Asianet News Malayalam

'ബ്യൂട്ടി ആൻഡ് ദ ബീസ്റ്റി'ന് കാരണമായ ജീവിതം, അവസാനകാലംവരെ മൃ​ഗത്തെപോലെ കണക്കാക്കിയ മനുഷ്യൻ, സുന്ദരിയായ ഭാര്യ

ഹെൻ‌റി രാജാവിന്റെ മരണശേഷം, ഭാര്യ കാതറിൻ ഡി മെഡിസി ഫ്രാൻസിന്റെ രാജ്ഞി റീജന്റായി. ക്രൂരമായ പ്രവൃത്തികളുടെ പേരിൽ അവൾ  പ്രശസ്തയായിരുന്നു. പെട്രസിനെ കൊണ്ട് ഒരു വിവാഹം കഴിപ്പിച്ചാൽ രസമായിരിക്കും എന്ന് കരുതിയ അവർ അതിനായുള്ള കാര്യങ്ങൾ ചെയ്‌തു. 

life of Petrus Gonsalvus
Author
France, First Published Apr 25, 2021, 2:26 PM IST
  • Facebook
  • Twitter
  • Whatsapp

ഇത് കാലത്തോളം പഴക്കമുള്ള ഒരു കഥയാണ്. കുറഞ്ഞത് 1500 വർഷങ്ങളെങ്കിലും പഴക്കമുണ്ട്. 'ബ്യൂട്ടി ആൻഡ് ബീസ്റ്റ്' എന്ന ഫെയറി ടെയിൽ എല്ലാവരും കേട്ടുകാണും. എന്നാൽ, യഥാർത്ഥ ജീവിതത്തിലും അത്തരമൊരു ദമ്പതികൾ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? നമ്മൾ വായിച്ച ബ്യൂട്ടി ആൻഡ് ബീസ്റ്റിൽ മൃഗത്തെപ്പോലെ ശപിക്കപ്പെട്ട ഒരു മനുഷ്യനെ പ്രണയിക്കുന്ന ബുദ്ധിമതിയും സുന്ദരിയുമായ രാജകുമാരിയുടെ കഥയാണ് പറയുന്നത്. ഒടുവിൽ ആ മനുഷ്യന് ശാപമോക്ഷം കിട്ടുകയും ഇരുവരും ഒരു കോട്ടയിൽ സന്തോഷത്തോടെ ജീവിക്കുന്നതുമാണ് അതിന്റെ അവസാനം. എന്നാൽ, കഥയ്ക്ക് പ്രചോദനമായ യഥാർത്ഥ ദമ്പതികൾക്ക് ജീവിതകാലം മുഴുവൻ ഒരു നരകമായിരുന്നു. മരണം വരെ അദ്ദേഹത്തിന് ആ അവസ്ഥയുമായി ജീവിക്കേണ്ടിവന്നിരുന്നു.  

പെട്രസ് ഗോൺസാൽവസ് എന്ന മനുഷ്യനായിരുന്നു ആ ആൾ. 1537 -ൽ കാനറി ദ്വീപുകളിൽ ജനിച്ച അദ്ദേഹത്തിന് ഒരു പാരമ്പര്യ രോഗമുണ്ടായിരുന്നു. ദേഹം മുഴുവൻ മുടി വളർന്നിരുന്ന അദ്ദേഹത്തെ 'കാട്ടുമനുഷ്യൻ' എന്ന് ആളുകൾ മുദ്രകുത്തി. പെട്രസിന്റെ അവസ്ഥ കാരണം അദ്ദേഹം പൂർണമായും ഒരു മനുഷ്യനല്ലെന്ന് എല്ലാവരും ധരിച്ചു. അദ്ദേഹത്തിന് 10 വയസ്സുള്ളപ്പോൾ, പെട്രസ് ഗോൺസാൽവസിനെ ഇരുമ്പ് കൂട്ടിൽ പൂട്ടിയിട്ടു. അവിടെ മാംസവും, മൃഗത്തിനുള്ള തീറ്റയും നൽകി ഒരു മൃഗം കണക്കെ പരിചരിച്ചു. കിരീടധാരണത്തിനായി ഫ്രാൻസിലെ രാജാവ് ഹെൻ‌റി രണ്ടാമന് സമ്മാനമായി 1547 -ൽ യുവ പെട്രസിനെ ഫ്രാൻസിലേക്ക് അയക്കപ്പെട്ടു.  

പെട്രസ് ഫ്രാൻസിലെത്തിയപ്പോൾ, അദ്ദേഹത്തെ അവിടെയും ഒരു കാട്ടുമൃഗത്തെ പോലെ ഒരു തടവറയിൽ പൂട്ടിയിട്ടു. ഡോക്ടർമാരും അക്കാദമിക് വിദഗ്ധരും പെട്രസിനെ കുത്തിനോവിക്കുകയും പരിശോധിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം ഒരു കാട്ടുമൃഗമല്ലെന്ന നിഗമനത്തിൽ എത്തി. മുഖത്തും കൈകാലുകളിലും കട്ടിയുള്ള രോമം വളരുന്ന 10 വയസ്സുള്ള ആൺകുട്ടിയായിരുന്നു അന്ന് അദ്ദേഹം. പെട്രോസ് തന്റെ പേര് അവരോട് പറഞ്ഞു. ഫ്രഞ്ചുകാർ അദ്ദേഹത്തിന്റെ പേര് പെഡ്രോ ഗോൺസാലെസിൽ നിന്ന് പെട്രസ് ഗോൺസാൽവസ് എന്നാക്കി മാറ്റി. പെട്രസിന് വിദ്യാഭ്യാസം ലഭിക്കണമെന്ന് ഹെൻറി രാജാവ് പ്രഖ്യാപിച്ചു. രാജാവിന്റെ കാഴ്ചയിൽ, പെട്രസ് പഠിക്കാൻ കഴിവില്ലാത്ത ഒരു പ്രാകൃതനായിരുന്നു. അതിനാൽ പെട്രസ് അതിൽ വിജയിക്കുമെന്ന് ഹെൻറി പ്രതീക്ഷിച്ചില്ല. എന്നാൽ യുവ പെട്രസ് ലാറ്റിൻ ഭാഷ നന്നായി സംസാരിക്കുകയും മിടുക്കനാവുകയും ചെയ്‌തു. ഇത് കണ്ട് രാജസദസ്സ് ഞെട്ടി. തുടർന്ന് പെട്രസിനെ ഒരു പ്രധാന കൊട്ടാര അംഗമായി നിയമിച്ചു.  

വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ ഒരാൾ എന്ന നിലയിൽ ഹെൻ‌റി രാജാവിന്റെ കൊട്ടാരത്തിലെ ഒരു പ്രധാന വ്യക്തിയായി പെട്രസ് മാറി. മൂന്ന് ഭാഷകളിൽ അദ്ദേഹം പാണ്ഡിത്യം നേടി. തുടർന്ന് ഒരു കുലീനനെപ്പോലെ വസ്ത്രം ധരിക്കാനും വേവിച്ച ഭക്ഷണം കഴിക്കാനും പെട്രസിന് അനുവാദം ലഭിച്ചു. പെട്രസിനോട് രാജാവ് ഒരു താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹത്തെ കൂട്ടിൽ പൂട്ടിയിടുന്ന രീതി മാറ്റിയില്ല. വിനോദത്തിനായി കൊട്ടാരങ്ങളിൽ കുള്ളന്മാരെ പാർപ്പിച്ചതുപോലെ, പെട്രസിനെ ഒരു മനുഷ്യ വളർത്തുമൃഗമായിട്ടാണ് പരിഗണിച്ചിരുന്നത്. ശരീരത്തിൽ അമിതമായി മുടി വളരാൻ കാരണമായ ഹൈപ്പർട്രൈക്കോസിസ് എന്ന രോഗം ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയാണ് പെട്രസ്. ഹൈപ്പർട്രൈക്കോസിസ് വളരെ അപൂർവമാണ്, ചരിത്രത്തിൽ അങ്ങനെ അറിയപ്പെടുന്ന 50 കേസുകൾ മാത്രമേയുള്ളൂ. എന്നാൽ, ഫ്രഞ്ച് കൊട്ടാരം പെട്രസിന്റെ അവസ്ഥയെക്കുറിച്ച് ശ്രദ്ധിച്ചില്ല. ഒരു കുലീനനെപ്പോലെ വസ്ത്രം ധരിച്ച അദ്ദേഹത്തെ അത്ഭുതത്തോടെ ലോകം നോക്കി.  

ഹെൻ‌റി രാജാവിന്റെ മരണശേഷം, ഭാര്യ കാതറിൻ ഡി മെഡിസി ഫ്രാൻസിന്റെ രാജ്ഞി റീജന്റായി. ക്രൂരമായ പ്രവൃത്തികളുടെ പേരിൽ അവൾ  പ്രശസ്തയായിരുന്നു. പെട്രസിനെ കൊണ്ട് ഒരു വിവാഹം കഴിപ്പിച്ചാൽ രസമായിരിക്കും എന്ന് കരുതിയ അവർ അതിനായുള്ള കാര്യങ്ങൾ ചെയ്‌തു. കാതറിൻ രാജ്ഞി തന്റെ തോഴിമാരിൽ ഒരുവളെ കണ്ടെത്തി, അദ്ദേഹത്തെ വിവാഹം കഴിപ്പിച്ചു. അവർക്കുണ്ടാകുന്ന കുട്ടികൾ അദ്ദേഹത്തെ പോലെ ആയിരിക്കുമോ എന്നറിയാൻ രാജ്ഞിക്ക് ഉത്സാഹമുണ്ടായിരുന്നു. കാതറിൻ ഡി മെഡിസി മനസ്സില്ലാ മനസ്സോടെയാണ് വിവാഹത്തിന് സമ്മതിച്ചത്. രാജ്ഞിയുടെ ആജ്ഞ ധിക്കരിക്കാൻ ആർക്ക് കഴിയും? ഇടനാഴിയുടെ അറ്റത്ത് ഒരു വന്യമനുഷ്യനെ കണ്ടപ്പോൾ യുവ കാതറിൻ ഞെട്ടിയിട്ടുണ്ടാകും. എന്നാൽ കാലക്രമേണ, അവൾ പെട്രസിനെ പരിപാലിക്കാൻ തുടങ്ങി. 40 വർഷത്തോളം ഇരുവരും വിവാഹിതരായി കഴിഞ്ഞു.

കാതറിനും പെട്രസിനും ആകെ ഏഴു മക്കളുണ്ടായിരുന്നു, അവരിൽ നാലുപേരും പിതാവിന്റെ അവസ്ഥയിൽ ജനിച്ചു.  പ്രഭുക്കന്മാർക്ക് കാണാനായി ആ കുടുംബത്തെ യൂറോപ്പിലുടനീളം പര്യടനം നടത്തിച്ചു. യൂറോപ്പിലുടനീളം ആളുകൾ “പ്രാകൃത കുടുംബത്തെ” കണ്ട് അത്ഭുതപ്പെടുത്തി. പ്രകൃതിശാസ്ത്രജ്ഞർ ആ കുട്ടികളെ പഠിച്ചു. 1580 -കളിൽ ഗോൺസാൽവസ് കുടുംബത്തിന്റെ ഛായാചിത്രങ്ങൾ നിരവധി രാജസദസ്സുകളിൽ വരച്ചിരുന്നു. 1590 -കളിൽ പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനായ യൂലിസ് ആൽഡ്രോവണ്ടി എട്ട് വയസ്സുള്ള മകളെ പരിശോധിക്കുകയും കുടുംബത്തിന്റെ ഒരു ചിത്രം വരയ്ക്കുകയും ചെയ്തു. യൂറോപ്യൻ രാജകീയതയുടെ ഒരു തമാശയായിരുന്നു ഇവരുടെ വിവാഹം. രാജകീയ സദസുകളിൽ വളർത്തുമൃഗങ്ങളെ പോലെ കൊണ്ടുനടക്കാൻ അവരുടെ കുട്ടികളെ തട്ടിയെടുത്തു. അവരുടെ കഥ വളരെ ഇരുണ്ടതാണ്.  

കൊട്ടാരത്തിൽ അവർ പ്രഭുക്കന്മാരുമായി താമസിക്കുകയും മനോഹരമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്‌തു. എന്നാൽ അവർക്ക് അവരുടെ ജീവിതത്തിൽ യാതൊരു നിയന്ത്രണവുമില്ലായിരുന്നു. ഈ ദമ്പതികളെ ഒരിക്കലും സ്വതന്ത്രരാക്കിയില്ല. സങ്കടകരമെന്നു പറയട്ടെ, അതേ വിധി അവരുടെ കുട്ടികളെയും ബാധിച്ചു. ഒടുവിൽ ഒരു സദസ്സിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെട്ട ശേഷം ഒടുവിൽ അവർ ഇറ്റലിയിലെ കപ്പോഡിമോണ്ടെ എന്ന ചെറിയ ഗ്രാമത്തിൽ താമസമാക്കി. നഗരത്തിലെ മരണ രജിസ്ട്രാർ പറയുന്നതനുസരിച്ച് 1623 -ൽ കാതറിൻ മരിച്ചു എന്നാണ്. പക്ഷേ, പെട്രസിന്റെ മരണത്തെക്കുറിച്ച് ഒരു രേഖയും ഇല്ല. ഒരുപക്ഷേ അവസാന ചടങ്ങുകൾ ലഭിച്ച ആളുകൾ മാത്രമേ രജിസ്ട്രാറിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. അവസാന ചടങ്ങുകൾക്കുള്ള അവകാശങ്ങൾ പോലും അർഹിക്കാത്ത ഒരു മനുഷ്യജന്മമായി പെട്രസ് കണക്കാക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണസമയത്ത് പോലും, പെട്രസ് ഒരു മനുഷ്യനെന്നതിലുപരി ഒരു കൗതുകമായിട്ടാണ് കാണപ്പെട്ടിരുന്നത്. 

Follow Us:
Download App:
  • android
  • ios