2025 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ നൂറിലധികം ആളുകളാണ് എത്തിയത്. ഫ്രൈഡ് ചിക്കൻ, പനീർ ബർഗറുകൾ, ചിക്കൻ പോപ്‌കോൺ, ഫ്രെഞ്ച് ഫ്രൈസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ.
എന്തെങ്കിലും ബിസിനസ് തുടങ്ങിയാൽ അതിൽ ആദ്യം തന്നെ വിജയം കിട്ടണമെന്നില്ല. ചിലപ്പോൾ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നേക്കാം. എന്നാൽ, തളർന്നുപോകാതെ മറ്റ് വഴികൾ തേടുകയും മുന്നോട്ട് പോവുകയും ചെയ്താൽ വിജയിക്കും. അതുപോലെയുള്ള രണ്ട് സംരംഭകരുടെ അനുഭവമാണിത്. ബെംഗളൂരുവിലെ യുവസംരംഭകരായ കുശാൽ റെഡ്ഡിയും ചാഹക് ജെയ്നും തങ്ങളുടെ പരാജയപ്പെട്ട ഫുഡ് ബിസിനസിനെ വെറും 10 മാസം കൊണ്ട് 2 കോടി രൂപ വരുമാനമുള്ള സംരംഭമാക്കി മാറ്റുകയായിരുന്നു. പുതിയ ബിസിനസ്സ് ഐഡിയ, ഇൻസ്റ്റാഗ്രാം വഴിയുള്ള മാർക്കറ്റിംഗ് ഇവയൊക്കെയാണ് ഇവരെ വിജയത്തിലേക്ക് നയിച്ചത്.
ആദ്യം ഇവർ 4 ലക്ഷം രൂപ നിക്ഷേപത്തിൽ ഒരു ക്ലൗഡ് കിച്ചൻ തുടങ്ങിയെങ്കിലും, ആവശ്യത്തിന് ഓർഡറുകൾ ലഭിക്കാതെ അത് പരാജയപ്പെടുകയായിരുന്നു. ഫുഡ് ഡെലിവറി ആപ്പുകളുടെ ഉയർന്ന കമ്മീഷനും പരസ്യച്ചെലവുകളും കാരണം ആ സംരംഭം അവസാനിപ്പിക്കേണ്ടി വന്നു.
എന്നാൽ, പിന്മാറാൻ തയ്യാറാകാതിരുന്ന ഇവർ 'ക്രെഡ്' എന്ന പേരിൽ ബംഗളൂരുവിലെ ജെ.പി നഗറിൽ ഒരു ഫുഡ് ട്രക്ക് ആരംഭിച്ചു. ഫുഡ് ട്രക്കിന്റെ നിർമ്മാണ ഘട്ടം മുതൽ ഇൻസ്റ്റാഗ്രാമിലൂടെ ചാഹക് ഇതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ട്രക്ക് പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ 5,000 -ത്തിലധികം ഫോളോവേഴ്സിനെ നേടാൻ അവർക്ക് കഴിഞ്ഞു.
2025 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ നൂറിലധികം ആളുകളാണ് എത്തിയത്. ഫ്രൈഡ് ചിക്കൻ, പനീർ ബർഗറുകൾ, ചിക്കൻ പോപ്‌കോൺ, ഫ്രെഞ്ച് ഫ്രൈസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. നിലവിൽ പ്രതിദിനം 350 മുതൽ 450 വരെ ഉപഭോക്താക്കളെത്തുകയും ഒരു ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്യുന്നുണ്ട്.
ഡെലിവറി ആപ്പുകളെ മാത്രം ആശ്രയിക്കാതെ സോഷ്യൽ മീഡിയയിലൂടെ ഉപഭോക്താക്കളെ ആദ്യം തന്നെ കണ്ടെത്തിയതാണ് ഈ വിജയത്തിന് കാരണം. ഫുഡ് ട്രക്കിന് പുറമെ സെൻട്രൽ കിച്ചനും ഫാസ്റ്റ് കാഷ്വൽ റെസ്റ്റോറന്റ് ഔട്ട്‌ലെറ്റുകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവസംരംഭകർ ഇപ്പോൾ.
