അവളുടെ മുഴുവൻ പേരിന് 1019 അക്ഷരങ്ങളുണ്ട്, തീർന്നില്ല അവളുടെ ജനനസർട്ടിഫിക്കറ്റ് രണ്ട് അടി നീളമുള്ളതാണ്. ഏതായാലും ഇത്ര നീളൻ പേരൊക്കെയാണ് എങ്കിലും അവളുടെ സുഹൃത്തുക്കൾ അവളെ ജാമി എന്നാണ് വിളിക്കുന്നത്. 

നമ്മുടെ പേര്(Name) നമ്മുടെ ഐഡന്റിറ്റിയുടെ ഭാ​ഗമാണ് അല്ലേ? ഇനിയഥവാ നമുക്ക്, പറയാൻ കുറച്ച് ബുദ്ധിമുട്ടുള്ള പേരാണ് എങ്കിൽ എല്ലായിടത്തും പലയാവർത്തി സ്പെല്ലിം​ഗ് അടക്കം നാം പേര് പറഞ്ഞു കൊടുക്കേണ്ടി വരും. ഇപ്പോൾ ചില മാതാപിതാക്കൾ മക്കൾക്ക് വെറൈറ്റി പേരിടുന്നതിനായി സോഷ്യൽ മീഡിയയുടെ വരെ സഹായം തേടാറുണ്ട്. അതുപോലെ തന്നെ സിനിമ, സം​ഗീതം തുടങ്ങിയവയിൽ നിന്നെല്ലാം പ്രചോദനമുൾക്കൊണ്ട് മക്കൾക്ക് പേരിടുന്നവരും ഉണ്ട്. എന്തിനേറെ പറയുന്നു, ഈ മഹാമാരിയുമായി ബന്ധപ്പെട്ട പേര് വരെ മക്കൾക്ക് നൽകിയവരുണ്ട് -കൊറോണ, കൊവിഡ്, സാനിറ്റൈസ് എന്നൊക്കെ. 

എന്നാൽ, ഇവിടെ ഒരമ്മ തന്റെ മകൾക്ക് നൽകിയ പേര് കണ്ടാൽ ആരും ഒന്ന് ഞെട്ടും. ലോകത്തിലെ ഏറ്റവും നീളമേറിയ പേരായിരിക്കും ഇത്. 1984 -ലാണ് സാന്ദ്ര വില്ല്യംസ് തന്റെ മകൾക്ക് ഒരു വെറൈറ്റി പേരിനു വേണ്ടി ആലോചിക്കുന്നത്. അങ്ങനെ ഏറ്റവും നീളം കൂടിയ പേര് തന്നെ മകൾക്കിടാൻ അവർ തെരഞ്ഞെടുത്തു. തുടക്കത്തിൽ, പെൺകുട്ടിയുടെ മാതാപിതാക്കൾ അവളുടെ ജനന സർട്ടിഫിക്കറ്റിൽ Rhoshandiatellyneshiaunneveshenk Koyaanisquatsiuth Williams എന്ന് പേര് എഴുതിയിരുന്നു. എന്തൊരു നീളൻപേര് എന്ന് തോന്നുന്നുണ്ട് അല്ലേ? എന്നാൽ, അവളുടെ മാതാപിതാക്കൾക്ക് അത് തോന്നിയില്ല. അങ്ങനെ, അവർ പേരിന് ഒരു ഭേദഗതി ഫയൽ ചെയ്യുകയും 36 അക്ഷരങ്ങളുടെ മധ്യനാമവും ചേർത്തു. മാറ്റത്തിനു ശേഷം, കുട്ടി അറിയപ്പെട്ടത്, Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendr എന്നാണ്. എന്നാൽ, അവളുടെ മുഴുവൻ പേരിന് 1019 അക്ഷരങ്ങളുണ്ട്, തീർന്നില്ല അവളുടെ ജനനസർട്ടിഫിക്കറ്റ് രണ്ട് അടി നീളമുള്ളതാണ്. 

Scroll to load tweet…

ഏതായാലും ഇത്ര നീളൻ പേരൊക്കെയാണ് എങ്കിലും അവളുടെ സുഹൃത്തുക്കൾ അവളെ ജാമി എന്നാണ് വിളിക്കുന്നത്. അവളുടെ അസാധാരണമായ പേരിന്റെ പേരിൽ 1997-ൽ ഓപ്രയ്ക്കൊപ്പം അവളും അമ്മയും അതിഥികളായിരുന്നു. ഈ പേരിനെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് അന്ന് ചോദിച്ചപ്പോൾ, സാന്ദ്ര പറഞ്ഞു: "ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. അവളുടെ പേര് ആർക്കും ഇല്ലാത്ത തരത്തിലുള്ളതാവണമെന്നും അവളുടെ പേര് മറ്റാരുടെയും പോലെയാകരുത് എന്നും ഞാനാ​ഗ്രഹിച്ചു. അത് വ്യത്യസ്തമാവണം എന്നും ​ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടണമെന്നും ഞാനാ​ഗ്രഹിച്ചു." 

വില്യംസിന്റെ കുടുംബം ​ഗിന്നസ് റെക്കോർഡ് തകർത്തതിന് ശേഷം, ടെക്സാസ് അതിന്റെ നിയമം തന്നെ മാറ്റി. ജനന സർട്ടിഫിക്കറ്റ് ഫോമിലെ 'പേര്' ബോക്‌സിൽ കൊള്ളാവുന്ന പേര് മാത്രമേ കുട്ടികൾക്ക് നൽകാവൂ എന്നായിരുന്നു നിയമം.