ആ യുവതിയുടെ തലയിലൂടെ പ്രതികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളി നീറുന്ന ദേഹത്തോടെ അവൾ, പ്രതികൾ പിടിച്ചുകൊണ്ടു നിർത്തിയ ആ വയലിൽ നിന്ന് ഗ്രാമത്തിലെ മൺപാതയിലൂടെ വീട്ടിലേക്കുള്ള വഴിയേ രണ്ടു കിലോമീറ്ററോളം ദൂരം ഓടി. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ വെച്ച് പ്രതികൾ അവളെ മർദ്ദിച്ചവശയാക്കി, കത്തികൊണ്ട് കുത്തിയശേഷമായിരുന്നു തീവെച്ചത്.

 അവളെ ആക്രമിക്കാൻ തക്കം പാത്ത് പിന്നാലെ കൂടിയിരിക്കുകയായിരുന്നു കേസിലെ എതിർ കക്ഷികൾ. അന്ന് റായ്ബറേലി കോടതിയിൽ ഹിയറിങ്ങുണ്ടായിരുന്നതിനാൽ അതിരാവിലെ അഞ്ചുമണിക്കുള്ള അലഹബാദ് പാസഞ്ചർ പിടിക്കാൻ വേണ്ടി അവൾ വീട്ടിൽ നിന്നിറങ്ങും എന്ന് പ്രതികൾക്ക് നേരത്തെ അറിയാമായിരുന്നു. അവൾ വരുന്നതും കത്താണ് അവർ സ്റ്റേഷനിലേക്കുള്ള വഴിയിൽ നിന്നത്. പുലർച്ചെ നാലരയ്ക്ക് അവൾ വീട്ടിൽ നിന്ന് പുറത്തിറങ്ങി നടന്ന് ഏകദേശം രണ്ടു രണ്ടര കിലോമീറ്ററോളം എത്തിയപ്പോഴാണ് ആക്രമണം നടന്നത്ത. അതുകൊണ്ടു ന്നെ സംഭവത്തിന്  ദൃക്‌സാക്ഷികളാരും തന്നെയുണ്ടായിരുന്നില്ല സംഭവത്തിന്. 

ഓടിയോടി തിരികെ സ്വന്തം വീട്ടിനടുത്തെത്തിയപ്പോൾ അവൾ അവിടെ പുറത്തെന്തോ  ജോലിചെയ്‌തുകൊണ്ട് നിൽക്കുന്ന ഒരാളെക്കണ്ടു. അയാളോട് സഹായമിരന്നു. അയാളുടെ മൊബൈൽ ഫോൺ ചോദിച്ചു വാങ്ങി 112 ഡയൽ ചെയ്തു. പൊലീസിനെ വിളിച്ചുവരുത്തി.  സ്റ്റേഷൻ ഇൻചാർജായ സബ് ഇൻസ്‌പെക്ടർ അജയ് കുമാർ ത്രിപാഠി നേരിൽ വന്നാണ് അവളെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ശരീരത്തിന്റെ 90 ശതമാനവും കത്തിക്കഴിഞ്ഞിരുന്നു. തന്റെ മരണത്തിലേക്ക് അവൾ അടുത്തുകഴിഞ്ഞിരുന്നു. എയർ ലിഫ്റ്റ് ചെയ്ത്  ദില്ലി AIIMS-ലേക്ക് എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. 

പലരെയും തെറ്റിദ്ധരിപ്പിച്ച വാർത്ത 

ഉന്നാവ് - കഴിഞ്ഞ മാസം മുതൽ നമ്മൾ പറഞ്ഞു കേൾക്കുന്നതാണ് ഈ പേര്. ഉത്തർപ്രദേശിൽ നിന്ന് 80 കിലോമീറ്റർ ദൂരെയുള്ള ഒരു പട്ടണമാണ് ഉന്നാവ്. ഉന്നാവിലെ മാഖീ ഗാവിലാണ് കുൽദീപ് സിങ് സെംഗർ പ്രതിയായ ബലാത്സംഗക്കേസിലെ കേസിലെ യുവതിയുടെ വീട്. അവിടെ നിന്ന് 65 കിലോമീറ്റർ അകലെയാണ് ഈ കേസിലെ 23 വയസ്സുകാരിയായ യുവതിയുടെ വീട് സ്ഥിതി ചെയ്യുന്ന ഹിന്ദു നഗർ എന്ന ഗ്രാമം. ഈ കേസ് മാഖീ ഗാവിലെ സെംഗർ കേസുപോലെ മാധ്യമശ്രദ്ധയാകർഷിച്ച ഒന്നായിരുന്നില്ല.  അതുകൊണ്ടുതന്നെ ഈ യുവതിയെ ജീവനോടെ കത്തിച്ച വാർത്ത ബ്രേക്ക് ചെയ്തപ്പോൾ പലരും അത് സെംഗർ കേസാണ് എന്ന് തെറ്റിദ്ധരിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമിട്ടു. താമസിയാതെ ഇത് ഉന്നാവിൽ നിന്നുതന്നെയുള്ള രണ്ടാമത്തെ ബലാത്സംഗ അക്രമണക്കേസാണ് എന്ന സത്യം ആളുകൾ തിരിച്ചറിഞ്ഞു. 

കേസിലെ മുഖ്യപ്രതി പഞ്ചായത്തു പ്രസിഡന്റിന്റെ മകൻ 

ഹിന്ദു നഗറിലെ പഞ്ചായത്ത് പ്രസിഡന്റായ സാവിത്രി ദേവിയുടെ മകനായ ശുഭം ത്രിവേദി, അനന്തരവൻ  ശിവം ത്രിവേദി എന്നിവരായിരുന്നു മുഖ്യപ്രതികൾ. കൂട്ടുപ്രതികളായി വേറെയും മൂന്നു പേർ. യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ ഐപിസി 307, 326 & 506 എന്നിവ ചുമത്തി പൊലീസ് കേസെടുത്തു. 2019 മാർച്ചിലാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ചുകൊണ്ട്‌ യുവതി  ശിവം ത്രിവേദിയുടെ പേരിൽ പൊലീസ് കേസ് കൊടുക്കുന്നത്. അധികം താമസിയാതെ അറസ്റ്റിലായ പ്രതി ആക്രമണം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. 

ചെറുപ്പം മുതൽക്കേ നിലവിലുള്ള പരിചയം, അടുപ്പം 

കൊല്ലപ്പെട്ട യുവതിയുടെയും, പ്രതികളുടെയും കുടുംബങ്ങൾ പറയുന്നത് യുവതിയും ശിവം ത്രിവേദിയും ചെറുപ്പം തൊട്ടേ പരിചയക്കാരായിരുന്നു എന്നാണ്. ശിവവും യുവതിയും തമ്മിൽ ഏറെ അടുപ്പത്തിലായിരുന്നു എന്നും അവർ വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നു എന്നും ഗ്രാമവാസികൾ പറയുന്നു. എന്നാൽ, ഏറെക്കാലത്തെ അടുപ്പത്തിന് ശേഷം കഴിഞ്ഞകൊല്ലം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഈ കലഹങ്ങൾക്കൊടുവിലാണ് യുവതി, അത്രയും കാലം പ്രേമിച്ചിരുന്ന ശിവം ത്രിവേദിക്കും, അമ്മാവന്റെ മകനായ ശുഭം ത്രിവേദിക്കുമെതിരെ ബലാത്സംഗം ആരോപിച്ചുകൊണ്ട് കേസുകൊടുക്കുന്നത്. 

ഇരുവർക്കുമിടയിൽ വില്ലനായി വന്നവതരിച്ചത് ജാതിയുടെ പേരിലുള്ള വിഭാഗീയതയായിരുന്നു എന്ന് യുവതിയുടെ സഹോദരൻ പറയുന്നു. ത്രിവേദികൾ ഉത്തർപ്രദേശിലെ ബ്രാഹ്മണ വിഭാഗത്തിൽ പെടുന്നവരാണ്. യുവതിയുടെ കുടുംബം പരമ്പരാഗതമായി കൊല്ലപ്പണിക്കാരും. അവർക്കിടയിൽ വിവാഹം നടക്കുക ഗ്രാമത്തിലെ ജാതിവേർതിരിവു വെച്ച് നടക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ശിവം താത്കാലികമായി യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുപോന്നിരുന്നത്. വിവാഹം കഴിച്ചുകൊള്ളാം എന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, ഏറെക്കാലത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കേണ്ട സമയം വന്നപ്പോൾ യുവാവ് സാഹചര്യങ്ങളുടെ പേരും പറഞ്ഞുകൊണ്ട് വിവാഹം സാധ്യമാകില്ല എന്ന് യുവതിയോട് തുറന്നുപറഞ്ഞു.യുവതിയുടെ ഭാഗത്തുനിന്ന് സമ്മർദ്ദമേറിയപ്പോൾ ശിവം നോട്ടറൈസ് ചെയ്ത അമ്പതുരൂപയുടെ മുദ്രപത്രത്തിൽ വിവാഹ ഉടമ്പടി ഒപ്പുവെച്ചു എങ്കിലും, നാലാളറിയെ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറായിരുന്നില്ല. അവർക്കിടയിലെ ധാരണ ശിവം ത്രിവേദി തെറ്റിച്ചതോടെ യുവതി നിയമത്തിന്റെ വഴി തേടി. അയാൾക്കെതിരെ കഴിഞ്ഞ മാർച്ചിൽ പോലീസ് കേസുമായി നീങ്ങി. 

മാർച്ച് നാലാം തീയതിയാണ് ശിവത്തിനും കൂട്ടർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസമായി പല പട്ടണങ്ങളിലും തന്നെ കൂട്ടിക്കൊണ്ടുപോയി ശിവം ത്രിവേദി ബലാത്സംഗം ചെയ്തുകൊണ്ടിരുന്നു എന്നായിരുന്നു യുവതി എഫ്‌ഐആറിൽ ആരോപിച്ചിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സാവിത്രീ ദേവി എന്ന പഞ്ചായത്ത് പ്രസിഡണ്ട്, അതായത് ശിവം ത്രിവേദിയുടെ അമ്മ, കേസ് പിൻവലിക്കാൻ വേണ്ടി യുവതിയുടെ കുടുംബത്തെ നിർബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിൻവലിച്ചില്ലെങ്കിൽ ജീവനോടെ കൊളുത്തിക്കളയും എന്നുതന്നെയായിരുന്നു ഭീഷണി. അത് അവർ പ്രാവർത്തികമാക്കുക തന്നെ ചെയ്തു.

എന്നാൽ ഈ സംഭവത്തിന് ശേഷം പഞ്ചായത്തു പ്രസിഡന്റ് പൊലീസിന് കൊടുത്ത മൊഴിയിൽ പറഞ്ഞിരിക്കുന്നത്, സംഭവം നടന്നു എന്ന് പറയപ്പെടുന്ന സമയത്ത്  മകനും, മരുമകനും തന്റെ കണ്മുന്നിൽ സ്വന്തം വീട്ടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നും, യുവതിയുടെ കുടുംബക്കാർ പറയുന്നതത്രയും പച്ചക്കള്ളമാണ് എന്നുമാണ്. ആ യുവതി ഒറ്റയ്ക്ക് എന്തിനാണ് ട്രെയിൻ പിടിക്കാൻ പോയത്? കുടുംബക്കാർ ആരും തന്നെ കൂട്ടുപോകാഞ്ഞതെന്ത് എന്നൊക്കെയാണ് പ്രതിയുടെ കുടുംബക്കാർ ചോദിക്കുന്നത്. യുവതി അത് സ്വയം ചെയ്തതാകാം എന്ന് ധ്വനിപ്പിക്കുന്നതാണ് ഈ ആരോപണങ്ങൾ. 

എന്തായാലും, തന്റെ മരണമൊഴിയിൽ യുവതി ശിവം ത്രിവേദി, ശുഭം ത്രിവേദി, ശിവത്തിന്റെ അച്ഛൻ രാംകിഷോർ,  ഹരിശങ്കർ, ഉമേഷ് ബാജ്പെയീ എന്നിങ്ങനെ അഞ്ചുപേരുടെ പേര് പറഞ്ഞിട്ടുണ്ട്. അതിൻപ്രകാരം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തുകഴിഞ്ഞു. പൊലീസ് തെളിവു ശേഖരണത്തിനായി ഡിഎൻഎ ടെസ്റ്റും മറ്റും നടത്തുമെന്ന് അറിയിച്ചിരുന്നു. പോലീസ് അറസ്റ്റു ചെയ്ത അഞ്ചുപേരും തങ്ങൾ നിരപരാധികളാണ് എന്നാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. യുവതി സ്വയം തീക്കൊളുത്തിയതാണ് എന്നുതന്നെ അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. 

രണ്ടു പ്രധാന തെളിവുകളാണ് പ്രതികൾക്കെതിരെ പൊലീസിന് കിട്ടിയിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ടത് യുവതിയുടെ മരണമൊഴി തന്നെ. യുവതി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനു മുന്നിലാണ് നൽകിയിട്ടുള്ളത്. രണ്ടാമത്തെ തെളിവ് അഞ്ചു പ്രതികളുടെയും മൊബൈൽ ഫോൺ കോൾ റെക്കോർഡുകളാണ്.  അതിൻപ്രകാരം അവർ അഞ്ചുപേരും സംഭവം നടന്ന ലൊക്കേഷനിലെ ടവറിനു കീഴിലാണ് ഉണ്ടായിരുന്നത്. ഇതിനു പുറമെ യുവതിക്കെതിരെ മുഖ്യ പ്രതി ശിവം ത്രിവേദിക്ക് ഉണ്ടായിരുന്ന വിരോധമാണ്. ഈ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീട്ടുകാർ യുവതിയുടെ കുടുംബത്തിന് നേരെ നടത്തിയ ഭീഷണികളും വിചാരണവേളയിൽ അവർക്കെതിരെയുള്ള തെളിവുകളായി മാറും. യുവതിയുടെ മൊബൈൽ ഫോൺ, പേഴ്‌സ് തുടങ്ങിയ നിർണ്ണായക തെളിവുകൾ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിക്കഴിഞ്ഞു. 

കിട്ടിയ തെളിവുകൾ പ്രതികളെ പൂട്ടാൻ ധാരാളമാണ് എന്നാണ് ഉത്തർപ്രദേശ് പോലീസ് മേധാവി ഒപി സിങ് പറയുന്നത്. അതോടൊപ്പം പരമാവധി തെളിവുകൾ ഇനിയും ശേഖരിച്ച് കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ ഉള്ള അവസാനത്തെ ലൂപ്പ് ഹോളും അടയ്ക്കുമെന്നും പൊലീസ് പറഞ്ഞു.