സിംഗപ്പൂരിൽ ഒരു വീട്ടുജോലിക്കാരി ചൂഷണം നേരിടുന്നതായി വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാവിലെ 5 മുതൽ രാത്രി 9.30 വരെ ജോലി ചെയ്യണം, തുച്ഛമായ ഭക്ഷണമാണ് നല്‍കുന്നതെന്നും പോസ്റ്റില്‍ കാണാം.

സിം​ഗപ്പൂരിലെ ഒരു വീട്ടുജോലിക്കാരിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിം​ഗപ്പൂരിലെ ഡൊമസ്റ്റിക് വർക്കേഴ്സിനുള്ള ഫേസ്ബുക്ക് ​ഗ്രൂപ്പിലാണ് അജ്ഞാതനായ ഒരാൾ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തിന്റെ അവസ്ഥയാണ് ഇത് എന്നും പോസ്റ്റിൽ പറയുന്നു. വീട്ടുജോലിക്കാരിയായ അവരെക്കൊണ്ട് വീട്ടുടമ കഠിനാധ്വാനം ചെയ്യിപ്പിക്കുകയാണ് എന്നും എന്നാൽ ഭക്ഷണം പോലും മര്യാദയ്ക്ക് നൽകുന്നില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഒപ്പം അവർ ജോലിക്കാരിക്ക് കഴിക്കാൻ നൽകുന്ന ഭക്ഷണത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

പോസ്റ്റ് വായിക്കാം;

എല്ലാവർക്കും നമസ്കാരം, ഇത് ഒരു സുഹൃത്തിന് വേണ്ടിയാണ്. അവൾ വലിയ ബുദ്ധിമുട്ടിലാണ്. ഇവിടെ (സിം​ഗപ്പൂർ) വന്നിട്ട് ഇപ്പോൾ 3 മാസമായി, എന്തുചെയ്യണം എന്ന കാര്യത്തിൽ അവൾക്ക് കുറച്ച് ഉപദേശം വേണ്ടതുണ്ട്. രാവിലെ 5 മണി മുതൽ രാത്രി 9.30 വരെയാണ് അവളുടെ ജോലി സമയം. ഉച്ചയ്ക്കും രാത്രിയും കഴിക്കാൻ തൊഴിലുടമ നൽകുന്നത് ഈ ഫോട്ടോയിലുള്ള ഭക്ഷണം മാത്രമാണ്. ഇത് തികയുന്നില്ലെങ്കിൽ സ്വന്തം പണം കൊടുത്ത് വാങ്ങി കഴിക്കാനാണ് അവർ പറയുന്നത്.

ടോയ്‌ലറ്റ് പേപ്പർ, സോപ്പ്, ഷാംപൂ തുടങ്ങിയവ പോലും സ്വന്തം പണം കൊടുത്ത് വാങ്ങാനാണ് അവളോട് അവർ പറയുന്നത്. ഇതൊക്കെ തൊഴിലുടമ നൽകേണ്ടതല്ലേ? ഇവിടെ എത്തിയ ആദ്യ ദിവസം തന്നെ നിർബന്ധിച്ച് കരാറിൽ ഒപ്പിടുവിച്ചതിനാൽ ഇപ്പോൾ മറ്റ് വഴികളില്ല എന്നാണ് അവൾ കരുതുന്നത്.

6 മാസത്തെ ലോൺ തിരിച്ചടവ് (Loan deduction) ആണ് അവൾക്കുള്ളത്. ലോൺ കാലാവധി കഴിഞ്ഞാൽ മറ്റൊരു വീട്ടിലേക്ക് മാറാൻ അവൾ ചോദിച്ചെങ്കിലും 'അറിയില്ല/പറ്റില്ല' എന്ന മറുപടിയാണ് അവർ നൽകുന്നത്, അതിനെക്കുറിച്ച് സംസാരിക്കാൻ പോലും തൊഴിലുടമ തയ്യാറല്ല.

ഏജന്റ് അവളുടെ പാസ്‌പോർട്ട് നേരിട്ട് തൊഴിലുടമയ്ക്ക് നൽകുകയായിരുന്നു. ഇപ്പോൾ അത് അവരുടെ കൈവശമാണ്. അവളുടെ പാസ്‌പോർട്ട് അവളുടെ കയ്യിലില്ല. ഇത് നിയമപരമാണോ? അവൾ വലിയ പേടിയിലും മാനസിക വിഷമത്തിലുമാണ്.

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. ഇത്രയും കുറച്ച്, ഇത്രയും മോശം ഭക്ഷണമാണ് ജോലിക്കാരിക്ക് നൽകുന്നത് എന്നത് പലരേയും ഞെട്ടിച്ചു. നായകൾക്ക് പോലും ഇതിനേക്കാൾ നല്ല ഭക്ഷണം നൽകുമല്ലോ എന്നാണ് പലരും പ്രതികരിച്ചത്. സഹായത്തിനായി സമീപിക്കേണ്ട ഓർ​ഗനൈസേഷനുകളെ കുറിച്ചും ആളുകൾ കമന്റിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.