27  ഒക്ടോബർ: രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങളുടെ ആവേശത്തിലായിരുന്നു. രാത്രി ഏറെ വൈകുവോളം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള കുടുംബങ്ങൾ ദീപാവലിയുടെ പടക്കങ്ങൾ പൊട്ടിച്ചു. പരസ്പരം വീടുകൾ സന്ദർശിച്ചും, ദീപാവലി മധുരം പങ്കിട്ടും, വൈകുന്നേരങ്ങളിൽ വെടിപറഞ്ഞിരുന്നും, വിഭവസമൃദ്ധമായ അത്താഴങ്ങൾ പങ്കിട്ടുമൊക്കെ അവർ വർഷത്തിലൊരിക്കൽ മാത്രം വിരുന്നുവരുന്ന ആ ഉത്സവത്തെ വരവേറ്റു. അതുകഴിഞ്ഞവർ ഷോപ്പിങ്ങിനും, നഗരം ചുറ്റാനും, ദീപാവലി റിലീസ് സിനിമകൾ കാണാനും ഒക്കെയായി പോയി. രാത്രി ഏറെ ഇരുട്ടിയ ശേഷവും സ്വന്തം വീടുകളിലേക്ക് സുരക്ഷിതരായി തിരിച്ചുപോന്നു. അടുത്തദിവസം നേരം പുലരും വരെയും സമാധാനമായി കിടന്നുറങ്ങി.  

ഇതൊക്കെ എങ്ങനെ സാധിച്ചു എന്നറിയുമോ? അത് സാധ്യമായത് ഇന്ത്യ മുഴുവൻ ആഘോഷങ്ങളുടെ തിമിർപ്പിൽ മുഴുകിയപ്പോഴും, നാടും വീടും വിട്ടുവന്ന്, രാജ്യത്തിൻറെ നാനാഭാഗങ്ങളിലായി പലരും ഡ്യൂട്ടിയിൽ വ്യാപൃതരായിരുന്നതുകൊണ്ട്. അതിർത്തികളിൽ അവർ ഉറക്കമിളച്ച് പട്രോളിങ്ങിന് ഇറങ്ങിയിരുന്നതുകൊണ്ട്. നമ്മുടെ നാടുകാക്കുന്ന നമ്മുടെ ധീരരായ ജവാന്മാർ, നമ്മുടെ പട്ടാളക്കാർ. എന്നാൽ ഈ ദീപാവലിക്ക് ചെറിയൊരു വിശേഷമുണ്ടായി. അവരിൽ ഒരാളെ ഒരു കൊച്ചുകുഞ്ഞ് ഒന്ന് സന്തോഷിപ്പിച്ചു. എങ്ങനെയെന്നോ? തന്റേതായ രീതിയിൽ ഒന്ന് ദീപാവലി ആശംസിച്ചുകൊണ്ട്. ദില്ലി ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷനിൽ കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന CISF ഭടനോടുള്ള ആ കുട്ടിയുടെ ദീപാവലി ആശംസ ആ സൈനികനെ മാത്രമല്ല സന്തോഷിപ്പിച്ചത്, തങ്ങളുടെ ഔദ്യോഗിക ഐഡിയിൽ നിന്ന് CISF അധികൃതർ ആ കുട്ടിയുടെ ആശംസാ കാർഡ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. 

 

 

സന്തോഷം ജനിപ്പിക്കുന്ന ഒരു പെരുമാറ്റം എന്നാണ് CISF ഈ ഗ്രീറ്റിങ്ങ് കാർഡിനെ വിശേഷിപ്പിച്ചത്. കാർഡുകൊടുത്ത ഭടനെ മാത്രമല്ല, നാട്ടിൽ പലയിടങ്ങളിലായി നിയോഗിക്കപ്പെട്ട് വേണ്ടപ്പെട്ടവരിൽ നിന്നും അകന്ന് ഒറ്റയ്ക്ക് ദീപാവലി കഴിച്ചുകൂട്ടുന്ന എല്ലാ പട്ടാളക്കാർക്കും ആ കുരുന്ന് തന്റെ നന്ദി അറിയിക്കുകയും, ദീപാവലിയുടെ സന്തോഷം ആശംസിക്കുകയും ചെയ്തു. 

ആ പെൺകുട്ടി ഗ്രീറ്റിങ് കാർഡിൽ തന്റെ സ്വന്തം കൈപ്പടയിൽ ഇങ്ങനെ എഴുതി, 

"ഡിയർ പൊലീസ് ഓഫീസേഴ്‌സ് ആൻഡ് ജവാൻസ്‌. നിങ്ങളുടെ ത്യാഗവും ധീരതയും ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നുണ്ട്. നിങ്ങൾ ഒറ്റയ്ക്കാണ് എന്നൊരിക്കലും ധരിക്കരുതേ. ഈ രാജ്യം ഒന്നടങ്കം ഒറ്റമനസ്സോടെ നിങ്ങളുടെയും നിങ്ങൾക്കും കുടുംബത്തിനും ഒപ്പമുണ്ട്. നിങ്ങളുടെ അർപ്പണബോധത്തിനും രാജ്യത്തോടുള്ള കൂറിനും നന്ദി. നിങ്ങളിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. 

നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു. നിങ്ങൾക്ക് ആയുരാരോഗ്യസൗഖ്യങ്ങളുണ്ടാകുമാറാകട്ടെ.. " 

എന്ന് സ്നേഹത്തോടെ 

മാൻവി