Asianet News MalayalamAsianet News Malayalam

സ്‌കൂട്ടര്‍ പണയം വെച്ചു, ആ കാശു കൊണ്ട് മുണ്ട് ബിസിനസ് തുടങ്ങി, ശ്രീലക്ഷ്മിയുടെ അതിജീവനകഥ

കൈയിലെ കാശ് തീര്‍ന്ന് പാപ്പരായപ്പോള്‍ പുറത്തിറങ്ങാതെ തരമില്ലല്ലോ. അടുത്തകാലത്തായി പരിചയപ്പെട്ട ജിത്തുവിനോടൊപ്പം അച്ചാര്‍, പച്ചക്കറി, പഴങ്ങള്‍, ഉണക്കമീന്‍ എന്നിവ വില്‍ക്കാന്‍ പോയി.

Lock down job cuts unemployment and suicide by Sreelakshmi P
Author
Thiruvananthapuram, First Published Sep 4, 2020, 5:34 PM IST

എല്ലാറ്റിനെയും അടച്ചുപൂട്ടിയ ലോക്ക്ഡൗണ്‍കാലത്ത് മനുഷ്യര്‍ എങ്ങനെയൊക്കെയാണ് അതിജീവിച്ചത്? ജോലിയില്ലാതെ, ശമ്പളമില്ലാതെ, യാത്രകളില്ലാതെ എത്രകാലമാണ് ജീവിക്കാനാവുക? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പല വാര്‍ത്തകള്‍ നമ്മുടെ മുന്നിലുണ്ട്. ഒറ്റ ദിവസം കൊണ്ട് ജോലി പോയവര്‍. നിയമനങ്ങള്‍ നടക്കാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായവര്‍. പൊടുന്നനെ ജീവിതം വഴിമുട്ടിയതിനാല്‍ ആത്മഹത്യ ചെയ്തവര്‍. അതിലൊന്നും പെടാത്തതാണ് ശ്രീലക്ഷ്മിയുടെ ജീവിതാനുഭവം. ഇച്ഛാശക്തിയും ധീരതയും അധ്വാനവും കൊണ്ട് പുതിയ വഴി വെട്ടിത്തുറന്ന അനുഭവം. ജോലി ചെയ്ത് വാങ്ങിയ സ്‌കൂട്ടര്‍ വിറ്റ് ഓണ്‍ലൈനില്‍ മുണ്ടു വില്‍പ്പന ആരംഭിച്ച ശ്രീലക്ഷ്മിയുടെ ജീവിതകഥ. ഫേസ്ബുക്കിലൂടെയാണ്, അതുവരെ ചെയ്തുപരിചയമില്ലാത്ത ബിസിനസ് ശ്രീലക്ഷ്മി നടത്തുന്നത്. പി എസ് സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, എല്ലാറ്റിനും കാരണം ജോലിയില്ലായ്മയാണ് എന്നെഴുതിവെച്ച ആത്മഹത്യ ചെയ്ത ചെറുപ്പക്കാരന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളോട് ജീവിതം കൊണ്ട് പ്രതികരിക്കുകയാണ് ഈ കുറിപ്പില്‍ ശ്രീലക്ഷ്മി.

 

Lock down job cuts unemployment and suicide by Sreelakshmi P

 

പണിചെയ്യുകയെന്നത് ആശ്വാസമാണ്, ധൈര്യമാണ്, കഴിവാണ്, പ്രതീക്ഷയാണ്. ശീലമാണ്. പണി ചെയ്യാന്‍ പറ്റാത്ത അവസ്ഥ നരകമാണ്. ഇത് എന്റെ അഭിപ്രായമാണ്, തെറ്റാവാം. 

കാശിന് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനും സ്വന്തം ഊര്‍ജ്ജം  ഉപയോഗപ്പെടുത്താനും  ജീവിച്ചിരിക്കാനുംവേണ്ടിയാണ് ഞാന്‍ പണിയെടുക്കുന്നത്. ലോക്ഡൗണിനു മുമ്പുവരെ ഒരു ട്രൈബല്‍ സ്‌കൂളില്‍ താല്‍കാലിക അധ്യാപികയായിരുന്നു. ഇപ്പോ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല.

സ്‌കൂള്‍ പൂട്ടുന്ന കാര്യം ആലോചിച്ച് നാലുമാസം മുമ്പേ ടെന്‍ഷനുണ്ടായിരുന്നു. രണ്ടു മാസത്തെ അടവിന്റെ സമയത്ത് എന്ത് പണിക്കു പോകും എന്നാലോചിച്ചുള്ള ടെന്‍ഷന്‍. അങ്ങനെ എസ് എസ് എ ക്ലാസുകള്‍ എടുക്കാം എന്ന് തീരുമാനമായി. പക്ഷേ ഒന്നും വേണ്ടി വന്നില്ല. കൊറോണയ്ക്ക് എന്നെക്കാളും വലിയ വാശി. 

ജോലിയുള്ളതിന്റെ സമാധാനം ഒന്നു വേറെത്തന്നെയാണ്. അവനവന്റെ കാര്യത്തിലെങ്കിലും ധൈര്യമായി അഭിപ്രായം പറയാം. ജോലിയില്ലെങ്കില്‍ വഴിയെ പോകുന്ന എല്ലാവരും നമ്മുടെ കാര്യത്തില്‍ അഭിപ്രായം പറയും. വീട് അതൊക്കെ മുഖവിലക്കെടുക്കുകയും ചെയ്യും.  നിലവിലെ സാഹചര്യത്തില്‍ എങ്ങോട്ടും ഇറങ്ങിപ്പോകാനും കഴിയില്ല. 

അരിഷ്ടിച്ച് ജീവിക്കാനുള്ള കാശുണ്ട്, വായിക്കാന്‍ പുസ്തകമുണ്ട്, കയറാന്‍ മരമുണ്ട്, കുളിക്കാന്‍ പുഴയുണ്ട്. എനിക്ക് അധികപ്രസംഗം നടത്താന്‍ അച്ഛമ്മയുണ്ട്. പഠിക്കാനൊരുപാടുണ്ട്. വേഗം ഒരു സ്ഥിരം ജോലി വാങ്ങേണ്ടതുണ്ട്. വെപ്പും തീനും കുടിയും കുളിയും തിരുമ്പലും കഴിഞ്ഞാല്‍ ഒരുപാട് നേരമുണ്ട്.  പക്ഷേ ഒന്നും നടന്നില്ല. പണിക്കു പോകുമ്പോള്‍ പഠിച്ചിരുന്നത്രയും പഠിക്കാന്‍ കഴിഞ്ഞില്ല.  രാവിലെ എന്തെങ്കിലും ലക്ഷ്യത്തോടെ വീട്ടില്‍ നിന്നിറങ്ങി സ്‌കൂളില്‍ ചെന്ന് കുട്ടികളോട് ശാസിച്ചും ചിരിച്ചും പിണങ്ങിയും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചായ കുടിച്ചും വൈകിട്ട് വീട്ടിലെത്താന്‍ വൈകുന്നതിന് അച്ഛമ്മ പറയുന്ന ഉപമകള്‍ കേട്ടും ജീവിച്ചിരുന്ന ദിവസങ്ങള്‍ എത്ര മനോഹരം.  എവിടേക്കും പോകാനും കഴിയില്ല. ചെയ്യാനും ഒന്നുമില്ല. 

വീട് എന്നെ സംബന്ധിച്ചിടത്തോളം ഒരു ടാസ്‌കാണ്. 18 വര്‍ഷത്തിനു ശേഷമാണ് 10 മാസം സ്ഥിരമായി വീട്ടില്‍ താമസിക്കുന്നത്. ജോലിയില്ലാത്തപ്പോഴുള്ള വീട് ഒരു കോടതി മുറിയാണ്. പോരാത്തതിന് 'പാലിന്‍വെള്ളത്തില്‍ കിട്ടിയ പണി'കളുടെ അനന്തരഫലങ്ങള്‍. എന്നോളം പ്രതിരോധശേഷിയില്ലാത്ത എന്റെ പ്രേമം വൈറസ് ബാധിച്ച് മരിച്ചു. 

എന്തിനേയും വളരെ ക്രിയേറ്റീവായി ഞാന്‍ മറികടക്കും. പക്ഷേ പണിയുണ്ടായിരുന്നെങ്കില്‍ അത് മറ്റൊരു തരത്തിലായേനെ.

ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത ഒരു ലഹരി പോലെയാണെനിക്കു തോന്നിയത്. ഒരു പാട് ചിന്തിച്ച് അവസാനം വേണ്ടാന്നു വെച്ചു. പണിയില്ലായ്മയും പണിയെടുക്കാനവസരമില്ലായ്മയും മരിക്കാനുള്ള കാരണമായേക്കുന്നതില്‍ അത്ഭുതമില്ല.  

കൈയിലെ കാശ് തീര്‍ന്ന് പാപ്പരായപ്പോള്‍ പുറത്തിറങ്ങാതെ തരമില്ലല്ലോ. അടുത്തകാലത്തായി പരിചയപ്പെട്ട ജിത്തുവിനോടൊപ്പം അച്ചാര്‍, പച്ചക്കറി, പഴങ്ങള്‍, ഉണക്കമീന്‍ എന്നിവ വില്‍ക്കാന്‍ പോയി. എന്റൊപ്പം സ്‌കൂളില്‍ ജോലി ചെയ്ത മാഷാണ്. ഊരുകളില്‍ കയറിയിറങ്ങി ഞങ്ങള്‍ ഓരോ സാധനങ്ങളും വിറ്റു. ലാഭം കിട്ടി. പ്രതീക്ഷയും. അവിടെ തുടങ്ങിയതാണ് പുതിയ അധ്വാനം. വഴി കണ്ടാല്‍ പിന്നെ മടിച്ച് നിക്കരുത്. ഓടണം. 

സ്വന്തമായി കാശുണ്ടാക്കി വാങ്ങിയ സ്‌കൂട്ടര്‍ ആരോടും ചോദിക്കാതെ പണയം വെച്ചു. ആ കാശു കൊണ്ട് മുണ്ട് ബിസിനസ് തുടങ്ങി.. മൊതലാളിമാരാകാനല്ല., ജീവിച്ചിരിക്കാനാണ്. കഴിയുമെങ്കില്‍ ജീവിപ്പിക്കാനാണ്. അതേയുള്ളു ലക്ഷ്യം.

 

പ്രിയപ്പെട്ടവരേ.., ജീവിക്കാനായി ഞാനൊരു പുതിയ വഴി കൂടി പരീക്ഷിക്കുന്നു. കോട്ടൺ ഒറ്റമുണ്ടുകളുടെ വിപണനം. 190 രൂപയാണ്...

Posted by Sreelakshmi Sree on Tuesday, 25 August 2020

 

ഇന്ന് വിശപ്പുണ്ട്, ദാഹമുണ്ട്, ക്ഷീണമുണ്ട്, കിടന്നാല്‍ ഉറക്കമുണ്ട്.

പി എസ് സി നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, എല്ലാറ്റിനും കാരണം ജോലിയില്ലായ്മ എന്ന് കടലാസിലെഴുതി, ആത്മഹത്യ ചെയ്ത ഒരാളുടെ കുറിപ്പ് ഫേസ്ബുക്കില്‍ കണ്ടിരുന്നു. അത് എഴുതിയ ആളോട്, അങ്ങനെയുള്ള ആലോചനയില്‍ ചെന്നെത്തിനില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അവരോട് പറയാനുണ്ട്: പണിയില്ലായ്മ മരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാരണം തന്നെയാണ്. പക്ഷേ നോക്കൂ.. ഓണ്‍ലൈന്‍ ഓര്‍ഡര്‍ പിടിക്കാനും പാര്‍സല്‍ പാക്ക് ചെയ്യാനും അയക്കാനും ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി വില്‍ക്കാനും എല്ലാം ഞങ്ങള്‍ രണ്ടു പേര്‍ മാത്രേയുള്ളൂ. മരിക്കണ്ടായിരുന്നു...

......................

(ശ്രീലക്ഷ്മിയുടെ മുണ്ട് ബിസിനസുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 9544879043​​​​​​​ എന്ന നമ്പറില്‍ ബന്ധപ്പെടാം)

Follow Us:
Download App:
  • android
  • ios