ആറുമാസത്തെ വിദേശവാസം തന്നെ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ച് എക്സിൽ പങ്കുവെച്ച് യുവതി. ഈ ആറ് മാസം കൊണ്ട് തനിക്ക് ആറ് വയസ് കൂടിയതുപോലെ തോന്നുന്നുവെന്നും ഹോംസിക്ക്നെസ് സത്യമാണ് എന്നും യുവതി.
പലപ്പോഴും വിദേശത്ത് പോയി താമസിച്ച് തുടങ്ങുമ്പോഴാണ് നമ്മുടെ രാജ്യത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചും, കരിയറിനെ കുറിച്ചും, കുടുംബത്തെ കുറിച്ചുമെല്ലാം ഒരു വ്യക്തമായ ധാരണ നമ്മളിലുണ്ടാകുന്നത്. അതുപോലെ, ഒരു മുൻ ഗൂഗിൾ ജീവനക്കാരിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ആറുമാസത്തെ വിദേശവാസം തന്റെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിമറിച്ചുവെന്നാണ് ഇവർ പറയുന്നത്. ഗൂഗിൾ, എക്സ് (ട്വിറ്റർ), ഇൻറ്റൂയിറ്റ് എന്നിവടങ്ങളിൽ ഫോർവേഡ് ഡിപ്ലോയ്ഡ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അനു ശർമ്മയാണ് എക്സിൽ ഈ കുറിപ്പ് പങ്കുവെച്ചത്.
'കഴിഞ്ഞ 6 മാസമായി ഞാൻ വിദേശത്താണ് ജീവിക്കുന്നത്. ഞാൻ പ്രതീക്ഷിക്കാത്ത 6 പാഠങ്ങൾ ഇതാ' എന്നാണ് പോസ്റ്റ് ആരംഭിക്കുന്നത്.
നിങ്ങളുടെ ജീവിതനിലവാരം ഒരേസമയം മെച്ചപ്പെടുകയും താഴേക്ക് പോവുകയും ചെയ്യും.
നാട്ടിൽ എത്രത്തോളം അവസരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ വിദേശജീവിതം സഹായിച്ചു. വിദേശത്തേക്ക് മാറിയത് എന്നെ ഇന്ത്യയെക്കുറിച്ച് കൂടുതൽ പ്രതീക്ഷയുള്ളവളാക്കി മാറ്റി എന്നതാണ് വൈരുദ്ധ്യം.
ഹോം സിക്ക്നെസ് സത്യമാണ്. നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ അത് നിങ്ങളെ ബാധിക്കും.
നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ കുടുംബമായി മാറും. ഇവിടെ എനിക്ക് കാണാൻ കഴിഞ്ഞ ഈ നല്ല മനുഷ്യരോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
നിങ്ങൾ ഊഹിച്ചതിലും കൂടുതൽ സ്വതന്ത്രരായി മാറും. ആറുമാസം കൊണ്ട് ആറുവർഷത്തെ പ്രായം കൂടിയതുപോലെയാണ് എനിക്ക് തോന്നുന്നത്.
വീട് എന്നത് ഒരു സ്ഥലമല്ല. അത് അവിടെയുള്ള മനുഷ്യരുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് നിങ്ങൾ തിരിച്ചറിയും. നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നിൽ ജീവിക്കാം, എന്നാൽ നിങ്ങൾ സ്നേഹിക്കുന്ന ആളുകൾ അവിടെയില്ലെങ്കിൽ, എപ്പോഴും എന്തോ ഒരു കുറവ് അനുഭവപ്പെടും.
അടുത്ത ഏതാനും മാസങ്ങൾ താൻ ഡെൽഹിയിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്. നിരവധിപ്പേരാണ് അനു പറഞ്ഞത് സത്യമാണ് എന്ന് കമന്റുകൾ നൽകിയിരിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും വീടും കുടുംബവുമൊക്കെയായി സന്തോഷത്തോടെ കഴിഞ്ഞവർക്ക് വിദേശത്തെ ജോലി അല്പം കഠിനം തന്നെ എന്ന് തെളിയിക്കുന്നതാണ് അനുവിന്റെ അനുഭവം.
