1920-25 കാലഘട്ടത്തിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും അവരുടെ കണ്ടുപിടിത്തങ്ങള്‍ക്കും ലോകശ്രദ്ധ കിട്ടുന്നത്. ശാസ്ത്രമേഖലയില്‍ താല്‍പര്യമുള്ള യുവാക്കള്‍ക്ക് ആ ശാസ്ത്രജ്ഞര്‍ പ്രതീക്ഷയും പ്രചോദനവുമായി. മേഘനാഥ് സാഹ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ ആയിരുന്നു. തെര്‍മ്മല്‍ അയോണൈസേഷന്‍ ഇക്വേഷന്‍ അഥവാ സാഹ ഇക്വേഷന്‍ കണ്ടെത്തിയത് അദ്ദേഹമായിരുന്നു. 

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയ്ക്ക് വേണ്ടി എഴുതിയ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ആർതർ സ്റ്റാൻലി എഡ്ഡിംഗ്ടൺ, 1608 -ൽ ഗലീലിയോ ദൂരദർശിനി കണ്ടെത്തിയതുമുതലുള്ള ജ്യോതിശാസ്ത്രത്തില്‍ നടത്തിയ ഏറ്റവും മികച്ച പത്താമത്തെ കണ്ടുപിടുത്തമായി സാഹയുടെ സമവാക്യത്തെ കണക്കാക്കിയിരുന്നു. 

സാഹയുടെ ജീവിതം

ഇന്നത്തെ ബംഗ്ലാദേശിന്‍റെ തലസ്ഥാന നഗരിയായ ധാക്കയ്‌ക്ക്‌ 45 കിലോമീറ്റർ മാറിയുള്ള ശിവതാരാളി എന്ന ഗ്രാമത്തിലാണ് 1893 ഒക്ടോബർ ആറിന് മേഘനാഥ്‌ സാഹ ജനിക്കുന്നത്. പിതാവ് ജഗന്നാഥ് സാഹ, മാതാവ് ഭുവനേശ്വരി ദേവി. എട്ട് മക്കളില്‍ അഞ്ചാമനായിരുന്നു സാഹ. ഓരോ ദിവസവും ജീവിക്കാനുള്ള വക കണ്ടെത്തുന്നതിനായി കഷ്‍ടപ്പെട്ടിരുന്ന കുടുംബമായിരുന്നു സാഹയുടേത്. 

സാഹയുടെ പിതാവ് ഒരു കട നടത്തുകയായിരുന്നു. അത് സാമ്പത്തികമായി അത്ര നല്ല അവസ്ഥയൊന്നും സാഹ കുടുംബത്തിന് നല്‍കിയില്ല. അതുകൊണ്ട് തന്നെ അവരില്‍ പലരും സ്‍കൂള്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. അതില്‍ ചിലര്‍ അച്ഛനെ കടയില്‍ സഹായിക്കുകയും മറ്റുള്ളവര്‍ അടുത്തുള്ള ഫാക്ടറികളില്‍ തൊഴിലെടുക്കുകയും ചെയ്‍തു. പക്ഷേ, സാഹ തെരഞ്ഞെടുത്ത വഴി തന്‍റെ സഹോദരന്മാരുടേതില്‍ നിന്നും തികച്ചും വ്യത്യസ്‍തമായിരുന്നു. വീട്ടിലെ അവസ്ഥയോ ദാരിദ്ര്യമോ ഒന്നുംതന്നെ സാഹയുടെ പഠിക്കാനുള്ള മോഹത്തെ ഇല്ലാതാക്കിയില്ല. 

പ്രൈമറി സ്‍കൂള്‍ പഠനം കഴിഞ്ഞതോടെ അടുത്ത പ്രശ്നം ഉദിച്ചു. അടുത്തുള്ള സീനിയര്‍ സെക്കന്‍ഡറി സ്‍കൂള്‍ 10 കിലോമീറ്റര്‍ ദൂരത്താണ്. സാഹയുടെ പഠിക്കാനുള്ള ആര്‍ത്തി അദ്ദേഹത്തിന്‍റെ സഹോദരന്മാരെ ആകര്‍ഷിച്ചു. അതിലൊരാള്‍ അവന് ഒരു സ്‍പോണ്‍സറെ കണ്ടെത്തുന്നതും അങ്ങനെയാണ്. അനന്ദ കുമാര്‍ ദാസ് എന്നൊരു ഡോക്ടര്‍ സാഹയ്ക്ക് അദ്ദേഹത്തിന്‍റെ വീട്ടില്‍ ഇടം നല്‍കി. പകരം വീട്ടിലെ കാര്യങ്ങളില്‍ സഹായിക്കണമെന്ന് ധാരണയുമുണ്ടാക്കി. അങ്ങനെ ആ വീട്ടിലെ പശുവിനെയും മറ്റ് കാര്യങ്ങളും നോക്കി ബാക്കിയുള്ള സമയം മുഴുവന്‍ സാഹ കഠിനമായി പഠിച്ചു. 

1905 -ല്‍ അദ്ദേഹം ധാക്കയിലെത്തി ഉന്നതപഠനത്തിന് ചേര്‍ന്നു. സഹോദരനായ ജയ്നാഥ് അവിടേയും സഹോദരന്‍റെ സഹായത്തിനെത്തി. തന്‍റെ ആകെ വരുമാനമായ 20 രൂപയില്‍നിന്ന് അഞ്ച് രൂപ അദ്ദേഹം സഹോദരന്‍റെ പഠനത്തിനായി മാറ്റിവെച്ചു. അവനൊരിക്കലും വിശന്നിരിക്കരുതെന്നും ജയ്‍നാഥിന് നിര്‍ബന്ധമുണ്ടായിരുന്നു. 

1911 -ല്‍ ഇന്‍റര്‍മീഡിയേറ്റ് പരീക്ഷ വിജയിച്ച് പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു സാഹ. പ്രഫുല്ല ചന്ദ്ര റായ്, ജഗദീഷ് ചന്ദ്രബോസ് എന്നീ അധ്യാപകര്‍ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. 1915 -ല്‍ കൊല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സില്‍ എംഎസ്‍സി എടുത്തു. 

കൊല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സില്‍, അപ്ലൈഡ് മാത്തമാറ്റിക്സില്‍ അധ്യാപകനായിക്കൊണ്ട് 1916 -ലാണ് അദ്ദേഹം തന്‍റെ പ്രൊഫഷണല്‍ ജീവിതം തുടങ്ങുന്നത്. ഒരു വര്‍ഷത്തിനുശേഷം ഫിസിക്സ് ഡിപ്പാര്‍ട്മെന്‍റില്‍ ജോയിന്‍ ചേര്‍ന്നു അദ്ദേഹം. അതോടൊപ്പം തന്നെ ഫിസിക്സില്‍ ഗവേഷണങ്ങള്‍ നടത്തുകയും പേപ്പര്‍ തയ്യാറാക്കുകയും ചെയ്‍തു. പക്ഷേ, കോളേജിന്‍റെ ഫണ്ടിലുള്ള അപര്യാപ്‍തത മൂലം അത് ജേണലുകളിലൊന്നിലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. 

അന്നത്തെ ലബോറട്ടിയുടേയും പരീക്ഷണ ഉപകരണങ്ങളുടേയും അപര്യാപ്തതയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നു. പക്ഷേ, യാദൃച്ഛികമായി 1919 -ല്‍ അദ്ദേഹത്തിന് പ്രേംചന്ദ് റോയ്‍ചന്ദ് സ്കോളര്‍ഷിപ്പ് ലഭിച്ചു. ‘Harvard Classification of Stellar Spectra’ എന്ന ഡിസര്‍ട്ടേഷനായിരുന്നു അത്. അതാണ് അദ്ദേഹത്തെ യൂറോപ്പിലെ ലാബില്‍ അല്‍ഫ്രഡ് ഫൗളറടക്കമുള്ള ശാസ്ത്രജ്ഞരുടെ കൂടെ രണ്ട് വര്‍ഷം ചെലവഴിക്കുന്നതിലേക്ക് നയിച്ചത്. 

1920 -ല്‍ സാഹ തെര്‍മ്മല്‍ അയോണൈസേഷന്‍ തിയറിക്ക് രൂപം നല്‍കി. പിന്നീട് ഇന്ത്യയിലേക്ക് തിരികെ വന്ന് യൂണിവേഴ്‍സിറ്റി ഓഫ് അലഹാബാദില്‍ ജോയിന്‍ ചെയ്യുകയും 15 വര്‍ഷം അവിടെ ജോലി ചെയ്യുകയും ചെയ്‍തു. അവിടെവച്ചാണ് പ്രധാനപ്പെട്ട പുസ്‍തകം ‘A Treatise on Heat’ഇറക്കുന്നത്. സാഹയുടെ സംഭാവന അദ്ദേഹത്തെ 1925 -ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ പ്രസിഡണ്ട് പദവിയിലേക്ക് വരെ നയിച്ചു. 

1938 -ല്‍ അദ്ദേഹം ഫിസിക്സ് പ്രൊഫസറായി കൊല്‍ക്കത്ത യൂണിവേഴ്‍സിറ്റിയില്‍ തന്നെ തിരികെയെത്തി. 1940 -ല്‍ സാഹയാണ് ആദ്യമായി എംഎസ്‍സിയുടെ സിലബസില്‍ ന്യൂക്ലിയര്‍ ഫിസിക്സ് ഉള്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ സയന്‍സ് ന്യൂസ് അസോസിയേഷന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സ് എന്നിവ ആരംഭിക്കുന്നതും അദ്ദേഹമാണ്. 

1952 -ല്‍ പാര്‍ലിമെന്‍ററി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു സാഹ. പാർലമെന്റിൽ ന്യൂക്ലിയർ ഊർജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യചർച്ച തുടങ്ങിവെച്ചതും 1954 -ൽ മേഘനാഥ്‌ സാഹയായിരുന്നു. 1956 -ല്‍ ഫെബ്രുവരി ആറിനാണ് അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.