Asianet News Malayalam

24 വർഷം ഭർത്താവിന്റെ തല്ലും ചവിട്ടും, ശേഷം പുറത്തേക്ക്, ഇന്ന്...

വിവാഹസമയത്ത് താൻ അനുഭവിച്ച പീഡനങ്ങൾ ഓർക്കാൻ പോലും കഴിയാത്ത വിധം വേദനാജനകമാണ് എന്നവൾ പറയുന്നു. ഭർത്താവിനോട് ഒന്നും അവൾക്ക് പറയാൻ അനുവാദമുണ്ടായിരുന്നില്ല. അയാൾ എന്തെങ്കിലും പറഞ്ഞാൽ അത് അപ്പോൾ തന്നെ അനുസരിക്കണം.

life of Claudine Shoval bodybuilder survivor of domestic violence
Author
Israel, First Published Jun 23, 2021, 3:23 PM IST
  • Facebook
  • Twitter
  • Whatsapp

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ, വിവാഹശേഷം പല സ്ത്രീകൾക്കും നരകതുല്യമായ പീഡനങ്ങളാണ് ഭർത്താവിന്റെ കൈയിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നത്. മറുത്ത് ഒരുവാക്ക് പോലും പറയാൻ സാധിക്കാതെ ചിലർ അതെല്ലാം മിണ്ടാതെ സഹിക്കുന്നു. തന്നെ രക്ഷിക്കാൻ ആരുമില്ലല്ലോ എന്ന് ഉള്ളുകൊണ്ട് വിലപിക്കുന്നു. എന്നാൽ അത്തരക്കാർക്കൊരു പ്രചോദനമാണ് ഇസ്രായേലിൽ നിന്നുള്ള ക്ലോഡിൻ ഷോവൽ. പ്രായം അറുപത്തിമൂന്നാണെങ്കിലും സ്ത്രീകളുടെ മേൽ കൈവയ്ക്കുന്ന പുരുഷന്മാരെ അടിച്ചു നിലം പരിശാക്കാൻ അവർ ധാരാളം. 

ഇസ്രായേലിന്റെ ഉരുക്ക് വനിതയെന്നാണ് അവർ അറിയപ്പെടുന്നത്. ചെറുപ്പത്തിൽ പോലും മിക്ക ആളുകൾക്കും ബുദ്ധിമുട്ടായി തോന്നുന്ന ബോഡി ബിൽഡിംഗ് അവർ ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ 14 വർഷമായി. അമ്പതാമത്തെ വയസ്സിൽ എന്തിനവർ ഇത്തരമൊരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടു എന്നത് എല്ലാവർക്കും തോന്നുന്ന ഒരു സംശയമാണ്. എല്ലാവരും വീടുകളിൽ ഒതുങ്ങിക്കൂടുന്ന പ്രായത്തിൽ അവർ ഇത്തരമൊരു കാര്യത്തിനായി ഇറങ്ങി തിരിച്ചതിന്റെ പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ട്. മറ്റ് പലരെയും പോലെ അവരുടെ വിവാഹജീവിതവും ഒരു നരകമായിരുന്നു. 24 വർഷത്തോളം ഭർത്താവിന്റെ തല്ലും ചവിട്ടും കൊണ്ട് ഒന്ന് മിണ്ടാൻ പോലുമാകാതെ ഭയന്ന് അവർ ജീവിച്ചു. ചില സമയങ്ങളിൽ ജീവിതം ഒന്ന് തീർന്ന് കിട്ടിയാൽ മതിയായിരുന്നു എന്ന് ശപിച്ചു. മരണത്തിന് പോലും തന്നെ വേണ്ടേ എന്ന് സങ്കടപ്പെട്ടു. എന്നാൽ, ഒടുവിൽ അവർ ധീരമായൊരു തീരുമാനം കൈകൊണ്ടു, ആ വിവാഹബന്ധത്തിൽ നിന്ന് പുറത്ത് വരിക.  

കല്യാണം കഴിഞ്ഞ സമയത്ത് പ്രശ്‍നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നവൾ പറയുന്നു. എന്നാൽ പിന്നീട് വാക്കാലുള്ള മുറിപ്പെടുത്തലുകൾ ആരംഭിച്ചു. പതിയെ അയാൾ അവളുടെ ദേഹത്തു കൈവയ്ക്കാൻ തുടങ്ങി. തന്നെക്കാൾ ശക്തനാണ് എന്ന ഒറ്റകാരണത്താലും, തിരിച്ച് തല്ലില്ല എന്ന ഉറപ്പിലും അയാൾ അവളെ നിരന്തരം ഉപദ്രവിക്കുമായിരുന്നു, അപമാനിക്കുമായിരുന്നു. എന്നാൽ മക്കൾക്ക് വേണ്ടി അവൾ അതെല്ലാം പൊറുത്തു. വേദനകൾ ഉള്ളിൽ ഒതുക്കി വർഷങ്ങളോളം അയാൾക്കൊപ്പം ജീവിച്ചു. എന്നാൽ കുട്ടികൾ വലുതാകാൻ തുടങ്ങിയതോടെ അവർ അമ്മയോട് അവിടം വിട്ട് പോകാമെന്ന് പറയാൻ തുടങ്ങി. ഇനിയും നിന്നാൽ അച്ഛൻ അമ്മയെ കൊല്ലുമോ എന്നവർ ഭയന്നു. അങ്ങനെയാണ് അവൾ സ്വയം മാറാൻ തീരുമാനിച്ചത്. 

ജീവിതകാലം മുഴുവൻ ഭയത്തിന്റെ മൂടുപടത്തിൽ ഒളിച്ചിരിയ്ക്കാൻ തനിക്ക് കഴിയില്ലെന്ന് അവൾ സ്വയം ബോധ്യപ്പെടുത്തി. ഒടുവിൽ എല്ലാ ഭയങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് അവൾ അയാളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. തന്റെ ജീവിതം താനാണ് തീരുമാനിക്കുന്നത് എന്നവൾ തീർച്ചപ്പെടുത്തു. അവൾ അയാളുമായുള്ള ബന്ധം വേർപ്പെടുത്തുകയും, ഒരു ബോഡിബിൽഡർ എന്ന വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ഒരിക്കലും ഇതോടെ ജീവിതം അവസാനിച്ചിട്ടില്ലെന്ന് അവൾ സ്വയം ബോധ്യപ്പെടുത്താൻ ആഗ്രഹിച്ചു. "ഞാൻ തിരിച്ച് ജീവിതത്തിലേയ്ക്ക് പിടിച്ച് കയറി.  മനസ്സിനും ശരീരത്തിനും ഏറ്റ വേദനകൾ, മുറിവുകൾ എല്ലാം മറക്കാൻ ശ്രമിച്ചു. എന്റെ മക്കൾ എന്നെ കുറിച്ച് അഭിമാനത്തോടെ ഓർക്കുന്ന നിമിഷത്തെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത," അവർ പറഞ്ഞു.

തീരെ മെലിഞ്ഞ അവൾ ശരീരം കൂടുതൽ കരുത്തുറ്റതാക്കാൻ ആഗ്രഹിച്ചു. അങ്ങനെ ജിമ്മിൽ ചേർന്നു. എല്ലാ ദിവസവും, എല്ലാ മാസവും മുടങ്ങാതെ ജിമ്മിൽ പോയി. മസിലുകൾക്ക് വേണ്ടിയുള്ള ഡയറ്റ് പിന്തുടർന്നു. പത്ത് വർഷം കഴിഞ്ഞപ്പോൾ അവളുടെ ശരീരം ശരിക്കും ബലിഷ്ടമായി. ഏത് പുരുഷനെയും അടിച്ചിടാനുള്ള ധൈര്യവും ശേഷിയും അവൾ നേടി. ഇപ്പോൾ പീഡനം അനുഭവിക്കുന്ന മറ്റ് സ്ത്രീകളെ അവൾ സഹായിക്കുന്നു. ഒരിക്കലും ഒരു സ്ത്രീയും ഇത്തരം അനുഭവങ്ങൾക്ക് അടിമപ്പെട്ട് കിടക്കരുതെന്ന് അവർ പറയുന്നു. അത്തരം ദുരനുഭവങ്ങൾ ഉണ്ടായാൽ അതിനെ മറികടക്കണമെന്നും അതിന് മനഃശക്തി ആവശ്യമാണെന്നും അവർ പറയുന്നു. ഒരു സ്ത്രീയായതുകൊണ്ട് തന്നെ ഇതൊക്കെ സഹിക്കണെമെന്ന് ചിന്ത പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിവാഹസമയത്ത് താൻ അനുഭവിച്ച പീഡനങ്ങൾ ഓർക്കാൻ പോലും കഴിയാത്ത വിധം വേദനാജനകമാണ് എന്നവൾ പറയുന്നു. ഭർത്താവിനോട് ഒന്നും അവൾക്ക് പറയാൻ അനുവാദമുണ്ടായിരുന്നില്ല. അയാൾ എന്തെങ്കിലും പറഞ്ഞാൽ അത് അപ്പോൾ തന്നെ അനുസരിക്കണം, ഇല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും എന്ന ആക്രോശിക്കും, അടിച്ച് പതം വരുത്തും. കാണുന്ന എല്ലാവരിൽ നിന്നും അയാൾ കടം വാങ്ങുമായിരുന്നു. ആളുകൾ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. പലപ്പോഴും കടയിലും മറ്റും പോയി മടങ്ങി വരുന്ന സമയം പൊലീസ് വാഹനത്തിന്റെ സൈറൺ കേൾക്കുമ്പോൾ അവളും മക്കളും പേടിച്ച് ഒളിക്കുമായിരുന്നു. എന്നാൽ ഇന്ന് അവൾ ആ പൊലീസ് സേനയിലെ ഒരു സന്നദ്ധപ്രവർത്തകയാണ്. ഇപ്പോൾ തനിക്ക് പൊലീസിനെ ഭയമില്ലെന്നും, അവർ തന്റെ സുഹൃത്തുകളാണെന്നും അവർ പറയുന്നു. ഇന്ന് അവൾ പൊലീസിനൊപ്പം വീടുകൾ സന്ദർശിച്ച്, ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുന്നു.

"എന്റെ മക്കൾക്ക് കൊടുക്കാൻ എന്റെ കൈയിൽ പണമോ, സ്വത്തോ ഒന്നുമില്ല. അമ്മയെക്കുറിച്ച് കുറെ നല്ല ഓർമ്മകൾ മാത്രമേ ഉള്ളൂ. ഞാൻ എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ സ്വയം ഏറ്റെടുത്തത് മക്കൾക്ക് വേണ്ടിയാണ്. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ദുരിതങ്ങൾ അനുഭവിച്ച, ദുർബലയായ ഒരു സ്ത്രീയായി അവർ എന്നെ കണ്ടേനെ. എന്നാൽ ഇപ്പോൾ അവർക്ക് എന്നെ കുറിച്ച് ഓർത്ത് അഭിമാനമാണ്" ക്ലോഡിൻ പറഞ്ഞു.  

 

Follow Us:
Download App:
  • android
  • ios