'ഇന്‍ടു ദ ഫയര്‍' എന്നൊരു ഡോക്യുമെന്‍ററിയുണ്ട്. ഒര്‍ലാന്‍ഡോ വോണ്‍ ഈന്‍സിയെഡല്‍ സംവിധാനം ചെയ്‍ത ഡോക്യുമെന്‍ററി ഇറാഖിലെ ഐസിസ് അധിനിവേശപ്രദേശമായിരുന്ന സിന്‍ജാറില്‍ നിന്ന് ബാക്കിയായ മൈനുകള്‍ നീക്കം ചെയ്യുന്ന ഹന ഖൈദര്‍ എന്ന സ്ത്രീയുടെയും സംഘത്തിന്‍റെയും ജീവിതമാണ്. ''ഇതാണ് ഞങ്ങള്‍ യസീദികള്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന സ്ഥലം. ഇതേ സ്ഥലത്താണ് എന്‍റെ കുട്ടിക്കാലം ഞാന്‍ ചെലവഴിച്ചത്. എന്‍റെ ഒരുപാടൊരുപാട് ഓര്‍മ്മകള്‍ ഇവിടെയുണ്ട്. ഈ സ്ഥലം എനിക്കത്രയേറെ പ്രിയപ്പെട്ടതാണ്.'' മൈനുകള്‍ നീക്കം ചെയ്‍തതിന്‍റെ അടയാളമായി പച്ചയില്‍ മാര്‍ക്ക് ചെയ്യപ്പെട്ട സ്ഥലം ചൂണ്ടിക്കാട്ടി ഹന പറയുന്നു. 

സിറിയയുമായുള്ള ഇറാഖിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തി പങ്കിടുന്ന സ്ഥലമാണ് സിന്‍ജാര്‍. 2014 -ല്‍ ഐസിസ് അധിനിവേശത്തെ തുടര്‍ന്ന് നാമാവശേഷമായിത്തീര്‍ന്നയിടം. ഹനയെപ്പോലെയുള്ള അനേകരുടെ കണ്ണീരും ചോരയും വീണയിടം. 28 -കാരിയായ ഹന പറയുന്നു, ''ഈ ജോലി എനിക്ക് അത്രയേറെ പ്രാധാന്യമുള്ളതാണ്. കാരണം, ഞാന്‍ എന്‍റെ കുടുംബത്തിന് വേണ്ടി, എന്‍റെ സമുദായത്തിനുവേണ്ടി, സിന്‍ജാറില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന മനുഷ്യര്‍ക്കുവേണ്ടി നല്ലതെന്തോ ചെയ്യുന്നു എന്നെനിക്ക് തോന്നുന്നു. മൈനുകള്‍ നീക്കം ചെയ്യുന്നതിലൂടെ എന്നെങ്കിലും ഒരുദിവസം ഇവിടെനിന്നും പലായനം ചെയ്യേണ്ടിവന്ന മുഴുവന്‍ മനുഷ്യര്‍ക്കും തിരികെ വരാനുള്ള സാധ്യതയാണ് ഞങ്ങളൊരുക്കുന്നതെന്നു തോന്നും.'' 

2014 ആഗസ്‍തിലാണ് ഐസിസ് ഭീകരര്‍ ഈ സ്ഥലത്തേക്ക് അധിനിവേശം നടത്തുകയും പ്രദേശം പിടിച്ചെടുക്കുകയും ചെയ്യുന്നത്. 5000 -ത്തോളം യസീദികളെയാണ് അന്ന് കൊന്നുകളഞ്ഞത്. 6000 -ത്തോളം സ്ത്രീകളെയും കുട്ടികളെയും കടത്തിക്കൊണ്ടുപോവുകയും ചെയ്‍തു. നൂറ്റാണ്ടുകളായി സിന്‍ജാര്‍ മലനിരകളുടെ സമീപത്തായി താമസിക്കുന്ന യസീദികളെയാണ് അന്ന് ഐസിസ് സംഘം പലയിടങ്ങളിലാക്കിയത്. ''നേരത്തെ നമ്മുടേതും ഒരു സാധാരണ ജീവിതമായിരുന്നു. എല്ലാം നല്ലതായിരുന്നു. ഇവിടെ ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. എന്നാല്‍, 2014 -ലെ വംശഹത്യയോടെ എല്ലാം മാറിമറിഞ്ഞു. പിന്നീട്, ഞങ്ങള്‍ സുരക്ഷിതരായിട്ടേയില്ല.'' -ഹന ഓര്‍ക്കുന്നു. 2017 -ല്‍ ഐസിസ് അവിടെ വീടുകളിലും പാടങ്ങളിലും കെട്ടിടങ്ങളിലും ആയിരക്കണക്കിന് മൈനുകളും മറ്റ് സ്ഫോടക വസ്‍തുക്കളും നിക്ഷേപിച്ചു. പര്‍വതനിരകളുടെ തെക്ക് ഭാഗത്ത് ദിവസേന ആളുകള്‍ കൊല്ലപ്പെടുകയോ, മുറിവേല്‍ക്കുകയോ ചെയ്‍തുവെന്ന് ഹന പറയുന്നു. 

 

മൈന്‍സ് അഡ്വൈസറി ഗ്രൂപ്പ് (MAG)

മൈനുകള്‍ നീക്കം ചെയ്യുക മാത്രമല്ല അവരുടെ സംഘമിപ്പോള്‍ ചെയ്യുന്നത്. ഓരോ ദിവസവും യസീദികളെ ബോധവല്‍ക്കരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളെ. അവരാണ് ഏറ്റവും അപകടാവസ്ഥയിലുള്ളവര്‍, കാരണം മൈനുകളുള്ള സ്ഥലങ്ങളറിയാതെ അവര്‍ പലയിടങ്ങളിലും കടന്നുചെല്ലുകയും അവ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ഒരു പ്രദേശത്തുവെച്ച് ഒരാള്‍ തന്‍റെ 15 വയസുള്ള മരുമകന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞത് ഹനയോര്‍ക്കുന്നു. പാടത്ത് കന്നുകാലിക്കൂട്ടങ്ങളെ തിരഞ്ഞുനടക്കുമ്പോഴായിരുന്നു ആ അപകടം സംഭവിച്ചത്. അദ്ദേഹത്തിന്‍റെ മറ്റൊരു മരുമകന്‍ ജീവിതകാലം മുഴുവനും ദുരിതമായി മാറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മൈന്‍സ് അഡ്വൈസറി ഗ്രൂപ്പ് (എംഎജി) എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഭാഗമാണ് ഹനയും സംഘവും. മുന്‍യുദ്ധഭൂമികകളില്‍ നിന്നും മറ്റും പൊട്ടാത്ത ബോംബുകളും സ്ഫോടനവസ്‍തുക്കളും നീക്കം ചെയ്യുകയും അവിടം വാസയോഗ്യമാക്കിമാറ്റുകയും ചെയ്യാനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണത്.  

ഐസിസില്‍ നിന്നും മോചനം കിട്ടിയിട്ടും പല കുടുംബങ്ങളും ഇപ്പോഴും സിന്‍ജാറിലേക്ക് തിരികെ വരാത്തതിന് കാരണം ആ ഭൂമിയില്‍ പൊട്ടാതെ കിടക്കുന്ന സ്ഫോടകവസ്‍തുക്കളാണ്. ആകെ ജനസംഖ്യയുടെ പകുതിയോളം പേര്‍ മാത്രമാണ് സ്വന്തം സ്ഥലത്തേക്ക് തിരികെവന്നത്. ഇറാഖിലെ കുര്‍ദ്ദിസ്ഥാനിനടുത്ത് ഏകദേശം 30,0000 -ത്തോളം യസീദികള്‍ വിവിധ ടെന്‍റ് ക്യാമ്പുകളിലും താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലും കഴിയുന്നുണ്ട്. അവിടങ്ങളിലെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്. ജീവിതസൗകര്യങ്ങളില്ല എന്നതിനുമപ്പുറം ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഇവിടെയുള്ള ഏറ്റവും പരിതാപകരമായ അവസ്ഥ. ഇവിടെ കഴിയുന്നവരിലേറെപ്പേരും ഏറ്റുമുട്ടലും പലായനവുമടക്കം ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോന്നവരും അതിന്‍റെ ആഘാതത്തില്‍ മാനസികാരോഗ്യം നഷ്‍ടപ്പെട്ടവരുമാണ്. 2000 -ത്തോളം യസീദി സ്ത്രീകളെയും കുട്ടികളെയും ഇതുവരെ കണ്ടെത്താന്‍ പോലുമായിട്ടില്ല.

 

തിരിച്ചെത്തിയവരിലേറെയും സിന്‍ജാര്‍ മലനിരകളുടെ വടക്ക് ഭാഗത്ത് താമസിക്കുന്നവരാണെന്ന് എംഎജി ഇറാഖ് കണ്‍ട്രി ഡയറക്ടര്‍ പോര്‍ഷ്യ സ്ട്രാറ്റണ്‍ പറയുന്നു. പർവതത്തിന്‍റെ വടക്ക്, മോശമായി ബാധിച്ചെങ്കിലും, തെക്കിനേക്കാൾ തകര്‍ച്ച കുറവായിരുന്നു. കാരണം, ഐസിസ് വളരെ കുറഞ്ഞ കാലയളവിലാണ് ആ പ്രദേശം കൈവശം വച്ചിരുന്നത്. തെക്ക് ഭാഗത്ത് മനുഷ്യവാസത്തിനായി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്‍തു തീര്‍ക്കാനുണ്ട് എന്നും പോര്‍ഷ്യ പറയുന്നു. 

സന്നദ്ധ സംഘടന 2016 -ല്‍ ഹനയുടെ ഗ്രാമം വൃത്തിയാക്കിയതാണ്. അതിനാല്‍ത്തന്നെ അവളുടെ കുടുംബത്തിന് തിരികെയെത്താനായി. എന്നാല്‍, പഴയ വീടിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നതിനാല്‍ത്തന്നെ ആ വീട്ടില്‍ താമസിക്കാന്‍ സാധ്യമല്ലായിരുന്നു. ജില്ലയിലെ ഭൂരിഭാഗം വീടുകള്‍ക്കും ഹനയുടെ വീടുപോലെ തന്നെ ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും വാസയോഗ്യമല്ലാതാവുകയും ചെയ്‍തിരുന്നു. അതുപോലെതന്നെ പല വീടുകളും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. വീടുകള്‍ മാത്രമല്ല, ആരാധനാലയങ്ങളും സ്‍കൂളുകളും പൊതുസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളും ആളുകള്‍ക്ക് ലഭ്യമായില്ല പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ ഹന പറയുന്നു. അവളുടെ രണ്ട് കുട്ടികള്‍ വിദ്യാര്‍ത്ഥികളാണ്. യുദ്ധം തകര്‍ത്ത സ്ഥലങ്ങളിലൂടെ ഏറെദൂരം നടന്നുവേണം അവര്‍ക്ക് സ്‍കൂളിലെത്താന്‍. അതിനാല്‍ത്തന്നെ മറ്റെന്തിനേക്കാളും തന്‍റെ കുട്ടികള്‍ക്ക് സുരക്ഷിതരും സ്വതന്ത്രരും ആയിരിക്കാനാകുന്ന അവസ്ഥയാണ് താനാഗ്രഹിക്കുന്നത് എന്നും ഹന പറയുന്നു. 

എന്നാല്‍, മൈനുകളും സ്ഫോടനവസ്‍തുക്കളും നീക്കം ചെയ്യുന്ന ഈ ജോലി തന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല എന്നും അവള്‍ പറയുന്നു. ''എനിക്ക് എന്നില്‍ത്തന്നെ വിശ്വാസമുണ്ട്. ഞാന്‍ ശരിയായ കാര്യമാണ് ചെയ്യുന്നത് എന്ന ഉത്തമബോധ്യവും എനിക്കുണ്ട്.'' ആ ഇരുപത്തിയെട്ടുകാരിയുടെ ശബ്‍ദത്തില്‍ ആത്മവിശ്വാസമുണ്ട്.

ഇറാഖിലെ തർക്കപ്രദേശങ്ങളിൽ സിന്‍ജാറും ഉൾപ്പെടുന്നുണ്ടെന്ന് ഇറാഖ് കേന്ദ്ര സർക്കാരും കുർദിസ്ഥാൻ പ്രാദേശിക സർക്കാരും സമ്മതിക്കുന്നുണ്ട്. രാഷ്‌ട്രീയ കലഹങ്ങളും ഇവിടെ പ്രശ്‍നം കൂടുതല്‍ വഷളാവാന്‍ കാരണമായിട്ടുണ്ട്. യസീദികളെയും മറ്റ് ന്യൂനപക്ഷങ്ങളായ അസീറിയക്കാർ, തുർക്ക്മെൻ, ഷബാക്കുകൾ എന്നിവരുടെയും സിൻജാറിനടുത്തുള്ള നീനെവേ സമതലങ്ങളിലുമുള്ളവരുടെ അവസ്ഥയും ഇതോടെ കൂടുതല്‍ മോശമായി. ''സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ അഭാവം അവിടെയുണ്ട്. ഇവിടെ നിയമം വേണ്ടപോലെ പാലിക്കപ്പെടാത്തതും ഭയവും അശാന്തിയുമുണ്ടാക്കുന്നുണ്ട്'' എന്ന് 'നാദിയാസ് ഇനിഷ്യേറ്റീവി'ന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആബിദ് ഷംദ്ദീന്‍ പറയുന്നു. സിന്‍ജാറില്‍ പ്രവര്‍ത്തിക്കുന്ന നാദിയാസ് ഇനിഷ്യേറ്റീവ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‍കാര ജേതാവായ നാദിയാ മുറാദിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്. 

പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കവും മറ്റും പ്രദേശവാസികളുടെ തിരിച്ചുവരവിന് തടസമാവുന്നുണ്ട്. കുർദിഷ് തീവ്രവാദികളെ ലക്ഷ്യമിട്ട് സിൻജാർ പർവതത്തിൽ നടന്ന തുർക്കി വ്യോമാക്രമണങ്ങളും ഈ അരക്ഷിതാവസ്ഥ രൂക്ഷമാക്കി. എന്നാല്‍, ഈ അരക്ഷിതാവസ്ഥകളും ഭയവുമെല്ലാം പിന്തുടരുമ്പോഴും ഹന തന്‍റെ ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തനിക്കേറെ ഇഷ്‍ടമുള്ള തന്‍റെ ഏറ്റവും പ്രിയപ്പെട്ട വീട്ടില്‍ അവളൊരു പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നു. ''കുഞ്ഞ് കുഞ്ഞ് ചെടികളാണ് ഞാന്‍ നടുന്നത്. ചില പൂക്കള്‍, കുറച്ച് കക്കിരി, തക്കാളി, വഴുതനങ്ങ... അവയ്ക്കെല്ലാം ഒരു ആത്മാവുണ്ട് എന്ന് ഞാന്‍ കരുതുന്നു. അവയെ നോക്കിയിരിക്കുമ്പോളെനിക്ക് സന്തോഷം കിട്ടുന്നു.'' ഹന പറയുന്നു. 

ഇന്‍ടു ദ ഫയര്‍

ഹനയുടെയും ഹനയെപ്പോലെയുള്ളവരുടെയും ഈ സമീപനമാണ് ഓസ്‍കാര്‍ ജേതാവു കൂടിയായ ഒര്‍ലാന്‍ഡോ വോണ്‍ എന്‍സിയെഡലിനെ ആകര്‍ഷിച്ചത്. ഹനയെപ്പോലെയുള്ളവരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് അദ്ദേഹം ഇന്‍ടു ദ ഫയര്‍ എന്ന സിനിമയെടുത്തത്. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, ''ഐസിസുകളുടെ പ്രവര്‍ത്തനങ്ങളെയും അതുണ്ടാക്കിയ ദുരിതങ്ങളെയും കേന്ദ്രീകരിക്കാനല്ല ഞാന്‍ ആഗ്രഹിച്ചത്. പകരം, ഈ ചൂഷണങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ച മനുഷ്യരെയും അവര്‍ അവരുടെ ജീവിതവും അവരുടെ കൂട്ടായ്‍മകളും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതും ചിത്രീകരിക്കാനാണ്.'' 

 

തന്‍റെ സിനിമ ഐസിസ് അധിനിവേശത്തെ തുടര്‍ന്ന് തകര്‍ന്നുപോയ യസീദികളുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ലോകത്താകെയായി എംഎജി -യില്‍ ഒരുപാട് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പലരും അമ്മമാരാണ്. സ്ത്രീകളുടെ ജോലി ഇന്നതായിരിക്കണം എന്ന യാഥാസ്ഥിതിക സങ്കല്‍പ്പത്തെയാകെ പൊളിച്ചെഴുതുന്നതാണ് അവരേര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തനം.'' ഹനയുടെ കൂടെ ജോലി ചെയ്യുന്നവരില്‍ മിക്കവരും നേരത്തെ ഐസിസിന്‍റെ പിടിയിലായിരുന്നവരോ, 2014 -ല്‍ സുഹൃത്തുക്കളെയും കുടുംബത്തെയും നഷ്‍ടപ്പെട്ടവരോ ആണ്. അവരെല്ലാവരും ആ വേദനകളില്‍ നിന്നും പതിയെ മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. 

നേരത്തെ പുരുഷന്മാര്‍ ചെയ്‍തിരുന്ന ജോലിയാണ് ഇപ്പോള്‍ ഈ സ്ത്രീകള്‍ ചെയ്യുന്നത്. അതവരില്‍ ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമായി. അവര്‍ അവരുടെ വീടിനും സമുദായത്തിനുമായി ചെയ്യുന്ന നന്മയാണിത്. സാമ്പത്തികമായും മറ്റും അവര്‍ സ്വന്തം കാലില്‍ നില്‍ക്കുക കൂടി ചെയ്യുകയാണ് ഈ ജോലിയിലൂടെ. ഹന ഇപ്പോള്‍ സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ഒരു സംഘത്തിനൊപ്പമാണ് ജോലി ചെയ്യുന്നത്. എന്നാല്‍, പുരുഷന്മാര്‍ കൂടി ഉള്‍പ്പെട്ട ഒരു വലിയ സംഘത്തെ നയിക്കാന്‍ അവള്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. 2016 മുതല്‍ അവളും സംഘവും ഏകദേശം 27,000 മൈനുകളാണ് ഐസിസില്‍ നിന്നും മോചിപ്പിക്കപ്പെട്ട സ്ഥലത്തുനിന്നും നീക്കം ചെയ്‍തത്. 

ഇന്‍ടു ദ ഫയറില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ പറഞ്ഞത്, ആ സ്ഥലത്ത് തന്‍റെ സമുദായത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെല്ലാം അവള്‍ക്ക് മനസിലാവുന്നുണ്ട്, അവള്‍ കൂടി അനുഭവിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ അവളും അവളുടെ സംഘവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ അവള്‍ക്ക് സന്തോഷമുണ്ട് എന്നാണ്. ഒപ്പം ഒന്നുകൂടി അവള്‍ പറഞ്ഞു, ''ഈ സിനിമ, യസീദി സ്ത്രീകള്‍ എത്ര കരുത്തരാണെന്ന് ലോകത്തിന് മനസിലാക്കിക്കൊടുക്കും. ഞങ്ങളനുഭവിച്ച എല്ലാ ദുരിതത്തിനുശേഷവും, ഞ‌ങ്ങള്‍ തോറ്റുകൊടുക്കാതെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഞങ്ങളുടെ ജീവിതം ജീവിക്കുകയും ചെയ്യുമെന്നും ലോകമറിയണം...''