വെറുപ്പും വിദ്വേഷവും ശത്രുതയും കൂടിക്കൂടി വരുന്ന കാലമാണ്. മതത്തിന്‍റെ പേരിലും വിശ്വാസത്തിന്‍റെ പേരിലും പോലും ആളുകള്‍ പരസ്പരം മാറ്റിനിര്‍ത്തപ്പെടുകയും പരസ്‍പരം പോരടിക്കുകയും ചെയ്യുന്ന കാലം... മറ്റുള്ള മതസ്ഥരുടെ അടുത്തുനിന്നും ഒന്നും വാങ്ങരുതെന്നും ഭക്ഷണം പോലും കഴിക്കരുതെന്നും പറയുന്നവരുള്ള കാലം... ആ സമയത്ത് മുംബൈയിലെ ഒരു ഹൗസിങ് സൊസൈറ്റി വാര്‍ത്തയാവുന്നത് ഇങ്ങനെയാണ്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. ആഴ്ചാവസാനത്തിലെ അവധി ദിവസം... ഒരു ആറുവയസ്സുകാരി കരഞ്ഞുകൊണ്ട് അവളുടെ വീട്ടിലേക്ക് ഓടിച്ചെന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ തന്‍റെ അമ്മയോട് കാര്യം പറഞ്ഞു, അവിടെയുള്ള മറ്റുകുട്ടികള്‍ അവളെ കളിക്കാന്‍ കൂട്ടുന്നില്ല. അവള്‍ മുസ്‍ലിം ആയതുകൊണ്ടാണത്രെ അവര്‍ അവളെ കൂടെക്കൂട്ടാത്തത്... മാലാടിലെ റോയല്‍ ഒയാസിസ് സൊസൈറ്റിയിലെ കളിസ്ഥലത്താണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്, 'മറ്റുള്ള കുട്ടികളുടെ കളിക്കാന്‍ പോയി കുറച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കരഞ്ഞുകൊണ്ട് മകള്‍ തിരികെവന്നു. അവളൊരു മുസ്‍ലിം ആയതുകൊണ്ട് മറ്റുകുട്ടികള്‍ അവളെ കളിക്കാന്‍ കൂട്ടിയില്ലെന്നും പറഞ്ഞ് അവള്‍ കരയുകയായിരുന്നു...' എന്നാണ്.

പെണ്‍കുട്ടിയുടെ അമ്മ സൊസൈറ്റിയിലെ ആളുകളെല്ലാമടങ്ങുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ ഈ പെരുമാറ്റത്തെ കുറിച്ചെഴുതി. അതുകണ്ടതോടെ ഗ്രൂപ്പില്‍ ചര്‍ച്ചയായി. ഒരുപാട് സ്ത്രീകള്‍ കുട്ടിയുടെ അമ്മയെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. കുറച്ച് സ്ത്രീകള്‍ അവരുടെ വീട്ടിലെത്തുകയും ഇങ്ങനെയൊരു പെരുമാറ്റവും ചിന്താഗതിയും യാതൊരുതരത്തിലും സൊസൈറ്റിയില്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ഉറപ്പിച്ചു പറയുകയും ചെയ്‍തു. പിന്നീട്, പെണ്‍കുട്ടിയുടെ അമ്മ മകളെ കളിക്കാന്‍ കൂട്ടില്ലെന്ന് പറഞ്ഞ രണ്ട് കുട്ടികളുടെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ കണ്ടു. തന്‍റെ മകള്‍ക്ക് ഇങ്ങനെയൊരു മോശം അനുഭവമുണ്ടായി. ഏതെങ്കിലും മുതിര്‍ന്നവരില്‍ നിന്നാകാം കുഞ്ഞുങ്ങള്‍ ഇങ്ങനെയൊരു കാര്യം കേട്ടുപഠിച്ചത് എന്നും സൂചിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ അവരെ കേട്ടു, എല്ലാവരേയും ബഹുമാനിക്കാന്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതാണ് എന്ന ഉറപ്പും ആ അമ്മയ്ക്ക് നല്‍കി. 

മേലില്‍ ഒരാള്‍ക്കും ഇങ്ങനെയൊന്ന് കേള്‍ക്കേണ്ടി വരരുത് എന്ന് അവിടെയുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ, സൊസൈറ്റിയിലെ സ്ത്രീകള്‍ തന്നെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. മേലാല്‍ ഇങ്ങനെയൊരു സംഭവം സൊസൈറ്റിയില്‍ ആവര്‍ത്തിക്കരുതെന്നും അതിനായി അവരുടെ കുഞ്ഞുങ്ങളെ കാര്യങ്ങള്‍ ശരിയാംവിധം പറഞ്ഞ് മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ ആഘോഷങ്ങളും സൊസൈറ്റിയില്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കണമെന്നും അതിലൂടെ 'നാനാത്വത്തില്‍ ഏകത്വ'മെന്ന ചിന്ത എല്ലാ കുട്ടികളിലും മുതിര്‍ന്നവരിലും ഊട്ടിയുറപ്പിക്കണമെന്നും അവര്‍ തീരുമാനമെടുത്തു. കുഞ്ഞുങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടര്‍ന്നുവന്ന വിനായക ചതുര്‍ത്ഥിക്ക് ജാതിമതഭേദമന്യേ എല്ലാവരും സൊസൈറ്റിയിലെ കോമണ്‍ ഏരിയയില്‍ ഒത്തുചേര്‍ന്നു. 

സൊസൈറ്റിയുടെ നിലപാട് വ്യക്തമായിരുന്നു. രാജ്യത്താകെ പടര്‍ന്നുകൊണ്ടിരിക്കുന്ന മതത്തിന്‍റെ പേരിലുള്ള വിദ്വേഷം ഒരുതരത്തിലും അവിടെ പ്രോത്സാഹിപ്പിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. 'എന്‍റെ മകള്‍ ശരിയായ അന്തരീക്ഷത്തിലാണ് വളരുന്നത്. മറ്റ് കുട്ടികളുടെ ഉള്ളിലുണ്ടായിരുന്ന തെറ്റായ ചിന്താഗതികള്‍ മാറ്റാന്‍ നമുക്കായിട്ടുണ്ട്. ഇപ്പോള്‍ അവരെല്ലാം ഒരുമിച്ച് കളിച്ച് വളരുന്നു' -പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. 

ഇവിടെ സമീപത്തുള്ള മറ്റ് ഫ്ലാറ്റുകളില്‍ അന്യമതസ്ഥര്‍ക്ക് ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാത്ത അവസ്ഥയുണ്ട്. അതുപോലെ തന്നെ മറ്റുചില ഫ്ലാറ്റുകളില്‍ മാംസം പാചകം ചെയ്യരുതെന്ന നിബന്ധനയുമുണ്ട്. അങ്ങനെയുള്ള യാതൊരു കാര്യങ്ങളും തങ്ങളുടെ സൊസൈറ്റിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഇവിടുത്തെ താമസക്കാര്‍ പറയുന്നു. എല്ലാ മതത്തിലും വിശ്വസിക്കുന്നവര്‍ താമസിക്കുന്ന ഇടമാണിത്. എല്ലാവര്‍ക്കും അങ്ങനെത്തന്നെ ജീവിക്കാനാകുന്ന അന്തരീക്ഷം ഇവിടെയുണ്ടാകണം. ഒരാളും മുറിപ്പെടാനിടവരരുത് എന്നും അവര്‍ പറയുന്നു. 'നമ്മുടെ സൊസൈറ്റിയില്‍ അംഗീകരിക്കാത്ത ഒറ്റക്കാര്യമേയുള്ളൂ അത് മതവിദ്വേഷമാണ്' സൊസൈറ്റിയിലെ താമസക്കാരിയായ ഗരിമ ശ്രീവാസ്‍തവ പറഞ്ഞു. 

ഈ നിര്‍ഭാഗ്യകരമായ സംഭവത്തോടെ അത്തരമൊന്ന് ആവര്‍ത്തിക്കാതിരിക്കാനായി ഇടയ്ക്കിടയ്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഒന്നിച്ചിരിക്കാനും കൂടി ഇവിടെയുള്ളവര്‍ തീരുമാനിച്ചു. എല്ലാ സംസ്കാരവും കുട്ടികള്‍ കണ്ടുമനസിലാക്കാന്‍ അത് സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം. 'അമ്മമാരാണ് കുട്ടികളുടെ ആദ്യത്തെ അധ്യാപിക. എന്‍റെ കുഞ്ഞുങ്ങള്‍ എല്ലാ മനുഷ്യരേയും ബഹുമാനിക്കുന്നവരായി വളരണം. അവരുടെ മനസില്‍ യാതൊരു വേര്‍തിരിവും ഉണ്ടാകരുത്.' സൊസൈറ്റിയിലെ മറ്റൊരു താമസക്കാരിയായ റുഖ്സാന പറയുന്നു.

നമ്മുടെ കുഞ്ഞുങ്ങളില്‍ എവിടെനിന്നാണ് ഇത്തരം വെറുപ്പിന്‍റെ വിത്തുകള്‍ മുളക്കുന്നതെന്ന് ചിന്തിക്കേണ്ടത് നമ്മളാണ്. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ അവരില്‍ ഇങ്ങനെയൊരു വേര്‍തിരിവും മതചിന്തയുമുണ്ടാകുന്നുവെങ്കില്‍ അതിനുത്തരവാദി അവര്‍ക്ക് ചുറ്റുമുള്ള മുതിര്‍ന്നവര്‍ തന്നെയാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ അവര്‍ക്കാകില്ല. ഏതായാലും, സാമൂഹ്യമാധ്യമങ്ങളിലടക്കം വിദ്വേഷത്തിന്‍റെ വിത്തിട്ടിട്ടു പോകുന്നവര്‍ക്ക് ഈ സൊസൈറ്റിയിലെ സ്ത്രീകളെ കണ്ടുപഠിക്കാവുന്നതാണ്. ഓരോ മനുഷ്യനും അവരുടേതായ ജാതിയും മതവും വിശ്വാസവും വിശ്വാസമില്ലായ്മയുമുണ്ട്. അതിനെ അംഗീകരിക്കുകയും പരസ്‍പരം സ്നേഹത്തോടെ കഴിയുകയും ചെയ്തില്ലെങ്കില്‍ നാം മനുഷ്യരാണ് എന്നു പറഞ്ഞിട്ടെന്താണ് കാര്യം. 

(വാര്‍ത്തയ്ക്ക് കടപ്പാട്: മുംബൈ മിറര്‍)