിലായി. നഗരജീവിതം ഉപേക്ഷിച്ച് ഇങ്ങനെയൊരു ജീവിതം അത്ര എളുപ്പമായിരുന്നില്ല. മക്കളുടെ സ്കൂള്‍ കാര്യങ്ങളടക്കം പല പ്രതിസന്ധികളുമുണ്ടായിരുന്നു. പക്ഷേ, അതെല്ലാം മറികടന്ന് അവര്‍ മനോഹരമായൊരു ജീവിതം നയിച്ചു തുടങ്ങി. ആ അനുഭവങ്ങളെ കുറിച്ചും ആ ജീവിതം അവരെ പഠിപ്പിച്ച പാഠങ്ങളെ കുറിച്ചുമെല്ലാം പഞ്ചാബി ട്രക്കര്‍ എന്ന തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഇരുവരും വിശദീകരിക്കുന്നുണ്ട്. 

പ്രീതിയുമായി ഷിംലയിലേക്കൊരു യാത്ര നടത്തി 2006 -ല്‍ ലവ്പ്രീത്. അന്ന് മുതലാണ് കുന്നുകളോടും മലകളോടുമുള്ള ഇഷ്ടം അദ്ദേഹത്തിലുണ്ടാകുന്നത്. പിന്നീട്, അതുപോലെയുള്ള നിരവധി യാത്രകള്‍. ജോലികളില്‍ ഇടവേളകള്‍ കിട്ടുമ്പോഴെല്ലാം അയാള്‍ പ്രീതിയേയും കൂട്ടി ഗുരുഗ്രാമില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് യാത്രകള്‍ നടത്തി. അദ്ദേഹത്തെ പോലെ തന്നെ പ്രീതിക്കും ഇത്തരം സാഹസികതകളിഷ്ടമായിരുന്നു. 

2008 -ല്‍ ലവ്പ്രീത് ജോലി ഉപേക്ഷിച്ച് ഫ്രീലാന്‍സറായി. ഇന്ത്യയിലെവിടെയിരുന്നും ജോലി ചെയ്യാവുന്ന അവസ്ഥയുണ്ടാക്കി. ആ സമയത്ത് ഒരിക്കല്‍ ഒരു യാത്ര പോയപ്പോള്‍ പ്രദേശത്തെ ഒരു വീട് സ്വമേധയാ ലവ്പ്രീത് വാടകയ്ക്കെടുത്തു. അന്നാണ് പ്രീതിക്ക് ശരിക്കും അയാള്‍ക്ക് മലകളോടും പ്രകൃതിയോടുമുള്ള ഇഷ്ടം പൂര്‍ണമായും മനസിലാകുന്നത്. അങ്ങനെ, സ്കൂളവധിക്ക് കുട്ടികളെയും കൂട്ടി നേരെ അങ്ങോട്ട് ചെല്ലുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിരമായി അങ്ങോട്ട് മാറാനുള്ള തീരുമാനത്തിലെത്തി ലവ്പ്രീത്. 2012 -ല്‍ രാംഗര്‍ഹില്‍ ഒരു സ്ഥലം വാങ്ങി. ജനസംഖ്യ കുറവുള്ള ഒരു സ്ഥലമായിരുന്നു അത്. പിന്നീടുള്ള കുറച്ച് വര്‍ഷങ്ങള്‍ ലവ്പ്രീത് നാട്ടിലേക്കും ആ വീട്ടിലേക്കും മാറിമാറി യാത്ര ചെയ്തു. എന്നാല്‍, 2018 -ല്‍ പ്രീതിയും കുട്ടികളും കൂടി ലവ്പ്രീതിനൊപ്പം ചേര്‍ന്ന് സ്ഥിരതാമസമുറപ്പിച്ചു. മക്കളെ സ്ഥലത്തെ പബ്ലിക് സ്കൂളില്‍ ചേര്‍ത്തു. 

സുസ്ഥിരതയുടെയും മിനിമലിസത്തിന്‍റെയും ആശയങ്ങളെ പ്രതിധ്വനിപ്പിക്കുന്ന തരത്തിലാണ് ദമ്പതികൾ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൈൻ‌വുഡ് ഫ്ലോറിംഗും റൂഫിംഗും, ചെറിയ നിരവധി ജനാലകളും സ്വീകരണമുറിയിൽ ഒരു സ്റ്റുഡിയോ പോലുള്ള അടുക്കളയുമൊക്കെയായി. ഒരു കുന്ന് അവിടെനിന്നും കാണാം. ഒപ്പം ആവശ്യത്തിന് സൂര്യപ്രകാശവുമെത്തും. 

അവിടെ ഇന്റർനെറ്റ് കിട്ടുന്നത് കുറവായിരിക്കും. ആഘോഷങ്ങള്‍ക്കും മറ്റുമുള്ള അവസരവും കുറവ്. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മടുക്കാനുള്ള സാധ്യത കൂടുതലാണ്. അതിന് ലവ്പ്രീത് കാണുന്ന പ്രതിവിധി തിരക്കുള്ളവരായിരിക്കുക എന്നതാണ്. ലവ്പ്രീതും പ്രീതിയും കൃഷിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ജൈവരീതിയിലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നുള്ളത് കൊണ്ട് ഇരുവരും വിത്തുകള്‍ വാങ്ങി കൃഷി ചെയ്യുകയാണ്. അതുപോലെ വിവിധ തരത്തിലുള്ള പഴങ്ങളും ഇവര്‍ പിന്നീട് കൃഷി ചെയ്ത് തുടങ്ങി. ആപ്പിളുകളും ആപ്രിക്കോട്ടുമെല്ലാം ഉണ്ട്. എന്നാല്‍, പ്രധാനം പീച്ച് മരങ്ങളാണ്. 150 മരങ്ങളുണ്ട്. 40 കിലോ പഴങ്ങള്‍ വരെ കിട്ടാറുണ്ട്. അതില്‍ നിന്നും വരുമാനവും ഉണ്ടാകുന്നു. കൃഷി തനിക്ക് ധ്യാനം പോലെയാണ് എന്നാണ് പ്രീതി പറയുന്നത്. എല്ലാ സങ്കടങ്ങളും ആകുലതകളും മറക്കാനാവും. 

ആവശ്യമില്ലാതെ സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിയപ്പോള്‍ തന്നെ ചെലവ് ഒരുപാട് കുറഞ്ഞുവെന്നും ഇരുവരും പറയുന്നു. അവിടെ സൂപ്പര്‍മാര്‍ക്കറ്റുകളോ മാളുകളോ ഇല്ല. സാധനങ്ങള്‍ക്ക് വില കുറവാണ്. എന്നാല്‍, ഗുണമേന്മയുള്ള സാധനങ്ങളും കിട്ടും. അതുപോലെ, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് കൊണ്ട് അസുഖങ്ങളും കുറവാണ്. കറന്‍റ് ബില്ലും വാട്ടര്‍ ബില്ലും കുറവ് തന്നെ എന്നും ഇവര്‍ പറയുന്നു. മകന് മൈഗ്രേനുണ്ടായിരുന്നത് പോലും കുറഞ്ഞു. ഈ കുന്നുകളാണ് തങ്ങള്‍ക്ക് ജിം. ഫാമിലെ ജോലിയും രാവിലെ ശുദ്ധവായുവിലൂടെയുള്ള ഓട്ടവും എപ്പോഴും തങ്ങളെ ഉന്മേഷവാന്മാരാക്കുന്നുവെന്നും അവര്‍ പറയുന്നു. ഈ ജീവിതം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം നല്‍കുന്നുവെന്നും ഇരുവരും പറയുന്നു. എന്നിരുന്നാലും എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയാല്‍ ഇവരുടെ മക്കള്‍ ഗുരുഗ്രാമിലെ അവരുടെ കുടുംബത്തോടൊപ്പം പോകും. എങ്കിലും അപ്പോഴേക്കും ജീവിതത്തിലെ വിലയേറിയ പാഠങ്ങള്‍ ഇരുവരും പഠിക്കുമെന്നാണ് കരുതുന്നതെന്ന് പ്രീതിയും ലവ്പ്രീതും പറയുന്നു. 

ഇങ്ങനെയൊരു ജീവിതം ആ​ഗ്രഹിക്കുന്നവരോട് ലവ്പ്രീതിന് പറയാനുള്ളത് തീരുമാനമെടുക്കുന്നതിന് മുമ്പ് ആദ്യം കുറച്ചുകാലം അങ്ങനെ ജീവിച്ച് നോക്കിയിട്ട് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ്. 

(ചിത്രങ്ങൾ: Punjabi Trekker/facebook)

Follow Us:
Download App:
  • android
  • ios