യുദ്ധങ്ങളുടെ കാര്യം അങ്ങനെയാണ്. യുദ്ധമുഖത്ത് ശത്രുക്കളെ കൊന്നൊടുക്കിയവരുടെ വീരകഥകൾ എല്ലാവർക്കുമറിയാം. വെടിയുണ്ടകൾ തുളച്ചു കയറിയിട്ടും, പതറാതെ അവസാനത്തെ ശ്വാസം വരെയും പോരാടിയ ഭടന്മാർ ഇന്നും റജിമെന്റുകളുടെ രോമാഞ്ചമാണ്. ആ വീരഗാഥകൾ കേൾപ്പിച്ചാണ് ഇന്നും സൈന്യം തങ്ങളുടെ 'ജോഷ്' കെടാതെ നോക്കുന്നത്. എന്നാൽ, യുദ്ധമുഖത്തെ എല്ലാ ധീരതയും ശത്രുവിന്റെ ജീവനെടുത്തുകൊണ്ട് പ്രവർത്തിക്കപ്പെടുന്നതല്ല. അവിടെ ജീവൻ രക്ഷിക്കാനിറങ്ങുന്നവരും പ്രവർത്തിക്കുന്നത് ഏറെ മഹത്തരമായ സേവനം തന്നെയാണ്. അത്തരം പ്രവർത്തനങ്ങളെ കാലമേറെക്കഴിഞ്ഞെങ്കിലും ലോകം അംഗീകരിച്ച ചില ചരിത്രമുണ്ട്. ഇത് അക്കൂട്ടത്തിൽ പെടുന്നൊരു സൈനികന്റെ കഥയാണ്. ഇവിടെയല്ല അങ്ങ് കൊറിയയിൽ ചെന്ന് ഒരു ഇന്ത്യൻ സൈനികൻ പ്രവർത്തിച്ച ധീരതയുടെ കഥ. വൈകിയെങ്കിലും, അതിനെ കൊറിയൻ സർക്കാർ അംഗീകരിച്ച കഥ.

1950 -ൽ കൊറിയയിൽ ഒരു യുദ്ധം നടന്നു. മൂന്നുവർഷം നീണ്ടുനിന്ന ആ യുദ്ധത്തിൽ ലെഫ്റ്റനന്റ് കേണൽ രംഗരാജ് എന്ന ധീരനായ ഇന്ത്യൻ പാരാട്രൂപ്പർ, ഒരുപക്ഷേ ഇന്ത്യയുടെ ആദ്യത്തെ പാരാട്രൂപ്പർമാരിൽ ഒരാൾ, ഏറെ മഹത്തരമായ സേവനമാണ് അനുഷ്ഠിച്ചത്. 

2020 ജൂലൈയിൽ കൊറിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ അണിനിരക്കും. കാരണം, അവർക്ക് ലെഫ്റ്റനന്റ് കേണൽ രംഗരാജാണ് 'വാർ ഹീറോ ഓഫ് ദ മന്ത്'. കൊറിയയുടെ ദേശഭക്തരുടെയും വിമുക്തഭടന്മാരുടെയും ക്ഷേമത്തിനായുള്ള വകുപ്പാണ് കൊറിയൻ യുദ്ധത്തിന്റെ എഴുപതാം വാർഷികത്തിൽ  ഈ പരിപാടി സംഘടിപ്പിക്കുന്നത്. 

ആരായിരുന്നു ലെഫ്റ്റനന്റ് കേണൽ രംഗരാജ്?

അദ്ദേഹം ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പർ ആയിരുന്നു. മഹാവീർ ചക്ര ലഭിച്ചിട്ടുള്ള ധീരനായ സൈനികൻ. 60 പാരാ ഫീൽഡ് ആംബുലൻസ് എന്ന പട്ടാളത്തിന്റെ മെഡിക്കൽ യൂണിറ്റിനെ അന്ന് കമാൻഡ് ചെയ്തിരുന്നത് രംഗരാജ് ആയിരുന്നു. ഇന്ന് അതറിയപ്പെടുന്നത് 60 പാരാ ഫീൽഡ് ഹോസ്പിറ്റൽ എന്നാണ്. കൊറിയൻ യുദ്ധസമയത്ത് ഈ മെഡിക്കൽ യൂണിറ്റ് ചികിത്സിച്ചത് 2.2 ലക്ഷം രോഗികളെയാണ്.

2020 -ലെ കൊറിയൻ യുദ്ധത്തിന്റെ എഴുപതാം വാർഷികാഘോഷ വേളയിൽ ലെഫ്റ്റനന്റ് കേണൽ രംഗരാജിന്റെ ചിത്രങ്ങൾ വാർ മെമ്മോറിയലിലും കൊറിയയിലെ മറ്റു പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കപ്പെടും. ന്യൂ ഡൽഹിയിലെ കൊറിയൻ എംബസിയിലെ ഡിഫൻസ് അറ്റാഷെ ആയ കേണൽ ലീ ആണ് ഈ വിവരം അറിയിച്ചത്.

 

1950 -ൽ അപ്രകോപിതമായി ഉത്തരകൊറിയ ദക്ഷിണ കൊറിയയെ അക്രമിച്ചപ്പോൾ ഇരുപത്തൊന്നംഗ യുഎൻ സഖ്യസേന ദക്ഷിണകൊറിയയെ സഹായിക്കാൻ ട്രൂപ്പുകളെ പറഞ്ഞയച്ചു. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ടർക്കി, സ്വീഡൻ, ഡെന്മാർക്ക്, നോർവേ എന്നിങ്ങനെ പല രാജ്യങ്ങളോടുമൊപ്പം ഇന്ത്യയും തങ്ങളുടെ സൈനികരുടെ ഒരു സംഘത്തെ കൊറിയയുടെ സഹായത്തിന് പറഞ്ഞയച്ചു. ഇന്ത്യക്ക് പോരാട്ടത്തിൽ പങ്കെടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല എങ്കിലും വേണ്ട സൈനിക മെഡിക്കൽ സഹായങ്ങൾ ചെയ്യാൻ ഇന്ത്യ തയ്യാറായി. രംഗരാജ് 1941 -ലാണ് മദ്രാസ് മെഡിക്കൽ കോളേജിലെ വൈദ്യശാസ്ത്രപഠനത്തിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ പാരാട്രൂപ്പറായി ചേരുന്നത്.

അദ്ദേഹം ഇന്ന് ജീവനോടില്ല. 2009 മാർച്ച് 25 -ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ആ യുദ്ധത്തിൽ രംഗരാജിന്റെ കമാൻഡിൽ 60 പാരാ ഫീൽഡ് ആംബുലൻസ് ഏറെ ദുഷ്കരമായ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് രോഗികളെ പരിചരിച്ചു. ആദ്യമായല്ല കൊറിയൻ സൈന്യം ലെഫ്റ്റനന്റ് കേണൽ രംഗരാജിനെ ആദരിക്കുന്നത്. യുദ്ധം നടന്ന കാലത്തുതന്നെ അദ്ദേഹത്തിന് യൂണിറ്റ് കമൻഡേഷൻ എന്ന ആദരം ലീ ജോംഗ് ചാൻ എന്ന അന്നത്തെ കൊറിയൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നൽകിയിരുന്നു.

 

1951 മാർച്ച് 23 -നാണ് ഓപ്പറേഷൻ ടോമഹാക്ക് നടക്കുന്നത്. അന്ന് അമേരിക്കൻ സൈനിക റജിമെന്റിനൊപ്പം ലെഫ്റ്റനന്റ് രംഗരാജും സംഘവും ഉത്തരകൊറിയക്കാർ കയ്യടക്കിവെച്ചിരുന്ന മേഖലയിലേക്ക് പാരാഡ്രോപ്പ്  ചെയ്യപ്പെടുന്നു. ലാൻഡ് ചെയ്ത ഉടനെ, കാട്ടിനുള്ളിലെ പരിമിതമായ സൗകര്യങ്ങളിൽ, തികച്ചും വിപരീതമായ കാലാവസ്ഥയിൽ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് തന്റെ താത്കാലിക ആശുപതി രംഗരാജ് സെറ്റപ്പ് ചെയ്തെടുത്തു. കൂടെ ഇറങ്ങിയ സൈനികർ ഉത്തരകൊറിയൻ സൈനികരുമായി പോരാടി പരിക്കേറ്റു വന്നുകൊണ്ടിരുന്നു. അദ്ദേഹം അവരുടെ മുറിവുകളിൽ മരുന്നുവെച്ചുകെട്ടിക്കൊണ്ടിരുന്നു.

 

അവിടെ അന്ന് പറന്നിറങ്ങിയ മെഡിക്കൽ സംഘത്തിലെ മൂന്നുപേർക്ക് സേവനങ്ങൾക്കിടെ ജീവാപായമുണ്ടായി. അന്ന് ലെഫ്റ്റനന്റ് കേണൽ രംഗരാജിന് പുറമേ, മേജർ എൻ ബി ബാനർജിക്കും മഹാവീർ ചക്ര കിട്ടിയിരുന്നു. അതിനുപുറമെ ആ സംഘത്തിന് ഏഴ് വീർ ചക്ര പുരസ്കാരങ്ങളും, 26 മെൻഷൻ ഇൻ ഡിസ്പാച്ചുകളും കിട്ടുകയുണ്ടായി.

"അതൊരു യുദ്ധമുഖമായിരുന്നു. വാശിയേറിയ പോരാട്ടം നടക്കുന്ന മേഖല. അവിടെ നിരന്തരം പാഞ്ഞുകൊണ്ടിരുന്ന വെടിയുണ്ടകളെ അവഗണിച്ചുകൊണ്ടാണ് ലെഫ്റ്റനന്റ് കേണൽ രംഗരാജ്, പരിക്കേറ്റവരെ തന്റെ ആശുപത്രിയിൽ എത്തിച്ചിരുന്നതും അവരുടെ ജീവൻ രക്ഷിച്ചിരുന്നതും. അന്ന് അദ്ദേഹത്തെപ്പോലുള്ളവർ പ്രാണൻ അപകടത്തിലാക്കിയും നൽകിയ സേവനങ്ങളാണ് ഇന്നത്തെ ദക്ഷിണ കൊറിയ എന്ന രാജ്യത്തിൻറെ വളർച്ചയ്‌ക്കൊക്കെ അടിസ്ഥാനം" കൊറിയൻ സർക്കാരിന്റെ പ്രതിനിധി പറഞ്ഞു.

 

ലെഫ്റ്റനന്റ് കേണൽ രംഗരാജിന്റെ യുദ്ധമുഖത്തെ ധീരമായ സേവനങ്ങൾ കൊറിയയുടെ മണ്ണിൽ ആദരിക്കപ്പെടുമ്പോൾ, അതിനെ ഇന്ത്യൻ മണ്ണിൽ ആദരിച്ചില്ലെങ്കിൽ പോലും, അദ്ദേഹം പ്രവർത്തിച്ച ധീരതകളെപ്പറ്റി ചുരുങ്ങിയത് പ്രാഥമികമായ അറിവെങ്കിലും ആർജിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ധീരത ജീവനെടുക്കുന്നതിൽ ആയിരുന്നില്ല. വിലപ്പെട്ട ജീവനുകൾ പൊലിയാതെ കാക്കുന്നതിലായിരുന്നു. അതിന്റെ മഹത്വം എത്രയോ അധികമാണ്. അത് വിസ്മരിച്ചുകൂടാ.