എന്റെ വീടൊരു നരകമാണ്. ഭാര്യയില്‍നിന്നും രക്ഷിക്കുന്നതിനായി എന്നെ ജയിലിലടക്കണം എന്നാണ് യുവാവ് ആവശ്യപ്പെട്ടത്  

ഭാര്യയില്‍നിന്നും മാറി ജീവിക്കുന്നതിനായി തന്നെ ജയിലിലടക്കണമെന്ന് യുവാവ്. മയക്കുമരുന്ന് കേസുകളില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന 30 -കാരനാണ് ഈ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീച്ചതെന്ന് സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലാണ് സംഭവം. 

അല്‍ബേനിയന്‍ വംശജനായ യുവാവ് ഇറ്റലിയിലെ ഗിഡോണിയ മോണ്ടിസെല്ലിയിലാണ് താമസിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ആഴ്ച ഇയാളെ വീട്ടുതടങ്കലിലാക്കിയത്. തന്നെ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിച്ച് ജയിലിലാക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. 

ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍, തന്നെ നിര്‍ബന്ധിത സഹവാസത്തിന് വിടരുത് എന്നാണ് ഇയാളുടെ ആവശ്യം. ഇനിയും തനിക്ക് ഭാര്യയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും വീടിനകത്ത് മാനസിക പീഡനം അനുഭവിക്കുകയാണെന്നുമാണ് ഇയാള്‍ പരാതിയില്‍ പറയുന്നതെന്ന് യാഹൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

തന്റെ ജീവിതം നരകമാണെന്നും ഇതിലും ഭേദം ജയില്‍ വാസമാണ് എന്നുമാണ് ഇയാള്‍ പറയുന്നതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്ന് കേസുകളില്‍ വീട്ടുതടങ്കലിലായ യുവാവിന്റെ ആവശ്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. 

വീട്ടുതടങ്കല്‍ നിയമങ്ങള്‍ ലംഘിച്ച് പുറത്തുകടന്നാല്‍, ഇയാളെ ജയിലിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറയുന്നു.