Asianet News MalayalamAsianet News Malayalam

മുഖത്തേക്ക് ആസിഡൊഴിച്ചു, മുഖം പൊള്ളിയടർന്നു, എന്നാൽ ജീവിതത്തിൽ തോല്‍ക്കാതെ സഞ്ചയിത

കാലക്രമേണ, തന്റെ ഏറ്റവും വലിയ ശക്തി മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് സഞ്ചയിത തിരിച്ചറിഞ്ഞു. അങ്ങനെ അവൾ അവളെപ്പോലെയുള്ള മറ്റുള്ളവരുമായി ഇടപഴകാൻ തുടങ്ങി. 

life of acid attack survivor Sanchayita Yadav
Author
Kolkata, First Published Oct 17, 2021, 4:01 PM IST
  • Facebook
  • Twitter
  • Whatsapp

2015 സെപ്റ്റംബറിൽ 25 വയസ്സുള്ള സഞ്ചയിത യാദവ്(Sanchayita Yadav) കൊൽക്കത്തയിലെ(Kolkata) സേത്ബഗൻ പ്രദേശത്ത് അമ്മയോടൊപ്പം ഷോപ്പിംഗ് നടത്തുകയായിരുന്നു. അപ്പോഴാണ് മുൻ കാമുകൻ ആസിഡുമായി അവളെ ആക്രമിച്ചത്. സൗമൻ സാഹ എന്നായിരുന്നു അവന്‍റെ പേര്. ബൈക്കിൽ വന്ന അവന്‍ സഞ്ചയിതയ്ക്ക് മുന്നിൽ നിർത്തി ഒരു കുപ്പിയിൽ നിന്ന് ആസിഡ് അവളുടെ മുഖത്തേക്ക് എറിഞ്ഞു.

പെട്ടെന്ന് തന്നെ അവള്‍ മുഖം തിരിക്കാന്‍ ശ്രമിച്ചുവെങ്കിലും വൈകിപ്പോയിരുന്നു. ആസിഡ് അവളുടെ തൊലിയെ കാര്‍ന്നു തിന്നു തുടങ്ങിയിരുന്നു. പിന്നീടുള്ള കുറച്ച് മാസങ്ങള്‍ കഷ്ടപ്പാടുകളുടേത് മാത്രമായിരുന്നു. വിധവയായ അവളുടെ അമ്മ അവളെ ചികിത്സിക്കാന്‍ നിരവധി ലോണുകള്‍ എടുത്തു. 

ശാരീരികമായ വേദനകള്‍ മാത്രമായിരുന്നില്ല സഞ്ചയിതയെ കാത്തിരുന്നത്. ആളുകള്‍ അവളുടെ മുഖത്ത് നോക്കി കളിയാക്കി ചിരിച്ചു. കുത്തുവാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചു. എന്നാല്‍, ഒരുദിവസം അവള്‍ തീരുമാനിക്കുക തന്നെ ചെയ്തു, സധൈര്യം ജീവിതത്തെ നേരിടണം. അവള്‍ മുഖം മറച്ചിരുന്ന ദുപ്പട്ട ഉപേക്ഷിച്ചു. 

ചെറുപ്പം മുതല്‍ തന്നെ അച്ഛന്‍റെ മരണമടക്കം അവളെ വല്ലാതെ കഷ്ടപ്പെടുത്തിയിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു ജീവിതം. എന്നിരുന്നാലും അവള്‍ നീതിക്ക് വേണ്ടി പോരാടാന്‍ തന്നെ ഉറച്ചിരുന്നു. അവളെ ആക്രമിച്ചയാളെ ശിക്ഷിക്കാൻ, സഞ്ചയിത അയാള്‍ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു. എന്നിരുന്നാലും, കേസിന്റെ പൊലീസ് അന്വേഷണം മിക്കവാറും നിലച്ചു. 2017 -ൽ, ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കൊപ്പം പ്രവർത്തിക്കുന്ന ഒരു എൻജിഒയുടെ സഹായത്തോടെ, പൊലീസ് നിഷ്ക്രിയത്വം ആരോപിച്ച് അവർ കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. 

ഇതെല്ലാം സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്ന്, 2018 മാർച്ചിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സഞ്ചയിത അവനെ പൊലീസ് സ്റ്റേഷനിൽ കണ്ടപ്പോൾ നാല് വര്‍ഷത്തോളം താന്‍ മരണവേദന തിന്നുമ്പോള്‍ അവനെങ്ങനെ സ്വതന്ത്രനായി നടന്നു എന്ന് അവള്‍ക്ക് അത്ഭുതം തോന്നി. അവള്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല. അവള്‍ അവനെ അടിച്ചു. 

പക്ഷേ, യുദ്ധം പകുതി മാത്രമാണ് വിജയിച്ചത്. ആ മനുഷ്യൻ കുറ്റക്കാരനാണെന്ന് ജഡ്ജി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ അവളിലും സമാനമായ സാഹചര്യങ്ങൾ നേരിട്ട മറ്റുള്ളവരിലും അത് ആത്മവിശ്വാസം പകർന്നുള്ളൂവെന്ന് സഞ്ചയിത പറഞ്ഞു. 

കാലക്രമേണ, തന്റെ ഏറ്റവും വലിയ ശക്തി മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് സഞ്ചയിത തിരിച്ചറിഞ്ഞു. അങ്ങനെ അവൾ അവളെപ്പോലെയുള്ള മറ്റുള്ളവരുമായി ഇടപഴകാൻ തുടങ്ങി. “ഞാൻ അവരോട് സംസാരിച്ചപ്പോൾ, സംഭവത്തിനുശേഷം അവരുടെ ജീവിതം നിലച്ചുപോയിയെന്ന് മനസിലായി. പക്ഷേ, അവരെ ആ ഇരുട്ടിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചു. അത് എനിക്ക് കൂടുതൽ ശക്തി നൽകി. ” 

ഇന്ന്, അതിജീവിച്ചവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അവരെ ആക്രമിക്കുന്നവരെ ശിക്ഷിക്കുന്നതിനും ഒരു മനുഷ്യാവകാശ സംഘടനയോടൊപ്പം അവൾ പ്രവർത്തിക്കുന്നു.

Follow Us:
Download App:
  • android
  • ios