കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ താല്‍ക്കാലിക ബോട്ട് നിര്‍മ്മിച്ച് റൂർക്കി ഐഐടിയിലെ വിദ്യാർത്ഥികൾ. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ നഗരങ്ങളിൽ പലതിലും വെള്ളം കയറിയിരിക്കയാണ്. പുറത്തിറങ്ങാൻ പോലും കഴിയാതെ ഈ പ്രതിസന്ധിയിൽ വട്ടം കറങ്ങുകയാണ് ജനങ്ങൾ. എന്നാൽ, അതേസമയം തന്നെ റൂർക്കി ഐഐടിയിലെ ഒരു കൂട്ടം മിടുക്കന്മാർ ഈ പ്രതിസന്ധിയെ എങ്ങനെ നേരിട്ടു എന്ന് കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ക്യാമ്പസിനു ചുറ്റുമുള്ള വെള്ളം നിറഞ്ഞ റോഡുകളിലൂടെ ഒരു 'താല്ക്കാലിക ബോട്ട്' ഉണ്ടാക്കി യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
'കസ്തൂർബ ഭവൻ ബോട്ട് സർവീസ്'
'phd_baddie' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോയ്ക്ക് 'കസ്തൂർബ ഭവൻ ബോട്ട് സർവീസ്' എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഐഐടി റൂർക്കിയിലെ പെൺകുട്ടികളുടെ ഹോസ്റ്റലാണ് കസ്തൂർബ ഭവൻ. പലകകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ താല്ക്കാലിക ബോട്ടിന് മുകളിൽ കുടയും ചൂടി നിൽക്കുന്ന ഒരു കൂട്ടം ആളുകളെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. കൂട്ടത്തിൽ ഒരാൾ തുഴയ്ക്ക് പകരം ഒരു നീളമുള്ള പൈപ്പ് ഉപയോഗിച്ച് ബോട്ട് മുന്നോട്ട് നീക്കാൻ ശ്രമിക്കുന്നുമുണ്ട്. ക്യാമ്പസിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായി മാറിയതോടെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. 'എന്ത് വെള്ളപ്പൊക്കമുണ്ടായാലും ഞാനിങ്ങനെ ഓഫീസിലെത്തുമെന്നാണ് എന്റെ മാനേജർ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. 'നമ്മുടെ കണക്ക് മാഷും മാതാപിതാക്കളും പണ്ട് സ്കൂളിൽ പോയിരുന്നത് ഇങ്ങനെയാണെന്നാണ് പറയാറുള്ളത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും, എന്ത് പ്രതിസന്ധി വന്നാലും ഇന്ത്യക്കാരുടെ കയ്യിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിവിധികളും കാണും എന്ന് തെളിയിക്കുന്നതാണ് വീഡിയോ.
