ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഭഗത് സിങിനൊപ്പം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പേരാണ് ബടുകേശ്വർ ദത്തിന്റേത്. 1929 -ലെ അസംബ്ലി ബോംബിങ് കേസിൽ ഭഗത് സിങിനൊപ്പം പ്രതിചേർക്കപ്പെട്ട വിപ്ലവകാരിയാണ് ദത്ത്. 

1910 നവംബർ 18 -ന് പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ബടുകേശ്വർ ദത്ത് ജനിച്ചത്.  ഹൈസ്‌കൂൾ പഠനത്തിന് ശേഷം നേരെ സ്വാതന്ത്ര്യസമരത്തിന്റെ, വിശേഷിച്ചും അതിന്റെ സായുധപരിശ്രമങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതാണ് ദത്ത്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചന്ദ്രശേഖർ ആസാദിനൊപ്പം പ്രവർത്തിക്കുമ്പോഴാണ് ദത്ത് ബോംബുനിർമ്മാണത്തിന്റെ രസതന്ത്രം അഭ്യസിക്കുന്നത്. ഡിഫൻസ് ഓഫ് ഇന്ത്യ ആക്റ്റ് എന്ന പൊലീസിനെ അഴിഞ്ഞാടാൻ വിടുന്ന നിയമം ബ്രിട്ടീഷുകാർ നടപ്പിൽ വരുത്തിയപ്പോൾ, ഫ്രഞ്ച് വിപ്ലവകാരികളുടെ മാതൃകയിൽ അസംബ്ലിയിൽ ബോംബെറിഞ്ഞ് ബ്രിട്ടീഷുകാരുടെ ബധിരകർണ്ണങ്ങളിൽ തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികൾ എത്തിക്കാനായിരുന്നു ആസാദിന്റെയും പിള്ളേരുടെയും പ്രയത്നം. 

 

 

ദില്ലി സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ  ബോംബെറിയാൻ വേണ്ടി ഭഗത് സിങിന്റെ കൂടെ പോകാനുള്ള നിയോഗം ബടുകേശ്വർദത്തിന്റേതായിരുന്നു. 1929 ഏപ്രിൽ 8 -ന് ദത്തും ഭഗത് സിങ്ങും കൂടി അസംബ്ലിയുടെ സന്ദർശക ഗാലറിയിൽ നിന്ന് രണ്ടു ബോംബുകൾ സഭാതലത്തിലേക്കെറിഞ്ഞു. ബോംബുകൾ വെടിച്ചതിന്റെ പുക നിയമസഭയ്ക്കുള്ളിൽ നിറഞ്ഞപ്പോൾ സഭയുടെ ചുവരുകൾ കിടുക്കി വിറപ്പിച്ചുകൊണ്ട് ആ  രണ്ടു യുവവിപ്ലവകാരികളുടെയും കണ്ഠത്തിൽ നിന്നുള്ള ഇൻക്വിലാബ് സിന്ദാബാദ് വിളികൾ അവിടെ മുഴങ്ങി.  ഒപ്പം അവർ ലഘുലേഖകളും സഭാതലത്തിലേക്ക് ചുഴറ്റിയെറിഞ്ഞു. ചിലർക്ക് അത്ര സാരമല്ലാത്ത പരിക്കേറ്റു എങ്കിലും, ആരും ആ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടില്ല. ആരെയും കൊല്ലാൻ ആ ബോംബെറിഞ്ഞവർക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ചെവിട് കേൾക്കില്ലെന്നു നടിക്കുന്നവരുടെ കാതുകൾ ഒരുഗ്രൻ ബോംബുപൊട്ടിച്ചു തുറക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്‌ഷ്യം. ഓടി രക്ഷപ്പെടാനും ഇരുവരും ശ്രമിച്ചില്ല. ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്യാനെത്തിയപ്പോൾ അവർ സസന്തോഷം കീഴടങ്ങി. 

 

 

ഭഗത് സിംഗിനെ കോടതി വധശിക്ഷക്ക് വിധിച്ചപ്പോൾ, ബടുകേശ്വർ ദത്തിന്റെ വിധി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിൽ അഥവാ കാലാപാനിയിലേക്ക് പോകാനായിരുന്നു. അവിടത്തെ ദീർഘകാലത്തെ ജയിൽ വാസത്തിനു ശേഷം ക്വിറ്റ് ഇന്ത്യാ സമരത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ജയിൽ മോചിതനാവുന്നത്. ജയിലിൽ വെച്ച് ക്ഷയം ബാധിച്ച് ആകെ അവശനായിരുന്നിട്ടും ദത്ത്, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു. 1942 -ൽ നാലുവർഷത്തെ ജയിൽ ശിക്ഷ ദത്തിന് വീണ്ടും വിധിച്ചുകിട്ടി. ഇത്തവണ ബിഹാറിലെ ചമ്പാരൻ മോത്തിഹാരി ജയിലിൽ ആയിരുന്നു കിടപ്പ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമായിരുന്നു ദത്തും അഞ്ജലിയും തമ്മിലുള്ള വിവാഹം. 

സ്വതന്ത്ര ഇന്ത്യ ഈ സ്വാതന്ത്ര്യ സമര സേനാനിക്ക് ഒരിക്കലും അദ്ദേഹം അർഹിക്കുന്ന പരിഗണനന നൽകിയില്ല. തികഞ്ഞ സാമ്പത്തിക ദാരിദ്ര്യത്തിലും കെടുതിയിലുമാണ് അദ്ദേഹത്തിന് കഴിയേണ്ടി വന്നത്. കുടുംബം പുലർത്താൻ വേണ്ടി പട്നയിൽ ടൂറിസ്റ്റ് ഗൈഡ് ആയും, ചിലപ്പോൾ മുറുക്കാൻ കടകളിൽ എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളായും, ചിലപ്പോൾ സിഗററ്റുകമ്പനിയുടെ സെയിൽസ് മാൻ ആയും ബിസ്കറ്റ് ഫാക്ടറിയിലെ തൊഴിലാളിയാണ് ഒക്കെ ബടുകേശ്വർ ദത്തിനെ കണ്ടവരുണ്ട്. 

സ്വാതന്ത്ര്യ സമര സേനാനിയാണ് താൻ എന്ന് പറഞ്ഞു കൊണ്ട് സഹായം തേടിച്ചെന്ന അപൂർവം അവസരങ്ങളിലും ചുവപ്പുനാടയുടെ കുരുക്കിൽ അദ്ദേഹത്തെ അധികാരികൾ ഏറെ കഷ്ടപ്പെടുത്തി. ഒരിക്കൽ പട്നയിലെ ഒരു ഓഫീസിൽ അദ്ദേഹം ചെന്നപ്പോൾ, അവിടത്തെ ഓഫീസർ ബടുകേശ്വർ ദത്തിനോട് പറഞ്ഞത്, "അസംബ്ലിയിൽ ഭഗത് സിംഗിനൊപ്പം ബോംബെറിഞ്ഞു എന്ന് പറയുന്ന ബടുകേശ്വർ ദത്ത് നിങ്ങൾ തന്നെ ആണെന്നതിന് എന്തുണ്ട് തെളിവ്?  ആദ്യം പോയി ആ തെളിവുണ്ടാക്കിക്കൊണ്ടു വരൂ. എന്നിട്ടാവാം സംസാരം" എന്നാണ്.  താൻ ബടുകേശ്വർ ദത്ത് ആണെന്ന് അദ്ദേഹം തെളിയിക്കണമത്രേ...! ബടുകേശ്വർ ദത്ത് എന്ന ധീരനായ സ്വാതന്ത്ര്യ സമര പോരാളിയെ, ഭഗത് സിങിനൊപ്പം അസംബ്ലിയിൽ ബോംബെറിഞ്ഞ ധീരനെ ആ ഓഫീസർക്കെന്നല്ല, നാട്ടിലെ ഓരോ കുഞ്ഞിനും കണ്ടാൽ തിരിച്ചറിയേണ്ടതാണ്. അത് നടന്നില്ല എന്നുമാത്രമല്ല, അദ്ദേഹം പറഞ്ഞപ്പോൾ പോലും അത് വിശ്വാസത്തിലെടുക്കാതെ, തെളിവുകൊണ്ടുവരാൻ പറഞ്ഞയച്ചു ദത്തിനെ ആ ഓഫീസർ. ബ്രിട്ടീഷ് പട്ടാളത്തിന്റെയും പൊലീസിന്റെയും മുന്നിൽ പതറാതിരുന്ന ബടുകേശ്വർ ദത്ത് എന്ന ധീര വിപ്ലവകാരി സ്വന്തം നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വികാരഹീനമായ അവഗണന നേരിടേണ്ടി വന്നപ്പോൾ ആകെ തളർന്നുപോയി എന്നാണ് പറയപ്പെടുന്നത്. 

1964 -ൽ അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന വർഷത്തിൽ, അതീവ ഗുരുതരമായ രോഗം, അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കെ പട്ന സർക്കാർ ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ ഒരു മുറി പോലും അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയില്ല. അങ്ങനെ ബടുകേശ്വർ ദത്ത് മുറി നിഷേധിക്കപ്പെട്ട് കഷ്ടപ്പെടുകയാണ് എന്നറിഞ്ഞ സ്നേഹിതൻ ചമൻലാൽ ആസാദ് അടുത്ത ദിവസം പത്രത്തിൽ ഒരു ലേഖനം എഴുതി.  അതിൽ അദ്ദേഹം "ബടുകേശ്വർ ദത്തിനെപ്പോലെ ഒരു വിപ്ലവകാരിയെ ഭാരതഭൂമി അർഹിക്കുന്നില്ല. സ്വന്തം വീരപുത്രന്മാരെ അവരുടെ ജീവിതകാലത്ത് ആദരിക്കാൻ അറിയാത്ത ഒരു നാടാണിത്. ലജ്ജിക്കുക പ്രിയനാടെ... ലജ്ജിക്കുക " എന്നെഴുതി പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് സർക്കാർ ഈ വിവരമറിയുന്നത് പോലും. 

 

 

വിവരമറിഞ്ഞപ്പോൾ പഞ്ചാബ് സർക്കാർ സഹായിക്കാൻ സന്നദ്ധത അറിയിച്ചു. എന്നാൽ ബീഹാർ സർക്കാർ അങ്ങനെ വിട്ടുകൊടുത്ത് പരിഹാസ്യമാകാൻ തയ്യാറായിരുന്നില്ല. ഒടുവിൽ അദ്ദേഹത്തെ അവർ ദില്ലിയിലെത്തിച്ചു. ജീവിതത്തിന്റെ അവസാന ആഴ്ചകളിൽ ഒന്നിൽ ബടുകേശ്വർ ദത്ത് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു, "ഇത് ദില്ലിയാണ്. ഞാനും ഭഗത് സിങ്ങും ചേർന്ന് സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ബോംബെറിഞ്ഞ നാട്. ബോംബിന്റെ പുകയ്ക്കുള്ളിൽ വെടിമരുന്നിന്റെ ഗന്ധകഗന്ധം നുകർന്ന്, നെഞ്ചും വിരിച്ച് തലയുയർത്തിപ്പിടിച്ചു നിന്ന് "ഇൻക്വിലാബ് സിന്ദാബാദ്'' എന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച നാട്. ഇതേ ദില്ലിയിൽ ഇന്ന് ഒരു രോഗിയായി, പരിക്ഷീണിതനായി, നിസ്സഹായനായി പകച്ചു നിൽക്കുകയാണ്..! ഹാ, ഇതെന്തൊരു സങ്കടാവസ്ഥയാണ്..! " 

1965 ജൂലൈ 20 -ന്  അസുഖം മൂർച്ഛിച്ച് ബടുകേശ്വർ ദത്ത് ഇഹലോകവാസം വെടിയുന്നു. അതിനു ശേഷം, സ്വതന്ത്ര ഇന്ത്യക്ക് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളെ പേർത്തും പേർത്തും സ്മരിച്ചുകൊണ്ട് നാടെങ്ങുമുള്ള നേതാക്കൾ പരശ്ശതം സ്മരണക്കുറിപ്പുകൾ എഴുതി പത്രത്താളുകൾ നിറയ്ക്കുന്നു. എന്നാൽ, അതേ ബടുകേശ്വർ ദത്ത് നിരാലംബനായി, മാറാരോഗിയായി കഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോൾ അവരിൽ ആരും തന്നെ അദ്ദേഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നില്ല എന്നതാണ് സത്യം. 

 മരണാനന്തരം തന്നെയും സഹ വിപ്ലവകാരി ഭഗത് സിങിനെയും സുഖ്ദേവിനെയും രാജ്‌ഗുരുവിനെയും ഒക്കെ അടക്കിയ പാക് അതിർത്തിയിലെ ഹുസൈനിവയലായിൽ തന്നെ അടക്കണം എന്നായിരുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ ശവസംസ്‌കാരം അവിടെത്തന്നെയാണ് നടന്നത്. ബടുകേശ്വർ ദത്തെന്ന വിപ്ലവാരിയോട് രാഷ്ട്രം കാണിച്ച നീതികേട്‌, ദേശീയബോധത്തിനും, ദേശഭക്തിക്കും ഇത്രമേൽ വിലകല്പിക്കുന്ന ഇന്ത്യൻ ജനതയ്ക്ക്  പശ്ചാത്താപത്തിനു വകനൽകുന്ന ഒരു യാഥാർഥ്യമായിതന്നെ ചരിത്രത്തിൽ എന്നുമെന്നും അവശേഷിക്കും.