എന്നാൽ, പത്തൊമ്പതാമത്തെ വയസില്‍ അവള്‍ ജെയിംസ് ബിക്ക്നെൽ എന്നൊരാളെ വിവാഹം കഴിക്കുകയും സര്‍ക്കസ് വിട്ട് പോവുകയും ചെയ്‍തു. 

നാല് കാലുകളുമായിട്ടാണ് ആ പെണ്‍കുട്ടി ജനിച്ചത്. അവളുടെ പേര് മിർട്ടിൽ. dipygus എന്ന അവസ്ഥയായിരുന്നു അവള്‍ക്ക്. ശരീരത്തില്‍ മറ്റൊരു പ്രയാസവും ബുദ്ധിമുട്ടും അവള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, അവള്‍ക്ക് രണ്ടല്ല, നാല് കാലുകള്‍ ഉണ്ടായിരുന്നു. സാധാരണ ഉണ്ടാകാറുള്ള കാലുകളുടെ ഉള്ളിലായിട്ടാണ് അതിനേക്കാള്‍ വലിപ്പവും ശക്തിയും കുറഞ്ഞ മറ്റ് രണ്ട് കാലുകൾ കൂടി ഉണ്ടായിരുന്നത്. അവളുടെ ഒരു കാലിന് ചെറിയൊരു വളവും ഉണ്ടായിരുന്നത് അവളുടെ നടപ്പും പ്രയാസത്തിലാക്കിയിരുന്നു. അവള്‍ക്ക് മറ്റ് രണ്ട് കാലുകളും നിയന്ത്രിക്കാൻ
ആകുമായിരുന്നു. എങ്കിലും അവ കൊണ്ട് നടക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അവ അത്രയും ശക്തി കുറഞ്ഞതായിരുന്നു. രണ്ട് ജോഡി കാലുകളുടെയും ഇടയിലും ആരോഗ്യമുള്ള രണ്ട് ജോഡി ജനനേന്ദ്രിയങ്ങളും ഉണ്ടായിരുന്നു. 

ഈ രണ്ട് ജോഡി കാലുകളും വേറെവേറെ ആയിത്തന്നെയാണ് ഉണ്ടായിരുന്നത്. 1868 -ല്‍ ടെന്നെസയിലാണ് അവള്‍ ജനിച്ചത്. ആരോഗ്യമുള്ള കുട്ടി തന്നെയായിരുന്നു മിര്‍ട്ടില്‍. അവളുടെ മാതാപിതാക്കള്‍ കാണാന്‍ നല്ല സാമ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ ബന്ധുക്കളായിരുന്നിരിക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അവരുടെ മറ്റ് കുഞ്ഞുങ്ങള്‍ക്കൊന്നും ഇത്തരം പ്രശ്‍നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

അന്നത്തെ കാലത്ത് ശാരീരികമായി ഇതുപോലെ എന്തെങ്കിലും അസാധാരണത്വം തോന്നുന്ന ആളുകൾ എല്ലായിടത്തും ഫ്രീക്ക് ഷോകളുടെയും സർക്കസുകളുടെയും ഭാ​ഗമായിരുന്നു. അതിനാൽ തന്നെ നാല് കാലുകളുമായി ജനിച്ചു എന്നതിനാൽ അവളെയും അത്തരം കമ്പനികൾ ക്ഷണിച്ചു. അങ്ങനെ, പതിമൂന്നാമത്തെ വയസില്‍ മിര്‍ട്ടില്‍ ഫ്രീക്ക് ഷോയുടെ ഭാഗമായുള്ള സര്‍ക്കസുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിലൂടെ അവള്‍ വളരെ പെട്ടെന്ന് തന്നെ പ്രശസ്‍തയാവുകയും വലിയ തുകകള്‍ സമ്പാദിക്കുകയും ചെയ്‍തു. മിര്‍ട്ടില്‍ ഷോയിലെ വലിയ വിജയമാവുകയും മറ്റുള്ളവര്‍ അവളെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയും അവിടെ ഉണ്ടായി. അവളുടെ പ്രശസ്‍തിയെ കുറിച്ച് അറിഞ്ഞപ്പോൾ വേറെ ഷോ നടത്തിയിരുന്ന ആളുകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി മിര്‍ട്ടിലിനെ പോലെ രണ്ടിലധികം കാലുകള്‍ ഉള്ള സ്ത്രീകളെ അന്വേഷിച്ചു തുടങ്ങി. 

എന്നാൽ, പത്തൊമ്പതാമത്തെ വയസില്‍ അവള്‍ ജെയിംസ് ബിക്ക്നെൽ എന്നൊരാളെ വിവാഹം കഴിക്കുകയും സര്‍ക്കസ് വിട്ട് പോവുകയും ചെയ്‍തു. അവിടെ നിന്നും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ ഒരു ഡോക്ടറെ കാണുകയും തന്‍റെ ശരീരത്തിന്‍റെ ഇടത് ഭാഗത്ത് വേദനയാണ് എന്ന് അറിയിക്കുകയും ചെയ്‍തു. അവളെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവള്‍ ഗര്‍ഭിണി ആണ് എന്നും ഇടത് ഭാഗത്താണ് അതുള്ളത് എന്നും അറിയിച്ചു. അത് വലതുഭാഗത്താണ് എന്ന് പറ‍ഞ്ഞിരുന്നു എങ്കില്‍ വിശ്വസിക്കുന്നതിന്‍റെ അടുത്തെങ്കിലും ഞാന്‍ എത്തിയേനെ എന്നാണ് അവിശ്വാസത്തോടെ അവള്‍ ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വലതു ഭാഗത്തൂടെയാണ് താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന് മിര്‍ട്ടില്‍ പറയുകയുണ്ടായത്രെ. ഏതായാലും ഗര്‍ഭധാരണം അവളെ വളരെ വളരെ അവശയാക്കി. കൂടാതെ, അസുഖങ്ങളും ഉണ്ടായി. അതിനാല്‍ എട്ടാമത്തെ ആഴ്ചയില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍, അത് കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ വീണ്ടും ഗര്‍ഭിണിയായി, പ്രസവിച്ചു. നാല് കുഞ്ഞുങ്ങള്‍ക്ക് പിന്നെയും അവള്‍ ജന്മം നല്‍കി. അവർ ആരോ​ഗ്യത്തോടെ വളർന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മിര്‍ട്ടില്‍ വീണ്ടും സര്‍ക്കസിലേക്ക് തിരിച്ച് വന്നു. ആറ് വര്‍ഷം കൂടി അവിടെ പ്രവര്‍ത്തിച്ചു. 1928 -ല്‍ അവളുടെ വലതുകാലിലെ തൊലിയില്‍ ഒരു അണുബാധ ഉണ്ടായി. അത് കുറച്ച് ഗൗരവമുള്ളതായിരുന്നു. അന്ന് അതിന് ചികിത്സയും ഉണ്ടായിരുന്നില്ല. രോഗം തിരിച്ചറിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ അവള്‍ മരിച്ചു. അവളുടെ കല്ലറ അവളുടെ വീട്ടുകാര്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചുപോന്നു, അവിടെ വേറെ ആരും വരുന്നില്ലെന്നും മറ്റും ഉറപ്പ് വരുത്തി. കാരണം മറ്റൊന്നും ആയിരുന്നില്ല. മെഡിക്കല്‍ രംഗത്തുള്ളവരും മറ്റുമായി പലരും അവളുടെ ഭൗതികാവശിഷ്‍ടങ്ങള്‍ക്ക് പണം വാഗ്ദ്ധാനം ചെയ്‍തിരുന്നു. എന്നാൽ, വീട്ടുകാർ അത് നൽകാൻ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ അവളുടെ ശവശരീരം ആരെങ്കിലും മോഷ്‍ടിച്ച് കൊണ്ടുപോകുമോ എന്ന് വീട്ടുകാര്‍ക്ക് നല്ല ഭയമുണ്ടായിരുന്നു.