Asianet News MalayalamAsianet News Malayalam

ശവപ്പെട്ടി പോലെയുള്ള കുടുസുമുറികളിലെ ജീവിതം, സമ്പന്നനഗരത്തിലെ കാണാക്കാഴ്ചകൾ...

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം അതിലെ പാവപ്പെട്ട പൗരന്മാരെ ഏറ്റവും മനുഷ്യത്വരഹിതമായ രീതിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം.

life in Coffin Home Hong Kong
Author
Hong Kong, First Published Jul 13, 2021, 12:32 PM IST

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരത്തിലൊന്നാണ് ഹോങ്കോങ്. ഈ സാമ്പത്തിക ശക്തിയുടെ ഭാഗമാകാൻ ആഗ്രഹിച്ച് ലക്ഷക്കണക്കിന് ആളുകൾ ഈ ചെറിയ തീരപ്രദേശത്തേയ്ക്ക് ചേക്കേറുന്നു. അതുകൊണ്ട് തന്നെ അവിടെ ഭൂമിയുടെയും, വീടുകളുടെയും വില ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്.  രാജ്യത്തെ ആകെ ജനസംഖ്യ 7.4 ദശലക്ഷമാണ്. ഇതിൽ ഒരു ദശലക്ഷത്തിലധികം പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. സ്വന്തമായി ഒരു വീട് വാങ്ങാനോ, വാടകയ്ക്ക് എടുക്കാനോ കഴിയാത്ത അത്തരക്കാർ താമസിക്കുന്നത് 'കൊഫീൻ ഹൗസ്' എന്ന് വിളിക്കുന്ന കുടുസുമുറികളിലാണ്. അകത്ത് കടന്നാൽ ശ്വാസംമുട്ടും വിധം ചെറുതാണ് ഈ മുറികൾ.  

200,000 -ത്തിലധികം ആളുകൾ ഇത്തരം മുറികളിൽ താമസിക്കുന്നുവെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ 40,000 പേർ കുട്ടികളാണ്. അവിടെ താമസിക്കുന്നവർ കൂടുതലും പാവപ്പെട്ടവരോ, ജോലിയിൽ നിന്ന് വിരമിച്ചവരോ, മാനസികരോഗമുള്ളവരോ ഒക്കെയാണ്. ഒരു അപ്പാർട്ട്മെന്റിനെ നിയമവിരുദ്ധമായി വിഭജിച്ച് ചെറിയ അറകളായി തിരിക്കുന്ന രീതിയാണ് ഇത്. 180 ചതുരശ്ര അടിയിൽ വലുതല്ലാത്ത ഈ വീടുകളിൽ ആളുകൾ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. ചെറുതും ഇടുങ്ങിയതും ജനലുകളില്ലാത്തതുമായ പെട്ടികളാണ് അവയെന്ന് വേണമെങ്കിൽ പറയാം. മുറിയിൽ ഒരു കിടക്ക ഇട്ടാൽ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ചിലയിടത്ത് താമസക്കാർക്ക് എല്ലാവർക്കും കൂടി ഒരു കുളിമുറിയും അടുക്കളയുമാണ് ഉണ്ടാവുക.

life in Coffin Home Hong Kong

സൂര്യപ്രകാശം കടക്കാത്ത ഇടുങ്ങിയ മുറികളിൽ മൂട്ടകളും, പാറ്റകളും സ്ഥിരതാമസമാണ്. എന്നിട്ടും പക്ഷേ വൃത്തിയില്ലാത്ത, ശ്വാസം മുട്ടുന്ന ആ മുറികൾക്ക് കൊടുക്കണം പ്രതിമാസം 23,000 രൂപ വാടക. ഇതുയർത്തുന്ന ആരോഗ്യ, സുരക്ഷാ അപകടങ്ങൾ ചെറുതല്ല. അതിവേഗം കൂടുന്ന ജനസംഖ്യ ഇതിനെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രായമായ ആളുകൾക്ക് ഇതല്ലാതെ മറ്റൊരു മാർ​ഗമില്ല. ആളുകൾ അതിനകത്ത് കഴിയുന്ന അവസ്ഥ കണ്ട്, ഹോങ്കോങ്ങിന്റെ ഈ കൊഫീൻ വീടുകളെ മാനുഷികവും ആരോഗ്യപരവുമായ പ്രതിസന്ധി എന്ന് മുദ്രകുത്തുന്നു. ഐക്യരാഷ്ട്രസഭ ഇതിനെ 'മനുഷ്യന്റെ അന്തസിന് അപമാനം' എന്നാണ് വിശേഷിപ്പിച്ചത്.  

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം അതിലെ പാവപ്പെട്ട പൗരന്മാരെ ഏറ്റവും മനുഷ്യത്വരഹിതമായ രീതിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. മുൻപ് ആളുകൾക്ക് രാത്രി മാത്രം അതിനകത്ത് ശ്വാസംമുട്ടി കഴിഞ്ഞാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ മഹാമാരിയും ലോക്ക് ഡൗണും മൂലം ആളുകൾക്ക് രാവും പകലും അതിനകത്ത് അടച്ചിരിക്കേണ്ട അവസ്ഥയാണുള്ളത്. അതേസമയം നിലവിലെ ഭവന സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഹോങ്കോംഗ് സർക്കാർ നടത്തി വരികയാണ്. പൊതുജനങ്ങൾക്കായി കൂടുതൽ ഭവന നിർമ്മാണ യൂണിറ്റുകൾ പണിയാൻ സർക്കാർ പദ്ധതിയിടുന്നു. ഉദാഹരണത്തിന്, ലന്റൗവിന് സമീപം 1,000 ഹെക്ടർ ഭൂമി തിരിച്ചുപിടിക്കാനുള്ള ഒരു പദ്ധതി ഹോങ്കോങ്ങിന്റെ സർക്കാർ നിർദ്ദേശിക്കുന്നു. വീണ്ടെടുക്കപ്പെട്ട ഈ ഭൂമിയിൽ 40,000 വീടുകൾ പണിയാൻ ഹോങ്കോങ്ങിന്റെ സർക്കാർ പദ്ധതിയിടുന്നു. 2032 -ടെ താമസക്കാരെ മാറ്റുകയെന്ന ലക്ഷ്യത്തോടെ 2025 -ൽ പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 80 ബില്യൺ ഡോളർ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.  

Follow Us:
Download App:
  • android
  • ios