Asianet News MalayalamAsianet News Malayalam

സമ്പാദ്യമെല്ലാം അടിച്ചുമാറ്റി കാമുകി ഓട്ടോക്കാരനൊപ്പംമുങ്ങി, 70 ഓട്ടോക്കാരുടെ മൊബൈൽ കട്ട് യുവാവിന്റെ പ്രതികാരം

ആസിഫും കാമുകിയുമായുള്ള ബന്ധം അയാളുടെ അച്ഛനമ്മമാർക്ക് ഇഷ്ടമില്ലാതിരുന്നതുകൊണ്ടാണ് അയാൾ റെസ്റ്റോറന്റ് ഒക്കെ വിറ്റ്,  തന്റെ കാമുകി മാത്രമുള്ളൊരു നഗരത്തിൽ അവൾക്കൊപ്പം സ്വൈര്യമായി ജീവിക്കാൻ വേണ്ടി പുണെക്ക് വന്നത്. 

lover elopes with auto driver, youth goes on revenge spree stealing smart phones of 70 auto drivers
Author
Pune, First Published Aug 27, 2020, 4:59 PM IST

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നിന്ന് ആസിഫ് എന്ന യുവാവിനെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പ് ഏരിയയിൽ  താമസിച്ചിരുന്ന അയാൾക്കു മേൽ പൊലീസ് ചാർത്തിയത് എഴുപതിലധികം ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു എന്ന കുറ്റമാണ്. 

തങ്ങളുടെ ഇൻഫോർമർമാരിൽ നിന്ന് കിട്ടിയ വിശ്വസനീയമായ വിവരങ്ങൾ അനുസരിച്ചാണ് പൊലീസ് ആസിഫിനെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നിട്ടും,  പൊലീസിന്റെ ഒരു സംശയം അപ്പോഴും ബാക്കിയായിരുന്നു. ആസിഫ് എന്തിനാണിങ്ങനെ ഓട്ടോ ഡ്രൈവർമാരെ മാത്രം ലക്ഷ്യമിട്ട്, അവരിൽ നിന്ന് മാത്രം മൊബൈൽ ഫോൺ കവർന്നെടുക്കുന്നത് ? എന്തുകൊണ്ടാണ് മറ്റുള്ള സാധാരണക്കാരിൽ നിന്ന് ഇയാൾ മൊബൈൽ മോഷ്ടിക്കാത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ആസിഫ് അതിനുള്ള കാരണവും വ്യക്തമാക്കി. അയാൾ അവരോട് വെളിപ്പെടുത്തിയത്, സ്വന്തം ജീവിതത്തിൽ അയാൾക്ക് നേരിടേണ്ടി വന്ന ഒരു തിക്താനുഭവത്തിൽ നിന്നുണ്ടായ പ്രതികാരത്തിന്റെ ഞെട്ടിക്കുന്ന ഒരു കഥയായിരുന്നു. 

അഹമ്മദാബാദിൽ മുമ്പ് വളരെ ലാഭകരമായി ഒരു റെസ്റ്റോറന്റ് നടത്തിയിരുന്ന ആസിഫ് ആ റെസ്റ്റോറന്റ് വിറ്റുകിട്ടിയ പണവുമായിട്ടാണ്, തന്റെ 27 കാരിയായ കാമുകിയുമായി പുണെ നഗരത്തിലേക്ക് ചേക്കേറിയത്. ആ പണം അയാളുടെ ആയുഷ്കാല സമ്പാദ്യമായിരുന്നു. ആസിഫും കാമുകിയുമായുള്ള ബന്ധം അയാളുടെ അച്ഛനമ്മമാർക്ക് ഇഷ്ടമില്ലാതിരുന്നതുകൊണ്ടാണ് അയാൾ റെസ്റ്റോറന്റ് ഒക്കെ വിറ്റ്, അവരിൽ നിന്നൊക്കെ ഏറെ ദൂരെ തന്റെ കാമുകി മാത്രമുള്ളൊരു നഗരത്തിൽ അവൾക്കൊപ്പം സ്വൈര്യമായി ജീവിക്കാൻ വേണ്ടി പുണെക്ക് വന്നത്. പുണെക്ക് പോകാം എന്നുള്ള ഐഡിയ അയാൾക്ക് കൊടുത്തതും കാമുകി തന്നെയായിരുന്നു.

എന്നാൽ, പുണെയിൽ എത്തിയതിന്റെ രണ്ടാം നാൾ, അവൾ അവിടെയുള്ള ഒരു ഓട്ടോ ഡ്രൈവറുമൊത്ത് തിരികെ ഗുജറാത്തിലേക്കുതന്നെ ഒളിച്ചോടി. എന്നാൽ പോയത് വെറും കയ്യോടെ ആയിരുന്നില്ല, റെസ്റ്റോറന്റ് വിറ്റ് ആസിഫ് കയ്യിൽ കരുതിയിരുന്ന പണം മുഴുവനായും അടിച്ചുമാറ്റിക്കൊണ്ടാണ് കാമുകി സ്ഥലംവിട്ടുകളഞ്ഞത്. കാമുകി പോയതിനു പിന്നാലെ ആസിഫും അവളെ തെരഞ്ഞു പോയി എങ്കിലും, അയാൾ അവിടെ എത്തുമ്പോഴേക്കും ഓട്ടോഡ്രൈവറുമൊത്തുള്ള അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നു. ആ വേദനിപ്പിക്കുന്ന സത്യം നേരിൽ കണ്ടു ബോധ്യം വന്ന ആസിഫ് വീണ്ടും പുണെയിലേക്ക് തന്നെ തിരിച്ചു പോന്നു. 

തിരികെ പുണെയിലെത്തിയ ആസിഫ് കൂലിപ്പണിയൊക്കെ ചെയ്ത് വയറ്റിപ്പിഴപ്പിനുള്ള വക കണ്ടെത്താൻ തുടങ്ങി എങ്കിലും,അയാളുടെ ഹൃദയത്തിന്റെ ഏതോ കോണിൽ, തന്നോട് തന്റെ കാമുകി പ്രവർത്തിച്ച കൊടിയ വഞ്ചനയുടെ വേദന ഉമിത്തീ പോലെ കിടന്നു പുകഞ്ഞു പുകഞ്ഞു നീറുന്നുണ്ടായിരുന്നു. കാമുകി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയശേഷം, നഗരത്തിന്റെ മുക്കിലും മൂലയിലും കാണുന്ന കാക്കിയിട്ട അക്കൂട്ടരെ കാണുന്നതേ ആസിഫിന് ചതുർത്ഥിയായിമാറി. തന്റെ സ്വൈര ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ, തന്റെ ആയുഷ്കാല സമ്പാദ്യം കവരാൻ കാരണക്കാരായ 'ഓട്ടോക്കാർ' എന്ന വർഗ്ഗത്തെ തന്നെ വെറുക്കുന്ന വല്ലാത്തൊരു 'സൈക്കോ' മാനസികാവസ്ഥയിലേക്ക് അയാൾ മാറി.

ഓട്ടോ ഡ്രൈവർമാർ വിഷമിക്കുന്നത് കാണാൻ വേണ്ടി ആസിഫ് എന്തിനും തയ്യാറായിരുന്നു. അങ്ങനെയാണ് അയാൾ അവരെ ലക്ഷ്യമിട്ട് അവരുടെ മൊബൈൽ ഫോണുകൾ അടിച്ചുമാറ്റാൻ തുടങ്ങിയത്. ഓട്ടോക്കാരുടെ മൊബൈൽ മോഷ്ടിക്കാൻ വേണ്ടി മാത്രം അയാൾ കത്റജ്, കോന്ദ്വാ, ക്യാമ്പ് ഏരിയയിൽ ഓട്ടോ കൈകാണിച്ചു നിർത്തി സഞ്ചാരം തുടങ്ങി. യാത്രക്കിടെ എന്തെങ്കിലുമൊക്കെ ചെയ്ത് അവരുടെ ശ്രദ്ധ തിരിച്ച് മെല്ലെ ഫോൺ അടിച്ചുമാറ്റും. ആസിഫ് സ്ഥിരം ലക്ഷ്യമിട്ടിരുന്നത്  ഓട്ടോയുടെ ഉൾവശം  കുഷ്യൻ സീറ്റൊക്കെ പിടിപ്പിച്ച്, എൽഇഡി ലൈറ്റും സ്റ്റീരിയോ സീറ്റും വൂഫറുമൊക്കെ പിടിപ്പിച്ച്, കാര്യമായ ഇന്റീരിയർ ചെയ്ത് പൊലിപ്പിച്ചു കൊണ്ടുനടന്നിരുന്ന ഓട്ടോ റിക്ഷകൾ മാത്രമായിരുന്നു. അങ്ങനെ നടക്കുന്നവരുടെ കയ്യിൽ വിലയേറിയ സ്മാർട്ട് ഫോണുകളും ഉണ്ടാകും എന്നയാൾക്ക് നിശ്ചയമുണ്ടായിരുന്നത് തന്നെ കാരണം. അതുപോലെ, ഡ്രൈവറുടെ കയ്യിലുള്ളത് വിലയേറിയ സ്മാർട്ട് ഫോൺ ആണെങ്കിൽ മാത്രമേ അയാൾ മോഷ്ടിച്ചിരുന്നുമുള്ളൂ. പാവപ്പെട്ട ഓട്ടോക്കാരെ അയാൾ ഉന്നം വെച്ചിരുന്നില്ല. വില എത്ര ഏറെയാണോ, നഷ്ടപ്പെട്ടാലുണ്ടാകുന്ന സങ്കടവും അത്ര തന്നെ ഏറും എന്നതിനാലാണ് അങ്ങനെ ചെയ്തിരുന്നതത്രെ. എന്നിട്ട് അവരറിയാതെ മൊബൈൽ കയ്യിലാക്കും. ഇതായിരുന്നു സ്ഥിരം പരിപാടി.

തന്റെ ആജീവനാന്ത സമ്പാദ്യം നഷ്ടമാകാൻ കാരണമായ ഓട്ടോ കുടുംബത്തിൽ നിന്നൊരാൾക്ക് സാമ്പത്തിക നഷ്ടം, അതെത്ര ചെറുതാണെങ്കിൽ കൂടി, ഉണ്ടാകുന്നത് കാണുമ്പൊൾ, അതിന്റെ പേരിൽ അവർ വിഷമിക്കുന്നത് കാണുമ്പൊൾ അയാൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നുമായിരുന്നു. പക്ഷേ, ഇത്രയൊക്കെ വഞ്ചന അയാളോട് പ്രവർത്തിച്ചിട്ടും അയാൾക്ക് തന്റെ കാമുകി അടക്കമുള്ള സ്ത്രീവർഗത്തോട് എന്തുകൊണ്ടോ അങ്ങനെ കാടടക്കി വിദ്വേഷമൊന്നും തോന്നിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അങ്ങനെ തുടർച്ചയായി ഓട്ടോക്കാരുടെ മൊബൈൽ ഫോൺ മോഷണം പോവുന്ന കേസുകൾ ഏറിയപ്പോൾ പൊലീസ് ആദ്യം കുറേക്കാലം സ്വന്തം നിലക്ക് അന്വേഷണം നടത്തിയെങ്കിലും മാസങ്ങളോളം ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ, പൊലീസിന്റെ ഇൻഫോർമാർ വഴിയാണ് ആസിഫിലേക്ക് നീളുന്ന തുമ്പ് പൊലീസിന് കിട്ടുന്നതും, അയാളെ അവർ അറസ്റ്റു ചെയ്യുന്നതും. വിലകൂടിയ 12 സ്മാർട്ട്  ഫോണുകൾ ഇതുവരെ ആസിഫിന്റെ വീട്ടിൽ നിന്നുതന്നെ പൊലീസ് കണ്ടെടുത്തുകഴിഞ്ഞു. ബാക്കിയുള്ള ഫോണുകൾ കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Follow Us:
Download App:
  • android
  • ios