"എങ്ങനെ കോതിയാലും കാണാൻ അലമ്പില്ലാതിരിക്കണം. അതിന് കണക്കാക്കി വെട്ടണേ..."  - സലൂണിലെ കറങ്ങുന്ന കസേരയിൽ ഇരുന്നുകൊണ്ട് സഹീർ അഹമ്മദ് ബാർബറോട് പറഞ്ഞത് ഇതായിരുന്നു. സഹീർ അഹമ്മദ് സിന്ദാനി എന്നത് അഫ്ഗാനിസ്ഥാനിലെ പ്രസിദ്ധനായ ഒരു കവിയുടെ പേരാണ്. അന്ന് വൈകുന്നേരം അയാളുടെ വിവാഹമായിരുന്നു. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങൾ അയാളിൽ നിന്ന് കവർന്നെടുത്ത കൂട്ടത്തിൽ പലതുമുണ്ടായിരുന്നു. അച്ഛൻ, സഹോദരി, ആദ്യ പ്രണയം- ഏറ്റവും പ്രധാനപ്പെട്ടത് മറന്നു, അയാളുടെ കണ്ണുകൾ...

സഹീറിന് കാഴ്ച തെല്ലുമില്ല. അതാണ് അയാൾ ബാർബറോട് എങ്ങനെ ചീകിയാലും മുടി മെനയ്ക്കിരിക്കുന്നപോലെ വെട്ടാൻ പറഞ്ഞത്. എല്ലാം മായ്ച്ചുകളഞ്ഞ്, പുതുതായി ഒരു ജീവിതം തുടങ്ങാൻ അയാൾക്കൊരു അവസരം വന്നിരിക്കുകയാണ്. തന്റെ അമ്മ ഏറെ കഷ്ടപ്പെട്ട് അന്വേഷിച്ചുകണ്ടെത്തിയ പെൺകുട്ടിയുമൊത്ത് ഒരു ദാമ്പത്യജീവിതം ഇന്ന് തുടങ്ങുകയാണ് സഹീർ. അയാളുടെ ഇരുൾ വീണ കണ്ണുകൾക്കുള്ളിലും മധുരതരമായ ഒരു വൈവാഹിക ജീവിതത്തിന്റെ സ്വപ്നങ്ങളുണ്ട്.

സഹീർ ജീവിക്കുന്നത് കാണ്ഡഹാറിലാണ്. തെക്കൻ അഫ്ഗാനിസ്ഥാനിലെ തിരക്കുള്ള ഒരു പട്ടണമാണത്. തീപ്പെട്ടിക്കൂടുപോലെ അടുക്കിയടുക്കി വെച്ചിരിക്കുന്ന വീടുകള്‍. അവയ്ക്കിടയിലൂടെ തിങ്ങിഞെരുങ്ങി ഊർന്നുപോകുന്ന കളികൾ. കറന്റ് വല്ലപ്പോഴും മാത്രം കേറിവരുന്ന ഒരു അതിഥിയാണ് അവിടെ. തെരുവുകൾ സദാ ഇരുളടഞ്ഞാണ് കിടക്കുക. നഗരത്തിലേക്ക് വൈദ്യുതിഎത്തിച്ചിരുന്ന കേബിൾ ലൈൻ താലിബാൻ ബോംബുവെച്ചു തകർത്തതിൽ പിന്നെ അങ്ങനാണ്. കറന്റ് വല്ലപ്പോഴും കുറച്ചുനേരത്തേക്ക് ഒന്നുവന്നു പോയാലായി. ഫുൾടൈം ഇരുട്ടിലായിരിക്കുന്ന സഹീറിനെന്ത് പവർകട്ട്. അവൻ പതിവുപോലെ തന്റെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു അവരുടെ മൈലാഞ്ചിക്കല്യാണം നടന്നത്. അന്ന് നാട്ടിലെ ചടങ്ങുപോലെ, പ്രതിശ്രുത വരനും വധുവും പരസ്പരം കൈകളിൽ കുഞ്ഞുകുഞ്ഞ് പൂർണചന്ദ്രന്മാരെ മൈലാഞ്ചിയാൽ വരച്ചിട്ടു. അമ്മ ബീബി സെദികയാണ് എന്നും അവന്റെ ഊർജസ്രോതസ്സ്. ആ വീടിനെ അവർ തന്റെ ഉള്ളംകൈയിൽ എടുത്തുപിടിച്ചുകൊണ്ടുനടക്കുകയാണ്. അടുത്തദിവസം അവർ തന്റെ മരുമകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

"കുറച്ചധികം കാലമായേ, ഞങ്ങൾ ഒന്നു സന്തോഷിച്ചിട്ട്... ഒന്നും വിചാരിക്കരുത്" വിവാഹച്ചടങ്ങുകൾക്കിടെ സന്തോഷത്തിന്റെ അലകൾ ഒന്നടങ്ങിയപ്പോൾ ബീബി ആരോടോ പറഞ്ഞു. ബീബിക്കും ഭയമുണ്ട്. സ്ത്രീകൾ അങ്ങനെ ഒന്നിന്റെയും ശ്രദ്ധാകേന്ദ്രമാകുന്നത് അഫ്ഗാനിസ്ഥാനിലെ പുരുഷകേന്ദ്രീകൃത സമൂഹത്തിന് ഇഷ്ടമല്ല. ബീബി സമ്പാദിച്ചു കൊണ്ടുവരുന്നതുകൊണ്ടാണ് ആ കുടുംബം കഴിഞ്ഞുകൂടുന്നത് എങ്കിലും, തന്റെ പേര് വെള്ളിവെളിച്ചം തട്ടുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു. അത് ആരെയെങ്കിലും മുഷിപ്പിച്ചാലോ എന്ന ഭയം തന്നെ കാരണം.

പതിനാലാം വയസ്സിൽ വിവാഹിതയായ ബീബി, മൂന്നു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആയിക്കഴിഞ്ഞപ്പോൾ വിധവയായി. അമേരിക്കൻ അക്രമണങ്ങൾക്കിടെ എങ്ങുനിന്നെന്നില്ലാതെ ആകാശത്തുനിന്ന് താഴേക്കിറങ്ങിവന്ന ഒരു മിസൈലാണ് അവളുടെ ജീവിതത്തിലെ വെളിച്ചം കെടുത്തിയത്, ഭർത്താവിനെ ഇല്ലാതാക്കിയത്. അന്ന്  ഏഴുവയസ്സു തികഞ്ഞിരുന്നില്ല സഹീറിന്. അതോടെ ആ വീട്ടിലെ അടുപ്പു കെട്ടു. അഞ്ചുമക്കളും നിരന്തരം പട്ടിണിയായി. ഒടുവിൽ ഗതികെട്ട ഒരു ദിവസമാണ് അവൾ പാകിസ്ഥാൻ അതിർത്തിയോടു ചേർന്നുകിടക്കുന്ന ചമൻ എന്ന ഗ്രാമത്തിലേക്ക് കുടിയേറുന്നത്. അവിടെ പാർത്തുകൊണ്ടവൾ പാകിസ്താനിലെ ധനികരുടെ വീടുകളിൽ കൂലിപ്പണിയെടുത്തു. വീട് തൂത്തുവാരിയും, എച്ചിൽപ്പാത്രങ്ങൾ മോറിയും മക്കളെ പോറ്റാൻ വേണ്ട പണമുണ്ടാക്കി. വീടിനടുത്തുള്ള മെക്കാനിക്കിന്റെ കടയിൽ ദിവസക്കൂലിക്ക് കയ്യാളായി ഇരുന്നുകൊണ്ട് സഹീറും സഹോദരനും അവർക്ക് സഹായമായി.

അതിനിടെ, പതിനേഴാമത്തെ വയസ്സിൽ സഹീറിന് ഒരു പ്രണയമുണ്ടായി. കുഞ്ഞുന്നാൾ മുതലുള്ള കളിക്കൂട്ടുകാരി തന്നെയായിരുന്നു സഹീറിന്റെ പ്രണയിനിയും. അവർതമ്മിലുള്ള പ്രണയം നാട്ടിൽ എല്ലാവർക്കുമറിയാമായിരുന്നു. ഒന്നും ആരിൽ നിന്നും ഒളിക്കാനില്ലായിരുന്നു അവർക്ക്. പരസ്പരം സമ്മാനങ്ങൾ കൈമാറിയും, ഇടയ്ക്കിടെ പൊതുസ്ഥലങ്ങളിൽ വെച്ചുതന്നെ പരസ്പരം കണ്ടുമുട്ടിയും അതങ്ങനെ തളിർത്തുവന്നു. അപ്പോഴാണ് സഹീറിന്റെ ജീവിതത്തിലെ അടുത്ത അശനിപാതമുണ്ടാകുന്നത്. സഹീറും സഹോദരിയും കൂടി ഒരു ബസ്സിൽ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലുള്ള തങ്ങളുടെ ഒരു ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ആ ബസ്സ് താലിബാന്റെ ലാൻഡ് മൈനിന് ഇരയായി. സഹോദരി തൽക്ഷണം മരിച്ചു. സഹീറിന്റെ കണ്ണിന്റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അവന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു പിടിക്കാൻ അമ്മ ബീബി പരമാവധി ശ്രമിച്ചു. പല ആശുപത്രികളിലും മകനെയും കൊണ്ട് കേറിയിറങ്ങി. ഒന്നും നടന്നില്ല. സ്ഫോടനം അവന്റെ കണ്ണുകളുടെ നാഡികളെ പൂർണമായും തകർത്തുകളഞ്ഞതിനാൽ ഒന്നും ചെയ്യാനാകില്ല എന്ന മറുപടിയാണ് എല്ലാ കണ്ണുഡോക്ടർമാരും ഒരേസ്വരത്തിൽ ആ അമ്മയോട് പറഞ്ഞത്.

അതോടെ, ബീബിക്ക് അവിടത്തെ ജീവിതം ഭയമായി. അവർ കുടുംബ സമേതം കാണ്ഡഹാറിലേക്ക് തിരികെപ്പോന്നു. അടുത്ത രണ്ടുവർഷം അവരുടെ നിയോഗം, നഗരത്തിലെ പോളിയം വാക്സിനേറ്ററുടേതായിരുന്നു. വീടുവീടാന്തരം കേറിയിറങ്ങി ബീബി കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്നുകൾ നൽകി. മൂന്നാം ക്ലാസിൽ വെച്ച് നിർത്തേണ്ടി വന്ന പഠനവും അവർ നൈറ്റ് ക്ലാസുകളിലൂടെ തിരിച്ചു പിടിക്കാൻ ശ്രമങ്ങൾ തുടങ്ങി. ഇന്ന് ബീബി സെദിക്ക ഒരു സാക്ഷരതാ അധ്യാപികയാണ്. അവർ അഫ്ഗാനിസ്ഥാനിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് മുതിർന്നവരെ അക്ഷരം അഭ്യസിപ്പിക്കുന്നു. രാത്രിയിലുള്ള സ്വന്തം പഠനവും ഒപ്പം തുടരുന്നുണ്ട്. മോന്റെ കല്യാണത്തിന് തൊട്ടുമുമ്പാണ് ബീബി പതിനൊന്നാം ക്ലാസ്സിലെ പരീക്ഷ പാസായത്.

കണ്ണിനു കാഴ്ചയില്ലെങ്കിലും സഹീറും സഹോദരനും ചേർന്ന് ഐസുകട്ടകൾ വിൽക്കുന്ന ബിസിനസ് ചെയ്യുന്നുണ്ട്. സഹീറിനെ വിവാഹം കഴിപ്പിക്കാൻ കുടുംബത്തിന് ധൃതിയായത് ഒരു അപമാനത്തിന്റെ കയ്പുനീർ കുടിച്ചപ്പോഴാണ്. അപകടം കഴിഞ്ഞ് സഹീറിന്റെ കാഴ്ച ഇനി തിരിച്ചുകിട്ടില്ല എന്നുറപ്പായപ്പോൾ, അത്രയും കാലം പ്രാണനും പ്രാണനായി കൂടെ നിന്ന കളിക്കൂട്ടുകാരി, അവന്റെ പ്രണയിനി, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കാരണമായി പറഞ്ഞതുകൊണ്ട് അവനെ വളരെ നയത്തിൽ അങ്ങൊഴിവാക്കി. തൊട്ടടുത്തമാസം തന്നെ അവർ ആ പെൺകുട്ടിയെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകുകയും ചെയ്തു. അതോടെ സഹീറിന് വാശിയായിരുന്നു. അവന്റെ അന്ധത  ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു പോറ്റുന്നതിന് ഒരു തരത്തിലും തടസ്സമാവുന്നില്ലെന്ന് സമൂഹത്തെ, വിശേഷിച്ച് ആ വീട്ടുകാരെ, തന്റെ കാമുകിയെ ബോധിപ്പിക്കണം. അതിനുവേണ്ടിക്കൂടിയാണ് അവന്റെ ഈ വിവാഹം.

എന്നാൽ, മോന് ചേരുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തുക എന്ന പണി അത്ര എളുപ്പത്തിലൊന്നുമല്ല ബീബി നടത്തിയെടുത്തത്. പതിനെട്ടു വീടുകൾ കേറി പെണ്ണുകണ്ടിട്ടാണ് ഇങ്ങനെ ഒരു ബന്ധത്തിലേക്ക് എത്തിച്ചേർന്നത്. മിക്കവാറും പേരുടെ മറുപടി ഇങ്ങനെയായിരുന്നു, "എന്തുനല്ല നല്ല പയ്യനാണ് സഹീർ. അവൻ കണ്ണുപൊട്ടനല്ലായിരുന്നെങ്കിൽ ഞങ്ങൾ ഞങ്ങളുടെ മകളെ നിങ്ങൾക്ക് തന്നേനെ..." അപ്പോൾ ബീബി പറഞ്ഞു നോക്കും, "അതൊക്കെ ചികിത്സിച്ചു ഭേദമാകും ഞാൻ...". അപ്പോൾ അവരൊക്കെ പറയും, " ആദ്യം കാഴ്‌ച തിരിച്ചു കിട്ടട്ടെ. എന്നിട്ടുവരൂ. എന്നിട്ടാകാം കല്യാണം."

മകന്റെ ചികിത്സയുടെ കാര്യത്തിൽ ബീബിക്ക് എന്നും അസ്തമിക്കാത്ത പ്രതീക്ഷകളുണ്ടായിരുന്നു. തന്റെ കയ്യിലുണ്ടായിരുന്ന പണ്ടങ്ങളൊക്കെ വിറ്റ് അവരൊരിക്കല്‍ കാബൂൾ വരെ അവനെ കൊണ്ടുപോയതുമാണ്. ഒക്കെ ശരിയാവും എന്ന് വാക്കുപറഞ്ഞിരുന്നതാണ് ഡോക്ടർ. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞിട്ടും സഹീറിന് കാഴ്ചകിട്ടിയില്ല.

അതിനിടെയാണ് ബീബി സീമയെ കണ്ടുമുട്ടുന്നത്. അവൾ വീട്ടിൽ ഖുർആൻ ക്ലാസ് നടത്തുന്ന ഒരു ഇരുപതുകാരിയായിരുന്നു. പോളിയോ വാക്സിൻ കൊടുക്കാൻ പോയപ്പോൾ കണ്ടുമുട്ടിയ ആ യുവതിയെ ബീബിക്ക് നന്നേ ബോധിച്ചു. അവർ പിന്നെയും കാരണങ്ങളുണ്ടാക്കി സീമയെ കാണാൻ ചെന്നു. ആ കുടുംബത്തോട് അടുപ്പം സ്ഥാപിച്ചു. സഹീറിനെ സീമയ്ക്ക് പരിചയപ്പെടുത്തി. ഒരു വർഷത്തെ നിരന്തര പരിശ്രമത്തിനു ശേഷമാണ് സീമയുടെ വീട്ടുകാരെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാൻ ബീബിക്ക് സാധിച്ചത്.

സഹീറിന്റെ മനസ്സിൽ സന്തോഷത്തിന്റെ പെരുമ്പറയടികൾ മുഴങ്ങിത്തുടങ്ങിയിരുന്നു. ജീവിതം മുന്നോട്ടുവെച്ച പരീക്ഷണങ്ങളെ അവൻ നേരിട്ടത് തന്റെ ഉൾക്കണ്ണിൽ വിരിഞ്ഞ കവിതയിലൂടെയായിരുന്നു. ജീവിതത്തിന്റെ വൈരുധ്യങ്ങളിൽ അവൻ കവിതകണ്ടെത്തി. അത് കടലാസിലേക്ക് പകർത്തി. ആദ്യ പ്രണയത്തിന്റെ അപ്രതീക്ഷിതമായ പൂർണ്ണവിരാമം തന്നെയായിരുന്നു അവന്റെ കവിതയ്ക്കുള്ള തീപ്പൊരി. വിവാഹ രാത്രിയിൽ മണവാളന്റെ വേഷത്തിലിരുന്നുകൊണ്ട് സഹീർ തന്റെ ഏറ്റവും പുതിയ കവിതയിലെ രണ്ടു വരികൾ ചൊല്ലി, 

"ഞാൻ ഈ ഗലിയിലേക്ക് കടന്നുവന്നത്, എന്റെ പ്രണയിനിയെത്തേടിയാണ്. ഇവിടെ തകർന്നടിഞ്ഞ ചുവരുകൾക്കിടയിലൂടെ ഞാൻ ഉഴന്നു നടക്കുകയാണ്. എന്റെ നിശ്വാസങ്ങൾ അവൾ കേൾക്കുന്നുണ്ടാകുമോ ദൈവമേ..?"

കണ്ണുകളിലെ വെളിച്ചം കെട്ടുപോകും മുമ്പ് ഈ ലോകത്തു നിന്ന് അവന്റെ കണ്ണുകൾ ഹൃദയത്തിലേക്ക് ആലേഖനം ചെയ്തുവെച്ച ബിംബങ്ങളാണ് ഇന്നും അവന്റെ കവിതകളിലുള്ളതെന്ന് സഹീർ പറയുന്നു. കുഴിബോംബ് കണ്ണുകളിലെ വെളിച്ചം കെടുത്തിയ ശേഷം, പുതുതായി പരിചയപ്പെടുന്നവരെ മനസ്സിൽ ഓർക്കാൻ അവനു സാധിക്കാറില്ല. അതിന്റെ സങ്കടമുണ്ടവന്. 

"തുറന്നു പിടിച്ച കണ്ണുകൾ കൊണ്ട് ഒരുവൻ പ്രേമിക്കുന്നതുപോലെയല്ല, അടഞ്ഞുപോയ കണ്ണുകളുള്ളവന്റെ പ്രേമം.
 കണ്ണുകൊണ്ടുകാണാതെ ഒരാളെ പ്രണയിക്കുമ്പോൾ ഒരിക്കലും നമ്മുടെ പ്രണയദാഹം പൂർണമായും ശമിക്കുന്നില്ല."

സഹീര്‍ പറയുന്നു.