പുലര്‍ച്ചെ മൂന്ന് മണിക്ക് ബാല്‍ക്കണിയില്‍ അറിയാതെ കുടുങ്ങിപ്പോയാല്‍ എന്ത് ചെയ്യും? പുനെയില്‍ നിന്നുള്ള ഒരു യുവാവും സുഹൃത്തും അങ്ങനെ കുടുങ്ങിപ്പോയി. പിന്നെ പുറത്തിറങ്ങാന്‍ ചെയ്തത് ഇതാണ്.
പുലർച്ചെ വീടിന്റെ ബാൽക്കണിയിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ യുവാവിനെ രക്ഷിക്കാൻ ഡെലിവറി ഏജന്റ് എത്തിയ കൗതുകകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പുനെയിലാണ് സംഭവം നടന്നത്. പുലർച്ചെ 3 മണിക്ക് ബാൽക്കണിയിൽ കുടുങ്ങിയ യുവാവ് സഹായത്തിനായി പോലീസിനെയോ സുഹൃത്തുക്കളെയോ വിളിക്കുന്നതിന് പകരം ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ 'ബ്ലിങ്കിറ്റിനെ' ആണ് ആശ്രയിച്ചത്.
പുനെ സ്വദേശിയായ മിഹിർ ഗാഹുക്കറാണ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ഈ അപൂർവ്വ അനുഭവം വീഡിയോ സഹിതം പങ്കുവെച്ചത്. പുലർച്ചെ 3 മണിയോടെ മിഹിറും സുഹൃത്തും കൂടി ബാൽക്കണിയിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ അവർ പോലുമറിയാതെ ബാൽക്കണിയുടെ വാതിൽ അബദ്ധത്തിൽ പിന്നിൽ നിന്ന് ലോക്ക് ആയിപ്പോയി. വീടിനുള്ളിൽ മാതാപിതാക്കൾ നല്ല ഉറക്കത്തിലായിരുന്നു. അവരെ വിളിച്ചുണർത്താൻ ശ്രമിച്ചാൽ അവർ പരിഭ്രാന്തരാകുമോ എന്ന ആശങ്കയിലായിരുന്നു യുവാക്കൾ. ഫോൺ കയ്യിലുണ്ടായിരുന്നെങ്കിലും ഇത്രയും വൈകിയ സമയത്ത് ആരെ വിളിക്കണമെന്ന ആശയക്കുഴപ്പത്തിനിടയിലാണ് ബ്ലിങ്കിറ്റിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യാം എന്ന ബുദ്ധി യുവാവിന് തോന്നിയത്. ഉടൻ തന്നെ ബ്ലിങ്കിറ്റ് ആപ്പ് വഴി ലഘുഭക്ഷണങ്ങൾ ഓർഡർ ചെയ്ത യുവാവ്, 'ഡെലിവറി ഇൻസ്ട്രക്ഷൻ' കോളത്തിൽ താൻ ബാൽക്കണിയിൽ കുടുങ്ങിപ്പോയ വിവരം വ്യക്തമാക്കുകയും വാതിൽ തുറക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ ഡെലിവറി ഏജന്റ് സ്ഥലത്തെത്തി. ഓർഡറുമായി എത്തിയ ഏജന്റ് യുവാവ് നൽകിയ നിർദ്ദേശപ്രകാരം വാതിൽ തുറന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചു. താൻ ഓർഡർ ചെയ്ത ഭക്ഷണത്തേക്കാൾ വലിയ ഉപകാരമാണ് ആ ഏജന്റ് ചെയ്തതെന്ന് യുവാവ് കുറിച്ചു. ഈ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ധീൻഡ്‌സയും ഈ സംഭവത്തോട് പ്രതികരിച്ചു. ഉപഭോക്താവിന്റെ പ്രശ്നം പരിഹരിച്ച ഡെലിവറി പാർട്ണറെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമയബന്ധിതമായി ഭക്ഷണമെത്തിക്കുന്നതിനൊപ്പം ഇത്തരമൊരു സഹായം കൂടി ചെയ്ത ഡെലിവറി ഏജന്റിന് സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. പലരും തമാശരൂപേണ ഇതിനെ 'സ്മാർട്ട് മൂവ്' എന്ന് വിശേഷിപ്പിക്കുമ്പോൾ, അത്യാവശ്യ ഘട്ടങ്ങളിൽ ഇത്തരം സേവനങ്ങൾ എത്രത്തോളം ഉപകരിക്കുമെന്ന ചർച്ചകളും സജീവമാണ്.
