പാർക്കുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ പലപ്പോഴും നടത്തുന്ന ഇത്തരം മത്സരങ്ങളിൽ, രണ്ട് ഫിഞ്ചുകൾ പാടും. മികച്ച ശബ്ദമുണ്ടാക്കാൻ സാധിക്കുന്ന പക്ഷിയെ വിജയിയായി തിരഞ്ഞെടുക്കും. ആലാപന മത്സരങ്ങളിൽ പങ്കെടുക്കുന്ന പലരും തങ്ങളുടെ പക്ഷികളെ മത്സരിപ്പിക്കാനായി കൊണ്ടുവരുന്നു.

35 ജീവനുള്ള പക്ഷികളെ ന്യൂയോർക്കിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ഗയാനക്കാരൻ പിടിയിൽ. ഗയാനയിൽ നിന്ന് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പക്ഷികളെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്നു 36 -കാരനായ കെവിൻ ആൻഡ്രെ മക്കെൻസി. ജാക്കറ്റിലും ട്രൗസറിനകത്തും ഘടിപ്പിച്ചിരുന്ന ഹെയർ കേളറുകൾക്കുള്ളിലാണ് ഫിഞ്ച് എന്നറിയപ്പെടുന്ന പാടുന്ന പക്ഷികളെ അയാൾ ഒളിച്ച് വച്ചത്. എന്നാൽ പക്ഷേ, ലക്ഷ്യസ്ഥാനത്ത് എത്തും മുൻപ് തന്നെ അയാൾ പിടിക്കപ്പെട്ടു.

ബോർഡർ പട്രോളിംഗ് ഏജന്റുമാർ അയാളെ തടഞ്ഞ് പരിശോധിക്കുകയും മൂന്ന് ഡസനോളം വരുന്ന പക്ഷികളെ ചെറിയ സിലിണ്ടർ കണ്ടെയ്നറുകളിൽ നെറ്റു കൊണ്ട് മൂടി ഒളിപ്പിച്ചതായി കണ്ടെത്തുകയും ചെയ്‍തു എന്ന് ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫീസ് പറഞ്ഞു. അയാളുടെ ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഹെയർ കേളറുകൾക്കുള്ളിൽ കുത്തി നിറച്ച ആ ചെറിയ പക്ഷികളുടെ കണങ്കാലുകൾ വളഞ്ഞിരിക്കുന്നതായി ഫോട്ടോകളിൽ കാണാം. തനിക്ക് 500 ഡോളർ മുൻ‌കൂറായി വാഗ്ദാനം ചെയ്തതായും, ബാക്കി 2,500 ഡോളർ പക്ഷികളെ കൈമാറുമ്പോൾ നൽകാമെന്ന് പറഞ്ഞതായും പ്രതി പറഞ്ഞു.

ചൊവ്വാഴ്ച ബ്രൂക്ലിനിലെ ഒരു ഫെഡറൽ കോടതിയിൽ ഇയാളെ അറസ്റ്റുചെയ്ത് ഹാജരാക്കുകയും, 25,000 ഡോളർ ബോണ്ടിൽ വിട്ടയച്ചതായും യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. ന്യൂയോർക്കിലെ ബ്രൂക്ലിൻ, ക്വീൻസ് പരിസരങ്ങളിൽ ഇത്തരം പക്ഷികളുടെ ആലാപന മത്സരങ്ങൾ നടക്കാറുണ്ട് എന്ന് യുഎസ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിന്റെ പ്രത്യേക ഏജന്റ് കാത്രിൻ മക്കാബ് പറഞ്ഞു. മത്സരങ്ങളിൽ വിജയിക്കുന്ന പക്ഷികളെ വളരെ വിലപ്പെട്ടതായി കണക്കാക്കുകയും, വിൽക്കുന്ന വേളയിൽ അവയ്ക്ക് വലിയ തുക ലഭിക്കുകയും ചെയ്യുന്നു.

“പാർക്കുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ പലപ്പോഴും നടത്തുന്ന ഇത്തരം മത്സരങ്ങളിൽ, രണ്ട് ഫിഞ്ചുകൾ പാടും. മികച്ച ശബ്ദമുണ്ടാക്കാൻ സാധിക്കുന്ന പക്ഷിയെ വിജയിയായി തിരഞ്ഞെടുക്കും. ആലാപന മത്സരങ്ങളിൽ പങ്കെടുക്കുന്ന പലരും തങ്ങളുടെ പക്ഷികളെ മത്സരിപ്പിക്കാനായി കൊണ്ടുവരുന്നു. ഈ മത്സരങ്ങളിൽ വിജയിക്കുന്ന പക്ഷി വളരെ വിലപ്പെട്ടതായിത്തീരുന്നു. അതിന് 10,000 ഡോളറിൽ കൂടുതൽ വിലമതിക്കും. ചില ഇനം ഫിഞ്ച് അമേരിക്കയിൽ ലഭ്യമാണെങ്കിലും ഗയാനയിൽ നിന്നുള്ള ഇനം മികച്ച രീതിയിൽ പാടുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ കൂടുതൽ വിലപ്പെട്ടതാണ്” കെവിൻ പരാതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. സർക്കാർ ചട്ടങ്ങൾ പ്രകാരം, പക്ഷിയുടെ ഇറക്കുമതി പെർമിറ്റിനുപുറമെ, പകർച്ചവ്യാധികൾ പടരാതിരിക്കാൻ പക്ഷികളെ 30 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ ഗയാനയിൽ നിന്നുള്ള മറ്റൊരാളെയും കഴിഞ്ഞ മാസം ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അയാളുടെ ലഗേജിനുള്ളിലെ ഹെയർ റോളറുകളിൽ ഒളിപ്പിച്ച 29 ഫിഞ്ചുകൾ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നിരുന്നാലും, ജോർജ്‌ടൗണിൽ നിന്നുള്ള 26 -കാരനായ അയാൾക്കെതിരെ ഏജൻസി ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ല. 300 ഡോളർ പിഴ ചുമത്തി ഗയാനയിലേക്ക് അയാളെ മടക്കി അയച്ചു ഏജൻസി.