ശരീരത്തിൽ മയക്കുമരുന്നുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടി, കേസെടുക്കാതിരിക്കാൻ കൈക്കൂലി വേണമെന്ന് പൊലീസ്, ആരോപണം
തന്റെ ബന്ധു ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ഫോണും കൈവശമുണ്ടായിരുന്ന സാധനങ്ങളും നഷ്ടമായി എന്നും ഉപയോക്താവ് വിശദീകരിച്ചു.

യുവാവിന്റെ ശരീരത്തിൽ മയക്കുമരുന്ന് വെച്ച് ഭീഷണിപ്പെടുത്തി ഗുണ്ടകൾ പണം തട്ടിയതായി ആരോപണം. പേര് വെളിപ്പെടുത്താത ഒരു സോഷ്യൽ മീഡിയാ ഉപയോക്താവ് റെഡ്ഡിറ്റിലൂടെയാണ് തന്റെ ബന്ധുവിനുണ്ടായ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചത്. ബംഗളൂരുവില്‍ വച്ചാണ് ിത് സംഭവിച്ചത് എന്നാണ് ഇയാള്‍ തന്‍റെ പോസ്റ്റില്‍ പറയുന്നത്.
തന്റെ ബന്ധു ജോലിക്കായി പുറത്തുപോയപ്പോൾ ഗുണ്ടകൾ അദ്ദേഹത്തെ വളയുകയും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ മയക്കുമരുന്നുമായി പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് ഉപയോക്താവ് പോസ്റ്റിൽ പറയുന്നത്. 60,000 രൂപയാണ് ഗുണ്ടകൾ ഇയാളിൽ നിന്നും ആവശ്യപ്പെട്ടത്. തന്റെ ബന്ധു കെഎൽ രജിസ്റ്റേഡ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവമെന്നും പോസ്റ്റിൽ പറയുന്നു.
തന്റെ ബന്ധു ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ഫോണും കൈവശമുണ്ടായിരുന്ന സാധനങ്ങളും നഷ്ടമായി എന്നും ഉപയോക്താവ് വിശദീകരിച്ചു. ഇത് വീണ്ടെടുക്കുന്നതിനായി പൊലീസിനെ സമീപിച്ചെങ്കിലും തന്റെ ബന്ധുവിന്റെ പേരിൽ കേസെടുക്കുമെന്ന് പൊലീസും ഭീഷണിപ്പെടുത്തിയെന്നും അത് ഒഴിവാക്കി നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുത്ത് നൽകാൻ 45,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നുമാണ് ഇയാളുടെ ആരോപണം. ഭയം മൂലമാണ് തന്റെ പേര് വെളിപ്പെടുത്താത്തതെന്നും തങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ സഹായിക്കണമെന്നും ഇയാൾ റെഡ്ഡിറ്റ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. ബംഗളൂരു നഗരത്തിൽ എത്തി അധിക ദിവസം ആകുന്നതിന് മുൻപ് തന്നെ ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് തന്റെ ബന്ധുവെന്നും ഇദ്ദേഹം പറയുന്നു.
Shocking incident happened to my cousin
byu/nrk151203 inbangalore
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നിരവധി സോഷ്യൽ മീഡിയാ ഉപയോക്താക്കളാണ് നിയമപോരാട്ടം നടത്താൻ ഉപദേശിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്. ബംഗളൂരുവിൽ നിന്നുള്ള സാമൂഹിക പ്രവർത്തകർ അടക്കമുള്ളവർ തങ്ങൾ സഹായം നൽകാമെന്ന് പോസ്റ്റിന് താഴെ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.