Asianet News MalayalamAsianet News Malayalam

മുംബൈയിലെ ചേരിയിൽ നിന്നും പ്രശസ്‍തിയിലേക്ക്, മലീഷയെന്ന 13 -കാരി മോഡൽ പിറന്ന കഥ!

ഇൻസ്റ്റഗ്രാം പോസ്റ്റുകളും, പീകോക്ക് മാസികയുടെ കവർ പേജും പെട്ടെന്ന് തന്നെ അവളെ പ്രശസ്തയാക്കി. ഇന്ന് അവൾക്ക് ഇൻസ്റ്റാഗ്രാമിൽ 1,32,000 ഫോളോവേഴ്‌സുണ്ട്, കൂടാതെ നിരവധി മാധ്യമങ്ങൾ അവളെ കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. 

Maleesha Kharwa model from Mumbai slum
Author
Mumbai, First Published May 31, 2021, 12:56 PM IST

സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. നിരവധി പേർ അവിടെ കഠിനാധ്വാനം ചെയ്ത് തങ്ങളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നു. ചിലർ അതിൽ പരാജയപ്പെടുമ്പോൾ, മറ്റ് ചിലർക്ക് തങ്ങളുടെ സ്വപ്നങ്ങളെ കൈയെത്തി പിടിക്കാൻ സാധിക്കുന്നു. മലീഷ ഖാർവ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. മുംബൈയിലെ ചേരിയിൽ നിന്ന് ഒരു മോഡലായി അവൾ വളർന്നത് തികച്ചും ആകസ്മികമായാണ്. അവളുടെ സ്വപ്നങ്ങളിൽ അവൾ അർപ്പിച്ചിരുന്ന വിശ്വാസമായിരുന്നു അതിനുപിന്നിൽ.  

ബാന്ദ്ര കടലിനടുത്തുള്ള ഒരു ചേരിയിലാണ് മലീഷയുടെ വീട്. വെറും തുണിയും മുളയും കെട്ടി മറച്ച ഒരു കൂരയിലാണ് അവളും അച്ഛനും അവളുടെ അനിയനും കഴിയുന്നത്. പലപ്പോഴും വെള്ളത്തിനും ആഹാരത്തിനുമായി അവർ കഷ്ടപ്പെട്ടു. എന്നാൽ, എത്രയൊക്കെ പണിപ്പെട്ടാലും മക്കളെ പഠിപ്പിക്കണമെന്ന് ആ അച്ഛൻ ആഗ്രഹിച്ചിരുന്നു. അവളുടെ അച്ഛന് കുട്ടികളുടെ പാർട്ടികളിൽ ഒരു കോമാളിയായി വേഷമിടുന്ന ജോലിയാണ്. വീടിനടുത്തുള്ള പാലി ചിമ്പായ് മുനിസിപ്പാലിറ്റി സ്കൂളിലാണ് അവൾ പഠിക്കുന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിൽ വന്നാൽ അവൾ അച്ഛനെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നു. എന്നാലും അതിന്റെ പേരിൽ ഒരിക്കലും അവൾ പഠിപ്പ് മുടക്കിയില്ല. എന്നും ഒന്നാമതായിരുന്ന മലീഷ ഈ ജോലികൾക്കൊപ്പം തന്നെ ഇളയ സഹോദരനെയും പരിപാലിച്ചിരുന്നു. അഞ്ചു വയസ്സുള്ളപ്പോഴാണ് അവൾക്ക് ആദ്യമായി ഒരു മോഡൽ ആകണമെന്ന ആഗ്രഹം തോന്നിയത്. ഒരു ദിവസം ഒരു യൂട്യൂബ് വിഡിയോവിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര റാംപിലൂടെ നടക്കുന്നത് അവൾ കാണാൻ ഇടയായി. അത് അവളിൽ വല്ലാത്ത സ്വാധീനം ചെലുത്തി. ഫാഷൻ ലോകത്തിന്റെ ഭാഗമാകാൻ അവളും ആഗ്രഹിച്ചു. എന്നാൽ അഷ്ടിയ്ക്ക് പോലും വകയില്ലാത്ത, ചേരിയിൽ കഴിയുന്ന അവൾക്ക് അത് ഒരു വിദൂര സ്വപ്നമായിരുന്നു.  

എന്നാൽ, മുംബൈയിലെ തെരുവുകളിൽ വച്ച് സ്റ്റെപ്പ് അപ്പ് -2 ഹോളിവുഡ് നടൻ റോബർട്ട് ഹോഫ്മാനെ കണ്ടുമുട്ടിയത് അവളുടെ ജീവിതത്തിലെ  ഒരു വലിയ വഴിത്തിരിവായി. നഗരത്തിലെ ചേരി പ്രദേശങ്ങളിൽ ഒരു മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനാണ് കഴിഞ്ഞ വർഷം ഹോഫ്മാൻ ഇന്ത്യയിലെത്തിയത്. എന്നാൽ, ലോക്ക് ഡൗൺ കാരണം അദ്ദേഹത്തിന് കൂടുതൽ സമയം അവിടെ താമസിക്കേണ്ടി വന്നു. അവിടെ വച്ചാണ് അവിചാരിതമായി അദ്ദേഹം മലീഷയെ കണ്ടുമുട്ടുന്നത്. വലുതാകുമ്പോൾ എന്താകണമെന്ന് അവളോട് അദ്ദേഹം ചോദിച്ചു. ഒട്ടും സംശയിക്കാതെ എനിക്ക് ഒരു മോഡലും നർത്തകിയുമാകണമെന്ന് അവൾ ഉത്തരം പറഞ്ഞു. അവളുടെ പ്രസരിപ്പും ആത്മവിശ്വാസവും അദ്ദേഹത്തെ ആകർഷിച്ചു. തന്റെ വീഡിയോയിൽ അവളെ അദ്ദേഹം ഉൾപ്പെടുത്തിയില്ലെങ്കിലും, അവളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാനായി അദ്ദേഹം അവൾക്കായി ഒരു ഇൻസ്റ്റാഗ്രാം പേജ് ആരംഭിച്ചു.  

തുടർന്ന്, ഹോഫ്മാൻ അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുക്കുകയും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി വയ്ക്കുകയും ചെയ്തു. പിന്നീട് അവളെ സഹായിക്കാനായി GoFundMe എന്ന ഒരു പേജും അദ്ദേഹം ആരംഭിച്ചു. മേക്കപ്പ് ഇല്ലാതെ മനോഹരമായ വസ്ത്രം ധരിച്ച അവളുടെ കുറച്ച് ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നാൽ, ആ ചിത്രങ്ങൾ വിചാരിക്കുംമുമ്പ് തന്നെ ആളുകൾ നെഞ്ചിലേറ്റി. ഈ ചിത്രങ്ങൾ പ്രഗത്ഭ ഡിസൈനർമാരായ ഷെയ്ൻ, ഫാൽഗുനി പീകോക്ക് എന്നിവർ കാണാൻ ഇടയായി. അവർക്ക് ആ ചിത്രങ്ങൾ വളരെ ഇഷ്ടമായി. അങ്ങനെ അവരുടെ മാസികയുടെ 2020 ഒക്ടോബർ ലക്കത്തിന്റെ കവർ പേജിനായി അവൾ തെരഞ്ഞെടുക്കപ്പെട്ടു. ചാരിറ്റി അധിഷ്ഠിത സ്ഥാപനമായ പീക്കോക് ഫൗണ്ടേഷന്റെ ഒരു സംരംഭമായിരുന്നു ആ മാസിക. ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കാൻ വേണ്ടി പ്രയത്നിക്കുന്ന ഒരു സ്ഥാപനമാണ് അത്. അങ്ങനെ തന്റെ 13 -ാമത്തെ വയസിൽ അവൾ പ്രശസ്ത പീകോക്ക് മാസികയുടെ കവർ ചിത്രമായി.

ഇൻസ്റ്റഗ്രാം പോസ്റ്റുകളും, പീകോക്ക് മാസികയുടെ കവർ പേജും പെട്ടെന്ന് തന്നെ അവളെ പ്രശസ്തയാക്കി. ഇന്ന് അവൾക്ക് ഇൻസ്റ്റാഗ്രാമിൽ 1,32,000 ഫോളോവേഴ്‌സുണ്ട്, കൂടാതെ നിരവധി മാധ്യമങ്ങൾ അവളെ കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. ജാസ് സാഗുവും അർസല ഖുറൈഷിയും ചേർന്ന് ലിവ് യുവർ ഫെയറിടെയിൽ എന്ന പേരിൽ അവളുടെ ഒരു ഹ്രസ്വചിത്രവും അടുത്തിടെ പുറത്തിറക്കിയിരുന്നു. എന്നാൽ, ഈ പേരിലും പ്രശസ്തിയിലൊന്നും അവൾ ഒരിക്കലും സ്വയം മതിമറന്നില്ല. ഇന്നും സഹോദരനും അച്ഛനുമൊപ്പം ബാന്ദ്രയിലെ ചേരിയിലാണ് അവൾ താമസിക്കുന്നത്. സ്കൂളിൽ പോകുന്നത് തനിക്ക് വളരെ ഇഷ്ടമാണെന്നും, എല്ലാ വിഷയങ്ങളിലും തനിക്ക് ഫുൾ മാർക്കാണെന്നും പീകോക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അവൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios