ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ഇവരുടെ പേരിൽ അല്ലാത്തതിനാൽ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) യാത്രക്കാരിക്ക് ആ സീറ്റ് നൽകണമെന്നാണ് ടിടിഇ വിശദീകരിക്കുന്നത്.
ഇന്ത്യയിലെ ട്രെയിനുകളിൽ നിന്നുള്ള അനേകം വീഡിയോകൾ അടുത്തിടെ വൈറലായി മാറിയിട്ടുണ്ട്. അതിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കവും പെടുന്നു. ടിടിഇമാരോട് വഴക്കുണ്ടാക്കുന്നവരെയും ഇഷ്ടം പോലെ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ലോക്കോ പൈലറ്റിന്റെ ഭാര്യയാണ് ടിടിഇയുമായി വഴക്കുണ്ടാക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി റിസർവ് ചെയ്തിരിക്കുന്ന സീറ്റിനെ ചൊല്ലിയാണ് സ്ത്രീയും ടിടിഇയും തമ്മിൽ വഴക്ക് നടക്കുന്നത്. ലഖ്‌നൗ ഡിവിഷനിലെ ലോക്കോ പൈലറ്റിന്റെ ഭാര്യയായ ആനന്ദി കുമാർ ആണ് വീഡിയോയിൽ ഉള്ളത്.
ലഖ്‌നൗവിലെ ഗോമതി നഗറിൽ നിന്ന് ജാർഖണ്ഡിലെ ഗോഡ്ഡയിലേക്ക് പോവുന്ന ട്രെയിൻ നമ്പർ 15090 ഗോഡ്ഡ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. സ്ത്രീയുടെ പെരുമാറ്റം സഹയാത്രികർക്കിടയിലും സോഷ്യൽ മീഡിയയിലും ആളുകളുടെ വിമർശനം ഏറ്റുവാങ്ങുകയാണ്. പിന്നാലെ, സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അവർക്കുവേണ്ടി ക്ഷമാപണം നടത്തിയെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ പ്രകാരം, ഇവരുടെ ഭർത്താവ് അനിൽ കുമാറിന് വേണ്ടി റിസർവ് ചെയ്ത സീറ്റിലാണ് ഇവർ ഇരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ഇവരുടെ പേരിൽ അല്ലാത്തതിനാൽ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) യാത്രക്കാര്‍ക്ക് ആ സീറ്റ് നൽകണമെന്നാണ് ടിടിഇ വിശദീകരിക്കുന്നത്. മാത്രമല്ല, കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റ് കാണിക്കാൻ ടിടിഇ ആവശ്യപ്പെട്ടപ്പോൾ അവർക്കും താൻ ടിക്കറ്റ് എടുത്തില്ല എന്ന് ഇവർ പറയുകയായിരുന്നു. അങ്ങനെ ഈ സീറ്റിൽ യാത്ര ചെയ്യാൻ സാധിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ഇവർ ടിടിഇയുമായി തർക്കത്തിലേർപ്പെടുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ഇവർക്കെതിരെ രൂക്ഷമായ വിമർശനം ഉയരുകയായിരുന്നു.


