"ദിവസവും രാവിലെ ദുഃസ്വപ്നം പേടിച്ചരണ്ട് എഴുന്നേൽക്കുന്ന അവസ്ഥയാണ് എനിക്കിന്ന്" - ഈ വാക്കുകൾ മാജ് ബെന്നസ്സി എന്ന അമേരിക്കൻ റിസർവ് സൈനികോദ്യോഗസ്ഥയുടേതാണ്. ഇത്രമേൽ നിസ്സഹായയായി, നിറകണ്ണുകളോടെ അവരെക്കൊണ്ട് ഇത് പറയിപ്പിച്ചത് കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിൽ പ്രതിചേർക്കപ്പെട്ടതിന്റെ പേരിൽ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരന്തരമുള്ള വേട്ടയാടലുകൾ ഏൽപ്പിച്ച മാനസികപീഡനമാണ്.

 

 

കൊവിഡ് 19 എന്ന രോഗം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച നിരവധി 'ഗൂഢാലോചനാസിദ്ധാന്തങ്ങൾ' പ്രചരിക്കുന്നുണ്ട്. ചൈനീസ് വൈറസ് എന്ന് പ്രകടമായ ദുസ്സൂചനയോടെ തന്നെ തന്റെ എല്ലാ പ്രസ് മീറ്റിലും മുടങ്ങാതെ പറയുന്ന ആളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് രോഗത്തിന്റെ ഉത്ഭവം ചൈനയിൽ തന്നെയാണ് എന്ന സൂചനയാണ് അദ്ദേഹം നൽകാൻ ആഗ്രഹിക്കുന്നത്. ആ ആരോപണത്തിനുള്ള മറുപടിയെന്നോണം ചൈനീസ് നയതന്ത്ര പ്രതിനിധികളും മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചേർന്ന് അമേരിക്കൻ സൈനികരെ പ്രതികളാക്കി തിരിച്ചും ഒരു ഗൂഢാലോചനാ സിദ്ധാന്തം പുറത്തുവിട്ടിരുന്നു. ആ കഥകളിലെ മുഖ്യ കഥാപാത്രമാക്കാനുള്ള നിയോഗം ദുർഭാഗ്യവശാൽ മാജ് ബെന്നസ്സിക്കാണ്.  ചൈനയുടെ ഭാഗത്തുനിന്നുണ്ടായ തങ്ങളുടെ പേരുകളും ഫോട്ടോകളും ജോലിയെക്കുറിച്ചുള്ള വിവരങ്ങളും ഒക്കെ വെച്ചുകൊണ്ടുള്ള ആക്ഷേപങ്ങൾക്ക് ശേഷം എന്തുമാത്രം സൈബർ ആക്രമണങ്ങൾക്ക് തങ്ങൾ വിധേയരാകുന്നു, തങ്ങളുടെ ജീവിതം എത്ര കെടുതികൾ നിറഞ്ഞതായി എന്ന് അവർ സിഎൻഎന്നിനോട് വെളിപ്പെടുത്തുകയുണ്ടായി.

വൈറസിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള അമേരിക്കൻ ഗൂഢാലോചനാ സിദ്ധാന്തം

ചൈനയുടെ രോഗാണുഗവേഷണരംഗത്തെ അഭിമാന സ്ഥാപനങ്ങളിൽ ഒന്നാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അഥവാ WIV. ഈ ലാബ് സ്ഥിതിചെയ്യുന്നത് വൈറസിന്റെ ഉത്ഭവ കേന്ദ്രം എന്ന രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ അവതരിപ്പിച്ച ഹ്വാനിൻ സീഫുഡ് മാർക്കറ്റിൽ നിന്ന് വെറും 21 കിലോമീറ്റർ അകലെയാണ്. കാടുകളിൽ നിന്ന് നിഷ്കാസിതരാക്കപ്പെട്ട ചിലയിനം വവ്വാലുകളിൽ നിന്ന്, സീഫുഡ് മാർക്കറ്റിലെ കൂടുകളിൽ അടച്ചിട്ട ഈനാംപേച്ചികളിലേക്ക് പകർന്നു കിട്ടിയ വൈറസുകൾ, ചൈനക്കാരുടെ വിചിത്രമായ ഭക്ഷണശീലങ്ങളിലൂടെ മനുഷ്യരിലേക്ക് പകരുകയായിരുന്നു എന്ന തിയറിയായിരുന്നു തുടക്കത്തിൽ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ, വൈറോളജി ഇന്സ്ടിട്യൂട്ടിനെ ഈ സീഫുഡ് മാർക്കറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ സിദ്ധാന്തങ്ങളും അധികം താമസിയാതെ പുറത്തുവന്നു.

 

 

പുറമേക്കുള്ള പേര് 'വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്' എന്നാണെങ്കിലും, അതിന്റെ ചുവരുകൾക്കുള്ളിൽ അതിഗൂഢമായ രീതിയിൽ പ്രവർത്തിച്ചു പോരുന്നത് ചൈനയുടെ 'ബയോളജിക്കൽ വാർഫെയർ വെപ്പൺസ്' പരീക്ഷണങ്ങൾ നടത്തുന്ന ഒരു ബയോ സേഫ്റ്റി ലാബ് കൂടിയാണ് എന്നാണ്  അമേരിക്കൻ മാധ്യമങ്ങളുടെ ആക്ഷേപം. അവിടത്തെ ഒരു ഇന്റേണിന്റെ അശ്രദ്ധ വൈറസിനെ അവരിലേക്ക് പകരാനിടയാക്കി, അവർ അത് സ്വന്തം ശരീരത്തിലെ അണുബാധയുടെ രൂപത്തിൽ ആ അതീവസുരക്ഷാ ലാബിന്റെ ചുവരുകൾക്ക് പുറത്തെത്തിച്ചു, പിന്നീട് സ്വന്തം ബോയ്ഫ്രണ്ടിന് അത് പകർന്നു നൽകി. അയാളിൽ നിന്ന് ആ വൈറസ് ഹുവാനിൻ സീഫുഡ് മാർക്കറ്റിലെത്തി, അവിടെ നിന്ന് ലോകത്തെ മറ്റുഭാഗങ്ങളിലേക്കും പകരുകയായിരുന്നു എന്ന് അമേരിക്കൻ മാധ്യമങ്ങൾ ആരോപിച്ചു. ഏപ്രിൽ പതിനാറാം തീയതി നടന്ന പ്രസ് മീറ്റിൽ ഫോക്സ് ന്യൂസ് പ്രതിനിധി ജോൺ റോബർട്സ് ആണ് പ്രസിഡന്റ് ട്രംപിനോട് മേൽപ്പറഞ്ഞ ആരോപണം ഉന്നയിക്കുന്നത്. അത് സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്ന ട്രംപ് പക്ഷേ, അത് നിഷേധിക്കാനും തയ്യാറാകാതിരുന്നത് അഭ്യൂഹങ്ങൾക്ക് ബലമേകി.

 

 

ഏപ്രിൽ 17 -ന്  സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോയോട് മറ്റൊരു ഫോക്സ് ന്യൂസ് ന്യൂസ് അവതാരക വീണ്ടും ജോൺ റോബർട്സിന്റെ ചോദ്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ""അമേരിക്കൻ ഗവണ്മെന്റ് അതിന്റെ പിന്നാലെതന്നെയുണ്ട്. ചൈനീസ് സർക്കാർ കാര്യങ്ങൾ തുറന്നുപറയേണ്ടതുണ്ട്. അവർ ഇനിയും സുതാര്യത കാണിക്കേണ്ടതുണ്ട്. ഞങ്ങളോട് സഹകരിക്കണമെന്നുണ്ട് എന്ന് ചൈനീസ് അധികാരികൾ പറയുന്നുണ്ട്. സഹകരിക്കാനുള്ള ഏറ്റവും എളുപ്പവഴി ഈ വൈറസ് എങ്ങനെ ലോകത്തേക്ക് ചോർന്നു എന്ന കാര്യം കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിൽ വസ്തുതകൾ തുറന്നു പറയുക, ഒളിച്ചു വെക്കാതിരിക്കുക എന്നതാണ്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് കാര്യങ്ങൾ ഇത്ര കുഴപ്പത്തിലേക്ക് നയിച്ചത് "

വാഷിങ്ടൺ പോസ്റ്റും ഫോക്സ് ന്യൂസും ഒരുപോലെ ആവർത്തിക്കുന്നത് ഒരേകാര്യമാണ്. "ഇതൊരു ബയോളജിക്കൽ വാർഫെയർ ആക്രമണം ഒന്നും ആവാൻ തരമില്ല. സാധ്യതയുള്ളത് ചൈനീസ് ശാസ്ത്രജ്ഞരുടെ ഭാഗത്തു നിന്നുണ്ടായ ഒരു സൂക്ഷ്മതക്കുറവ്. അതിന്റെ ഫലമായി ആ ഹൈ സെക്യൂരിറ്റി ബയോ സേഫ്റ്റി ലാബിൽ നിന്ന് ചോർന്നു പുറംലോകത്തെത്തിയ ഒരു ജനിതകമായ മ്യൂട്ടേഷനു വിധേയമാക്കിയ കൊറോണാ വൈറസ്, അതാണ് ഇന്നത്തെ ഈ കൊവിഡ് 19  ഭീതിക്ക് അടിസ്ഥാനം". ലാബിൽ നിന്ന് 'അബദ്ധവശാൽ ചോർന്നു' എന്ന തിയറിക്ക്, ചൈന സ്വന്തം പൗരന്മാർക്കുമേൽ ജൈവായുധ ആക്രമണം നടത്തി' എന്ന സിദ്ധാന്തത്തെക്കാൾ വിശ്വാസ്യത അമേരിക്കക്കാർക്കിടയിൽ ആർജ്ജിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ചൈനീസ് സർക്കാരിന്റെ പ്രത്യാരോപണം

ചൈനയിലെ ബയോ സേഫ്റ്റി ലാബിൽ നിന്ന് അബദ്ധത്തിൽ വൈറസ് ചോർന്നതാകാം എന്ന ആരോപണത്തോട് ചൈനീസ് നയതന്ത്രപ്രതിനിധികൾ അടക്കമുള്ളവർ പ്രതികരിച്ചത് ചൈനയിലേക്ക് അമേരിക്കൻ സൈന്യം  മനഃപൂർവം ഈ വൈറസ് കൊണ്ടുവന്നു വിട്ടത് എന്ന ഗൂഢാലോചന സിദ്ധാന്തം പുറത്തുവിട്ടുകൊണ്ടായിരുന്നു. സാവോ ലിജിയാൻ എന്ന മുതിർന്ന ചൈനീസ് ഒഫീഷ്യൽ ആയിരുന്നു, നേരിട്ട് തന്റെ ട്വിറ്റർ ഹാൻഡിൽ വഴി ഈ ഗൂഢാലോചനയുടെ സൂചനകൾ ആദ്യമായി പുറത്തുവിട്ടത്.

 

 

അമേരിക്കയിലെ സെന്റേഴ്സ് ഓഫ് ഡിസീസസ് കൺട്രോൾ തലവനായ റോബർട്ട് റെഡ്‌ഫീൽഡിന്റെ ഒരു വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ്, മൂന്നു ലക്ഷത്തിൽപരം വരുന്ന തന്റെ ഫോളോവേഴ്സിനെ അഭിസംബോധന ചെയ്ത്, സാവോ ലിജിയാൻ ഈ ആരോപണം ഉന്നയിച്ചത്. 2019 -ൽ വുഹാനിൽ നടന്ന ലോക സൈനിക ഗെയിംസിൽ പങ്കെടുക്കാൻ വേണ്ടി നൂറുകണക്കിന് അമേരിക്ക സൈനികർ വുഹാനിൽ വന്നുപോയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ ആ സന്ദർശനത്തെ ചുറ്റിപ്പറ്റിയാണ് ലിജിയൻറെ ആരോപണം.

 

 

'സാവോ ലിജിയാൻ'

ഈ ആരോപണത്തിന്റെ വിശദാംശങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന പണി, പിന്നീട് ചൈനീസ് കമ്യൂണിസ്റ്റുപാർട്ടിയുടെ പ്രൊപ്പഗാണ്ട വിഭാഗവും, അവരുടെ സൈബർ പ്രചാരണ വിഭാഗവും ഏറ്റെടുത്തിരുന്നു. അവരാണ് ലോക സൈനിക ഗെയിംസിൽ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാൻ വന്ന മാജ് ബെന്നസ്സിയുടെ പേരിൽ 'ചൈനയിലേക്ക് കൊവിഡ് ഇറക്കുമതി ചെയ്ത അമേരിക്കൻ ചാരയുവതി' എന്ന ആരോപണം പരസ്യമായി ഉന്നയിച്ചത്. മാജ് ആണ് ചൈനയിലെ 'പേഷ്യന്റ് സീറോ'  എന്നതാണ് ചൈനീസ് മാധ്യമങ്ങളുടെ ആരോപണം. ഈ ആരോപണങ്ങൾ ഉയർന്ന ശേഷം ഓൺലൈനും ഓഫ്‌ലൈനുമായ ജീവിതങ്ങളിൽ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് ബെന്നസ്സി കുടുംബം.

വുഹാനിൽ 2019 ഒക്ടോബറിൽ നടന്ന സൈക്ലിങ് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാജ് ബെന്നസ്സിക്ക് മറിഞ്ഞു വീണു പരിക്കേൽക്കുകയുണ്ടായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ നുറുങ്ങിയെങ്കിലും ഒരു വിധം മത്സരം പൂർത്തിയാക്കാൻ ബെന്നസ്സിക്ക് കഴിഞ്ഞു. മാർച്ചിലായിരുന്നു ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ വരവ്. ബെന്നസ്സി കുടുംബത്തിന്റെ ഫോൺ നമ്പറുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ഇമെയിൽ ഐഡികൾ തുടങ്ങി സകല വ്യക്തിവിവരങ്ങളും ചോർത്തി അതും വെച്ചുകൊണ്ടായിരുന്നു സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. മാർച്ച് അവസാനത്തോടെ ആ സിദ്ധാന്തങ്ങൾ വിശ്വസിച്ച്, ക്രുദ്ധനായ ചൈനക്കാരുടെ ഫോണിലൂടെയുള്ള അസഭ്യവർഷവും, വധഭീഷണികളും വന്നുതുടങ്ങി.

ജോർജ് വെബ്ബ് എന്ന ഗൂഢാലോചനാ കച്ചവടക്കാരൻ

ഈ വിഷയത്തിലേക്ക് ബെന്നസ്സി കുടുംബത്തെ വലിച്ചിഴച്ചത്, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വിറ്റുകൊണ്ട് ഉപജീവനം കണ്ടെത്തുന്ന, ജോർജ് വെബ്ബ് എന്ന അമ്പത്തൊമ്പതുകാരനായ അമേരിക്കൻ  യൂട്യൂബർ ആണ്. താനൊരു അന്വേഷണാത്മക പത്രപ്രവർത്തകനാണ് എന്ന് അവകാശപ്പെടുന്ന വെബ്ബിന്റെ ഗൂഢാലോചനാ സിദ്ധാന്ത യൂട്യൂബ് ചാനലിന് ഇതുവരെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സും ഏകദേശം 27 മില്യൺ വ്യൂസും കിട്ടിയിട്ടുണ്ട്. അമേരിക്കയുടെ രഹസ്യമായ ഏതോ ബയോളജിക്കൽ വെപ്പൺസ് ലാബിൽ നിർമിച്ച്, മാജ് ബെന്നസ്സിയുടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് അമേരിക്ക വുഹാൻ മിലിട്ടറി ഗെയിംസ് സമയത്ത്  ചൈനയിലേക്ക് കടത്തിവിട്ടതാണ് നോവൽ കൊറോണ വൈറസെന്നാണ് വെബ്ബിന്റെ സിദ്ധാന്തം. മാജ് ബെന്നസ്സിയോ, ഭർത്താവ് മാറ്റ് ബെന്നസ്സിയോ ഇതുവരെ കൊവിഡ് ബാധിതായിട്ടില്ല എന്നതാണ് വാസ്തവം. എന്തായാലും,  ഈ സിദ്ധാന്തം അവതരിപ്പിക്കുന്ന വെബ്ബിന്റെ വീഡിയോയ്ക്ക് ചുവട്ടിലായി ഇന്നും, "കൊല്ലണം ബെന്നസ്സിമാരെ", "ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് വിടണം" എന്നൊക്കെയുള്ള കമന്റുകൾ ധാരാളം വരുന്നുണ്ട്. അവരുടെ വീട്ടിലേക്ക് നേരിട്ടുള്ള ഭീഷണിക്കത്തുകളും നിരവധി വന്നുകഴിഞ്ഞു.

 

'ജോർജ് വെബ്ബ് '

തന്റെ ചില തുടർ വീഡിയോകളിൽ വെബ്ബ്, ഒരു ഇറ്റാലിയൻ ഡിജെ ആയ ബെന്നി ബെന്നസ്സിയും മാജ് - മാറ്റ് ബെന്നസ്സിമാരും ചേർന്നാണ് ചൈനയെ കൊറോണാബാധിതമാക്കാനുള്ള ഗൂഢാലോചന നടത്തിയത് എന്നമട്ടിലുള്ള സിദ്ധാന്തവും അവതരിപ്പിക്കുകയുണ്ടായി. 2002 -ൽ 'സാറ്റിസ്ഫാക്ഷൻ' എന്ന ഒരു സിംഗിളിലൂടെ സംഗീതലോകത്ത് പ്രസിദ്ധനായ ബെന്നി ബെന്നസ്സി പറയുന്നത് താൻ ഒരിക്കൽ പോലും അമേരിക്കൻ ബെന്നസ്സി ദമ്പതികളെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ല എന്നതാണ്.  ബെന്നി ബെന്നസ്സി ഡച്ചുകാരനാണ് എന്ന് തെറ്റിദ്ധരിച്ച് വെബ്ബ്, ആ ഡിജെ ആണ് നെതർലാൻഡ്‌സിലെ പേഷ്യന്റ് സീറോ എന്നുവരെ തന്റെ ഒരു വീഡിയോയിൽ ആരോപിക്കുകയുണ്ടായി. വെബ്ബ് പറയുംപോലെ താൻ ഡച്ചുകാരനല്ല, ഇറ്റാലിയൻ പൗരനാണ് എന്നും തനിക്ക് കൊവിഡ് ബാധ ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് ബെന്നി ബെന്നസ്സിയും സ്ഥിരീകരിച്ചിരുന്നു. "അയാൾക്ക് പ്രാന്താണ്" എന്നാണ് ബെന്നി മാധ്യമങ്ങളോട് വെബ്ബിന്റെ ആരോപണങ്ങളെപ്പറ്റി പ്രതികരിച്ചത്.

ആരോപണം ഏറ്റുപിടിച്ച് ചൈനീസ് മാധ്യമങ്ങൾ

എന്തായാലും, വെബ്ബിന്റെ ഈ കൺസ്പിറസി തിയറി പുനഃപ്രസിദ്ധീകരിച്ച 'ഗ്ലോബൽ ടൈംസ്' എന്ന ചൈനീസ് പത്രമാണ് ഈ സിദ്ധാന്തത്തെ ചൈനയിലേക്ക് പറിച്ചു നടുന്നത്. അമേരിക്കയിൽ നിന്നുവന്ന സൈനിക സംഘത്തിന്റെ പൂർണ്ണമായ ആരോഗ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറാനും ട്രംപിനെ അവർ വെല്ലുവിളിച്ചു. ഈ റിപ്പോർട്ടിനെ ചൈനീസ് നയതന്ത്രജ്ഞനായ  സാവോ ലിജിയാനും ഏറ്റെടുത്ത് ഏറെ പ്രചരിപ്പിച്ചിരുന്നു.

 

 

ചൈനയിലെ ഉത്തരവാദിത്തപ്പെട്ട സൈബർ പോരാളികളിൽ പലരും വെബ്ബിന്റെ 'ബെന്നസ്സി - കൊവിഡ്  ഗൂഢാലോചനാ സിദ്ധാന്ത വീഡിയോകൾ ഒരെണ്ണം പോലും വിടാതെ എല്ലാം തന്നെ ചൈനീസ് സബ്ടൈറ്റിലുകൾ നൽകിയും, ഓഡിയോ വോയ്‌സ്ഓവറിട്ടും ഒക്കെ വീചാറ്റ്, വെയ്‌ബോ, സിഗുവാ വീഡിയോ തുടങ്ങിയ ചൈനീസ് ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചു. "അമേരിക്കൻ ഗവൺമെന്റിലെ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച സ്ഥിരീകരണം" എന്ന വാക്കാലുള്ള പരാമർശം ഒഴിച്ചാൽ വെബ്ബ് ഈ ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇന്നോളം ഹാജരാക്കിയിട്ടില്ല. തങ്ങളെക്കുറിച്ചുള്ള കള്ളക്കഥകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിക്കാനുള്ള ബെന്നസ്സി കുടുംബത്തിന്റെ പ്രയത്നങ്ങളും ഇന്നോളം വിജയം കണ്ടിട്ടില്ല.

ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ബെന്നസ്സി കുടുംബം 

തീർത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ തന്നെയും കുടുംബത്തെയും വൈകാരികമായി ആകെ തളർത്തിയിട്ടുണ്ടെന്നും, ഇത് പ്രചരിപ്പിക്കുന്നവർ ആരാണെങ്കിലും ദയവായി അവസാനിപ്പിക്കണമെന്നും മാജ് ബെന്നസി അപേക്ഷിക്കയുണ്ടായി. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ സാധാരണ കുറച്ചുനാൾ കഴിഞ്ഞാൽ താനേ കെട്ടടങ്ങാറുണ്ട് എങ്കിലും, അപൂർവം ചില ദുഷ്പ്രചാരണങ്ങൾ 'പിസ്സാ ഗേറ്റ് റെസ്റ്റോറന്റ് വെടിവെപ്പു'പോലെ അക്രമങ്ങളിലും കലാശിച്ച ചരിത്രവും അമേരിക്കയിലുണ്ട്.

 

 

അത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് മാറ്റ് ബെന്നസ്സി സൂചിപ്പിച്ചു. ഈ കള്ളക്കഥകൾ ഒക്കെ വിശ്വസിച്ച് നാളെ ഏതെങ്കിലും ഒരു ചൈനാ അനുഭാവി വന്നു തങ്ങളെ വെടിവെച്ചു കൊന്നുകളയില്ല എന്നതിന് യാതൊരുറപ്പുമില്ല എന്നും അദ്ദേഹം പറഞ്ഞു.