കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ആധുനിക ചരിത്രത്തിലെ ആദ്യക്ഷാമമാണിത്. മഡഗാസ്‌കറില്‍, 1.14 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണമില്ലെന്നും, 400,000 ആളുകള്‍ പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്നുമാണ് ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി) മുന്നറിയിപ്പ് നല്‍കുന്നത്. 

ഉഷ്ണതരംഗങ്ങള്‍, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയവയുടെ തീവ്രത വര്‍ഷം ചെല്ലുന്തോറും കൂടിവരിയാണ്. ആഗോള താപനവും, കാലാവസ്ഥ പ്രതിസന്ധിയും പ്രകൃതിയുടെ താളം തെറ്റിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മനുഷ്യരാശിയുടെ ഭാവി ആശങ്കയിലാകുമെന്നതില്‍ സംശയമില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മഡകാസ്‌കറിലെ ജനങ്ങള്‍ അനുഭവിക്കുന്ന ക്ഷാമം. പ്രകൃതി സൗന്ദര്യത്തിനും, അതുല്യമായ ആവാസവ്യവസ്ഥയ്ക്കും പേരുകേട്ട വിശാലമായ ഭൂപ്രദേശമാണ് മഡഗാസ്‌കര്‍. എന്നാല്‍ ഇപ്പോള്‍ അവിടത്തെ ജനങ്ങള്‍ കഴിക്കാന്‍ ആഹാരമില്ലാതെ, കുടിക്കാന്‍ വെള്ളമില്ലാതെ മരിച്ച് വീഴുകയാണ്. 

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ആധുനിക ചരിത്രത്തിലെ ആദ്യക്ഷാമമാണിത്. മഡഗാസ്‌കറില്‍, 1.14 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണമില്ലെന്നും, 400,000 ആളുകള്‍ പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്നുമാണ് ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി) മുന്നറിയിപ്പ് നല്‍കുന്നത്. പട്ടിണി മൂലം വട്ടംതിരിഞ്ഞ ജനങ്ങള്‍ കള്ളിച്ചെടിയുടെ പഴങ്ങള്‍, കാട്ടിലകള്‍, വിളകളെ നശിപ്പിക്കുന്ന വെട്ടുകിളികള്‍ എന്നിവ കഴിച്ച് വിശപ്പടക്കുന്നു. ഇതിനുള്ള പ്രധാന കാരണം രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് പതിറ്റാണ്ടുകളായി അനുഭവപ്പെടുന്ന ഏറ്റവും കടുത്ത വരള്‍ച്ച തന്നെയാണ്. യുദ്ധം മൂലം പല രാജ്യങ്ങളും പട്ടിണി അനുഭവിച്ചിട്ടുണ്ടെങ്കിലും, ഇവിടത്തെ വില്ലന്‍ കാലാവസ്ഥ വ്യതിയാനമാണ്. 14,000 ആളുകള്‍ ഇതിനകം തന്നെ ദുരന്തമുഖത്താണെന്ന് ലോക ഭക്ഷ്യ പദ്ധതി മുന്നറിയിപ്പ് നല്‍കുന്നു, ഒക്ടോബറോടെ ഇത് ഇരട്ടിയാകും.

അതേസമയം ഈ പ്രദേശം കാലാവസ്ഥാ വ്യതിയാനത്തിന് യാതൊരു വിധത്തിലും കാരണമായിട്ടില്ല. അവര്‍ക്ക് കാറുകളില്ല, കാളവണ്ടികളിലാണ് അവര്‍ സഞ്ചരിക്കുന്നത്. അവര്‍ക്ക് സ്റ്റൗവേ, വൈദ്യുതിയോ മറ്റ് ആധുനിക സൗകര്യങ്ങളോ ഒന്നുമില്ല. എന്നിട്ടും ഭൂമിയെ കൊള്ളയടിക്കുന്ന ആര്‍ത്തിമൂത്ത രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്ന ക്രൂരതയുടെ ഇരകളാവുകയാണ് അവര്‍. രാജ്യത്തിന്റെ തെക്ക് ഭാഗം 1981 മുതല്‍ വരള്‍ച്ചയുടെ പിടിയിലാണ്. ചുഴലിക്കാറ്റുകള്‍, പൊടിക്കാറ്റുകള്‍, വെട്ടുകിളികള്‍ എന്നിവപോലുള്ള പ്രശ്‌നങ്ങള്‍ വേറെയും. എന്നാല്‍ കാലാവസ്ഥ വ്യതിയാനം ഇത്രയും കുറഞ്ഞ കാലയളവില്‍ ഇത്തരം വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നത് ഗവേഷകരെ ആശങ്കപ്പെടുത്തുന്നു.

മഡഗാസ്‌കറിലെ പ്രതിസന്ധി ഞെട്ടിക്കുന്നതാണ്. പല കുടുംബങ്ങളും ഇലകള്‍ തിന്ന് ജീവന്‍ നിലനിര്‍ത്തുമ്പോള്‍, അമ്മമാര്‍ അവരുടെ കുട്ടികള്‍ക്ക് എന്തെങ്കിലും നല്‍കണമെന്ന ആധിയില്‍ ചാരത്തില്‍ പുളി കലര്‍ത്തി കുഴച്ച് കൊടുക്കുന്നു. തുടര്‍ച്ചയായ വരള്‍ച്ചയും ടയോമെന എന്നറിയപ്പെടുന്ന മണല്‍ക്കാറ്റും വിളകളെ നശിപ്പിക്കുകയും കൃഷിയോഗ്യമായ ഭൂമിയെ മരുഭൂമിയാക്കുകയും ചെയ്തു. കോവിഡ് -19 ന്റെ വരവോടെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നതും, തൊഴിലവസരങ്ങള്‍ കുറയുന്നതും ദുരിതത്തിന്റെ ആക്കം കൂട്ടി. വല്ലപ്പോഴും പെയ്യുന്ന മഴയും ജലനിരപ്പ് കുറയുന്നതും അവസ്ഥ കൂടുതല്‍ മോശമാക്കി. ഒടുവില്‍ കുടുംബങ്ങള്‍ കിട്ടുന്ന വെള്ളം കുടിക്കുമെന്ന അവസ്ഥയിലായി. ഇത് ജലജന്യരോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമായി.

ക്ഷാമം കുട്ടികളില്‍ പോഷകാഹാരക്കുറവിനുള്ള സാധ്യത വര്‍ദ്ധിച്ചു. ഇത് ശിശുമരണനിരക്ക് കൂട്ടി. മഡഗാസ്‌കറിന്റെ തെക്ക് ഭാഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി ശരാശരി മഴയേക്കാള്‍ കുറവാണ് അനുഭവപ്പെടുന്നത്. തെക്ക് ഭാഗത്താവട്ടെ ഭൂരിഭാഗം ആളുകളും മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ്. വരള്‍ച്ച കാരണം നദികളും ജലസേചന അണക്കെട്ടുകളും വറ്റിപ്പോയി. ഇത് അവരുടെ ജീവിതം ദുരിതത്തിലാക്കി. 

മഡഗാസ്‌കറിന് അടിയന്തിരമായി 78.6 മില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് ഡബ്ല്യുഎഫ്പി പറയുന്നു. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും, മഡഗാസ്‌കറിനെ സംബന്ധിച്ചിടത്തോളം അതിന്റെ പരിണതഫലങ്ങള്‍ ഇതിനകം തന്നെ മാരകമാണ്.