കുശാല്‍ കന്‍വര്‍ ശര്‍മ്മ അറിയപ്പെടുന്നത് തന്നെ 'ആന ഡോക്ടറെ'ന്നാണ്. 35 വര്‍ഷങ്ങള്‍ അദ്ദേഹം ചെലവഴിച്ചത് ആനകളെ പരിചരിച്ചു കൊണ്ടാണ്. ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും കാടുകളില്‍ നിന്നായി ആയിരക്കണക്കിന് ആനകളുടെ ജീവന്‍ അദ്ദേഹം രക്ഷിച്ചെടുത്തിട്ടുണ്ട്. 'ആനകളുടെ ഒപ്പമായിരിക്കുമ്പോള്‍ ഞാനാണേറ്റവും സന്തോഷവാനെന്ന് എനിക്ക് തോന്നും. എന്‍റെ കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ആനകള്‍ക്കൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്' എന്നാണ് അദ്ദേഹം പറയുന്നത്. 

അസ്സമിലെ ബര്‍മ്മയിലാണ് ശര്‍മ്മ ജനിച്ചത്. 2017 -ലെ സര്‍വേ പ്രകാരം രാജ്യത്തെ 27,000 ആനകളില്‍ അയ്യായിരത്തോളം ആനകള്‍ അസ്സമിലാണ് എന്നാണ് പറയുന്നത്. തനിക്ക് ആനകളുടെ ഭാഷ മനസിലാകും എന്നാണ് അറുപതുകാരനായ ശര്‍മ്മ പറയുന്നത്. അവയ്ക്ക് ഭക്ഷണം കൊടുക്കുന്നതോടൊപ്പം താന്‍ അവയോട് ആംഗ്യഭാഷയിലൂടെ സംവദിക്കാറുണ്ട്. മാത്രവുമല്ല, ആനകളില്‍ ബഹുഭൂരിഭാഗവും തന്നെയിപ്പോള്‍ തിരിച്ചറിയാറുണ്ട് എന്നും ശര്‍മ്മ പറയുന്നുണ്ട്. ശര്‍മ്മയുടെ പ്രവര്‍ത്തനങ്ങളോടുള്ള ആദരവായി രാജ്യം അദ്ദേഹത്തിന് പദ്മ ശ്രീ നല്‍കിയിട്ടുണ്ട്. അദ്ദേഹം തന്നെ പറയുന്ന കണക്കുപ്രകാരം പതിനായിരത്തിലേറെ ആനകളെയെങ്കിലും അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്. 

1984 -ലാണ് ഇതിന്‍റെയെല്ലാം തുടക്കം. അദ്ദേഹത്തിന്‍റെ മെന്‍ററായിരുന്ന പ്രൊഫ. സുഭാഷ് ചന്ദ്ര പതക്കിനൊപ്പം ഒരു ആനയെ ചികിത്സിക്കുകയായിരുന്നു അദ്ദേഹം. മാനസ് നാഷണല്‍ പാര്‍ക്കില്‍വെച്ച് ആദ്യമായി ഒരാനയെ ചികിത്സിക്കുമ്പോള്‍ താനെത്രമാത്രം എക്സൈറ്റഡായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ടിപ്പോഴും. എങ്കിലും ആനയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം വളരെ ചെറുപ്പത്തില്‍ത്തന്നെ തുടങ്ങിയതാണ്. അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്ത് അവരുടെ വീട്ടില്‍ ലക്ഷ്മി എന്നൊരു ആനയുണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ലക്ഷ്മിയെന്ന ആനയുടെ പുറത്തുകയറി ഗ്രാമത്തില്‍ ചുറ്റാനിറങ്ങിയത് അദ്ദേഹത്തിനെപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് മുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിന് ആനകളോടുള്ള സ്നേഹം. 

ഈ സ്നേഹമാണ് അദ്ദേഹത്തിന്‍റെ സംസ്ഥാനത്തെ ഡോക്ടറെന്ന നിലയിലുള്ള മാറ്റത്തിലേക്കെത്തിച്ചത്. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലങ്ങളില്‍. വെള്ളപ്പൊക്കമുണ്ടാവുന്ന സ്ഥലമെന്ന നിലയില്‍ മഴക്കാലത്ത് അസ്സമിലെ മൃഗങ്ങളുടെ ജീവിതം അപകടനിലയിലാണ്. അത്തരത്തിലൊന്നാണ് കാശിരംഗ നാഷണല്‍ പാര്‍ക്ക്. അടുത്തിടെ പോലും നടന്ന വെള്ളപ്പൊക്കത്തില്‍ അവിടെ 51 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം തകൃതിയായി നടന്നാലും അപകടസാധ്യത കുറഞ്ഞിരുന്നില്ല. പല ആനക്കുട്ടികളും അവയുടെ അമ്മമാരില്‍ നിന്നും വേര്‍പെട്ട് പോകാറുമുണ്ട്. അത്തരം സമയങ്ങളില്‍ ഈ കുട്ടിയാനകള്‍ക്ക് അധികം പരിചരണവും ശ്രദ്ധയും ആവശ്യമായി വരാറുണ്ട്. 

അങ്ങനെയാണ് വെള്ളപ്പൊക്ക സമയങ്ങളില്‍ അദ്ദേഹം മൃഗങ്ങളെ പരിചരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെങ്കിലും ശര്‍മ്മ മൃഗങ്ങളെ പരിചരിക്കാന്‍ പറ്റാവുന്നിടത്തെല്ലാം എത്തിയിരുന്നു. തന്നെക്കൊണ്ട് പറ്റാവുന്ന മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍. അസ്സമിലെ 300,000 കിലോമീറ്റര്‍ വനഭാഗമെങ്കിലും സഞ്ചരിച്ച് ആയിരക്കണക്കിന് ആനകളെ അദ്ദേഹം പരിചരിച്ചിട്ടുണ്ട്. ആനകളുമായുള്ള ഓര്‍മ്മയില്‍ ലക്ഷ്മി അല്ലാതെ അദ്ദേഹത്തിന്‍റെ ഓര്‍മ്മയിലെപ്പോഴും നില്‍ക്കുന്ന മറ്റൊരു ആനയായിരുന്നു ഗീത. കാശിരംഗ നാഷണല്‍ പാര്‍ക്കിലെ ആനയായിരുന്നു ഗീത. 

ഒരിക്കല്‍ ശര്‍മ്മ യുഎസ്സിലായിരിക്കുമ്പോഴാണ് ആ വിവരം അദ്ദേഹത്തെ തേടിയെത്തുന്നത്. ഗീതയെ ആരോ വെടിവെച്ചിരിക്കുന്നു. അഞ്ച് ബുള്ളറ്റുകളേറ്റിരുന്നുവെങ്കിലും പ്രധാന അവയവങ്ങളിലൊന്നും വെടിയേറ്റിരുന്നില്ല. പക്ഷേ, ശര്‍മ്മ ആകെ ഉത്കണ്ഠാകുലനായി. യാത്ര അവസാനിപ്പിച്ച് തിരികെ ഇന്ത്യയിലേക്ക് മടങ്ങിയാലോ എന്നുവരെ ചിന്തിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഫോണിലൂടെ ഗീതയുടെ ചികിത്സയ്ക്കാവശ്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരുന്നു. ഒരാഴ്ചയ്ക്കുശേഷം തിരികെയെത്തിയപ്പോള്‍ അദ്ദേഹം ആദ്യം പോയത് ഗീതയെ കാണാനായിരുന്നു. 

അവളെ നന്നായി പരിചരിക്കുമെന്നും ശരീരത്തിലേറ്റ എല്ലാ ബുള്ളറ്റുകളും പുറത്തെടുക്കുമെന്നും അദ്ദേഹം ഗീതയ്ക്ക് ഉറപ്പ് നല്‍കി. പിന്നീട് മെറ്റല്‍ ഡിറ്റക്ടറുപയോഗിച്ച് മൂന്ന് ബുള്ളറ്റുകള്‍ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ അവ പുറത്തെടുക്കുകയും ചെയ്‍തു. രണ്ടെണ്ണം ശരീരത്തിന് വളരെയധികം അകത്തേക്ക് കയറിയതിനാല്‍ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നു. എന്നാല്‍, ശര്‍മ്മ ചികിത്സ തുടരുകയും അവസാനം അഞ്ചാമത്തെ ശസ്ത്രക്രിയയില്‍ അവളുടെ ശരീരത്തിലെ അവസാനത്തെ ബുള്ളറ്റും പുറത്തെടുക്കുകയും ചെയ്‍തു. തന്‍റെ പ്രിയപ്പെട്ട ഗീത ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നും ശര്‍മ്മ പറയുന്നു. 

തന്‍റെ ജോലിയോട് വളരെയധികം ഇഷ്ടമുണ്ടെങ്കിലും അതില്‍ അപകടവുമുണ്ടെന്നും അദ്ദേഹത്തിനറിയാം. ജോലിയുടെ ഭാഗമായി പലപ്പോഴും ജീവനപകടത്തിലാകുന്ന ഘടങ്ങളുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. പലപ്പോഴും എങ്ങനെയാണ് താന്‍ രക്ഷപ്പെട്ടതെന്ന് അത്ഭുതത്തോടെ ആലോചിച്ചു പോയിട്ടുണ്ട്. ഒരിക്കല്‍ ചികിത്സക്കായി ഒരു കാട്ടാനയെ മയക്കാന്‍ വേണ്ടി ഒരു മരത്തിനുതാഴെ രാത്രി മുഴുവന്‍ ഉറങ്ങാതെ ചെലവഴിച്ച കാര്യവും അദ്ദേഹം ഓര്‍ക്കുന്നു. 

ഇത്രയധികം അപകടങ്ങളുണ്ടെങ്കിലും താന്‍ തന്‍റെ ജോലിയെ സ്നേഹിക്കുന്നുവെന്നും ശര്‍മ്മ പറയുന്നു. അദ്ദേഹത്തിന്‍റെ മകള്‍ വെറ്ററിനറി സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവളും തന്നെ സഹായിക്കുമെന്നും ശര്‍മ്മ പ്രതീക്ഷിക്കുന്നു. തനിക്കുശേഷം ആനകളെ പരിചരിക്കാന്‍ മകള്‍ തയ്യാറാവുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ബിബിസി)