Asianet News MalayalamAsianet News Malayalam

27 മക്കളാണിവര്‍ക്ക്; അന്നപൂര്‍ണയുടെ ജീവിതം സ്നേഹത്തിന്‍റെയും കരുതലിന്‍റേതുമാണ്..

'അനാഥയായ കുഞ്ഞിനെ നോക്കാന്‍ ഒരു അമ്മയെ വേണം' എന്നായിരുന്നു പരസ്യം. അതിനായി അപേക്ഷിക്കുമ്പോള്‍ അന്നപൂര്‍ണയ്ക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. കാരണം, അതിന് മുമ്പൊരിക്കലും ഒരു കുഞ്ഞിനേയും നോക്കിയ പരിചയം അവര്‍ക്കില്ലായിരുന്നു. 

life of annapoorna mother of orphans
Author
Bhubaneswar, First Published May 13, 2019, 3:58 PM IST

''ആ കുഞ്ഞു ജീവന്‍ എന്‍റെ മടിയില്‍ വെച്ചപ്പോള്‍ എനിക്ക് ഒരു നിമിഷത്തേക്ക് ലോകം മൊത്തം നിശ്ചലമായതുപോലെ തോന്നി. എന്‍റെ മടിയില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കിക്കൊണ്ടേയിരിക്കാനാണ് എനിക്ക് തോന്നിയത്. എന്‍റെ ജീവിതം അതിന്‍റെ ലക്ഷ്യം കണ്ടെത്തി എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.''

പറയുന്നത് അന്നപൂര്‍ണ എന്ന 63 വയസ്സുകാരി. അവര്‍ അവരുടെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്നത് ഒരാള്‍ക്ക് വേണ്ടിയല്ല. ആരുമില്ലാതിരുന്ന, അനാഥരായ, ആശ്രയമില്ലാതിരുന്ന 27 പേര്‍ക്കു വേണ്ടിയാണ്. അവരെയെല്ലാം അവര്‍ ദത്തെടുത്തത് ഒറ്റ ലക്ഷ്യത്തിനായാണ്, അവര്‍ക്ക് നല്ലൊരു ഭാവി നല്‍കുക. 

സമൂഹത്തിനായി എന്തെങ്കിലും പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യവുമായിട്ടാണ് അന്നപൂര്‍ണ്ണ ഒരു എന്‍ ജി ഒയുടെ കൂടെ സേവനമാരംഭിക്കുന്നത്. ആദ്യത്തെ ആഴ്ച തന്നെ അവള്‍ക്ക് വെറും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നു. ആ കുഞ്ഞിനെ കയ്യിലെടുക്കുമ്പോള്‍ ഞാന്‍ എന്‍റെ ഭാവി മുന്നില്‍ കണ്ടിരുന്നുവെന്നാണ് അന്നപൂര്‍ണ പറയുന്നത്. 

അന്നപൂര്‍ണയുടെ യാത്രകള്‍...
ജംഷദ് പൂരിലെ ഒരു ഇടത്തരം കുടുംബത്തിലാണ് അന്നപൂര്‍ണ ജനിച്ചത്. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അന്നേ അവളില്‍ കഠിനമായി ഉണ്ടായിരുന്നു. എക്കണോമിക്സില്‍ ബിരുദമെടുത്ത ശേഷം ഭുവനേശ്വരിലുള്ള 'SOS ചില്‍ഡ്രന്‍സ് വില്ലേജ്' എന്ന എന്‍ ജി ഒയില്‍ ചേരാന്‍ അന്നപൂര്‍ണ തീരുമാനിച്ചു. 

''എനിക്ക് നിയമം പഠിക്കണം എന്നുണ്ടായിരുന്നു. ശബ്ദമില്ലാത്ത മനുഷ്യരുടെ അവകാശത്തിനൊപ്പം നില്‍ക്കാന്‍ അതെന്നെ സഹായിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ, അന്ന് ജംഷദ് പൂരില്‍, ഇഷ്ടം പോലെ പഠിക്കാനുള്ള സൗകര്യങ്ങളില്ലായിരുന്നു. അങ്ങനെയാണ് എക്കണോമിക്സില്‍ ബിരുദമെടുക്കുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ സമയത്താണ് SOS -ലേക്ക് ആളുകളെ അന്വേഷിച്ചു കൊണ്ടുള്ള പരസ്യം കാണുന്നത്'' അന്നപൂര്‍ണ പറയുന്നു. 

life of annapoorna mother of orphans

'അനാഥയായ കുഞ്ഞിനെ നോക്കാന്‍ ഒരു അമ്മയെ വേണം' എന്നായിരുന്നു പരസ്യം. അതിനായി അപേക്ഷിക്കുമ്പോള്‍ അന്നപൂര്‍ണയ്ക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. കാരണം, അതിന് മുമ്പൊരിക്കലും ഒരു കുഞ്ഞിനേയും നോക്കിയ പരിചയം അവര്‍ക്കില്ലായിരുന്നു. 

പക്ഷെ, പരിചയമില്ലെങ്കിലും അവളുടെ അക്കാദമിക് നിലവാരവും സാമൂഹ്യസേവനങ്ങളിലുള്ള താല്‍പര്യവും അവള്‍ ആ എന്‍ ജി ഒയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണമായി. ഫരീദാബാദിലെ ഒരു മദേഴ്സ് ട്രെയിനിങ്ങ് സെന്‍ററിലേക്ക് അവര്‍ അയക്കപ്പെട്ടു. തിരികെ, ഭുവനേശ്വറിലേക്ക് വരുന്നത് 1990 -ലാണ്. അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണമായിരുന്നു ചുമതല. 

കുഞ്ഞിനെ നോക്കി കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ സ്നേഹവും കരുതലുമുണ്ടെങ്കില്‍ നല്ലൊരു അമ്മയാകാം എന്ന് അന്നപൂര്‍ണയ്ക്ക് മനസിലായി. പക്ഷെ, ഈ വ്യത്യസ്തമായ ജീവിതം സാധാരണ ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെല്ലാം അന്നപൂര്‍ണയുടെ ജീവിതത്തിലുമുണ്ടായി. അവളുടെ അച്ഛനും അമ്മയ്ക്കും അവളെ വിവാഹം കഴിഞ്ഞു കാണാനും അവളുടെ കുഞ്ഞുങ്ങളെ കാണാനും എല്ലാമുള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, sos -ലെ കുഞ്ഞുങ്ങളെ പരിചരിക്കാനും അവരുടെ അമ്മയായിരിക്കാനുമാണ് ആഗ്രഹം എന്നും പറഞ്ഞപ്പോള്‍ അവര്‍ക്ക് അന്നപൂര്‍ണയെ മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ടെന്താ അവരിന്ന് 27 പേരുടെ മുത്തച്ഛനും മുത്തശ്ശിയുമായിരിക്കുന്നുവെന്ന് അന്നപൂര്‍ണ ചിരിയോടെ പറയുന്നു. 

1999 -ലെ ചുഴലിക്കാറ്റ്...
അമ്മയായിട്ടുള്ള അന്നപൂര്‍ണയുടെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. ഓര്‍മ്മയില്ലേ, 1999 -ല്‍ ഒഡിഷയെത്തന്നെ പിടിച്ചു കുലുക്കിയ ആ വലിയ ചുഴലിക്കാറ്റ്? അന്ന് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് അവരുടെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടിരുന്നു. അന്ന് അവര്‍ക്ക് അഭയമായത് SOS ആയിരുന്നു. 

അവിടുത്തെ അവസ്ഥയും നല്ലതായിരുന്നില്ല. ചുഴലിക്കാറ്റ് അവരേയും ഉലച്ചിരുന്നു. മെഡിക്കല്‍ സൗകര്യങ്ങള്‍ വേണ്ടപോലെ കിട്ടുന്നില്ല, കുഞ്ഞുങ്ങള്‍ക്ക് വളരെ അത്യാവശ്യമുള്ളവ പോലും നല്‍കാന്‍ കഴിയുന്നില്ല. പല കുഞ്ഞുങ്ങളും വയ്യാതെ തളര്‍ന്നുപോയി. അന്നപൂര്‍ണ ഒരു ബെഡ്ഡില്‍ നിന്നും അടുത്ത ബെഡ്ഡിലേക്ക് ഓടുകയായിരുന്നു. അന്ന് കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ആവശ്യമായത്ര അമ്മമാരില്ലായിരുന്നു. പക്ഷെ, ഉള്ളവരെല്ലാം ചേര്‍ന്ന് ആ കുഞ്ഞുങ്ങള്‍ക്കായി ഓടിനടന്നു. 

കുറച്ച് വര്‍ഷങ്ങള്‍ SOS വില്ലേജില്‍ പ്രവര്‍ത്തിച്ച ശേഷം 2015 -ല്‍ അന്നപൂര്‍ണ വിരമിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അമ്മയെന്ന സ്ഥാനത്ത് നിന്നും വിരമിക്കാന്‍ അവര്‍ ആലോചിച്ചിട്ടേയില്ലായിരുന്നു. അതിനായി സ്വന്തം കുടുംബത്തിലേക്ക് തിരികെ ചെല്ലാനോ വിവാഹം കഴിക്കാനോ അവര്‍ തീരുമാനിച്ചിരുന്നില്ല. അങ്ങനെ അവര്‍ SOS -ല്‍ നിന്നുമിറങ്ങിയ 18 വയസ്സ് കഴിഞ്ഞ 27 പേരുടെ അമ്മയായി. 

അന്നപൂര്‍ണയുടെ മക്കളിലൊരാളായ ഇരുപത്തിയഞ്ചുകാരി ഉപാസന അവരുടെ ബന്ധത്തെ കുറിച്ച് പറയുന്നു, ''മൂന്നുമാസം മാത്രം പ്രായമുള്ളപ്പോഴാണ് എന്നെ SOS ഏറ്റെടുക്കുന്നത്. എന്നെ നല്‍കിയത് അന്നപൂര്‍ണ അമ്മയ്ക്കാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഒരു അനാഥയാണെന്ന് ഞാനറിഞ്ഞത്. അന്നെനിക്കത് വലിയ ഞെട്ടലായിരുന്നു. പക്ഷെ, അപ്പോള്‍ തന്നെ എനിക്ക് അഭിമാനവും തോന്നി. ഇത്രയധികം കരുതലും സ്നേഹവുമുള്ള ഒരു അമ്മയെ കിട്ടിയതിന്. മുത്തച്ഛനും മുത്തശ്ശിയും പോലും ഓരോ വര്‍ഷവും സമ്മാനങ്ങളുമായി എന്നെ കാണാനെത്തുമായിരുന്നു. ഇതാണ് എന്‍റെ കുടുംബം.. ഇവിടെ നിന്ന് എന്നെ അകറ്റാന്‍ ആര്‍ക്കും കഴിയില്ല..'' 

life of annapoorna mother of orphans

കഴിഞ്ഞ 26 വര്‍ഷങ്ങളായി, അന്നപൂര്‍ണയുടെ മക്കള്‍ നല്ല ജോലിയൊക്കെ നേടി സന്തോഷപൂര്‍ണമായ ജീവിതം നയിക്കുകയാണ്. ഉപാസന ഒരു എന്‍ ജി ഒയില്‍ മീഡിയ കോര്‍ഡിനേറ്ററായി ജോലി നോക്കുകയാണ്. സഹോദരി അര്‍ച്ചന എം സി എ പൂര്‍ത്തിയാക്കി. മറ്റൊരാള്‍ രാഖി ബിബിഎ പഠിക്കുന്നു. കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍ ഇരുപതുകാരനായ അഭിഷേക് ആണ്. ചെന്നൈയില്‍ ഓഡിയോളജി പഠിക്കുന്ന അഭിഷേക് എം ബി ബി എസ്സിന് ചേരാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ്. 

''എന്‍റെ മക്കള്‍ മിടുക്കരായ മനുഷ്യരായി വളരുന്നത് കാണാന്‍ എന്ത് സന്തോഷമാണ്. ദൈവത്തില്‍ നിന്നും ഞാനാഗ്രഹിക്കുന്ന പ്രതിഫലം ഇതു മാത്രമാണ്. എന്‍റെ ജീവിതാവസാനം വരെ എനിക്കിതു മാത്രം മതി..'' അന്നപൂര്‍ണ അഭിമാനത്തോടെ പറയുന്നു. 

അന്നപൂര്‍ണയുടെ സന്തോഷം പോലെ തന്നെ അന്നപൂര്‍ണയെ അമ്മയായിക്കിട്ടിയതില്‍ ഈ മക്കള്‍ക്കുള്ള സന്തോഷവും ചെറുതല്ല. അമ്മയാണ് നമ്മുടെ അടുത്ത കൂട്ടുകാരി, അമ്മ, അച്ഛന്‍, ദൈവം എല്ലാമെല്ലാം.. അമ്മ ഞങ്ങളോട് കാണിക്കുന്ന സ്നേഹം അളവറ്റതാണ്. ഈ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് അമ്മ നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇതാണ് -സ്നേഹമാണ് ഏറ്റവും വലിയ വിജയം..'' ഉപാസന പറഞ്ഞു നിര്‍ത്തുന്നു.

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ )

Follow Us:
Download App:
  • android
  • ios