ഏഴുവർഷത്തെ യൂറോപ്യൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി ഇന്ത്യൻ യുവാവ്. കടുത്ത ഏകാന്തതയും സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള ആഗ്രഹവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിദേശത്തെ ഉയർന്ന ജീവിതസാഹചര്യങ്ങളും ആഡംബരങ്ങളും മടുപ്പിച്ച് തുടങ്ങി, ഏഴുവർഷത്തെ യൂറോപ്യൻ ജീവിതം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങി ഇന്ത്യൻ യുവാവ്. വിട്ടുമാറാത്ത ഏകാന്തതയും സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. 'സമയം അതിക്രമിച്ചിരിക്കുന്നു' എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യുവാവിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 'യൂറോപ്പിൽ ഏഴ് വർഷം ജീവിക്കുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്ത ശേഷമാണ് ഞാൻ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നത്. മുൻപ് നാട്ടിലുള്ളവർ ഈ തീരുമാനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചുറ്റുമുള്ളവരെല്ലാം തികഞ്ഞ നിരാശയിലാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ അത്ര നല്ലതല്ലെന്ന് എനിക്കറിയാം, എങ്കിലും യൂറോപ്പിലെ കടുത്ത ഏകാന്തത എന്നെ മാനസികമായി അത്രമേൽ തളർത്തിക്കഴിഞ്ഞു.'

'ഇവിടുത്തെ ജീവിതസൗകര്യങ്ങൾ മികച്ചതാണ്. പക്ഷേ ഒരു സംരംഭകനാകുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യമായ പ്ലാൻ ഇല്ല. എങ്കിലും ഇവിടുത്തെ സുഖകരമായ ജീവിതം എന്നെ തികച്ചും മടിയനാക്കി മാറ്റിയിരിക്കുന്നു. ലക്ഷ്വറി ജീവിതം തരുന്ന ഈ കെണിയിൽ നിന്ന് പുറത്തുകടക്കാൻ നാട്ടിലേക്കുള്ള മടക്കം അനിവാര്യമാണ്' എന്നാണ് യുവാവ് കുറിക്കുന്നത്.

വലിയ ശമ്പളമുള്ള ജോലിയും ആനുകൂല്യങ്ങളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ തനിക്ക് ബുദ്ധിഭ്രമം സംഭവിച്ചോ എന്ന് പലപ്പോഴും സ്വയം ചിന്തിച്ചുപോകാറുണ്ടെന്നും യുവാവ് പറയുന്നു. മുൻപ് സമാനമായ രീതിയിൽ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ പ്രവാസികളുടെ അനുഭവങ്ങളും യുവാവ് കുറിപ്പിലൂടെ ചോദിച്ചറിയുന്നുണ്ട്. യുവാവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടനവധി പ്രവാസികളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.