ജൂൺ 14 ശനിയാഴ്ച രാത്രിയാണ് രോഹിതിനെ ഭാര്യയുടെ സഹോദരന്മാർ ക്രൂരമായി മർദ്ദിച്ചതത്രെ. ഭാര്യയുടെ നിർദ്ദേശപ്രകാരമാണ് മർദ്ദനം നടന്നതെന്നും രോഹിത് ആരോപിച്ചു.
ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ഭർത്താവിനെ ഭാര്യവീട്ടുകാർ ക്രൂരമായി മർദ്ദിച്ചു. വീട്ടിലെത്തിയ അപരിചിതനായ പുരുഷനെ കുറിച്ച് ഭർത്താവ് ഭാര്യയോട് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് ഭർത്താവ് ആരോപിക്കുന്നത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
ഉത്തർപ്രദേശിലെ സിംഗവാലി അഹീർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഡോള ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ ദൃശ്യങ്ങളിൽ ഭർത്താവിനെ സംഘം ചേർന്ന് മർദ്ദിക്കുമ്പോൾ ഭാര്യ വിഷയത്തിൽ ഇടപെടാതെ മാറി നിൽക്കുന്നതും കാണാം.
ഭാര്യയുടെ സഹോദരന്മാരാണ് മർദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം. വെറും 25 സെക്കൻഡ് കൊണ്ട് 35 -ലധികം ഇടികളാണ് മർദ്ദനത്തിന് ഇരയാക്കപ്പെട്ട ഭർത്താവിന് ഏൽക്കേണ്ടി വന്നത്. ഇയാൾ ചോര വാർന്ന് നിലത്തു വീഴുന്നതും വീഡിയോയിലുണ്ട്.
വൈദ്യുതി വകുപ്പിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുന്ന രാംപാലിന്റെ മകൻ രോഹിത് ആണ് മർദ്ദനത്തിന് ഇരയായതെന്ന് പറയുന്നു. ജൂൺ 14 ശനിയാഴ്ച രാത്രിയാണ് രോഹിതിനെ ഭാര്യയുടെ സഹോദരന്മാർ ക്രൂരമായി മർദ്ദിച്ചതത്രെ. ഭാര്യയുടെ നിർദ്ദേശപ്രകാരമാണ് മർദ്ദനം നടന്നതെന്നും രോഹിത് ആരോപിച്ചു.
ആക്രമണത്തിൽ രോഹിതിന്റെ അമ്മാവനും സഹോദരി ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സിംഗവാലി അഹീർ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം രോഹിതിന്റെ വൈദ്യ പരിശോധന പൂർത്തിയാക്കി. കൃത്യമായ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, വ്യക്തമായ തെളിവുകൾ നൽകുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പ്രദേശവാസികളെ അസംതൃപ്തരാക്കിയിട്ടുണ്ട്. കുറ്റക്കാരായവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നും നാട്ടുകാർ ആരോപിച്ചു.
